പ്രജാസഭാച്ചട്ടങ്ങൾ

  • Published on August 10, 1910
  • By Staff Reporter
  • 758 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇക്കഴിഞ്ഞ ആഴ്ചവട്ടത്തിലെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതും, 1910- ജൂലൈ 31 ന് ഗവർന്മെണ്ടിനാൽ സമ്മതിക്കപ്പെട്ടതുമായ നവീകരിക്കപ്പെട്ട പ്രജാസഭാച്ചട്ടങ്ങൾ, തിരുവിതാംകൂർ രാജ്യഭരണത്തിൻ്റെ ഒരു സ്മരണീയമായ ദശയെ കുറിക്കുന്നു. കഴിഞ്ഞ കൊല്ലത്തെ പ്രജാസഭ തെരഞ്ഞെടുപ്പിൻെറയും, വലിയ കൊട്ടാരം സേവന്മാർ, ചില സർക്കാർ ഉദ്യോഗസ്ഥന്മാർ എന്നിവരുടെ അഴിമതികളെപ്പറ്റി സഭയിൽ പ്രസ്താവിക്കുന്നതിനായി ഗവർന്മെണ്ടിൻ മുമ്പാകെ ഒരു വിഷയവിജ്ഞാപനം സമർപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായ കുഴക്കത്തിൻെറയും ചരിത്രം ഈ പുതിയ ചട്ടങ്ങളുടെ പൂർവ്വരംഗത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഇവ ബഹുജനങ്ങളുടെ കൗതുകത്തെ ഇപ്പൊഴത്തെപ്പോലെ ഇളക്കുമായിരുന്നുവോ എന്നുള്ളത് സന്ദിഗ്ദ്ധം തന്നെയാകുന്നു. ദിവാൻ മിസ്തർ രാജഗോപാലാചാരിയാൽ ധ്വംസിക്കപ്പെടുമെന്നു ആശിക്കപ്പെട്ടിരുന്ന രാജസേവക വിക്രിയകൾക്ക് മിസ്തർ ആചാരി വിശേഷപ്പെട്ട രാജ്യതന്ത്ര വിവർത്തനപ്രകാരം ആനുകൂല്യം കാണിക്കുക നിമിത്തം നിരാശന്മാരായി ഭവിച്ചിരിക്കുന്ന രാജ്യവാസി ജനങ്ങളുടെയിടയിൽ കഠിനമായ അസന്തുഷ്ടി ഉദിച്ചു പൊങ്ങുന്നുവെന്നറിഞ്ഞ് അതിൻ്റെ തീക്ഷ്ണതയിൽ നിന്ന് മറയുവാൻ വേണ്ടി, ഗവർന്മെണ്ടിന്റെ നിയമത്തിന്നും മുൻനടപടികൾക്കും വിരോധമായി, ചില തെരഞ്ഞെടുപ്പുകളെ വിഷയവിജ്ഞാപനം കിട്ടിയശേഷം മിസ്തർ ആചാരി, കൈക്കൂലി അഴിമതിക്കാരെ രക്ഷിപ്പാനായി സ്വേച്ഛപോലെ റദ്ദ് ചെയ്തപ്പൊൾ, അനുഭവിക്കാനിടയായ മനക്ലേശങ്ങൾ ഈ പുതിയചട്ടങ്ങൾക്ക് പ്രേരകങ്ങളായിരുന്നില്ലെങ്കിൽ, ഇവ ഇപ്പൊഴത്തെപ്പോലെ പൊതുജനദ്രോഹകരമായിരിക്കുമായിരുന്നില്ലെന്നുള്ളതും നിശ്ചയം തന്നെയാണ്. പ്രജാസഭയുടെ ഉൽപ്പത്തി ഈ രാജ്യത്തിലെ പ്രജകളുടെ ഐകമത്യത്തോടുകൂടിയ പ്രാർത്ഥനയുടെ ഫലമല്ലെന്നും, അത് മഹാരാജാവ് തിരുമനസ്സിലെ ഇച്ഛയിൽ ജനിച്ചതിന്മണ്ണം അവിടുത്തെ ഇച്ഛയാൽ ഹനിക്കപ്പെടുവാൻ കഴിയുന്നതാണെന്നും ഉള്ള വസ്തുതയെ ഓർക്കുന്നതായാൽ, ഈ ചട്ടങ്ങളുടെ പരിഷ്‌ക്കാരത്തെയോ ബഹിഷ്ക്കാരത്തെയൊ പറ്റി ജനങ്ങൾ കുണ്ഠിതപ്പെടുവാൻ അവകാശമില്ലാത്തതാണ്. എങ്കിലും, പ്രജകളുടെ ഗുണത്തെ ഉദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട ഒരു സഭയുടെ ചട്ടത്തെ അവർക്കു അഭിമാനഹാനികരമായുള്ള വിധത്തിലും, അവരിൽ ധർമ്മചാരികളാൽ അഭിലഷിക്കപ്പെടുവാൻ യോഗ്യമല്ലാത്ത പ്രകാരത്തിലും മാറ്റിയിരിക്കുന്നതിനെക്കുറിച്ച് അവർ ഗവർന്മെണ്ടിന്‍റെ ധർമ്മഭീരുതയിൽ സഹതപിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ചട്ടങ്ങളിൽ, ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇടിച്ചു താഴ്ത്തുകയും സർക്കാരുദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യങ്ങൾക്കും കാമവിചാരതയ്ക്കും അധികാരിഭാവം കൊടുക്കുകയും ചെയ്‌തിരിക്കുന്നതു തെരഞ്ഞെടുപ്പിനെയും, തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയുടെ പ്രതിപാദ്യവിഷയങ്ങളെയും ഗവർന്മെണ്ടിന്‍റെ യുക്തംപോലെ നിരസിക്കാമെന്നുള്ള വ്യവസ്ഥയിലാകുന്നു. 8- ാം വകുപ്പിലെയും 19- ാം വകുപ്പിലെയും പരികല്പനങ്ങളിൽ പറയുന്നത്, പബ്ലിക് ഹിതത്തെ കരുതി ഏതൊരുവനെയും സമ്മതിദാനം ചെയ്യാനോ, പ്രതിനിധിയായി തെരഞ്ഞെടുക്കുവാനോ അനുവദിക്കാതിരിക്കുന്നതിന്നും; പബ്ലിക് ഹിതത്തിനു വിരോധമെന്നു തോന്നുന്ന വിഷയങ്ങളെ സഭയിൽ പ്രതിപാദിക്കുവാൻ സമ്മതിക്കാതിരിക്കുന്നതിനും ഗവർന്മെണ്ടിന് അവകാശമുണ്ടെന്നാണ്. പബ്ലിക് ഹിതം എന്നാൽ എന്തായിരിക്കാം? പൊലീസ് പ്രോസിക്യൂഷൻ കേസുകളെ പിൻവലിക്കുന്നതിനായി ഗവർന്മെണ്ടിന്‍റെ കല്പനപ്രകാരം സെഷൻസ് ജഡ്‌ജിയോടു ഹെഡ്‌ സർക്കാർ വക്കീൽ അനുവാദം ചോദിച്ചപ്പോൾ, പബ്ലിക് പാളിസിയെപ്പറ്റി പറഞ്ഞതിന്മണ്ണം, അതെന്തെന്ന് വെളിപ്പെടുത്തുന്നത് ഗവർന്മെണ്ടിന് എപ്പൊഴും യുക്തമായി തോന്നുകയില്ലായിരിക്കാം. നടപ്പുകൊണ്ടു പറയുകയാണെങ്കിൽ അത് ഗവർന്മെണ്ടുദ്യോഗസ്ഥന്മാരുടെ മനോഗതത്തെ അനുസരിച്ചിരിക്കുന്നതായിരിക്കും. പബ്ലിക് ഹിതത്തെ കരുതി വിരോധിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ ചിലവ (1) തിരുവിതാംകൂറും മേൽക്കോയ്മയുമായോ, മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധങ്ങളെപ്പറ്റിയ വിഷയങ്ങൾ, (2) മഹാരാജാവ് തിരുമനസ്സിലെയോ രാജകുഡുംബാംഗങ്ങളെയോ, രാജകുഡുംബകാര്യനിർവ്വഹണത്തെയോ സംബന്ധിച്ച വിഷയങ്ങൾ, (3) നായർപട്ടാളത്തേയും ബാഡിഗാർഡിനെയും സംബന്ധിച്ചവിഷയങ്ങൾ, (4) കേവലം മതത്തെപ്പറ്റിയ വിഷയങ്ങൾ, (5) ജാതിവഴക്കിനെയോ വർഗ്ഗസ്പർദ്ധയെയോ ഉണ്ടാക്കുവാൻ ഉദ്ദേശിക്കപ്പെട്ടതോ ഉണ്ടാക്കാനിടയുള്ളതോ ആയ വിഷയങ്ങൾ, ഇവയാകുന്നു. ഇവ വിരോധിക്കപ്പെട്ട വിഷയങ്ങൾ ചിലവ മാത്രമാണ്; എല്ലാം അല്ലാ, എന്നു വായനക്കാർ പ്രത്യേകം ഓർമ്മ വെക്കേണ്ടതാണ്. ചിലവ എന്ന പദം പ്രയോഗിച്ചിട്ടുള്ളത് നിരർത്ഥമായിട്ടല്ലാ; ഈ പട്ടികയിൽ പറഞ്ഞിട്ടുള്ളതല്ലാത്തതും, ഉദ്യോഗസ്ഥന്മാർക്ക് നീരസകാരണമായി വരാവുന്നതുമായ വിഷയങ്ങൾ മെമൊറാണ്ടത്തിൽ ചേർത്തിരുന്നാൽ, അവയെ കൂടെ വിരോധിക്കപ്പെട്ട വിഷയങ്ങളുടെ വരിയോലയിൽ ഉൾപ്പെടുത്തുന്നതിനുതക്ക അയവ് ഈ പദത്തിന്നുണ്ട്. എങ്കിലും ശങ്കരൻതമ്പി, ചർവണ എന്നിങ്ങനെയുള്ള രാജസേവക ദസ്യുക്കൾ രാജകുഡുംബത്തിൽ ഉൾപ്പെട്ടവരല്ലാത്തതിനാലും ഇവരുടെ കൈക്കൂലി അഴിമതിയെ ഒതുക്കേണ്ടത് നാടിൻെറ ക്ഷേമാർത്ഥം അവശ്യകർത്തവ്യമാകയാലും, ഈ വക അഴിമതി വിഷയങ്ങളെപ്പറ്റി സഭയിൽ പ്രതിപാദിക്കുന്നതിനു ഇനിയൊരു വിരോധകൽപ്പനയുണ്ടാകുന്നതുവരെ വിരോധമില്ലെന്നു സ്പഷ്ടമാണ്. ഈ അഴിമതികൾ പരിശുദ്ധമായിരിക്കേണ്ട കൊട്ടാരത്തെ അപവിത്രമാക്കുകയും, പൊതുജനങ്ങളുടെയിടയിൽ കഷ്ടതകളുണ്ടാക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക്, മഹാരാജാവുതിരുമനസ്സിലെ ഇരുപത്തഞ്ചുകൊല്ലത്തെ ഭരണം തികയുന്ന ജൂബിലിയെ തുടർന്ന് ഈ രാജസേവന്മാരുടെ അഴിമതി ഭരണത്തിൻ്റെ ജൂബിലി ആഘോഷിക്കുവാൻ സംഗതി വരുത്തുന്നത് നിശ്ചയമായും പബ്ലിക് ഹിതത്തിനു അനുകൂലമായിരിക്കയില്ലാ. ഈ അഴിമതികളെ ഒതുക്കുന്നതിന് ഗവർന്മെണ്ടു് ഇനിയും ശ്രദ്ധവെക്കാതിരിക്കുന്നപക്ഷം, ഇവയെപ്പറ്റി വാദപ്രതിവാദം ചെയ്യാൻ പാടില്ലെന്നു എത്രതന്നെ നിരോധകല്പനകൾ ഉണ്ടായാലും, പൊതുജനങ്ങളുടെ ഉള്ളിൽ ഇപ്പോൾ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന രോഷാഗ്നി നിനച്ചിരിയാത്തരൂപത്തിൽ ഉജ്ജ്വലിക്കയില്ലയോ എന്ന് ഞങ്ങൾ ശങ്കിക്കുന്നു.


