ഒരു പൊതുജനമഹായോഗം

  • Published on November 04, 1908
  • By Staff Reporter
  • 366 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ വരുന്ന ശനിയാഴ്ചനാളിൽ, തിരുവിതാംകൂറിൽ ഒരു പൊതുജന മഹാസഭ സ്ഥാപിക്കേണ്ടതിനായി തിരുവനന്തപുരം നഗരത്തിൽവച്ച് ഒരു പ്രാരംഭയോഗം കൂടുന്നതിന് ചില മാന്യന്മാർ നിശ്ചയിച്ചിരിക്കുന്നു എന്ന വർത്തമാനത്തെ ഞങ്ങൾ എത്രയോ സന്തോഷത്തോടുകൂടെയാണ് സ്വീകരിക്കുന്നത്. ഇങ്ങനെയൊരു സഭ ഉണ്ടായിരിക്കേണ്ട ആവശ്യകതയെക്കുറിച്ച്, കോട്ടയത്തെ സഹജീവിയായ "മലയാള മനോരമ" ഈയിടെ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നപ്പോൾ തന്നെ, ഇതിനെപ്പറ്റി പ്രസ്താവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചുകൊണ്ടിരിക്കയായിരുന്നു എങ്കിലും, ഇതേവരെ യാതൊന്നും പറവാൻ തരമാകാതെ കഴിഞ്ഞുപോയി. ഇന്ത്യ മുഴുവനും, ബ്രിട്ടീഷ് രാജ്യതന്ത്രത്തിൻ്റെ പ്രമാണങ്ങളുടെ പരിചയംകൊണ്ടു ഒരു നവീനബോധത്തെ പ്രാപിച്ചിരിക്കെ, അതിൻ്റെ അവശ്യം അനുഗാമിയായ ഇത്തരം പരിഷ്കൃതസ്ഥാപനങ്ങൾ തിരുവിതാംകൂറിൽ ഉണ്ടാകാതെയിരിക്ക എന്നത് കാലത്തിന് അനുചിതമായിട്ടേ വരുകയുള്ളൂ. തിരുവിതാംകൂറിലെ ഇക്കഴിഞ്ഞ വളരെക്കാലത്തെ രാജ്യതന്ത്ര സംബന്ധമായ വഴക്കുകളൊക്കെയും, സർക്കാരുദ്യോഗ വിഷയത്തിൽ നാനാജാതിക്കാർ തമ്മിലുള്ള സ്പർദ്ധയും, അതു സംബന്ധമായ ബദ്ധപ്പാടുകളുമായി കഴിഞ്ഞുപോയിരിക്കയാണ്. ഇപ്രകാരമുള വഴക്കുകൾ നിമിത്തം, തിരുവിതാംകൂറിൽ ജനതയ്ക്ക് പൊതുവേയുള്ള ക്ഷേമാഭിവൃദ്ധിയുടെയും  ഐശ്വര്യ മഹിമയുടെയും ഗതിക്രമം ഏറെക്കുറെ തടയപ്പെട്ടുപോയിട്ടുണ്ട് എന്നു ആരും സമ്മതിക്കുന്നതാണ്. ജനങ്ങളുടെ ഈ ഭിന്നിപ്പിനെയും അന്യോന്യ സ്പർദ്ധയെയും തരമാക്കിക്കൊണ്ടും, ഈ തരത്തെ എളുപ്പത്തിൽ കൈവെടിയാതിരിക്കുന്നതിലേക്കായി, ജാതിസ്പർദ്ധയെ പോഷിപ്പിച്ചുകൊണ്ടും, വിദേശീയരായ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഈ നാടിനെ ഏറെക്കാലമായി, തുടരെത്തുടരെ ഭരിച്ചുകൊണ്ട് പോരുകനിമിത്തം, ഈ നാട്ടുകാർക്ക് അല്പമായ ദോഷം ഉണ്ടായിട്ടുണ്ടെന്നും ആരും സമ്മതിക്കുന്നതാണ്. കാലം മാറുകയും, വിദ്യാഭ്യാസത്തിൻ്റെ പ്രചാരം നിമിത്തം അറിവു വർദ്ധിക്കയും, ജനതാവിഭാഗങ്ങൾ തമ്മിൽ ഭ്രാതൃഭാവത്തെ അറിയുകയും ചെയ്യുക ഹേതുവായിട്ടു, നാട്ടുകാർ തമ്മിൽ യോജിച്ചു പ്രവർത്തിക്കേണ്ട ആവശ്യം നല്ലവണ്ണം മുറുകെ പിടിപെട്ടിരിക്കുന്നു എന്ന ബോധം ജനിച്ചു വന്നിരിക്കുന്നത് ശുഭസൂചകമായ സംഗതി തന്നെയാണ്. തിരുവിതാംകൂർ ജനത, നാനാജാതിക്കാരായി വേർപിരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും, ഈ ജാതിക്കാർ ഭിന്നഭിന്ന രുചികളാകക്കൊണ്ടും, ഏകമതീഭൂതമായ        ഒരു ജനസമൂഹം