ഗർഹണീയമായ പക്ഷപാതം

  • Published on January 09, 1907
  • By Staff Reporter
  • 680 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ ധനു 10 - ന് ഉച്ചക്ക് തിരുവനന്തപുരത്ത് പെരുന്താന്നിയിൽ ഉണ്ടായ അഗ്നിബാധയെപറ്റി ഇവിടെ കിട്ടിയിട്ടുള്ള റിപ്പോർട്ടുകളെ വിശ്വസിക്കാമെന്നുവരുകിൽ തിരുവിതാംകൂർ മന്ത്രിയുടെ അതിഗർഹണീയമായ ഒരു പക്ഷപാതകൃത്യത്തെക്കുറിച്ച് ലജ്ജാവ്യസനങ്ങളോട് കൂടി അത്ഭുതപ്പെടാതിരിക്കുവാൻ നിവൃത്തിയില്ല. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട വാതിൽക്കടന്ന് ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്ന രാജവീഥിയുടെ വടക്കേവശത്ത് നിൽക്കുന്നതും കഴിഞ്ഞ ആറാട്ടിൻ നാളിൽ ഉത്‌ഘാടനം ചെയ്യപ്പെട്ടതും ആയ ആ രമ്യഹർമ്മത്തിന്‍റെ എതിർവരിയിലുള്ള വേദിയുടെ ഇടതുഭാഗത്ത് പുരാതന വീഥിയിൽ  നിരയും പുരയുമായി പണികഴിക്കപ്പെട്ടിട്ടുള്ള ചില പഴയ ഗൃഹങ്ങളുണ്ട്. ഇവയിൽ ഒന്ന്, നാട്ടുവൈദ്യൻ വാസുദേവൻ ഉണ്ണി അവർകളുടെ ചികിത്സാശാലയായി ഉപയോഗിച്ച് വരുന്നതും, അനേകം മഹതികൾക്ക് വാസസ്ഥാനമായി കഴിഞ്ഞ കാലങ്ങളിൽ പ്രാധാന്യത്തെ അർഹിച്ചിരുന്നതുമായ സാമാന്യം വലിയ ഗൃഹമാണ്. ഈ ഗൃഹത്തിലാണ്, മേൽപ്പറഞ്ഞ ദിവസം ഉച്ചക്ക് ഏതു പ്രകാരത്തിലോ അഗ്നിബാധിച്ചത്. ഗൃഹം ആസകലം വെന്ത് വെണ്ണീറാവുകയും അടുത്തുള്ള ഹൈക്കോടതി ക്ലർക്ക് നരസിംഹൻപിള്ള അവർകളുടെ, അത്രത്തോളം പ്രതാപം ഉള്ളതല്ലെങ്കിലും സാമാന്യം വലുതായുള്ള ഗൃഹവും അതേപ്രകാരം നശിക്കയും ചെയ്തു. വാസുദേവനുണ്ണി അവർകളുടെ കെട്ടിടത്തിനുള്ളിൽ വടശ്ശേരി അമ്മ വീട്ടിലെ രാമൻതമ്പി അവർകളുടെ വിലയേറിയ അനേകം സാമാനങ്ങൾ ഉണ്ടായിരുന്നതും അഗ്നിക്കിരയായി. ഇങ്ങനെ യാദൃശ്ചികമായി പിടികൂടിയ അഗ്നിയുടെ കാരണം എന്താണെന്ന് വെളിപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെ, മഹാരാജാക്കൻമാരുടെ പട്ടമഹിഷികളും, പുത്രന്മാരും, പുത്രികളും മറ്റും പാർക്കുക നിമിത്തം പ്രഖ്യാതമായ ആ പെരുന്താന്നി വട്ടത്ത് ഉണ്ടായ അഗ്നിബാധയെക്കുറിച്ച്, സർക്കാർ ഉദ്യോഗസ്ഥന്മാർ ആരുമാരും അറിഞ്ഞില്ലെന്ന് പറയുവാൻ കഴിയുകയില്ലല്ലോ. മേൽപ്പറഞ്ഞ ഗൃഹങ്ങൾ വെന്തു വെണ്ണീറാകാറായപ്പോൾ മാത്രമാണ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതിക്കും, ഹജൂർ കച്ചേരിക്കും എത്രയോ ദൂരം പാർക്കുന്ന ലെഫ്റ്റനൻ്റ് കേണൽ ഡാസനും  ക്യാപ്റ്റൻ ലാക്കും പിന്നെ ചില പോലീസധികാരികളും കൃത്യസ്ഥലത്തെത്തി, തീകെടുത്തി രക്ഷയുണ്ടാക്കാൻ ശ്രമിച്ചത്. ഈ ഏതാനും പേരൊഴികെ, സർക്കാർ ഉദ്യോഗസ്ഥന്മാരിൽ, ചുമതലപ്പെട്ടവർ ഇല്ലായിരുന്നുവെന്നാണറിയുന്നത്. ഈ സംഗതിയിൽ സർക്കാർ ഉദ്യോഗസ്ഥന്മാരാരും സഹായത്തിനെത്തിയിരുന്നില്ല എന്നുള്ള ആക്ഷേപം ചെയ്‌വാനല്ല ഞങ്ങൾ ഭാവിക്കുന്നതെങ്കിലും, ദിവാൻജി തുടങ്ങിയ ചില കൂടിയതരം ഉദ്യോഗസ്ഥന്മാർ  ഈ അടുത്തകാലത്ത് കാണിച്ച ഒരു പക്ഷപാതത്തെപ്പറ്റി പറയാതെ വിടുവാൻ പാടില്ല എന്ന് വിചാരിക്കുന്നു. ഇക്കഴിഞ്ഞ തുലാം മാസം 17 - ന് മേൽപ്പറഞ്ഞ വട്ടത്തുതന്നെ വലിയകൊട്ടാരം മാനേജർ ടി. ശങ്കരൻ തമ്പി അവർകളുടെ പുതിയ 'രമ്യഹർമ്മ' ത്തിൻ്റെ ഭിത്തിയിൽ ആരോ ചില കുചേഷ്ടിതപ്രിയന്മാർ അല്പം കീല് അടിച്ചിരുന്നതായി അറിഞ്ഞപ്പോൾ തിരുവിതാംകൂർ ദിവാൻ എസ്. ഗോപാലാചാര്യർ അവർകളും മറ്റുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും എന്നല്ല ഒരു പത്രം  പ്രസ്താവിച്ചത് വിശ്വസനീയമെങ്കിൽ ബ്രിട്ടീഷ് റസിഡൻ്റ്  ഒഴികെയുള്ള ഉദ്യോഗസ്ഥന്മാരെല്ലാം - എത്രയോ തുച്ഛതരമായ കീലടിപ്പിനെ കാണ്മാനും തൽക്കർത്താക്കന്മാരെ ആരായുവാനും ഒന്നിലധികം തവണ, ആ ഹർമ്മ്യത്തിൻെറ പടിവാതിൽക്കൽ ഓടിയെത്തി വിവർണ്ണഭാവം നടിച്ച് നിന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ശിക്ഷാനിയമപ്രകാരം നോക്കിയാൽകൂടെയും ചെറിയ കുറ്റമായ ഈ സംഗതിയെപ്പറ്റി അത്രവളരെ കോലാഹലം കൂട്ടുകയും, ഇതരങ്ങളായ രാജ്യകാര്യങ്ങളിൽ നിന്ന് മനസ്സിനെ വ്യാവർത്തിച്ച് അന്വേഷണം നടത്തുകയും ചെയ്ത ദിവാൻജി മുതലായ ഉദ്യോഗസ്ഥന്മാർ, ജീവഹാനിക്ക് ഹേതുഭൂതമാകുമായിരുന്നതും, ദൈവഹത്യാ ആൾനാശം സംഭവിച്ചിട്ടില്ലാത്തതും, എന്നാൽ വിലയേറിയ അനേകം മുതലുകളെ നശിപ്പിച്ചതും, അയല്പക്കക്കാർക്ക് അസാമാന്യമായ ഭീതിക്ക് ഇടകൊടുത്തതും ആയ മേൽപ്പറഞ്ഞ അഗ്നിബാധയെസ്സംബന്ധിച്ച് എന്തെങ്കിലും പ്രവർത്തിച്ചുവോ? ഏതെങ്കിലും അന്വേഷിച്ചുവോ? അഗ്നിക്കിരയായ ഈ കെട്ടിടങ്ങളുടെ നിരയെ ചെന്ന് കണ്ടുവോ? ഇപ്രകാരമുള്ള ഹർമ്മ്യങ്ങൾ അവകാശസൂചകമായതുകൊണ്ട് ആളില്ലാതെ തനിയെ നിൽക്കണമെന്നാണ് ഞങ്ങളറിയുന്നത്. ഈ പക്ഷപാതം, മിസ്റ്റർ ശങ്കരൻ തമ്പിയുടെ 'രമ്യ ഹർമ്മ്യ'ത്തിനടുത്തുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ ആകകൊണ്ട് എത്രയോ സ്പഷ്ടദൃഷ്ടമായിരിക്കുന്നു! ഗോപാലാചാര്യരാവർകൾ, മേൽപ്പറഞ്ഞ 'രമ്യ ഹർമ്മ്യ' ത്തിലെ കീലടി സന്ദർശിച്ചതിൻെറ ഏതാനും നാൾ കഴിഞ്ഞ്, ഹജൂർ കച്ചേരിക്കടുത്ത് തമ്പാനൂരിൽ ഉണ്ടായ അഗ്നിബാധയുടെ സംഗതിയിലും ഇതേവിധം മൗനം ഭജിച്ചുവെന്നുള്ള വസ്തുത അറിയുമ്പോൾ വായനക്കാർ, ഇദ്ദേഹത്തിൻെറ ദീനാനുകമ്പയെപ്പറ്റി വ്യസനിക്കുമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. പെരുന്താന്നിയിലെ അഗ്നിഗ്രസ്തങ്ങളായ മേൽപ്പറഞ്ഞ കെട്ടിടങ്ങൾ രണ്ടും, അവ നിൽക്കുന്ന പറമ്പുകളോടുകൂടി മിസ്റ്റർ ശങ്കരൻ തമ്പി കുറെ നാൾ മുമ്പ് ആവശ്യപ്പെട്ടതിൽ ഉടമസ്ഥന്മാർ വിട്ടുകൊടുത്തില്ലായെന്ന് റിപ്പോർട്ടർ പറയുന്ന കഥ, യഥാർത്ഥമാകട്ടെ, അയഥാർത്ഥമാകട്ടെ, വായനക്കാരുടെ കൗതുകപൂരണത്തിന് വേണ്ടിമാത്രം ഇവിടെ സൂചിപ്പിക്കുന്നു. മിസ്റ്റർ ആചാര്യരുടെ മുൻഗാമിയായ വി. പി. മാധവരായരവർകളായിരുന്നു ഇത്തരം ഒരു തീപിടിത്തത്തെപ്പറ്റി കേട്ടിരുന്നുവെങ്കിൽ, അദ്ദേഹം ഉടനടി കൃത്യസ്ഥലത്തെത്തി, ദുഃഖിതൻമാരുടെ സ്ഥിതിയെ അന്വേഷിക്കുമായിരുന്നുവെന്ന്, അദ്ദേഹത്തിൻെറ ചില പ്രവർത്തികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.    

You May Also Like