Popular assembly statutes

  • Published on August 10, 1910
  • 758 Views

The government's recent publication in the gazette, along with the revised Popular Assembly Statutes ratified by the government on July 31, 1910, commemorates a significant phase in the administration of the Travancore state. The history of last year's Popular Assembly elections is marked by the tumultuous events that followed the issuance of a notice to the government, urging them to address the allegations of corruption involving palace servants and certain government officials in the House. It is questionable whether these recent regulations would have garnered as much public interest if not for the precedent set by those earlier events. To appease the palace servants, who were anticipated to face a crackdown under the Dewan, Mr. Rajagopalachari, the latter’s unique interpretation of state policy unexpectedly ended up supporting them. Recognizing the mounting discontent among the beleaguered rural populace, Mr. Achari unilaterally nullified some elections upon notification, in direct contravention of government laws and precedents, aiming to stem the repercussions and shield the perpetrators of bribery. It is also evident that these recent regulations would not have been as detrimental to the public had they not been driven by the emotional distress experienced at the time. Taking into account the fact that the inception of the Popular Assembly did not arise from the collective desires of the subjects of this kingdom, but rather was established at the Maharajah's discretion and can be dissolved by His decree, the people do not possess a legitimate grievance regarding the alteration or omission of these rules. However, they should understand that altering the laws of a council established with the intention of upholding the virtues of the people, in a manner that causes disappointment, and is not even considered worthy by the righteous among them, is a demand that goes against the principles of the government.

The current laws, which have been revised and published, allow for the suppression of people's freedom of expression, lowering it down to a level that suits the authoritarianism of government officials. They also empower the government to dismiss or nullify the election of the representative and his proposed subjects of discussion, in a manner that aligns with the government's interests. The provisions of Section 8 and Section 19 stipulate that the government holds the authority to prevent any individual from giving consent or casting a vote for a representative in the public interest. Additionally, the government is also entitled to decline raising matters in the assembly that appear contrary to the public interest.

What is public will? When the Chief Government Advocate sought permission from the Sessions Judge to withdraw the police prosecution cases in accordance with the Government's decision, the state policy, as stated in the court, might deem it inappropriate to disclose the details of the policy. In practice, it will depend on the attitude of the government officials.

Some of the subjects that are prohibited in public interest are as follows:

(1) Matters relating to the relations of Travancore with the Dominion and other States,

(2) Matters relating to the Maharajah or the members of the Royal Family and the administration of the Royal Family,

(3) Matters relating to Nair soldiers and bodyguards,

(4) Matters related to the religions alone,

(5) Matters intended to or likely to cause caste or class strife.

The term "some" is not employed arbitrarily. If issues that are not explicitly covered in this list, but which may pose difficulties for the officers, are incorporated into the memorandum, the term is flexible enough to encompass them within the category of prohibited matters.

However, given that royal servants like Sankaran Thampi and Charvana were not members of the royal family, and it was crucial for the welfare of the country to curb their bribery and corruption, it is evident that there is no objection to discussing such corruption issues in the assembly, unless there is another revised ruling. As these scandals have desecrated the palace, which should have been kept holy, and caused suffering among the public, it would certainly not be in the public interest to celebrate the jubilee of the corrupt rule of these royal servants after the jubilee celebrations of twenty-five years of the Maharajah’s coronation. If the government does not take care to curb these scams, no matter how many injunctions there are against discussing these matters, we doubt that the fire of indignation, which is now smouldering like embers in the public, will not burn uncontrollably.

CB-1

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like