വ്യത്യാസമെന്തിന്?

  • Published on August 05, 1908
  • By Staff Reporter
  • 545 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ ഭരണ നയത്തിന്‍റെ ലക്ഷണങ്ങളിൽ ഒന്നു, സർക്കാർ സർവീസിന്‍റെ കീർത്തിയെ പരിപാലിക്കാനുള്ള യത്നം ആണെന്ന് നാം കണ്ടിട്ടുള്ളതാണല്ലൊ. ഈ യത്നത്തിൽ അദ്ദേഹം കീഴ്ജീവനക്കാരുടെ നടത്തയെക്കുറിച്ച് കഴിയുന്നെടത്തോളം ശ്രദ്ധ പതിക്കുന്നുണ്ടെന്നുള്ള സംഗതി സ്മരണീയമായിട്ടുള്ളതു തന്നെയാകുന്നു. സർക്കാർ കാര്യങ്ങളിടപെട്ടു വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥന്മാരെ തൻ്റെ ഉടനുടനുള്ള ശിക്ഷകൾക്ക് അധീനന്മാരാക്കുകയും, അവർക്കു ശിക്ഷ നൽകുന്ന സംഗതിയെ മറ്റുദ്യോഗസ്ഥന്മാരെയും അറിയിക്കുകയും ചെയ്യുന്നതു കൊണ്ടു, ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ അനല്പമായ ഭയം വ്യാപിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്‍റലായ  എഴുത്തുകളിൽ നിന്നു തന്നെ പ്രത്യക്ഷമായി വരുന്ന വീഴ്ചകളേയും കുറ്റങ്ങളേയും ദിവാൻജി വളരെ സൂക്ഷ്മദൃഷ്ടിയായി നോക്കിപ്പിടിച്ച് അതാത് ഉദ്യോഗസ്ഥന്മാരുടെ സമാധാനം ചോദിക്കുന്നു എന്ന് മാത്രമല്ല; പൊതുജന പ്രാതിനിധ്യം വഹിക്കുന്ന പത്രങ്ങളിൽ സർക്കാർ ജീവനക്കാരെക്കുറിച്ചു പ്രസ്താവിച്ചു കാണുന്ന സംഗതികളെപ്പറ്റി, ആ ജീവനക്കാരോട് ചോദ്യം ചെയ്യുന്നുണ്ടെന്നുള്ളതും, സർക്കാർ സർവീസിന്‍റെ ശുചീകരണ പ്രവൃത്തിയിൽ അദ്ദേഹത്തിന്‍റെ താല്പര്യത്തെ വെളിപ്പെടുത്തുന്നുണ്ട്. 

