ഇന്ത്യയിലെ തൊഴിലുകൾ - കൂട്ടായ്മയിൽ അന്യോന്യ വിശ്വാസം

  • Published on August 08, 1906
  • By Staff Reporter
  • 798 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്ത്യയിലെ തൊഴിലുകാരുടെ ഇടയിൽ കൂട്ടായ്മ ശീലം വർദ്ധിക്കാതിരിക്കുന്നതിനുള്ള പ്രതിബന്ധങ്ങളിൽ മുഖ്യമായുള്ള ഒന്ന് അന്യോന്യവിശ്വാസമില്ലായ്മയാകുന്നു. ഈ ഒരു ദോഷം, ഏറെക്കുറെ എല്ലാ വർഗ്ഗക്കാരിലും ബാധിച്ചു കാണുന്നുണ്ട്. രാമൻപിള്ളയും, ജോസേഫും, അഹമ്മതും ഒരു കൂട്ടുകച്ചവടം നടത്തുവാൻ വിചാരിക്കുന്നുണ്ടെങ്കിൽ; അവർ തമ്മിൽ തമ്മിൽ ഓരോരോ ദുശ്ശങ്കകൾ വച്ചു കൊണ്ട്, ഓരോ സംഗതിയിലും തർക്കിച്ച് പിണങ്ങിപ്പിരിയുക എന്നുള്ളത് ഒരു അപൂർവ്വ സംഭവം അല്ലാ. അന്യനെ തന്നെപ്പോലെ വിചാരിക്കുക എന്നുള്ള സ്വഭാവം ഇന്ത്യരുടെ ഇടയിൽ ഉള്ളതായി തോന്നുകയില്ല. ലോകത്തിൻെറ നിലനിൽപ്പ് സർവജനീനമായ പ്രണയത്തെ ആശ്രയിക്കുന്നു എന്നുള്ള ധർമ്മബോധം ഈ വിധം ലുപ്തപ്രായമാകുന്നതിൻെറ കാരണം എന്തായിരിക്കും? ഈ ദോഷം എല്ലാവർക്കും ഉള്ള ഒരു ഏകവിഷയോന്മാദമാണോ? പീടികയിൽ പോയി സാമാനം വാങ്ങി വന്നിട്ട്, യജമാനൻെറ മുമ്പിൽ കള്ളക്കണക്ക് കാണിച്ച് ഒരു കാശെങ്കിലും "ഒപ്പി"ക്കാത്ത വാലിയക്കാരൻ മണ്ടനാണെന്ന് തന്നത്താൻ വിശ്വസിക്കുന്നു. അവൻ്റെ കൂട്ടുകാർ പരിഹസിക്കയും ചെയ്യുന്നു. ക്ഷേത്രങ്ങളിൽ അടിയന്തിരം നടത്തിയ വകയ്ക് വാസ്തവത്തിൽ ചെലവായ തുക ചുരുങ്ങിയിരുന്നതായാലും നൂറുറുപ്പികയെങ്കിലും കൂടുതലായി കണക്കിൽ കൊള്ളിച്ച് ഗവർന്മേണ്ടിനെ ബോധപ്പെടുത്താഞ്ഞാലും, ആ ജീവനക്കാരൻ തന്നത്താൻ മണ്ടനെന്നു വിചാരിക്കയും അത്തരക്കാർ അയാളെ പുച്ഛിക്കുകയും ചെയ്യുന്നു. കൂട്ടവ്യാപാരത്തിൽ, പങ്കുകാരെ തോൽപ്പിച്ച് അല്പമെങ്കിലും “ലാഭം” എടുക്കാത്ത "മാനേജർ" അതിന്മണ്ണം ഭോഷനെന്നും വിചാരിക്കുന്നു. മാനേജരെ കുരുക്കിലാക്കി, ആദായാംശം അധികം വാങ്ങണമെന്നു വിചാരിക്കാത്ത പങ്കുകാരും മൂഢന്മാരെന്ന് തന്നത്താൻ വിചാരിച്ചു പോകുന്നു. ഊരാണ്മക്ഷേത്രങ്ങളുടെ മുതൽ കൈകാര്യം ചെയ്യുന്ന "വിശ്വസ്ത"ന്മാരും തമ്മിൽ തമ്മിൽ അവിശ്വസിച്ച് കൈയ്ക്കൽ കിട്ടുന്നതൊക്കെ തനിക്ക് ആക്കിക്കൊൾവാൻ കരുതാഞ്ഞാൽ മഹാജളന്മാരാണെന്ന് ശങ്കിച്ചുപോരുന്നു. സ്വകാര്യ സ്വത്തിനെക്കൂടെയും, പിണക്കം കൂടാതെ ഭരിച്ചു കൊണ്ടു പോവാൻ കഴിയാത്ത നാട്ടുകാരുടെ നില കാണുമ്പോൾ, കൂട്ടുകച്ചവടത്തിന് ഓരോരുത്തൻ അവിശ്വാസം കാട്ടുന്നത് അത്ഭുതമല്ലല്ലൊ.

 . 

എന്നാൽ, ഇന്ത്യയിൽ ഈ ദുർഗുണം ഇല്ലാത്ത ആളുകൾ ഇല്ലെന്നു പറഞ്ഞുകൂടാ. അനേക സഹസ്രം ജനങ്ങൾ അവരവരുടെ പഠിപ്പുകൊണ്ടും മനോഗുണം കൊണ്ടും അന്യന്മാരിൽ പൂർണ്ണവിശ്വാസത്തെ സമർപ്പിക്കുവാൻ മടിക്കുന്നില്ലാ. ആ അന്യന്മാർ, തങ്ങളിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തിന് ഭംഗം വരുത്തിയതായി കാണപ്പെടുമ്പോൾ, മറ്റുള്ളവന് ലോകത്തെപ്പറ്റി ദുശ്ശങ്കകൾ തോന്നാവുന്നത് തന്നെയാണ്. എന്നാൽ, വഞ്ചകന്മാർ, അറിവില്ലായ്മയുടെ സന്തതികളായിട്ടോ അടിമകളായിട്ടോ ഇങ്ങനെ പ്രതാരണം ചെയ്യുകയാണെന്ന് വിചാരിച്ച് സമാധാനപ്പെടുവാനേ നിർവാഹമുള്ളൂ. ശരിയായ ചട്ടങ്ങളോടു കൂടിയും, നീതിബോധമുള്ള യോഗ്യന്മാർ പങ്കുകാരായും നടത്തപ്പെടുന്ന കൂട്ടു വ്യാപാരങ്ങളിൽ ചേരുന്നതിന് അന്യഥാ ശങ്കിപ്പാനില്ല. അപ്രകാരം, മാന്യമായും വിശ്വാസപൂർവമായും നടത്തപ്പെടുന്ന കൂട്ടായ്മ സംഘങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ക്രമേണ ഉണ്ടായി വരുന്നുമുണ്ട്. യോഗ്യന്മാരായ ഡയറക്ടർമാരും, പഴമപരിചയവും സൽകീർത്തിയും ഉള്ള മാനേജരും, ചുമതലയും സാമർത്ഥ്യവുമുള്ള കണക്കു പരിശോധകനും, അതിന്മണ്ണം ക്യത്യനിഷ്ഠയുള്ള മറ്റ് ജീവനക്കാരും ഉണ്ടായിരുന്നാൽ, ഒരു കൂട്ടായ്മക്കമ്പനിയിൽ കള്ളം നടക്കുന്നത് ദുർല്ലഭമാണ്. പങ്കുകാരന് സംശയമുള്ളപ്പോൾ കണക്കുകൾ നോക്കാനും അവകാശപ്പെടാവുന്നതാകുന്നു. ഈ അന്യോന്യ വിശ്വാസമില്ലായ്മയുടെ ഹേതു എന്തായിരിക്കാം? നമ്മുടെ നാട്ടിലുള്ള പീടികകളിൽ വല്ല ചരക്കും വാങ്ങുവാൻ ചെന്നാൽ, കച്ചവടക്കാരനും ആവശ്യക്കാരനും തമ്മിൽ ഉണ്ടാകുന്ന ഒരു "തർക്കം" സാധാരണമായി കാണുന്നതാണല്ലൊ. ഈ തർക്കശീലം അന്യോന്യവിശ്വാസമില്ലായ്മയെ ജനിപ്പിക്കുന്നതാണെന്ന് അല്പം ആലോചിച്ചാൽ ഗ്രഹിക്കാം. ഒരു പീടികക്കാരൻ ഒരു സാമാനത്തിന് ആദ്യം പത്തു രൂപ വില പറയുന്നുവെന്നു വയ്ക്കുക. അവൻ, തർക്കം