തിരുവിതാംകൂറിലേക്ക് ലഭിക്കുവാൻ പ്രയാസമാണെന്നും, അതിനാൽ, ഇങ്ങനെയൊരു പൊതുജന മഹായോഗം സുഖസാധ്യമല്ലെന്നും ചിലർക്ക് അഭിപ്രായമുണ്ടായിരിക്കാം. ഇത് കുറെ ആഴത്തിൽ നോക്കായ്കയാൽ ഉണ്ടാകാവുന്ന അയഥാർത്ഥ ശങ്കയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. ഇങ്ങനെ ഒരു പൊതുയോഗം, അതാതു ജാതിക്കാർക്കുള്ള പ്രത്യേകമായ സങ്കടങ്ങളെയോ ആവശ്യങ്ങളെയോ പ്രതിപാദിച്ച് സ്ഥാപിപ്പാനായിട്ടുള്ളതാണെങ്കിലല്ലാതെ, ഇപ്രകാരമൊരു ശങ്കയ്ക്ക് അവകാശമില്ലാ. എന്നാൽ, ഈ യോഗം, ജനങ്ങളെ പൊതുവേ ബാധിക്കുന്ന രാജ്യഭരണ കാര്യങ്ങളെപ്പറ്റി ആലോചിപ്പാനും, ഒരേ ഗവർന്മേണ്ടിന്റെ പ്രജകൾ എന്ന നിലയിലല്ലാതെ ഭിന്നവർഗ്ഗക്കാർ എന്ന നിലയിൽ  ഗവർന്മേണ്ടിന്റെ അടുക്കൽ പരാതികൾ പറയാതിരിപ്പാനും വിനിയോഗിക്കേണ്ടതാകക്കൊണ്ട്, ഈ സഭ, ജാതി വഴക്കിൻ്റെ കളരിയായി തീരേണ്ട ആവശ്യമില്ലല്ലോ. സ്വാതന്ത്ര്യബുദ്ധിയോടുകൂടി ഇപ്രകാരം ഒരു സഭ സ്ഥാപിക്കുന്നത് പല സംഗതികളാലും നല്ലതാണ്. ശ്രീമൂലം പ്രജാസഭയിൽ ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു ചെന്നുകൂടുന്നു എന്നുള്ളതിനെ, നാം ഇതിനു പകരം വലിയ ഒരു കാര്യമായി ഗണിക്കുവാൻ പാടുള്ളതല്ലാ. അത്, ഗവർന്മേണ്ടിന്റെ ഇഷ്ടംകൊണ്ടു ഉണ്ടായതിന്മണ്ണം, ഗവർന്മേണ്ടിന്റെ ഇഷ്ടംകൊണ്ടു മുടക്കിക്കളയുകയും ആവാം. സ്വതന്ത്ര്യത്തോടുകൂടിയ ഒരു പൊതുജനസംഘം ഉണ്ടെന്നു വന്നാൽ, സർക്കാരുദ്യോഗസ്ഥന്മാർക്ക് തോന്നിയ വിധം ഓരോന്ന് പ്രവർത്തിക്കാൻ ഉറപ്പ് വരുകയില്ലാ. ഭരിക്കപ്പെടുന്ന ജനങ്ങളുടെമേലുള്ള ഭയത്തിങ്കലാണ് ഗവർന്മേണ്ടുകൾക്ക്  പ്രജ്ഞ ഉദിക്കുന്നത്, എന്ന തത്വത്തെ നാം നല്ലവണ്ണം ഓർമ്മിച്ചിരിക്കണം. ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സ്വാതന്ത്ര്യബോധത്തോടുകൂടി വാദിച്ചു, ആ അവകാശങ്ങളെ ഗവർന്മേണ്ടിന്റെ പക്കൽ നിന്നു വാങ്ങുവാൻ ഒരുക്കമുള്ളവരല്ലെന്ന് വന്നാൽ, ഏതു ഗവർന്മേണ്ടും സ്വേച്ഛാപ്രഭുത്വ ചപലമായി തീരുന്നത് അത്ഭുതമായിരിക്കയില്ല. തിരുവിതാംകൂറിലെ വിദേശീയരായ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നിമിത്തം ജനങ്ങളുടെ ഹിതങ്ങൾ പലപ്പോഴും അധഃകരിക്കപ്പെട്ടു പോയിട്ടുള്ളത്, പ്രജാസമൂഹവിഭാഗങ്ങൾ തമ്മിൽ യോജിച്ചുനിന്നു ഗവർന്മേണ്ടിനു ഗണ്യമായ ഒരു ആശങ്കയെ ജനിപ്പിക്കുന്നതിന് തരമില്ലെന്ന് ആ വിദേശീയർ കണ്ടിരുന്നതിനാലായിരുന്നു. ഈ നിലയ്ക്ക് മാറ്റം വരുത്തേണ്ടതിന് അവശ്യപ്പെട്ടിരിക്കുന്ന ഒരു പൊതുജന മഹായോഗത്തിൻ്റിൻ്റെ സ്ഥാപനം, സുരക്ഷിതമായ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തീട്ടായിരിക്കുമെങ്കിൽ ആയത് ആദരണീയമാകുമെന്നതിൽ സന്ദേഹമില്ലാ.               

You May Also Like