വളരെക്കാലമായി, പ്രവൃത്തി ദൂഷണം കൊണ്ടു മുരടിച്ചു പോയിട്ടുള്ള പഴമക്കാരെയും, ആ വകക്കാരെ അനുകരിക്കേണ്ടി വരുകയാൽ അങ്ങനെയുള്ള അഴിമതി വഴികളിൽ ചാടിപ്പോയിരിക്കുന്ന ഇളമക്കാരെയും, അവർ ചെയ്യുന്നത് കുറ്റമാണെന്ന് അറിയിക്കുകയും, മേലിൽ തെറ്റു ചെയ്യാതിരിക്കുന്നതിന് പ്രബോധനം നൽകുകയും ചെയ്യേണ്ടത് അവശ്യമാണെന്ന് ആരും സംവദിക്കുന്നതാണല്ലൊ. എന്നാൽ, ദിവാന്‍റെ ഈ പ്രസ്ഥാനത്തിൽ, സാധുക്കളായ ചിലരുടെ അവിചാരിതമായ വീഴ്ചകളെ, അഴിമതി വേലയിൽ തഴമ്പിച്ചവരുടെ അക്രമങ്ങൾക്കൊപ്പം ഗണിച്ച്, ചിലപ്പോൾ അർഹിക്കുന്നതിലധികം കഠിനമായ ശിക്ഷകൾ നൽകി വരുന്നു എന്നൊരാക്ഷേപം ഉണ്ട്.  ഇപ്രകാരം വരുന്നത്, മിസ്തർ രാജഗോപാലാചാരി, മുൻകൂട്ടി തന്നെ ഈ നാട്ടിലെ ഉദ്യോഗസ്ഥന്മാരുടെ ചരിത്രങ്ങൾ മുഴുവനും ശരിയായി അറിഞ്ഞിട്ടില്ലാത്ത ആളാകയാലും, അദ്ദേഹത്തിന്‍റെ ആലോചനയ്ക്കും തീരുമാനത്തിനുമായി ഓരോരോ ഡിപ്പാർട്ടുമെണ്ട് ചുമതലക്കാർ സമർപ്പിക്കുന്ന റിക്കാർഡുകളിൽ, ഈ ചുമതലക്കാർക്ക്, കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവരുടെ പേരിലുള്ള ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ചിലപ്പോൾ വീഴ്ചകൾ പലതും മറച്ചും, മറ്റു ചിലപ്പോൾ, ഉള്ള വീഴ്ചകളെ വാസ്തവത്തിലുള്ളതിലധികം വലുതാക്കിക്കാണിച്ചു റിപ്പോർട്ടു ചെയ്യുന്നതിനാലുമായിരിക്കാമെന്നു ശങ്കിപ്പാന്‍ അവകാശമുണ്ട്. ഇത് ഒരു സമാധാന കാരണമല്ലെന്നിരുന്നാലും, ഈ രാജ്യത്തിലെ സ്വഭാവ ചപലതകളെപ്പറ്റി ചിരപരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു ഭരണാധികാരിക്ക്, അല്പദൂരം സമാധാനത്തിന് സംഗതിയായിരിക്കുന്നതാണ്. എന്നാൽ, ലക്ഷ്യങ്ങൾ സ്പഷ്ടമായിരുന്നാലും, ചിലപ്പോൾ ഒരേ കുറ്റത്തിന്, ഒരേ ഇനം ഉദ്യോഗസ്ഥന്മാർക്ക് പലമാതിരി ശിക്ഷകൾ നൽകി, സമഭാവനയില്ലായ്മയെ പ്രകടിക്കുന്നതു ഗണ്യമായ ഒരു ആക്ഷേപ സംഗതിയാണ്. ഈ വിഷയത്തെക്കുറിച്ചു, ഇതിന്മുമ്പു തന്നെ ഞങ്ങൾ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴും ചില സംഗതികൾ സാമാന്യത്തിലധികം ആക്ഷേപാർഹമായി കാണപ്പെടുന്നുണ്ട്. ദേവാസ് രാജാവിന്‍റെ തിരുവിതാംകൂർ യാത്ര പ്രമാണിച്ച്, അതാതു താലൂക്കിലെ ചിലവിനു ബില്ലുകൾ താമസിച്ചയച്ച തഹശീൽദാർമാരിൽ ചിലർക്ക് താക്കീതും, ചിലർക്ക് പിഴയും പല വിധത്തിൽ കല്പിച്ചതായി ഞങ്ങൾ പ്രസ്താവിച്ചിരുന്നു. പത്തു രൂപാ പിഴ വിധിക്കപ്പെട്ട അമ്പലപ്പുഴ തഹശീൽദാരെക്കാൾ കുറെ ദിവസം കൂടുതൽ താമസം വരുത്തിയ ചിറയിൻകീഴ് തഹശീൽദാർക്ക് ഒരു താക്കീതു മാത്രമായിരുന്നു വിധിച്ചത് എന്നു നാം കണ്ടിട്ടുണ്ട്. തിരുവനന്തപുരം തഹശീൽദാർക്കും പിഴയില്ലാതെ രക്ഷ കിട്ടി. ഇത്തരം ഭേദ വിചാരം എന്തു കൊണ്ടാണെന്ന് വിശദമാകുന്നില്ലാ. ഇതിന്മണ്ണം തന്നെ, മാവേലിക്കര തഹശീൽ മജിസ്‌ട്രേറ്റ് മിസ്തർ ഹരിഹരയ്യരുടെ നടത്തയെപ്പറ്റി "കേരളതാരക'' പത്രത്തിൽ എന്തോ ഒരു പ്രസ്താവം കണ്ടപ്പോൾ, അതിനെ സർക്കാർ വക്കീലിന്‍റെ അഭിപ്രായത്തിനയയ്ക്കുകയും, തഹശീൽദാരുടെ നടത്തയുടെ നിർദ്ദോഷതയെ സ്ഥാപിക്കണമെന്നും, അതിലേക്ക് ആ പത്രത്തിന്‍റെ പേരിൽ കേസ്സ്  കൊടുക്കണമെന്നും നിർബന്ധിക്കുകയും ചെയ്ത മിസ്തർ ആചാരിയുടെ ഗവര്‍ന്മെണ്ട്, ചിറയിൻകീഴ് തഹശീൽ മിസ്തർ  പത്മനാഭപിള്ളയെ പറ്റി ബഹുജനങ്ങൾ ബോധിപ്പിച്ച ഹർജികളിലും, പത്രങ്ങളിൽ ചേർത്തിരുന്ന ലേഖനങ്ങളിലും അടങ്ങിയ ദോഷാരോപങ്ങളെ പ്രതിഷേധിക്കുവാൻ മിസ്തർ  പിള്ളയെ നിർബന്ധിക്കുന്നതിനു പകരം, മിസ്തർ പത്മനാഭപിള്ളയുടെ മുടന്തൻ സമാധാനങ്ങളെയും, അവയെ കൈക്കൊണ്ട്, മിസ്തർ പത്മനാഭപിള്ളയുടെ ജ്യേഷ്ഠനായ ശങ്കരൻ തമ്പിയുടെ സ്നേഹിതനായ പേഷ്കാർ മിസ്തർ ശങ്കരപ്പിള്ള സമർപ്പിച്ച സമാധാനങ്ങളെയും അംഗീകരിച്ചത് എന്തു കൊണ്ടായിരിക്കുമോ? മിസ്റ്റർ ഹരിഹരയ്യരെക്കുറിച്ച് "താരക" പ്രസിദ്ധപ്പെടുത്തിയ സംഗതിയെക്കാൾ എത്രയോ ഗൗരവപ്പെട്ട ദൂഷ്യങ്ങൾ, എന്നല്ലാ, അക്രമങ്ങൾ, മിസ്തർ പത്മനാഭപിള്ളയെപ്പറ്റി ഞങ്ങൾ തന്നെ പറഞ്ഞിരുന്നു.മിസ്റ്റർ  പിള്ളയുടെ നടത്ത നിർദ്ദോഷമെന്നു സ്ഥാപിക്കാൻ നിർബന്ധിക്കാത്തത്, ഞങ്ങൾ, പറഞ്ഞിട്ടുള്ള സംഗതികൾ അയഥാർത്ഥങ്ങളെന്ന് ഗവര്‍ന്മെണ്ട് ഗണിച്ചിട്ടായിരിക്കുമോ? അങ്ങനെയെങ്കിൽ, മിസ്റ്റർ ആചാരിയുടെ ഗവര്‍ന്മെണ്ടിനെപ്പറ്റി ഞങ്ങൾ വ്യസനിക്കുന്നു.     


You May Also Like