കഴിഞ്ഞു് ഒടുവിൽ അഞ്ചു രൂപയ്ക്കു അതിനെ കൊടുക്കുന്നതായാൽ, സാമാനത്തിൻെറ ആവശ്യക്കാരൻ പീടികക്കാരനെ അവിശ്വസിക്കുന്നത് സ്വാഭാവികമല്ലേ? “അഞ്ചു രൂപ വിലയ്ക്കുള്ള സാമാനത്തെ, പത്തുരൂപയ്ക്ക് തന്ന് എന്നെ ‘പറ്റിക്കാൻ,‘ പീടികക്കാരൻ വിചാരിച്ചില്ലേ? അവൻ മഹാകള്ളനാണ്" എന്ന് ആ ആവശ്യക്കാരൻ, അവനെ മനസ്സുകൊണ്ട്, നിന്ദിക്കുന്നത് അത്ഭുതമാണൊ? ഇങ്ങനെയുള്ള ശീലം, ചെറിയ പീടികക്കാരൻ തുടങ്ങി റോട്ടുനീളെ നടന്ന് സാമാനം വിൽക്കുന്ന ഹാക്കർ, വലിയ ഷാപ്പു ഏർപ്പെടുത്തി നടത്തുന്ന മുതലാളികൾ എന്നീ പല തരക്കാർക്കും ഉള്ളതാണ്. കച്ചവടക്കാരൻ സാമാനത്തിനു വില കൂട്ടിപ്പറയുന്നു. ആവശ്യക്കാരൻ വില താഴ്ത്തു ചോദിക്കുന്നു. ഒടുവിൽ രണ്ടിനും മധ്യേ ഒരു വിലയ്ക്ക് രണ്ടാളും സമ്മതിക്കുന്നു. ഈ സംഗതികളിൽ, രണ്ടാളും അസത്യവാന്മാരായിത്തീരുന്നു എന്നുള്ളതിൽ സന്ദേഹമുണ്ടോ? യൂറോപ്യൻമാർ നടത്തുന്ന മാന്യതയേറിയ ഷാപ്പുകളിൽ സാമാനങ്ങൾക്ക് സ്ഥിരമായ വില വയ്ക്കുന്നതല്ലാതെ, തരം പോലെ ഏറ്റക്കുറച്ചൽ ചെയ്‌ത്‌ ഓരോരുത്തനോട് ഓരോവിധം വില പറ്റുന്നില്ലാ. ഇപ്രകാരമുള്ള സ്ഥിരതയാണ് കച്ചവടത്തിനു മാത്രമല്ല, ഏതു കാര്യത്തിനും നമുക്ക് ആവശ്യമായിരിക്കുന്നത്. നാട്ടുകാരിൽ ചിലർ ഇപ്പോൾ ഈ വിധം പ്രവർത്തിച്ചു തുടങ്ങീട്ടുള്ളത് നന്നാകുന്നു. ഇങ്ങനെ ചെയ്‌താൽ, കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിൽ അന്തരംഗ വിശ്വാസം ഇല്ലാതെ വരുകയില്ലാ. വ്യാപാരം ചെയ്യുവാൻ വെറുതേ കൂടുതൽ സമയം കളയേണ്ടിവരുകയുമില്ല. അഞ്ചു മിനിട്ടു കൊണ്ടു തീർക്കാവുന്ന ഏർപ്പാടുകൾ ചില പീടികകളിൽ അഞ്ചു മണിക്കൂറു കൊണ്ടുകൂടെയും തീരാതെയിരിക്കുന്നതിന് എത്രയോ ദൃഷ്ടാന്തങ്ങൾ ഉണ്ട്. അങ്ങനെയുള്ള ക്രയവിക്രയങ്ങളിൽ ക്രേതാവും വിക്രേതാവും തർക്കിച്ചു തർക്കിച്ചു എത്രയോ കളവുകൾ പറയുകയും, എത്രയേറേ സമയം ദുർവ്യയം ചെയ്കയും ചെയ്യുന്നു. 

