തിരുവിതാംകൂർ നവീകരണം
- Published on November 26, 1909
- By Staff Reporter
- 1208 Views
രാജാവിനും പ്രജകൾക്കും തമ്മിലുള്ള ബന്ധം ഏറ്റവും പാവനമായിട്ടുള്ളതാകുന്നു. ബന്ധത്തെ അഴിക്കുന്നതിനോ, നശിപ്പിക്കുന്നതിനോ ഐഹികമായ യാതൊരു സംഭവത്തിനും ശക്തിയില്ല. രാജ്യഭക്തന്മാരുടെയും രാജ്യഭരണകർത്താക്കന്മാരുടെയും ഒരേ കടമ ഈ ബന്ധത്തെ അറിയുകയും ബലപ്പെടുത്തുകയും, ആ ബന്ധത്തെ ക്ഷയിപ്പിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ആയിട്ട് രാജ്യത്തിനു പുറത്തും അകത്തും ഉണ്ടായേക്കാവുന്ന സർവ ശ്രമങ്ങളെയും അധൈര്യപ്പെടുത്തി നിഷ്ഫലങ്ങളാക്കുകയും ചെയ്യുന്നതാകുന്നു. രാജാവ് എന്നാൽ, സൂക്ഷ്മത്തിൽ രാജ്യത്തിൻെറയും, രാജ്യനിവാസികളായ പ്രജകളുടെയും ഒരു പ്രതിപുരുഷനാകുന്നു. ആ രാജാവിനെ മാനിക്കുന്നത് രാജ്യത്തെ മാനിക്കുക ആകുന്നു. അതുകൊണ്ട് രാജാവിൻെറ പദം ഏറ്റവും ഗൗരവമുള്ളതാണ് എന്ന് തെളിയുന്നു. രാജാവിൻെറ ഉദ്ദേശങ്ങളെ പ്രജകളെ ശരിയായി ധരിപ്പിക്കുന്നതും അവയെ നിർവഹിച്ചു പ്രജാക്ഷേമത്തെ പാലിക്കുന്നതും കഴിയുമെങ്കിൽ, പോഷിപ്പിക്കുന്നതും, രാജമന്ത്രിമാരുടെ ഒരേ കർത്തവ്യകർമ്മമാകുന്നു. ഒരു രാജാവ് പ്രജകളുടെ ക്ഷേമത്തെ അല്ലാതെ മറ്റൊന്നിനെയും ഒരിക്കലും ഉദ്ദേശിക്കുന്നില്ല. ശ്രീരാമനെ നോക്കുക. പ്രജകളുടെ ഹിതത്തെ സാധിക്കുന്നതിനായി പൂർണ്ണഗർഭയായും രാജ്യാവകാശിയായ സന്താനത്തെ വഹിക്കുന്നവളായും സർവഗുണൗഘനിധിയായും ഇരിക്കുന്ന ധർമ്മപത്നിയെ തന്നെയും വൻകാട്ടിൽ ഉപേക്ഷിച്ച കഥയെ എങ്കിലും നാം വായിച്ചിട്ടുണ്ടല്ലോ. രാജധർമ്മപ്രതിപാദകമായ രാമായണത്തിൽ നിന്ന് രാജാവിൻെറ പ്രധാന ധർമ്മം എന്താണെന്ന് നമുക്ക് ഗ്രഹിക്കാം. രാജ്യഭരണകാര്യങ്ങളിൽ പ്രജകളുടെ ഹിതമാണ് പ്രധാനമായിട്ടുള്ളത്. ഈ തത്വത്തെ നമ്മുടെ പൂർവികന്മാർ അനേകായിരം വർഷത്തെക്കു മുമ്പെ അറിഞ്ഞിരുന്നതു പോലെ, പാശ്ചാത്യന്മാർ ഇപ്പോൾ അറിയുകയും ആദരിക്കയും ചെയ്യുന്നു. അല്ലെങ്കിൽ, അമേരിക്കക്കാർക്കും കാനഡക്കാർക്കും, ആസ്‌ത്രേലിയക്കാർക്കും, തെക്കേ ആഫ്രിക്കക്കാർക്കും സ്വരാജ്യഭരണസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളതിൻെറ അർത്ഥം എന്തായിരിക്കും? മാർലി പ്രഭുവിൻെറ ഇപ്പോഴത്തെ ഇന്ത്യാഭരണവ്യവസ്ഥകളും ഈ തത്വത്തെ തന്നെയാണ് പ്രകാശിപ്പിക്കുന്നത്. രാജാവ് പ്രജകളിൽ നിന്ന് ഭിന്നിച്ചിട്ടുള്ള ശക്തിയല്ല