മതസ്പർദ്ധ
- Published on February 28, 1910
- By Staff Reporter
- 998 Views
ഒരു ഗവൺമെന്‍റിനെതിരായി പ്രജകളെ ഇളക്കി കലഹമുണ്ടാക്കുക, ഗവൺമെന്‍റിനെപ്പറ്റി പ്രജകൾക്ക് വിശ്വാസമില്ലായ്മയും ഉണ്ടാക്കുക, പ്രജാസമൂഹത്തിൽ പെട്ടിരിക്കുന്ന നാനാജാതിക്കാരെയും നാനാമതക്കാരെയും തമ്മിൽ കലഹിപ്പിക്കുക, ഈ വിധത്തിലുള്ള ദുഷ്‌കൃത്യങ്ങളെല്ലാം വർത്തമാനപത്രങ്ങൾ മുഖേന ഇനിയും പ്രചരിക്കാതിരിക്കാനായി ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്‍റ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പ്രസ്സാക്റ്റിനെ പുകഴ്ത്തുന്നതിലേക്കുള്ള ഉദ്യമത്തിൽ, തിരുവിതാംകൂറിൽ ബ്രാഹ്മണസമുദായത്തെ ജന്മശത്രുത്വത്തോടു കൂടി അധിക്ഷേപിക്കയും, ആ സമുദായക്കാരുടെ അഭ്യുദയോദ്യമങ്ങൾ മറ്റു സമുദായക്കാരെ, പ്രത്യേകിച്ചും നായർ സമുദായക്കാരെ " നശിപ്പിക്കാനുള്ള " ഉദ്ദേശ്യത്താൽ പ്രേരിപ്പിക്കപ്പെട്ടവയാണെന്നു നിരാധാരമായും ഭാവനാസൃഷ്ടമായും ഉള്ള അപവാദങ്ങൾ പുറപ്പെടുവിക്കയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പത്രം, മുഹമ്മദീയർക്ക് ഹൃദയോദ്വേജകമായ ദുർഭാഷണങ്ങൾ ചെയ്തുതുടങ്ങിയിരിക്കുന്നു. ഇതിനെപ്പറ്റി ഞങ്ങൾ അത്ഭുതപ്പെടുന്നില്ലെങ്കിലും അനുശോചിക്കാതെയിരിക്കാൻ നിവൃത്തിയില്ലെന്നു വന്നിരിക്കുന്നു. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ സ്തുതിപാഠകഗണത്തിൽ ഉൾപ്പെട്ടിട്ടോ മുമ്പു നിന്നിട്ടോ, നാട്ടുകാരുടെ മനസ്സിൽ തെറ്റായ ധാരണകളെ ഉണ്ടാക്കിയിട്ടില്ലായിരുന്നു എങ്കിൽ മേല്പടി പത്രത്തിൻെറ ജല്പനങ്ങളെപ്പറ്റി ജനങ്ങൾ ആരും അല്പവും വില വയ്ക്കുകയില്ലായിരുന്നു, എന്നു ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്; എന്നിരുന്നാലും, മുഹമ്മദീയരെക്കുറിച്ചുള്ള പ്രസ്തുതമായ ദൂഷണങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ഭൃത്യന്മാരിൽ ഒരാളായ മിസ്റ്റർ രാജഗോപാലാചാരി അനുകൂലിയായിരിക്കയില്ലെന്നുള്ള വിചാരത്തെ ഉറപ്പിക്കുന്നതിന് ആവശ്യകത ഉള്ളതായി തോന്നുന്നതിനാലാണ് ഇതിനെപ്പറ്റി പറയേണ്ടിവന്നിരിക്കുന്നത്. "ക്രൂരന്മാരും മതഭ്രാന്തന്മാരും ആയ മുഹമ്മദീയരുടെ ഭരണം ഇതരജാതീയന്മാർക്ക് എത്രമാത്രം ആപൽകരമായിരുന്നു എന്ന് ചരിത്രം ഉപദേശിക്കുന്നു."- കഴിഞ്ഞ വ്യാഴാഴ്ചയിലെ "സുഭാഷിണി " യിൽ 'ബ്രിട്ടീഷ് ഇന്ത്യൻ പ്രസ്സ് നിയമ' ത്തെക്കുറിച്ചുള്ള ഒരു പത്രാധിപ പ്രസംഗത്തിൽ പ്രസ്താവിച്ചുകാണുന്നുണ്ട്. ഇംഗ്ലീഷ് ജനങ്ങൾ ഇന്ത്യയുടെ ഭരണാധികാരികളായതിനാലുണ്ടായിട്ടുള്ള ഗുണങ്ങളെ വിവരിക്കുന്നതിൽ, വർണ്ണനയ്ക്ക് ശോഭ കൂട്ടുവാൻ വേണ്ടി മുഹമ്മദീയ ചക്രവർത്തികളെക്കുറിച്ചു നിന്ദാവഹമായ അഭിപ്രായം പറയേണ്ട ആവശ്യകത