ശ്രീമൂലം പ്രജാസഭ
- Published on January 09, 1907
- By Staff Reporter
- 1559 Views

തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലെ മൂന്നാം വാർഷികയോഗം, ദിവാൻ എസ്. ഗോപാലാചാര്യരവർകളുടെ അധ്യക്ഷതയിൽ, തിരുവനന്തപുരത്ത് ജൂബിലി ടൗൺ ഹാളിൽ വെച്ച് ഒരു വിധത്തിൽ കഴിഞ്ഞുകൂടിയിരിക്കുന്നു. "ഒരു വിധത്തിൽ" എന്നുള്ള വിശേഷണപദത്തെയല്ലാതെ, 'തൃപ്തികരമായി' എന്നുള്ള പദം പ്രയോഗിക്കുന്നതിന്, ദിവാൻജിയുടെ നടപടികൾ ഞങ്ങളെ പ്രാപ്തരാക്കുന്നില്ല. ദിവാൻജി അവർകൾ സഭാരംഭത്തിൽ വായിച്ചതും, ഞങ്ങൾ യഥാമതി തർജ്ജിമ ചെയ്ത് ഇത്തവണ മറ്റൊരു പംക്തിയിൽ ചേർത്തിരിക്കുന്നതും ആയ ഉപക്രമപ്രസംഗം, പീടികകളിലെ വരവ് ചെലവ് കണക്കുകളെപ്പോലെ ശുഷ്ക്കമായ ഒരു റെക്കാർഡായിരുന്നു എന്നല്ലാതെ തിരുവിതാംകൂർ സംസ്ഥാനത്തിൽ രാജ്യഭരണ സംബന്ധമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന.................. അഭിവൃദ്ധിക്കുള്ള മാർഗ്ഗാന്വേഷണങ്ങളുടെയോ, വായനക്കാരനെ ഉത്സാഹപ്പെടുത്തുന്നതിനു ശക്തിയുള്ള മറ്റു സംഗതികളുടെയോ വിവരങ്ങളെ കാണിക്കുന്നതായിരുന്നു എന്നു ഗണിപ്പാൻ വഴി കാണുന്നില്ലാ. കഴിഞ്ഞ കൊല്ലത്തിൽ ഈ സംസ്ഥാനത്തിൻെറ ഭരണം നടത്തിയത് താനല്ലെന്നും, അതുകൊണ്ട്, ഇങ്ങനെയൊരു സംക്ഷിപ്ത വിവരപ്പട്ടികയെ സഭ മുൻപാകെ സമർപ്പിക്കാൻ തനിക്ക് കഴിവുള്ളു എന്നും, ഒഴിവുകഴിവു പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചിരിക്കുന്നത്. ഈ സമാധാനം അത്ര സമുചിതമോ, ആദരണീയമോ, ആണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. ഉപക്രമപ്രസംഗത്തിലെ വിഷയങ്ങളെപ്പറ്റിയോ സഭയിൽ പ്രതിപാദിച്ച മറ്റു വിഷയങ്ങളെക്കുറിച്ചോ സവിസ്തരം പ്രസ്താവിക്കുന്നതിന് ഞങ്ങൾ ഇപ്പോൾ ഉദ്യമിക്കുന്നില്ലാ. എന്നാൽ, ദിവാൻജിയുടെ ക്ഷമകേടിനെയും അനുചിതമായ ദ്രുതഗതിയെയും പറ്റി വ്യസനിക്കാതിരിപ്പാൻ അവകാശം കാണുന്നില്ലാ. കഴിഞ്ഞ ആണ്ട് സഭ നടത്തി, ജനങ്ങൾക്ക് പലഗുണങ്ങളും ചെയ്ത് മാറിപ്പോയ ദിവാൻ വി. പി. മാധവരായവരവർകളോടും മഹാരാജാവ് തിരുമനസ്സിനോടും ജനങ്ങൾക്കുള്ള നന്ദിയെ സൂചിപ്പിക്കുന്നതിനായി എണീറ്റ മാന്യസ്ഥാനാർഹനായ ഒരു പ്രതിനിധിയുടെ പ്രസംഗത്തെ, അനുവദിക്കാതെ നിർമ്മര്യാദമായി തടഞ്ഞതും, താലൂക്ക് പ്രതിനിധികളുടെ ഓരോരോ വിഷയങ്ങളെപ്പറ്റിയുള്ള ചെറിയ പ്രസംഗങ്ങളെക്കൂടെയും അനുവദിക്കാതിരിക്കുന്നതും, തർക്കത്തിനും വാദപ്രതിവാദങ്ങൾക്കും അധീനമായുള്ള ചില വിഷയങ്ങളിൽ ഉഭയ പക്ഷവാദങ്ങളും കേൾക്കുന്നതിന് താല്പര്യപ്പെടാതെ താൻ മുൻകൂട്ടി തയ്യാറാക്കി കെട്ടിവെച്ചിരുന്ന ചില ചെറിയ മറുവടികൾ കൊണ്ട് പ്രതിനിധികളെ സ്വസ്ഥാനങ്ങളിൽ ഇരുത്തിയതും ക്ഷമകേടിന്‍റെയും അനുചിതമായ ധ്രുതഗതിയുടെയും പ്രത്യക്ഷ ലക്ഷ്യങ്ങളാണെന്നല്ലാതെ മറ്റെന്താണ് പറവാണുള്ളത്? ആകപ്പാടെ നോക്കിയതിൽ , ദിവാൻജി, പ്രതിനിധികളോട് അനുവർത്തിച്ച നയം, കോടതികളിൽ അന്യായം ഫയിലാക്കുന്ന കക്ഷികളുടെ കൈപീത്തുകൾ വാങ്ങി അന്യായം അവരുടെ വകയാണെന്ന് ഒപ്പ് വയ്ക്കുന്നതിനൊപ്പമായിരുന്നു എന്നല്ലാതെ, ഒരു രാജ്യഭാരധുരന്ധരൻ്റെ ഗംഭീരതയോടും ബുദ്ധിമത്വത്തോടും, വിവേചനത്തോടും കൂടിയതായിരുന്നില്ലെന്ന് സമ്മതിച്ചേ കഴിയു. പ്രതിനിധികൾ അയച്ചിട്ടുള്ള മെമ്മോറാണ്ഡത്തിന്, കൈക്കൊണ്ട് ഒപ്പുവെയ്പ്പിച്ചിട്ടുള്ളതിന് പുറമെ അവരുടെ നാക്ക് കൊണ്ടുകൂടി ഒപ്പ് വയ്പ്പിക്കുവാനാണ് പ്രജാസഭ വിളിച്ചു കൂട്ടിയതെങ്കിൽ, ദിവാൻജി ഇത്രമേൽ ക്ലേശിക്കേണ്ടിയിരുന്നില്ലാ. ഒരു കാര്യം ചെയ്യാമെന്ന് കയ്യേറ്റിട്ടുണ്ടെങ്കിൽ അത് വല്ല വിധത്തിലും ചെയ്ത് അല്ലാ , നല്ല വിധത്തിൽ തന്നെയാണ് ചെയ്തു തീർക്കേണ്ടത്. പ്രതിനിധികളെ സൽക്കരിക്കുന്നതിനെ സംബന്ധിച്ചോ, അവർക്കും വർത്തമാനപത്രങ്ങൾക്കും ദിവാൻ്റെ പ്രസംഗത്തിന്റെ പകർപ്പുകൾ കൊടുക്കുന്നതിനെ സംബന്ധിച്ചോ ഇതുപോലെയുള്ള മറ്റു ചില ചെറിയതെങ്കിലും മര്യാദയ്ക്ക് അടുത്തതായ കാര്യങ്ങളെ സംബന്ധിച്ചോ, മുന്നാണ്ടുകളിലെപ്പോലെ വ്യവസ്ഥകൾ ചെയ്യാതിരുന്നതും , നോക്കിയതിൽ, മിസ്റ്റർ ആചാര്യർക്ക് പ്രജാസഭാ യോഗത്തെ എന്തോ ബലാൽക്കാരഫലമായി, വല്ല വിധത്തിലും കഴിച്ചുകൂട്ടണമെന്നേ വിചാരമുണ്ടായിരുന്നുള്ളൂ എന്ന് സന്ദേഹപ്പെടേണ്ടിയിരിക്കുന്നു. രണ്ടാം ദിവസത്തെ യോഗത്തിൽ, തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിമാരെപ്പറ്റി, പ്രാക്കുളം സി. പത്മനാഭപിള്ള അവർകൾ പുറപ്പെടുവിച്ച ജുഗുപ്സിതവും അനുചിതവും അസംബന്ധവുമായ ചില അഭിപ്രായങ്ങൾ മിസ്റ്റർ പത്മനാഭപിള്ളക്കോ ബന്ധുക്കളിൽ വല്ലവർക്കുമോ ഹൈക്കോടതി ജഡ്ജിമാരിൽ ആരുടെയോ പക്കൽ നിന്ന് തട്ടിയിരിക്കാവുന്ന അസ്വസ്ഥതയുടെ ഫലമായിരിക്കാം എന്നല്ലാതെ, തിരുവിതാംകൂറിലെ പൊതുജനങ്ങളുടെ വകയല്ലെന്ന് ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. മിസ്റ്റർ. പത്മനാഭപിള്ളയുടെ ഈ പ്രമത്താഭിപ്രായത്തെ ഖണ്ഡിച്ച്, (കേരളതാരകാ പത്രാധിപർ) മിസ്റ്റർ. സി. എം. നാരായണപ്പണിക്കർ അവസരോചിതമായി പ്രസംഗിച്ചത് അഭിനന്ദനീയമായി എന്നു തന്നെ ഞങ്ങൾ വിചാരിക്കുന്നു. ഇതിനെപ്പറ്റി ഇനിയൊരിക്കൽ പ്രതിപാദിക്കാമെന്നു കരുതുന്നു.
Sri Moolam Popular Assembly
- Published on January 09, 1907
- 1559 Views

Somehow, the 3rd Annual Meeting of Travancore Sri Moolam Popular Assembly, under the chairmanship of Dewan S. Gopalachari, has been completed at the Jubilee Town Hall in Thiruvananthapuram. The way the Dewan conducted the proceedings does not allow us to use any other word than 'somehow' instead of the general term 'satisfactorily'. The Dewan's speech at the opening of the meeting, which we have duly translated and added this time in another column, was nothing more than the income and expenditure record of a general store. It did not reveal anything about the current ....................(text missing) progress in the state of Travancore and hence, there is no way to suppose that it was giving any information about other things that had the power to encourage the reader. He started the speech with an excuse that he was not the one who was in charge of the administration of the state last year, and therefore, he is capable of submitting only such a brief list of information before the House. We do not think that this explanation is appropriate or honourable. We do not now attempt to give a detailed account of the subjects of the speech or of the other subjects discussed in the assembly. But we feel sorry for the Dewan's impatience and undue haste.
The speech of a dignified representative sent to express the gratitude of the people to His Highness the Maharajah, and to the former Dewan V. P. Madhavarayar, who conducted the meeting last year and did many things beneficial to the people, was ruthlessly prevented in the assembly. He was seen disallowing even short speeches by the taluk representatives on individual topics. He was not interested in listening to both sides on some issues that were subject to controversy and arguments and compelled the representatives to sit in their seats with some small counter measures that he had prepared in advance. What else can be said about such behaviour other than the expression of impatience and undue haste? In view of the incident, the Dewan's policy towards delegates can be compared to lawyers getting the receipts from the litigants for filing suits in the courts and attesting it as their own. It must be admitted that it was not carried out with the grandeur, intelligence, and discretion of a statesman.
The Dewan would not have had to suffer so much if the popular assembly had been convened to sign the memorandum sent by the delegates orally in addition to those signed by hand. If you decide to do something, you should do it in a proper manner. Regarding matters like entertaining the delegates, giving copies of the Dewan's speeches to them and to the newspapers, and some other trifling matters of this kind, provisions were not made as in the former years even as a courtesy. Looking at it, one has to suspect that Mr. Gopalachari had the intention of ending the popular assembly meeting as a result of some kind of coercion.
On the second day of the meeting, referring to the Judges of the Travancore High Court, Prakulam C. Padmanabha Pillai made some crass, inappropriate, and nonsensical comments. It may be the result of some disturbance that Mr. Padmanabha Pillai or any of his relatives may have experienced at the hands of any of the High Court Judges. Let it be said at this juncture that those opinions cannot, in any way, be attributed to the public of Travancore. We think that the speech by Mr. C. M. Narayana Panicker (Editor of Kerala Tharaka), was opportune and commendable in rebutting the great opinion of Mr. Padmanabha Pillai. We think we can discuss this on another occasion.
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.