സദാചാര ഹാനി

  • Published on March 18, 1910
  • By Staff Reporter
  • 807 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കുറേക്കാലം മുമ്പ് മദിരാശിയിൽ വച്ച് ബഹുമാനപ്പെട്ട കൊല്ലങ്കോട്ടുരാജാവവർകൾ നടത്തിയ ഒരു വിരുന്നിനെ സംബന്ധിച്ച് ഒരു കഥ കേട്ടിട്ടുണ്ട്.  ഈ വിരുന്നിന് സ്വദേശീയരെയും  യൂറോപ്യന്മാരെയും ക്ഷണിച്ചിരുന്നതിനു പുറമെ, സ്വദേശീയ സ്ത്രീകൾക്ക് ഇരിപ്പാൻ പ്രത്യേകമൊരു സ്ഥലവും നിശ്ചയിച്ചിരുന്നു. പ്രധാനപ്പെട്ട പന്തലിൽ യൂറോപ്യൻ സ്ത്രീപുരുഷന്മാരും സ്വദേശീയപുരുഷന്മാരും; പ്രത്യേകസ്ഥലത്ത് സ്വദേശീയസ്ത്രീകൾ മാത്രവും അതിഥികളായി കൂടിയിരുന്നു. അങ്ങനെയിരിക്കെ, അവിടെ കൂടിയിരുന്ന യൂറോപ്യന്മാരിൽ പ്രമാണിയായ ഒരു ഹൈക്കോടതി ജഡ്ജിയെയും പത്നിയെയും മറ്റു ചിലരെയും കൂട്ടികൊണ്ടു  സൽക്കാരകർത്താവ് സ്വദേശീയ സ്ത്രീകളിരുന്ന കെട്ടിടത്തിലേക്ക് ചെന്ന് നാട്ടുകാരുടെ ആഭരണ വേഷവിശേഷങ്ങളെ യൂറോപ്യന്മാർക്ക് പരിചയപ്പെടുത്തുവാൻ ഉത്സാഹിച്ചു. അവരിൽ ഒരു യൂറോപ്യൻ മദാമ്മ ഒരു ബ്രാഹ്മണസ്ത്രീയുടെ ദേഹത്തണിഞ്ഞിരുന്ന ആഭരണങ്ങളെ കൈക്കൊണ്ടു പിടിച്ചുപൊക്കി കൗതുകപ്പെടുവാൻ ഭാവിച്ചപ്പോൾ, ആ സ്ത്രീ മദാമ്മയുടെ കൈയെ തട്ടിക്കളയുകയും, ഉടൻതന്നെ തൻ്റെ വാഹനത്തിൽ കയറി സൽക്കാരം സ്വീകരിക്കാതെ മടങ്ങുകയും ചെയ്തു. തന്നെ ക്ഷണിച്ചത് ഇങ്ങനെ അവമതി  സഹിക്കാനല്ലെന്നും, സ്വദേശീയസ്ത്രീകൾ മറ്റു രാജ്യക്കാരുടെ വിനോദത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കളിപ്പാവകൾ അല്ലെന്നും, സ്വദേശീയസ്ത്രീകൾക്ക് ഏതുദ്ദേശ്യത്തോടുകൂടി പ്രത്യേകമായൊരു സ്ഥലം നിശ്ചയിച്ചുവോ ആ ഉദ്ദേശ്യം നിറവേറ്റാൻ ഭാവമില്ലെങ്കിൽ, എല്ലാവരെയും ഒന്നായിരുത്തിയാൽ മതിയായിരുന്നുവെന്നും,  മറ്റുമായിരുന്നുവത്രെ ആ ധൈര്യശാലിനിയായ സ്ത്രീ മറ്റുള്ളവരോട് പറഞ്ഞത്.  ഈ വിദുഷി, മദിരാശിയിലെ മഹിളാപരിഷത്തിൽ ഒരു പ്രധാനപ്പെട്ട അംഗവും, ഒരു സ്വതന്ത്രബുദ്ധിയായ ഹൈക്കോടതി വക്കീലിൻെറ പത്നിയുമാണ്. ഈ സംഭവം മദിരാശിയിലെ സ്വദേശി പ്രമാണികളുടെ സമൂഹത്തിൽ കുറെ രോഷബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. സമുദായാചാര പരിപാലനകാര്യത്തിൽ, ഒരു സമുദായക്കാരുടെ മനോവൃത്തിയെ അറിയാതെയും, അറിയാൻ ശ്രമിക്കാതെയും, അതിനെ അഗണ്യമാക്കിക്കൊണ്ട് ഇതരസമുദായക്കാർ ധൃഷ്ടതയോടുകൂടി ചെയ്യുന്ന കൈയ്യേറ്റങ്ങളെ നിന്ദയോടെ നിരോധിക്കുന്നതിനുള്ള ധൈര്യം ഹിന്ദു സ്ത്രീകൾക്ക് ഉണ്ടെന്നും, ഈ ധൈര്യം ചില