ഒന്നുമില്ലെന്ന് നിർമത്സരന്മാർ സമ്മതിക്കുന്നതാണല്ലോ." സുഭാഷിണി " മുഹമ്മദീയരെപ്പറ്റി പുറപ്പെടുവിച്ചിരിക്കുന്ന അഭിപ്രായം, പരമാർത്ഥത്തിനു വിരുദ്ധമായിട്ടുള്ളതാണെന്ന് മുഹമ്മദീയ ചക്രവർത്തികളുടെ ഭരണത്തെക്കുറിച്ച് നിഷ്‌പക്ഷപാതമായും സകല വിവരങ്ങളെയും നോക്കിയും ഗുണാഗുണനിരൂപണം ചെയ്തിട്ടുള്ള ചരിത്രകാരന്മാരുടെ പ്രബന്ധങ്ങൾ തെളിയിക്കുന്നതാകുന്നു എന്നുള്ളതിനെ വിസ്മരിക്കുവാൻ ആർക്കും സാധിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. അക്ബർ മുതലായ മഹാന്മാരായ മുഹമ്മദീയ ചക്രവർത്തികൾ പ്രജകളുടെ ക്ഷേമത്തെക്കരുതി എത്രയോ വിവേകപൂർവ്വം രാജധർമ്മത്തെ ആചരിച്ചുപോന്നു എന്നുള്ളത് പ്രസിദ്ധമായിട്ടുള്ള വസ്തുതകളാണ്. ഏതെങ്കിലും ഒരു ഭരണകർത്താവ് നിമിത്തം ഇതരദേശക്കാർക്കോ ഇതരജാതിക്കാർക്കോ ഉപദ്രവം തട്ടിയിട്ടുണ്ടെങ്കിൽ അതേ അപവാദം ഇന്ന് ലോകത്തിൽ പരിഷ്‌കൃതങ്ങളെന്ന് ഗണിക്കപ്പെട്ടിരിക്കുന്ന ഏതു രാജ്യക്കാരെപ്പറ്റിയും പറയുവാൻ കഴിയുന്നതേയുള്ളു. ഇന്ത്യയെ എന്നുവേണ്ട, അന്യമായ ഒരു രാജ്യത്തെ ആക്രമിച്ചു പിടിച്ചടക്കിയിട്ടുള്ള ഏതൊരു രാജ്യക്കാരും, തദ്ദേശീയർക്ക് ഉപദ്രവം തട്ടിക്കാതിരുന്നിട്ടില്ലെന്ന് ലോകചരിത്രം നമ്മെ അറിയിക്കുന്നു. ഇങ്ങനെയിരിക്കെ ഇന്ത്യയിലെ ഭരണാധികാരത്തെ കൈവശപ്പെടുത്തിയിരുന്ന മറ്റു ജാതിക്കാരുടെയോ വർഗ്ഗക്കാരുടെയോ ഭരണതന്ത്രങ്ങൾ നിമിത്തം ഉണ്ടായിട്ടുള്ള ഗുണദോഷങ്ങളെ നിരൂപണത്തിനെടുക്കാതെ, മുഹമ്മദീയരെ മാത്രം അപഹാസപാത്രങ്ങളാക്കുന്നതിന് തുനിഞ്ഞത് വിവേകം ആണെന്ന് പറയുവാൻ കഴിയുകയില്ല. മുഹമ്മദീയ സമുദായം ബ്രിട്ടീഷ് ഗവൺമെന്‍റിനോട് ഏറ്റവും ഭക്തിയും വിശ്വാസവും ഉള്ളതും, ആ ഗവൺമെന്‍റിന്‍റെ ആദരത്തെ അർഹിച്ചിട്ടുള്ളതുമാണ്. മുഹമ്മദീയരെ ബ്രിട്ടീഷ് ഗവണ്മെന്‍റ് വിശേഷാൽ ബഹുമാനിക്കയും ചെയ്തുവരുന്നുണ്ട്; അവരുടെ ഉള്ളിൽ അസ്വസ്ഥത ജനിപ്പിക്കത്തക്ക യാതൊന്നും യാതൊരാളും പ്രവർത്തിക്കാതിരിക്കാൻ ആ ഗവണ്മെന്‍റ് കരുതൽ ചെയ്തുമിരിക്കുന്നു. തിരുവിതാംകൂർ രാജകുടുംബം കൂടെയും മുഹമ്മദീയരുടെ സഹായത്തിനു കടപ്പെട്ടിട്ടുള്ളത് എത്രയോ പ്രഖ്യാതമാണ്. ഇങ്ങനെയൊക്കെയിരിക്കെ, ആ സമുദായക്കാർക്ക് രോഷജനകമായ വിധത്തിൽ അവരെ "ക്രൂരന്മാരും മതഭ്രാന്തന്മാരുമായ മുഹമ്മദീയർ" എന്ന് അധിക്ഷേപിച്ചത് വകതിരിവില്ലായ്മയുടെ ഫലം തന്നെയാണ്. ഇത്തരത്തിൽ സമുദായസ്പർദ്ധയും മതസ്പർദ്ധയും ഉണ്ടാക്കുന്നതിന് ഈ പത്രത്തിന് ഇനിയും എത്രകാലം അനുമതി നൽകുവാൻ വിചാരിച്ചിരിക്കുന്നു എന്ന് ഞങ്ങളറിയുന്നില്ല.
Religious Rivalry
- Published on February 28, 1910
- 998 Views
Translator
K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.