Careers in India - Mutual trust in the group

  • Published on August 08, 1906
  • 798 Views

One of the main obstacles to the growth of collectivism among workers in India is a lack of mutual trust. This pervasive issue affects almost all classes. When individuals like Raman Pillai, Joseph, and Ahmad consider starting a joint venture, it is not uncommon for suspicions to arise, which then lead to quarrels over every matter. There seems to be a reluctance among Indians to empathise with others as they would themselves. What might be the reason for the erosion of the moral understanding which holds that the world hinges on universal love? Is this deficiency a symptom of a one-size-fits-all frenzy?

Even the servant who goes to the market, buys goods, and steadfastly refrains from 'padding' the bill to skim a few extra pennies for themselves, is sometimes viewed as naive and mocked by his friends. Similarly, an employee, who, despite the actual costs being lower, does not inflate the estimate submitted to the government by an extra hundred rupees, may feel he is regarded as a simpleton, earning disdain from his colleagues. In a joint company, the 'manager' who refrains from 'padding' profits by strong-arming the shareholders may consider himself a dupe. Likewise, shareholders who do not entertain the thought of securing greater returns by ensnaring the manager may think themselves foolish. Even the 'trustees' overseeing temples harbour mistrust among themselves, feeling that they would be foolish not to seek gain from whatever they handle. Given the strife observed in managing personal property among the locals, it is not surprising that each person is sceptical of collective trade.

However, there are indeed individuals in India who do not possess this vice. Many thousands of people, with their knowledge and moral values, do not hesitate to place their complete trust in others. One may have misgivings about the world when those strangers appear to have betrayed the trust they placed in them. However, one can find solace in the thought that these impostors are merely pretending to be ignorant or uninformed. There is no objection to joining joint ventures carried on under proper rules and with fair-minded persons as partners. Thus, cooperative societies, which are run with respect and trust are now gradually emerging in India. In a corporation with competent directors, an experienced and reputable manager, a responsible and competent auditor, and other loyal employees, fraud is rare. When in doubt, the shareholder can look at the figures.

What could be the reason for this mutual distrust? If you go to buy any goods at the stalls in our country, it is not uncommon to see a "dispute" between the seller and the customer. If you think about it, you can understand that this habit of arguing creates a lack of mutual trust. Suppose a shopkeeper tells the price for an item as ten rupees at first. If he, after arguing, finally gives it for five rupees, is it not natural that the customer distrusts the shopkeeper? “Did not the shopkeeper think of 'cheating' me for ten rupees for the goods worth only five rupees?” Is it any wonder that the needy, in his heart, despises him, saying, "He is a great thief?" This kind of habit is shared by many types of people, from the small shopkeeper to the hawker, who walks along the road selling goods, and the businessman, who runs a big shop. The seller increases the price of the goods. The buyer lowers the asking price. Finally, they both agree on a price between them. Is there any doubt that in these matters both become deceptive?

CB-2


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like