സ്വദേശാഭിമാനി പ്രസ്സ് വക്കം മൗലവിയുടെ അനന്തരാവകാശികൾക്കു നൽകണമെന്ന് ജേണലിസ്റ്റ് അസ്സോസിയേഷൻ

  • Published on November 19, 1957
  • By Staff Reporter
  • 557 Views

കൊട്ടാരക്കര, നവംബർ, 19 : ജേണലിസ്റ്റ്സ് അസോസ്സിയേഷന്റെ ഒരു യോഗം വൈസ് പ്രസിഡന്റ് ശ്രീ.എ. മുബാറക്കിന്റെ അദ്ധ്യക്ഷതയിൽ കൂടി ചുവടെ ചേർക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കിയിരിക്കുന്നു.

        മലയാള നാട് ഒന്നാകെ നാടുവാഴി പ്രഭുത്വത്തിന്റെ പിടിയിലമർന്നിരുന്ന കാലഘട്ടത്തിൽ ഉദ്യോഗസ്ഥ മേധാവിത്വത്തിനും അഴിമതിക്കുമെതിരായി പടവാളിനേക്കാൾ മൂർച്ചയേറിയ തൂലിക ഉപയോഗിച്ചു സമരം ചെയ്ത സ്വദേശാഭിമാനി എന്ന അപനാമധേയം വരിച്ച ധീരനായ പത്രപ്രവർത്തകർ കെ.രാമകൃഷ്ണപിള്ളയെ കേരളമൊട്ടാകെ സ്മരണാഞ്ജലികളാൽ അഭിവാദനം ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശ്രീ രാമകൃഷ്ണപിള്ളയ്ക്കു തന്റെ പ്രവർത്തനത്തിനു വേണ്ടി ഒരു പ്രസ്സും അതിന്റെ എല്ലാ ഉപകരണങ്ങളും നൽകി ഉത്തേജനവും ഉശിർപ്പും കൊടുത്തിരുന്ന വക്കം മൗലവിയെന്ന മഹാപുരുഷന്റെ സേവനങ്ങളേയും വിലമതിക്കുന്നതോടൊപ്പം അന്നത്തെ ഗവൺമെന്റിനാൽ കണ്ടുകെട്ടപ്പെട്ടിരിക്കുന്ന സ്വദേശാഭിമാനി പ്രസ്സും ഉപകരണങ്ങളും അതിന്റെ അവകാശികളായ മൗലവിയുടെ സന്താനങ്ങൾക്കു മടക്കിക്കൊടുക്കണമെന്ന് ബഹുമാനപ്പെട്ട ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു.        (സ്വ-ലേ.)

You May Also Like