എന്ന് ധരിക്കണം. രാജ്യഭരണകർത്താക്കന്മാരായി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർ രാജാവിനും പ്രജകൾക്കും തമ്മിൽ വികല്പമുണ്ടാക്കാതെയിരിക്കണം. വെറും ആശ്രിത വാത്സല്യത്തെ ആധാരമാക്കി സർവ രാജഭോഗങ്ങളെയും ആക്രമിച്ച് അനുഭവിച്ചു മദിക്കുന്ന രണ്ടു രാജസേവക ദസ്യുക്കൾ രാജമന്ദിരത്തിൽ തന്നെ പാർത്തുകൊണ്ട് മോഷ്ടിച്ചു കൊള്ളയിട്ടും രാജമന്ദിരധനത്തെ നശിപ്പിച്ചും രാജനാമത്തിനു മലിനതയുണ്ടാക്കുവാൻ തക്കവണ്ണം പ്രവർത്തിച്ചും രാജ്യകാര്യങ്ങളിൽ യാതൊരു അവകാശവും അർഹതയും ഉത്തരവാദിത്വവും ഇല്ലാതെ പ്രവേശിച്ച് പ്രജകളുടെ വിശ്വാസത്തെയും ഭക്തിയെയും ശ്രദ്ധയെയും ശിഥിലമാക്കുന്ന കുസൃതികളെ ഉണ്ടാക്കിച്ചമച്ചും അവർ പ്രജകളിൽ അവരുടെ വർഗ്ഗത്തിൽ ഉൾപ്പെട്ട ചിലരെ സഹായിക്കുന്നു എന്ന ഭാവനയിൽ അവരിൽ യഥേഷ്ടം കോഴ നൽകുന്നവരെ സഹായിച്ചും, അങ്ങനെ കോഴ വാങ്ങിയും കൊണ്ടു സഹായം ലഭിച്ചവരെ പ്രേരിപ്പിച്ച് അങ്ങനെ കോഴ കൊടുക്കാത്തവരെ കോഴ കൊടുക്കുന്നതിനു ഉത്സാഹിപ്പിച്ചും, അങ്ങനെ ചെയ്യാത്തവരെ മർദ്ദിച്ചും, രാജമന്ദിരത്തിൽ, രാജസമക്ഷത്തിൽ തന്നെ പ്രത്യക്ഷമാക്കുന്ന ജാതിമത്സരത്തെയും ജാതിസ്പർദ്ധയെയും സ്വവർഗ്ഗപ്രതിപന്നന്മാരായ ഉദ്യോഗസ്ഥന്മാർ വഴിയായും അല്ലാതെയും നമ്മുടെ നാട്ടിൽ എങ്ങും പരത്തി, രാജ്യക്ഷേമത്തെ വ്യാകുലപ്പെടുത്തുന്നതായി പര്യവസാനിച്ചിരിക്കുന്നത് എത്രയോ ശോച്യമായ അവസ്ഥയാകുന്നു.
പരദേശദ്വിജസമാജം, പോറ്റിസമാജം, നായർ സമാജം, നമ്പൂതിരി സമാജം, ഈഴവ സമാജം, ക്ഷുരകസമാജം ഇങ്ങനെ രാജ്യത്തിൻെറ ഏകയോഗക്ഷേമത്തെ ധ്വംസനം ചെയ്യുന്നതായി തോന്നിക്കുന്ന നാനാ സമാജങ്ങൾ നമ്മുടെ തിരുവിതാംകൂറിൽ തന്നെ മുളച്ചിട്ടുണ്ടല്ലോ. ഇവയുടെ വിശേഷഗുണങ്ങളുടെ വിസ്തരണത്തെ മറ്റൊരു ഘട്ടത്തിലേക്കു മാറ്റിവെച്ചിട്ടു, ആ സമാജങ്ങൾ സ്വവർഗ്ഗങ്ങളെ അനുകൂലിക്കുന്ന ഭാവത്തിൽ രാജ്യഭരണകർത്താക്കന്മാർക്കു പല ക്ലിഷ്ടതകളെയും ഉണ്ടാക്കുന്ന സമ്പ്രദായങ്ങളെ ആദ്യമായിട്ടു അറിയുവാൻ ശ്രമിക്കാം. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കർസൺ പ്രഭു, തിരുവിതാംകൂറിനെ സന്ദർശിച്ച സന്ദർഭത്തിൽ, ഈ ക്ലിഷ്ടതകളെ സൂചിപ്പിച്ചു ചില വിമർശനങ്ങൾ ചെയ്തിട്ടുണ്ട്. ഈ വർഗ്ഗക്കാരെ ആശ്രയിച്ചുങ്കൊണ്ടു പല പത്രങ്ങളും അവരുടെ അവകാശങ്ങളെ ഗവൺമെന്‍റിനെ ധരിപ്പിക്കുന്നു. അത് ശ്ലാഘനീയമായ കാര്യമാണെന്നുള്ളതിനു സംശയമില്ല. എന്നാൽ, മറ്റൊരു