പള്ളിക്കെട്ട്
- Published on May 09, 1906
- By Staff Reporter
- 683 Views

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തുമണിക്ക്, തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് തേവാരത്തുകോയിക്കൽ വെച്ച് നടത്തപ്പെട്ട മംഗളകർമ്മം, തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനസംഭവമാകുന്നു. ഇപ്പോൾ നാടുവാഴുന്ന മൂലം തിരുനാൾ രാജവർമ്മ മഹാരാജാവ് തിരുമനസ്സ് കൊണ്ട് സ്വകുടുംബത്തിൽ സന്താനാഭിവൃദ്ധിക്കായി ദത്തെടുത്ത റാണിമാരിൽ മൂത്ത തമ്പുരാട്ടി തിരുമനസ്സിലെ പള്ളിക്കെട്ട് നടത്തപ്പെട്ട ആ സുമുഹൂർത്തം, തിരുവിതാംകൂർ പ്രജകളുടെ വിധേയത്തത്തേയും, രാജ്യത്തിൻെറ ഭാഗ്യത്തെയും ഭരിക്കുന്നതായി വിചാരിക്കപ്പെട്ടിട്ടുള്ള ഒരു ശുഭകാലമാകുന്നു. ഇപ്പോഴത്തെ മഹാരാജാവ് തിരുമനസ്സിലെ കാലാനന്തരം നാട് വാഴുവാൻ ഒരു പുരുഷനും രാജകുടുംബത്തിൽ ഇല്ലെന്നുള്ള ന്യുനതയുടെ പരിഹാരം, ഈ സുമൂർത്തത്തിൽ നടന്ന വിവാഹകർമ്മത്തിൽ കേന്ദ്രിതമായിരിക്കുന്നു, പ്രജാക്ഷേമത്തെ കുറിയായിപ്പിടിച്ച് നാടുവാണു പോരുന്ന ഈ രാജകുടുംബം മേൽക്കും, ആ നിഷ്‌ഠയിൽ നിന്ന് വ്യതിചലിക്കുകയില്ലെന്ന് പ്രജകൾക്കുള്ള ആശാഭോഗവും ഈ മംഗളകർമ്മത്തെ അവലംബിച്ചിരിക്കുന്നു. പ്രജാസമുദായത്തിന് സദാചാരാദി സൽഗുണങ്ങളിൽ മാതൃകയായി ഭവിക്കേണ്ട ഒരു പുരുഷനെ യഥാകാലം ലഭിക്കുന്നതിന് സംഗതിയാകണമേ എന്നുള്ള പ്രജകളുടെ പ്രാർത്ഥനയും ഈ കല്യാണകർമ്മത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
നാല്പത്തഞ്ചു വത്സരങ്ങൾക്കു ഇപ്പുറം ആദ്യമായി നടന്ന പള്ളിക്കെട്ടടിയന്തരം വളരെ ഭംഗിയിൽ കഴിഞ്ഞുകൂടിയതിനെപ്പറ്റി പ്രജകൾക്കും മഹാരാജാവിനും ചാരിതാർഥ്യപ്പെടുവാൻ അവകാശമുള്ളതാകുന്നു. തിരുവിതാംകൂർ രാജ്യത്തിൻെറ ഭാവിശ്രേയസ്സിനു അടിസ്ഥാനമായ ഈ വിവാഹകർമ്മത്തിൻെറ ശുഭാവസാനത്തെ പ്രതീക്ഷിച്ചിരിക്കുന്ന പ്രജകൾ, ഈ ദമ്പതിമാരുടെ ചിരായൂരാരോഗ്യ ആശംസനം ചെയ്യുന്നുവെന്ന് പറയേണ്ടതില്ലല്ലോ. വളരെ പണം ചിലവ് ചെയ്തത് നടത്തുന്ന ഈ അടിയന്തരം കൊണ്ട്, പല ഗുണങ്ങളൂം ദോഷങ്ങളും ഉണ്ടാകുന്നതായിരുന്നാലും, ധനം ദുർവ്യയം കൊണ്ടുള്ള ദോഷങ്ങൾ ഗുണങ്ങളെക്കാൾ അധികമായിരുന്നാലും, ഇതിനെക്കാണ്മാൻ പല ദിക്കുകളിൽ നിന്നും വന്നുചേർന്നിട്ടുള്ള ആളുകൾക്ക് പലവിധ ഉപദ്രവങ്ങളും ഉദ്യോഗസ്ഥന്മാർക്ക് രാജ്യഭക്തിയുമായി കലഹിക്കുന്ന ക്ഷുൽപിപാസ്സാദിക്ലേശങ്ങളും ഉണ്ടായി കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും, ഈ അടിയന്തരത്തിൽ എല്ലാവരും കുതുകികളായും, സന്തുഷ്ടന്മാരായും ഇരിക്കുന്നതിനുള്ള കാരണം, രാജ്യത്തിൻെറ ഭാഗധേയത്തെപ്പറ്റി അവർക്കുള്ള ആശയാകുന്നു. ജീവിതത്തിൻെറ ഒരു നവീനമായ എന്നുമാത്രമല്ല; പ്രധാനവും ദുർഘടവുമായ ദശയെ പ്രാപിച്ചിരിക്കുന്ന ഈ ദമ്പതിമാരുടെ മേലാലത്തെ ജീവിതത്തെപ്പറ്റി വേണ്ട നിഷ്കർഷകൾ ചെയ്യേണ്ടതാണെന്ന് പ്രജകൾക്കുണ്ടാകുന്ന അപേക്ഷ, അനുചിതമായിരിക്കുന്നതല്ല. സാധാരണ രാജഗൃഹങ്ങളിൽ ചില കുൽസിതന്മാരായ ഭൃത്യന്മാർ നിമിത്തവും മറ്റും ഉണ്ടാകാവുന്ന ദൂഷ്യങ്ങൾ, ഇതരഗൃഹങ്ങളിൽ ഉള്ളവയെക്കാൾ വലുതായിരിക്കുന്നതാകുന്നു. ഈ രാജകീയ ദമ്പതികളുടെ പരിചാരകന്മാരായും, പരിചാരികകളായും, അധ്യാപകന്മാരായും, ഭരണകർത്താക്കളായും മറ്റും നിയമിക്കപ്പെടുന്നവരുടെ യോഗ്യതകളെ എത്രതന്നെ ശോധനം ചെയ്താലും അധികമായിപ്പോകുന്നതല്ല. വികൃതികളായ ''കുട്ടിപ്പട്ട''ന്മാരെയും, തവണക്കാരെയും മറ്റു ജോലിക്കാരെയും നിയമിച്ചാലുണ്ടാകുന്ന ദോഷങ്ങൾ എത്രമാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. തിരുവിതാംകൂറിലെ രാജകുടുംബങ്ങൾ മിക്കവയും, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും വിളഭൂമികളായ പരദേശി ഗൃഹപംക്തികളുടെ മദ്ധ്യേ സ്ഥാപിക്കപ്പെടുകകൊണ്ടോ, അങ്ങനെയുള്ള ഗൃഹപംക്തികൾ അവയുടെ ചുറ്റും ഉണ്ടായിക്കൂടുകകൊണ്ടോ, ഇവർ നിമിത്തം പല ദൂഷ്യങ്ങളും ഉണ്ടാകാറുണ്ട്. ഇവ എന്തൊക്കെയെന്ന് ഇവിടെ പറയേണ്ട ആവശ്യമില്ലല്ലോ; ഇങ്ങനെയുള്ള ദൂഷ്യങ്ങളെ ജനിപ്പിക്കുവാൻ ഇടയുള്ള വഷളരായ ആളുകളെ അകറ്റുന്നതിനല്ലാതെ, അടുപ്പിക്കുന്നതിന് സംഗതി വരരുതെന്നാകുന്നു ജനങ്ങൾ ആഗ്രഹിക്കുന്നത്. മൂഢാചാരങ്ങളെ വർജ്ജിപ്പാനും സദാചാരങ്ങളെ വർധിപ്പിക്കാനും താല്പര്യം ജനിപ്പിക്കുന്ന ഉത്തമന്മാരായ അധ്യാപകന്മാരുടെയും, ഭരണകർത്താക്കന്മാരുടെയും അധീനതയിൽ വേണം, ഈ ദമ്പതികളെ, സ്വയം ഭരണശക്തി ശരിയായി ഉണ്ടാകുന്നതു വരെ, സൂക്ഷിപ്പാൻ എന്ന് ഞങ്ങൾ അറിയിക്കുന്നു. ശ്രേഷ്ടരായ യൂറോപ്യന്മാരുടെയോ മറ്റോ ഭരണകർതൃത്വത്തിൽ ഇവരെ വളർത്തുന്നതായാൽ, അന്യഥാ ഉണ്ടാകാവുന്ന ദോഷങ്ങൾക്ക് ഇടയുണ്ടാവുകയില്ലെന്ന് ആശിക്കാവുന്നതാകുന്നു. അടിയന്തരം കേമമായി എന്നും മറ്റും മുഖസ്തുതി ചെയ്ത് സ്വാർത്ഥലാഭം നേടുന്ന ചിലരെപ്പോലെ, ഞങ്ങൾക്കും പറയാൻ ശക്തിയുണ്ടെങ്കിലും, ചിലർക്കാർക്കും രുചിക്കാത്ത ഈ വ്യതിയാനത്തിന് ഞങ്ങൾ തുനിഞ്ഞത് രാജ്യത്തിൻെറ ഭാവിസ്ഥിതിയെ ചിന്തിച്ചിട്ട് മാത്രമാകുന്നു. ഈ വിഷയത്തെപ്പറ്റി ഇനി ഒരിക്കൽ വിവേചനം ചെയ്യാമെന്ന് ഞങ്ങൾ കരുതുന്നു.