പുരുഷന്മാർക്ക് ഇല്ലാതെപോയത് കഷ്ടംതന്നെയെന്നും മേൽപ്പറഞ്ഞ കഥ ഒരു പാഠം ഉപദേശിക്കുന്നുണ്ട്. അധികാരബലവും, ഉദ്യോഗപ്രാഭവവും ഉള്ളവരുടെ പ്രീതിയെ ആശിച്ച് ചില നാട്ടുകാർ മതിമറന്ന് എന്തും പ്രവർത്തിക്കുന്നതിന് മടിക്കുന്നവരല്ലെന്ന് കൂടെ ഈ സംഭവം ഒരറിവ് തരുന്നുണ്ട്. സമുദായാചാരകാര്യങ്ങളിൽ തങ്ങളുടെ സ്ത്രീജനങ്ങളെ മാനിക്കേണമെന്നുള്ള നിർബന്ധം ഇല്ലാത്തവരായി ഈ നാട്ടിലും എത്രയോ ആളുകൾ കാണപ്പെടുന്നുണ്ട്. ഉദ്യോഗക്കയറ്റത്തിനോ, ശമ്പളക്കൂടുതലിനോ, സ്വകീയന്മാർക്കു ഉദ്യോഗം  കിട്ടുന്നതിനോ വേണ്ടി, അന്യവർഗ്ഗക്കാരായ മേലാവുകളുടെ ചാപല്യങ്ങളെ അനുസരിക്കുന്നതിൽ ഇത്തരക്കാർ ഒരുക്കമുള്ളവരാണ്. കുറേക്കാലം മുമ്പ്, പരദേശിയനായ ഒരു വലിയ ഉദ്യോഗസ്ഥനെ ഒരു സ്വദേശി തൻ്റെ വീട്ടിൽ വിവാഹാഘോഷത്തിനു ക്ഷണിച്ചിരുന്നപ്പോൾ, സ്ത്രീജനങ്ങൾ ഭക്ഷണം കഴിച്ചിരുന്ന പന്തിയിൽ നടന്നുകാണ്മാൻ ആ ഉദ്യോഗസ്ഥനെ ഗൃഹനായകൻ അനുവദിച്ചതായി ഒരു ആക്ഷേപം നടന്നിരുന്നു. ഈ കഥയുടെ പരമാർത്ഥത്തിന്നു ഞങ്ങൾ ഉത്തരവാദിയല്ല; എന്നാലും, സംഭാവ്യതയെപ്പറ്റി ഞങ്ങൾ തർക്കിക്കുന്നതുമില്ല. ഈ പരദേശിയനായ വലിയ ഉദ്യോഗസ്ഥനെയും, ചില കീഴ് ഉദ്യോഗസ്ഥന്മാർ ആ ആൾക്ക് അവരുടെ ഗൃഹങ്ങളിൽ നൽകുന്ന ഉപചാരങ്ങളെയും  കുറിച്ച് പലേ അപവാദങ്ങൾ ഈ നഗരത്തിൽ നടക്കുന്നുണ്ട്. ചില കീഴ് ഉദ്യോഗസ്ഥന്മാർ ആ ആളുടെ ചാപല്യങ്ങൾക്ക് വഴിപ്പെടായ്കയാൽ അനുഭവിക്കേണ്ടി വന്നിരിക്കുന്ന കഷ്ടപ്പാടുകളുടെ കഥയും പ്രസിദ്ധമാണ്. സദാചാരത്തിന്, വലിയ ഉദ്യോഗസ്ഥന്മാരുടെയിടയിൽ   വിലയില്ലെന്ന് വരുന്നത് രാജ്യശ്രേയസ്സിനു  ശുഭസൂചകമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഒരു നാട്ടിലെ മന്ത്രി തുടങ്ങിയ ഭരണകർത്താക്കന്മാർ സദാചാരത്തിൽ എത്രമേൽ നിഷ്ഠയുള്ളവരായിരിക്കേണ്ടതാണെന്ന് ഇംഗ്ലണ്ടിലെ കഴിഞ്ഞുപോയ മിസ്റ്റർ വില്യം ഇവ്വാർട്ട് ഗ്ലാഡ്സ്റ്റന്‍റെയും, സാലിസ്ബറി പ്രഭുവിൻെറയും കഥകളെ ഉദാഹരിച്ചു കുറേക്കാലം മുമ്പ് ഞങ്ങൾ പ്രസംഗിച്ചിരുന്നുവല്ലോ. തിരുവിതാംകൂറിൽ വലിയ ഉദ്യോഗസ്ഥന്മാരെ ദുർവൃത്തന്മാരാക്കാനും, ദുർനടത്തയിൽ ഉത്സാഹിപ്പിക്കാനും ഒരുക്കമുള്ളവരായി ചില കീഴ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കുന്നതിനെപ്പറ്റി രാജ്യത്തിൻെറ സൽക്കീർത്തിയെ കാംക്ഷിക്കുന്നവരാരും വ്യസനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ദിവാൻ മിസ്റ്റർ രാജഗോപാലാചാരി ഇതിനെ ഓർമ്മയിൽ വച്ചു വേണ്ടവിധം പ്രവൃത്തിക്കുമെങ്കിൽ നന്നായിരുന്നു. 