പ്രതിജ്ഞ പല പത്രങ്ങൾക്കും ഉള്ളതായി നമുക്ക് അറിയാം. ആ പ്രതിജ്ഞയെ തിരുവിതാംകൂർ ഏകയോഗക്ഷേമത്തെ ഉദ്ദേശിക്കുന്ന ചുരുക്കം ചില പത്രങ്ങളെയും ജാതിസ്പർദ്ധാരഹിതന്മാരായ രാജ്യഭരണകർത്താക്കന്മാരെയും ഭത്സിക്കുന്നതിനായി പ്രയോഗിക്കുന്ന ഹീന ബുദ്ധിയാണ് നമ്മുടെ രാജ്യത്തിൽ ഉണ്ടാകുന്ന പല കുഴപ്പങ്ങൾക്കും കലഹങ്ങൾക്കും മൂലമായിട്ടുള്ളത്. ഒരു പ്രമാണപ്പെട്ട നായർ ഉദ്യോഗസ്ഥൻ ഈയിടെ അദ്ദേഹത്തിൻെറ കീഴിൽ ഒരു ജോലിക്കായി ചെന്ന ഒരു നായർ യുവാവിനോടു പറഞ്ഞതു ഏറ്റവും രസാവഹമാണ്. ആ യുവാവിൻെറ നല്ല നടത്തയ്ക്ക് ഒരു നായർ ഉദ്യോഗസ്ഥൻെറ സർട്ടിഫിക്കറ്റു ഹാജരാക്കേണ്ടതാണെന്നും, തനിക്കു നായന്മാരെ സഹായിച്ചതിനു വേണ്ട പ്രതിഫലം നായന്മാർതന്നെ തന്നിട്ടുണ്ടെന്നും ആണ് ആ യുവാവിനോടു ആ ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇങ്ങനെ ഹാസ്യജനകങ്ങളായ വാക്കുകളെപോലെ അനേകം പ്രവൃത്തികളും ഉണ്ട്. ഒരു പത്രം ഏതു വർഗ്ഗത്തിന്‍റെ പ്രതിനിധിയായി അഭിനയിക്കുന്നുവോ ആ വർഗ്ഗത്തിൽ ചേർന്ന ഉദ്യോഗസ്ഥന്മാരിൽ പത്രവരിക്കാരായിരിക്കുന്നവർ കാട്ടുന്ന ഉദ്യോഗചപലതകളെ പ്രസിദ്ധമാക്കാതെയും അങ്ങനെ പ്രസിദ്ധമാക്കുന്നതായാൽ തന്നെ ആ ചപലതകളെ മറച്ചോ മറിച്ചോ സ്തുതിച്ചും വർത്തിക്കുന്നതാണ് പത്ര മര്യാദയെന്നു തോന്നും പ്രകാരത്തിൽ പല പത്രങ്ങളും ജീവിക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രതിജ്ഞകളോടു കൂടിയ സമാജങ്ങളും പത്രങ്ങളുമാണ് രാജ്യത്ത് ജാതിമത്സരബീജത്തെ വിതച്ചത്. ഒരു ജാതിക്കാർ അങ്ങനെ സത്യത്തെയും ന്യായത്തെയും വിട്ട് സ്വവർഗ്ഗത്തിൽപെട്ടവരെ സ്തുതിക്കയും, പരവർഗ്ഗത്തിൽ ഉള്ളവരെ നിന്ദിക്കയും ചെയ്യുമ്പോൾ, മറ്റു ജാതിക്കാരും അവരവരുടെ സ്വക്ഷേമത്തിനും, സ്വരക്ഷയ്ക്കും ആയി മുൻ പറഞ്ഞതു പോലെയുള്ള സമാജങ്ങളെയും പത്രങ്ങളെയും സ്ഥാപിക്കുന്നതിനു നിർബന്ധിക്കപ്പെടുന്നു. ഈ പരിതാപകരമായ അവസ്ഥയെ വിശദമാക്കുന്നതിന് ചില ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുമായിരിക്കും. മിസ്റ്റർ വി. പി. മാധവരായർ തിരുവിതാംകൂറിൽ ഇരുന്നിട്ടുള്ള ദിവാൻജിമാരിൽ അദ്വിതീയനാണെന്ന് പ്രസിദ്ധമാണല്ലോ. അദ്ദേഹത്തിൻെറ ഭരണത്തിൽ നിന്നും ഉണ്ടായിട്ടുള്ള ഗുണത്തെ തിരുവിതാംകോട്ടുകാരിൽ ഒഴക്ക് നെല്ലു കരമായി കൊടുക്കുന്നവരൊക്കെ അനുഭവിക്കുന്നുണ്ടെന്നും തീർച്ചയാണല്ലോ. നെൽക്കരം നിറുത്തുന്നതിന് പ്രബലമായ വിരോധം, ഈ നാട്ടിൽ പഴമപരിചയം ഉള്ള വലിയ ഉദ്യോഗസ്ഥന്മാരിൽ നിന്ന് തന്നെ പുറപ്പെട്ടിട്ടുണ്ട്. മിസ്റ്റർ രാജഗോപാലാചാരിക്ക് ഊട്ടുകളെ നിറുത്തുന്നതിനും ദേവസ്വങ്ങളെ പരിഷ്കരിക്കുന്നതിനും ഒരു സൌകര്യത്തെ നൽകിയത് നെൽക്കരത്തെ പണമാക്കിയ ആ മഹാനുഭാവന്‍റെ ചട്ടം ആകുന്നുവല്ലോ. ഊട്ടുപുരകളെ ധ്വംസനം ചെയ്‌വാനായിട്ട്, ഈ ഏർപ്പാടിനെ സ്ഥാപിച്ചിട്ടുള്ളതാണെന്ന്, ഊട്ടുപുരകളുടെ പരിപാലനം, രാജധർമ്മമാണെന്ന് വിചാരിക്കുന്ന പലരുടെയും വിരുദ്ധാഭിപ്രായങ്ങളെക്കൊണ്ടു തന്നെ നമുക്ക് അനുമാനിക്കാവുന്നതാണ്. ഇന്ന് ഊട്ടുപുരകളെ നിറുത്തിയ ഏർപ്പാടിൻെറ ശ്രേയസ്സിനെ കവരുവാൻ ഒരുങ്ങി പുറപ്പെട്ടിരിക്കുന്ന ചില പൊങ്ങന്മാരുടെ പൊണ്ണവാക്കുകൾക്കു ആ ഏർപ്പാടു ഔചിത്യത്തിൽ നിന്നിരുന്നാൽ യാതൊരു അർത്ഥവും ഉണ്ടായിരിക്കുന്നതല്ലല്ലോ. അങ്ങനെ സർവജനപ്രീതിയെയും സമ്പാദിച്ച മിസ്റ്റർ വി. പി. മാധവരായരെ മൈസൂർ കാളയാക്കിയും മറ്റും നാനാപ്രകാരങ്ങളിൽ ദൂഷണം ചെയ്ത ആളുകൾ ഇന്നു അദ്ദേഹത്തിൻെറ ഏർപ്പാടിനെക്കൂടാതെ സൗകര്യപ്പെടാത്തതും അതിൻ്റെ ഫലവും ആയ ഒരു ഏർപ്പാടിനെ ചെയ്തുവച്ച് മിസ്റ്റർ രാജഗോപാലാചാര്യർ നേടിയ യശസ്സിനെ അപഹരിച്ചുങ്കൊണ്ടു വെറും ഭീരങ്കിയെ വെറും ഗഗനമണ്ഡലത്തെ ലാക്കുനോക്കി മുഴക്കുന്ന വങ്കത്തം ഇവിടെ പ്രസ്താവയോഗ്യമല്ലെന്നിരിക്കട്ടേ.
Administrative changes in Travancore
- Published on November 26, 1909
- 1208 Views
The relationship between the king and the subjects is the most sacred. No worldly event has the power to dissolve or destroy the relationship. The most important duty of the subjects and the rulers of the country is to understand and strengthen this bond and to discourage and weaken all efforts that may be made to diminish or destroy it, either from outside or inside the country. The king is the true representative of the kingdom and its subjects. To respect that king is to respect the country itself. So, it is evident that the king's word is most profound. It is the duty of the royal ministers to explain the intentions of the king to the subjects properly, and to carry them out and maintain the welfare of the subjects, if possible.
