പുതിയ ദിവാൻ

  • Published on October 23, 1907
  • Svadesabhimani
  • By Staff Reporter
  • 309 Views

We are welcoming His Mr. Rajagopalachari as the diwan of travancore.  We strongly believe that he would towards the unity among different religions of Travancore.

ഈ വരികൾ വായനക്കാരുടെ ദൃഷ്ടിയിൽ വിഷയീഭവിക്കുന്നതിനു മുമ്പുതന്നെ, ദിവാൻ ബഹദൂർ പി. രാജഗോപാലാചാരി അവർകൾ, തിരുവിതാംകൂർ മന്ത്രിപദത്തെ പ്രാപിക്കാനായി, തിരുവനന്തപുരത്ത് എത്തിയിരിക്കുവാനിടയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. രാജഗോപാലാചാരി അവർകൾ, ഇന്ന് വൈകുന്നേരത്ത് ഇവിടെ വന്നുചേരുമെന്നാണ് അറിയിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭരണകാര്യത്തിൽ ജനഹിതൈഷി എന്നുള്ള കീർത്തിയോടുകൂടി, ശുഭമായ മുഹൂർത്തത്തിൽ, ഈ നഗരത്തെ പ്രവേശിക്കുന്ന ഈ മാന്യദേഹത്തിന്, തിരുവിതാംകൂറുകാരുടെ സ്വാഗതം ആശംസിക്കുന്നതിന്, ഈ പത്രിക, ചാരിതാർത്ഥ്യത്തോടുകൂടി ബദ്ധപ്പെട്ടുകൊള്ളുന്നു. രാജ്യത്തിൽ ഭിന്നവർഗ്ഗക്കാർക്കു തമ്മിൽ ദ്വേഷത്തെയും, തന്മൂലം പൊതുവിൽ ദോഷത്തെയും വളർത്തുന്നതായ തന്ത്രങ്ങളെ ഉന്മൂലനം ചെയ്തും, സകലജാതിമതസ്ഥന്മാർക്കും ഏതവസ്ഥയിലുള്ളവർക്കും അവകാശസമത്വം, കർത്തവ്യസമത്വം, സൗജന്യസമത്വം എന്നിങ്ങനെയുള്ള തുല്യനിലകളെ കല്പിച്ചും രാജ്യതന്ത്രത്തിൻ്റെ പരിശുദ്ധ തത്വങ്ങളെ സ്ഥിതീകരിക്കുന്നതിനു യത്‍നിക്കുന്ന ആൾ എന്നുള്ള പ്രശംസയെ, കൊച്ചി സംസ്ഥാനത്തെ മന്ത്രികാര്യനിർവഹണത്താൽ, സമ്പാദിച്ചിരിക്കുന്ന ഇദ്ദേഹം, തിരുവിതാംകൂറുകാർക്ക്, തമോമയമായ രാത്രിയിൽ, അതിദൂരത്തുനിന്ന് വരുന്ന ഒരു മഹാദീപമായി പ്രകാശിച്ചുകാണപ്പെടുന്നു എന്നുതന്നെയാണ് ഈ അവസരത്തിൽ പറവാനുള്ളത്. സ്ഥിതിസ്ഥാപകത്വത്തിൻ്റെ ഏറിയൊരു കാലത്തെപിടിയിൽ നിന്ന് വിടുവിക്കപ്പെടാതെയും, ഉല്പതിഷ്ണസ്വഭാവത്തിൻെറ ലാഞ്ചനങ്ങളിൽ അടിപെട്ടും, ഇവ നിമിത്തം തന്നെ, ദൂഷ്യങ്ങളായ പൂർവാചാരങ്ങളാൽ ദൂഷിതമായും, നവീനകാല പരിഷ്കാരങ്ങളും പ്രാചീനാചാരങ്ങളും തമ്മിൽ വിജിഗീഷയോടെ നടത്തുന്ന സമരങ്ങളാൽ വ്യാകുലീഭവിക്കപ്പെട്ടും, ഈ അവസ്ഥാവിശേഷം അതിദൂരസ്ഥമായിപ്പോയിരിക്കുന്ന കാഴ്ചയിൽ, ജനങ്ങളുടെ ഉള്ളിൽ ഭയജനകമായ് ഭവിച്ചിരിക്കുന്ന അഴിമതികളാൽ മലിനമാക്കപ്പെട്ടും കാണപ്പെടുന്ന ഈ സംസ്ഥാനം, ഒരു രക്ഷാപുരുഷൻെറ ആഗമനത്തെ ആകാംക്ഷിക്കുന്നത് ആശ്ചര്യപ്രദമല്ലല്ലോ. തിരുവിതാംകൂർ സംസ്ഥാനം രാജസേവകന്മാരുടെയും അവരെ ആശ്രയിക്കുന്നവരുടെയും അഴിമതികൾക്കും പരിഷ്‌കൃതഭരണനയങ്ങൾക്കും തമ്മിലുള്ള  പോരാട്ടത്തിൽ ക്ലേശിച്ച്, അഴിമതികളിൽ നിന്ന് എങ്ങനെയെങ്കിലും മോചനം ലഭിക്കുവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതാകയാൽ, മിസ്റ്റർ രാജഗോപാലാചാരി, ഒരു ദുർഘടമായ രാജ്യചരിത്രദിശയിലാണ് ഇവിടെ എത്തുന്നതെന്നുള്ളതിൽ സന്ദേഹമില്ല. ഈ സന്ദർഭത്തിൽ, ഇദ്ദേഹം, തൻ്റെ പുരോഗാമികളിൽ പലരാലും സാധിക്കപ്പെടാതെ കിടക്കുന്ന ഭരണദോഷപ്രമാർജ്ജനകൃത്യത്തെ, ജനങ്ങളുടെ അഭിലാഷംപോലെ സാധിക്കുമെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ഒന്നുനോക്കിയാൽ, രാജഗോപാലാചാരി അവർകൾ തിരുവിതാംകൂറിൽ പ്രവേശിക്കുന്നത് ഒരു മുഖ്യമായ സന്ദർഭത്തിലാണെന്ന് സന്തോഷിപ്പാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ഈ സംസ്ഥാനത്തിലെ ജനങ്ങളുടെ ഹിതങ്ങളും സങ്കടങ്ങളും ആവശ്യങ്ങളും ഏറെക്കുറെ ഒന്നായി അറിയുന്നതിന്, സൗകര്യമുണ്ടാക്കുന്ന പ്രജാസഭയുടെ സമ്മേളനത്തിൽ അഗ്രാസനാധിപത്യം വഹിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് വളരെ ഗുണലാഭമുണ്ടാകുമെന്നുള്ളത് തർക്കമറ്റസംഗതിയാണ്. അദ്ദേഹത്തിൻെറ ശ്രദ്ധയ്ക്ക് ആവശ്യം വിഷയീഭവിക്കേണ്ടപലകാര്യങ്ങൾ, ജനപ്രതിനിധികൾ ഇക്കുറി പ്രസ്താവിക്കാനിടയുണ്ട്. ഇവയെ മിസ്റ്റർ ആചാരി, ശ്രദ്ധാപൂർവം കേൾക്കുമ്പോൾ, തിരുവിതാംകൂറിലെ ജനങ്ങളുടെയിടയിൽ ഉള്ള സങ്കടങ്ങളും, അസമത്വങ്ങളും മറ്റും ഗ്രഹിക്കുകയും,  ഇത്രയേറെ വിദ്യാഭ്യാസ പ്രചാരമുള്ള ഒരു നാട്ടിൽ, ഭയങ്കരങ്ങളായ അപനയങ്ങൾ നടക്കുന്നുണ്ടല്ലോ എന്ന് വ്യസനിക്കുകയും ചെയ്യുമെന്ന് തന്നെ ഞങ്ങൾ വിചാരിക്കുന്നു. ഈ സംസ്ഥാനത്തിലെ ഐശ്വര്യാഭിവൃദ്ധിയെ തടയുകയും, അപ്രകാരത്തിൽ പെടുത്തുകയും ചെയ്യുന്ന "ഊട്ടുപുര" മുതലായ വിഷയങ്ങൾ, മിസ്റ്റർ ആചാരിയുടെ പ്രജാക്ഷേമബുദ്ധിയെ ഉജ്ജ്വലിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട്.ഇവയെപ്പറ്റി വഴിയേ പ്രസ്താവിക്കാമെന്ന് നീട്ടിവയ്ക്കയും മിസ്റ്റർ ഗോപാലാചാരിയുടെ ഭരണം, ഈ നാടുമായുള്ള അദ്ദേഹത്തിൻെറ പരിചയക്കുറവുകൊണ്ട് വല്ല ഭാഗത്തിലും, നന്യൂനമായിരുന്നാലും, പൊതുജനങ്ങളുടെ ഹിതത്തെ അനുവർത്തിച്ചും, പരിഷൂതങ്ങളായ ഭരണപ്രമാണങ്ങളെ അധിഷ്ഠാനമാക്കിയും നടത്തപ്പെടുന്നതായാൽ, അദ്ദേഹത്തിന് തിരുവിതാംകൂറുകാരുടെ ശാശ്വതമായ കൃതജ്ഞതയെ അർഹിക്കാൻ കഴിയുന്നതാണെന്ന് ഉറപ്പുകൊടുക്കുകയും; അദ്ദേഹത്തിന്, തിരുവിതാംകൂറിനെ, അഴിമതിയിൽ നിന്നും ദുർഭരണത്തിൽനിന്നും ഉദ്ധരിക്കുവാൻ മനസ്സുണ്ടാക്കണമെന്നും ഈശ്വരനെ പ്രാർത്ഥിക്കയും ചെയ്തുകൊണ്ട്, അദ്ദേഹത്തിനായി ഈ നാട്ടുകാരുടെ മനമഴിഞ്ഞ സ്വാഗതത്തെ ഞങ്ങൾ ഇതാ വീണ്ടും ആശംസിച്ചുകൊള്ളുന്നു.   

You May Also Like