Dent in Moral Values

  • Published on March 18, 1910
  • 807 Views

There is a story about a banquet given by the respected king of Kollencode at Madras some time ago. Apart from the natives and the Europeans invited to the banquet, the native women who were invited to it were seated in an enclosure made especially for them. Europeans were gathered in the main pandal [pavilion], whereas the native women were seated in the special enclosure for them. As arrangements for the banquet were thus progressing, the master of the ceremony took interest in taking a prominent European, a high court judge, his wife, and some others to the enclosure for the native women and introduced to them the costumes and ornaments of the women. Just then, when a European woman in the team, out of curiosity, tried to lift up a Brahmin woman’s ornaments to have a closer look at them, her hand was swatted away by the concerned Brahmin woman. The English woman in no time left the venue in her car without staying on for the party. The Brahmin woman did make bold to say to the others thatshe had not been invited to the banquet to be insulted in this manner, and that if the organisers failed to meet the purpose of seating the native women separately, all the invited guests could have been seated together so that any such faux pas could have been averted. This quick-witted woman is a prominent member of the Madras Women’s Association and is also the wife of an advocate of the high court, who is a free thinker.

This incident, which disrupted the peaceful social atmosphere, had further incensed the native heavyweights of Madras. The aforementioned story is a good lesson about how deplorable the state of some chicken-hearted men can be and how courageous the Hindu women can be when it comes to standing up for their honour in the event of the people of other communities behaving impudently towards them, disregarding the standards of social etiquette. Further, this incident also tells us about the demeaning character of certain people who would not hesitate to do anything to win the favour of men with power and position. It can be seen that even in this land too, there are a large number of people who are very particular that our womenfolk are treated with respect in social forums.

Then there are also such people who are all too willing to cater to the whims and fancies of superior officers belonging to a different race in order to get a promotion, a pay hike, or a job for a relative etc. Some time ago there was an outcry against the head of a family who blatantly permitted one of his invited guests, a foreign high ranking official, to go to watch the native women having the marriage feast sitting in lines. We do not swear by the veracity of this story; we do not dispute the possibility of such an incident happening either. Stories about this foreign top official and some low ranking local officials entertaining him in their homes are heard on the grapevine in the city. Tales about some low ranking officials, who refuse to cater to the whims and fancies of their superiors, being subject to hardships are also making their rounds. We do not think that the high ranking officials looking down upon moral values will augur well for the country. In an editorial some time ago we had emphasised, with emulative examples of noted personalities like William Ewart Gladstone and Lord Salisbury, how important it was for ministers and other administrators of a country to keep true to the moral values and truth. We believe that all those who want the fame of their country to remain unblemished will detest the enthusiasm of some low ranking officials who hasten to mislead the high officials to vices. It would be better if the Dewan Mr. Rajagopalachary remembered this and acted accordingly.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like