A king never cares for anything other than the welfare of his subjects. Look at Lord Rama. We have read the story of how Lord Rama, in order to fulfil the will of his subjects, left his virtuous wife in the forlorn forest while she was pregnant with the heir to the kingdom. We can understand the main dharma of a king from the verses in the Ramayana. The will of the people is important in the affairs of the country.
Westerners now know and respect this principle, which our ancestors knew thousands of years ago. Otherwise, what would it mean to the Americans, Canadians, Australians, and South Africans to be granted self-government? The current Indian administration of Lord Marley also reflects this principle. It must be understood that the king is not a separate power from the subjects. Officials who are in charge of governing the kingdom should not create any difference between the king and his subjects.
There are two cruel royal servants, enjoying all the royal pleasures based on mere access to the members of the royal family. They stay in the palace itself, stealing and looting, destroying the palace property and defaming the king. They, who have no rights or entitlements in matters of the state, are encroaching irresponsibly and creating mischief that destroys the faith, devotion, and attention of the subjects. They help those among them who pay bribes at will, under the pretence of helping some of their own class among the subjects. By inducing those who received help by taking bribes, they encourage those who did not pay bribes to pay it, and threaten those who did not do so. The caste and class rivalry that manifests in the royal palace and in the presence of the king itself has been spread everywhere in our country by the officials belonging to the caste. It is indeed a miserable situation for one to end up worrying about the welfare of the country.
The varied societies founded by each class like the Migrants’ society, the Pottis’ society, the Nair society, the Namboothiri society, the Ezhava society, the Barbers society, and many others, which seem to be destroying the unity of the state have sprung up in Travancore. Deferring the elaboration of the special qualities of the societies to another occasion, the administrators of the country may first try to know the practices that cause various problems by those societies in favour of their members. Lord Curzon, the Viceroy of India, on his visit to Travancore, had pointed out these difficulties and made some criticisms. Relying on these groups, many newspapers assert the groups’ rights to the government. There is no doubt that it is a commendable thing. But we know that many newspapers have another intention. Many of the problems and strife in our country are caused by the insidious wisdom of using that intention to slander the few newspapers and some administrators do not uphold caste divisions but are only concerned with the welfare of Travancore as a whole.
There are as many comic actions as there are funny words. Here is an anecdote to show the spread of nepotism among these societies. A well known Nair officer recently said to a Nair youth, who went for a job under him, that he should produce a certificate of good conduct from a Nair officer. He further said, as an aside, that the Nairs themselves have given him the necessary reward for helping the Nairs.
A newspaper that pretends to be the representative of a particular class does not publicise the professional lapses by the officials of that class who are its subscribers. Many newspapers believe that it is the right journalistic etiquette to hide those lapses or even praise those officials by giving them a clean chit. It was these societies and newspapers with such intentions that sowed the seeds of caste rivalry in the country. When people belonging to a caste desert the path of truth and justice and praise those of the same caste and despise those of another caste, the other castes are also forced to establish societies and newspapers for their own welfare and protection.
A few illustrations may be called for to explain this deplorable state of affairs. It is well known that Mr. V. P. Madhava Rao is unique among the Dewans of Travancore. It is certain that all the people of Travancore who gave paddy as tax previously are now the beneficiaries of his new rule. There was strong opposition even from the experienced high officers of this country to the cessation of paddy tax. It is the change in the rule made by that great benefactor who stopped collecting paddy as tax and introduced the system of collecting cash instead that gave Mr. Rajagopalachari the basis for his action to close the temple dining halls and to begin reforms in the Devaswams*. We can infer that this arrangement was established to destroy the dining halls, because it is evident from the opposing views of many who think that the upkeep of the dining halls is the royal duty. The words of some imbeciles who are ready to steal the merits of the arrangement that stopped the dining halls today would not have any meaning if the arrangement was based on propriety. Thus, Mr. V. P. Madhava Rao, who gained popularity, was vilified in various ways by those who praise Mr. Rajagopalachari today. It was the result of the reforms by the former that paved the way for Mr. Rajagopalachari to implement the changes in temple dining halls and Devaswams and gain name and fame. It is not worth mentioning here the noises made by the empty pots and pans.
Notes by the translator:
*Devaswam translates to ‘belonging to God’. These are socio-religious trusts in India, whose members are nominated by the government and community.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.