ഉദ്യോഗസ്ഥന്മാരുടെ ദുർന്നയം - ഗവണ്മെന്‍റ് സഹിക്കണമോ?

  • Published on August 26, 1908
  • By Staff Reporter
  • 544 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവനന്തപുരം കാണിമാറാ മാർക്കറ്റിൽ മത്സ്യം വിൽക്കുന്ന സ്ഥലത്തിന് കഴിഞ്ഞ കൊല്ലം കുത്തകയേറ്റിരുന്ന ആൾക്ക്, ഗവർന്മേണ്ടിൽ നിന്ന് നൂറ്റിൽ ചില്വാനം രൂപ നഷ്ടം കൊടുത്തിരിക്കുന്നതായി ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഗവർന്മേണ്ടിന്റെ പണം ഇപ്രകാരം നഷ്ടം കൊടുക്കുന്നതിനായി ഉപയോഗിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും, ആര് നിമിത്തമാണെന്നും ഒരു അന്വേഷണം നടത്തി വീഴ്ച്ചക്കാരെ ശിക്ഷിക്കേണ്ടത്, സർക്കാർ കാര്യങ്ങളുടെ ശുഭമായ ഗതിക്ക് ആവശ്യമാകുന്നു. കുത്തകക്കാരെനെ നഷ്ടപ്പെടുത്തുന്നതിനായി മേല്പടി മാർക്കറ്റിന്‍റെ വെളിയിൽ വച്ച് മത്സ്യക്കച്ചവടക്കാർ കച്ചവടം ചെയ്തിരുന്നു എന്നും; അവരുടെ നിയമ വിരോധമായ പ്രവർത്തിയെ, കുത്തകക്കാരൻ, ഉടനുടൻ ഗവർന്മെണ്ടധികൃതന്മാരെ അറിയിച്ചതിൽ, അധികൃതന്മാർ ഊർജ്ജിത നടപടികൾ  നടത്തുന്നതിന് പകരം, കച്ചവടക്കാരുടെ മേൽ വളരെ മന്ദഗതിയിലാണ് ക്രിമിനൽ കേസ് നടത്തിയതെന്നും; ഈ കേസ്സുകളിൽ തന്നെയും, പ്രതികൾക്ക് വിധിച്ച ശിക്ഷ, അവരെ ഇതേ കുറ്റത്തിൽ നിന്ന് മേലാൽ നിവർത്തിപ്പിക്കുന്നതിന് തക്കവണ്ണം സാരമുള്ളതായിരുന്നില്ലെന്നും; ഇതു നിമിത്തം അതേ കുറ്റം ദിവസം തോറും വീണ്ടും വീണ്ടും നടത്തപ്പെട്ടുകൊണ്ടിരിക്കയും, ഒന്നും രണ്ടും  ക്രിമിനൽ കേസ്സുകൾ മാത്രം കൂടുതലായി ഫയലാകുകയും ചെയ്തു എന്നും, "സ്വദേശാഭിമാനി" യുടെ കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങൾ പലതവണ പ്രസ്താവിച്ചിരുന്നു. ഇങ്ങനെ നിയമത്തെ അഗണ്യമാക്കിക്കൊണ്ട് തുടരെ തുടരെ പ്രവർത്തിച്ചു കൊണ്ടിരിക്കാൻ പ്രതികളെ ഉത്സാഹിപ്പിച്ചത്, അവരുടെ ധിക്കാര സ്വഭാവത്തെക്കാൾ അധികം, ചില പ്രബലന്മാരുടെ സഹായമായിരുന്നു എന്നും; ഇങ്ങനെയുള്ള, പ്രബലന്മാരിൽ ഒരാൾ ഹജൂരിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന ഒരു " സായ്‌പ് " ആണെന്നും, കുത്തകക്കാരന്‍റെ പല ഹർജികളിൽ സൂചിപ്പിച്ചിട്ടുള്ളതായും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ പ്രവർത്തികൾ  കൊണ്ട് കുത്തകക്കാരന്  ഉണ്ടായ നഷ്ടത്തിനല്ല ഗവർന്മേണ്ട് ഇപ്പോൾ പരിഹാരം ചെയ്യേണ്ടി വന്നത്. ഗവർന്മേണ്ടിലേക്ക്, മുമ്പ് കുത്തക ഏറ്റിരുന്നവരേക്കാൾ കൂടുതൽ ആദായം കൊടുക്കുവാൻ കരാർ ചെയ്ത ഒരു കുത്തകക്കാരന്, കഴിയുന്ന ന്യായമായ സഹായം ചെയ്തു കൊടുപ്പാൻ ഗവർന്മേണ്ടിനു കടമയുണ്ടായിരുന്നപ്പോഴും, ഗവർന്മേണ്ടുദ്യോഗസ്ഥന്മാരിൽ ചിലർ കുറ്റക്കാരായ മറു കക്ഷികളുടെ അക്രമങ്ങളെ വളർത്തിക്കൊണ്ടിരിക്കത്തക്ക വിധം സ്വന്തം കൃത്യത്തിൽ ഉപേക്ഷ കാണിക്കയും, അക്രമ പ്രവർത്തി വളരെ നാളത്തേക്ക് അവിച്ഛിന്നമായി നടന്നു കൊണ്ടിരിക്കുകയും ചെയ്‌തു എന്നതോ പോകട്ടെ, മാർക്കറ്റിനകത്തു കൊണ്ട് വന്നു മത്സ്യം വിൽക്കേണ്ടവർക്ക് കുറഞ്ഞ തുകയ്ക്ക് കുത്തക കിട്ടാതെയായതിൽ ഉണ്ടായ ദ്വേഷത്താൽ, അവർ മാർക്കെറ്റിനുള്ളിൽ വന്നു വ്യാപാരം ചെയ്യാതെ, പുറമെയിരുന്ന് പട്ടണപരിഷ്‌കരണ നിയമത്തിനു വിരോധമായി പ്രവർത്തിക്ക നിമിത്തം, മാർക്കെറ്റിനുള്ളിൽ മത്സ്യം കിട്ടുന്നില്ലെന്നുള്ള ന്യുനത, കുത്തകക്കാരന്‍റെ മേൽ ചുമത്തുന്നതിന് മാർഗ്ഗമുണ്ടാകയും, അതിന്മേൽ ഹജൂരിൽ നിന്ന് കുത്തകക്കാരന്‍റെ കുത്തകയെ റദ്ദ് ചെയ്‌വാൻ പട്ടണപരിഷ്‌കരണ സഭാധ്യക്ഷനെ ആജ്ഞാപിക്കയും, അതിന്മണ്ണം കുത്തക റദ്ദ് ചെയ്തിരിക്കുന്നതായി നോട്ടീസ് കൊടുത്തിട്ട്, പോലീസുകാരെക്കൊണ്ട് മാർക്കെറ്റിൽ ബന്ധവസ്സ് ചെയ്ത് കുത്തകക്കാരനെ തൻ്റെ അവകാശത്തെ പ്രയോഗിക്കാൻ സമ്മതിക്കാതെ പുറത്തേക്ക് നിറുത്തിക്കളയുകയുമാണു  ചെയ്തത്. ഇതായിരുന്നു കുത്തകക്കാരന് ഗവർന്മേണ്ടിൽ നിന്ന് നഷ്ടം കെട്ടികൊടുപ്പാൻ കാരണമായത്. കുത്തകക്കാരനും പട്ടണപരിഷ്‌കരണ സഭയുമായുള്ള കരാർ, "മാർക്കെറ്റിനുള്ളിൽ മത്സ്യം വച്ച് വിൽക്കുന്നതിനുള്ള സ്ഥലം ഉപയോഗപ്പെടുത്തേണ്ട അവകാശം ഇത്ര കാലത്തേക്ക് ഇത്ര പണത്തിനായി സമ്മതിച്ചു കൊടുത്തിരിക്കുന്നു" എന്നർത്ഥത്തിലായിരുന്നു. കരാറിന്‍റെ അർഥം എത്രയും സ്പഷ്ടമായിരുന്നപ്പോഴും, അതിനെപ്പറ്റി സന്ദേഹം തീർപ്പാക്കാൻ ഒരു നിയമശാസ്ത്രജ്ഞന്‍റെ സഹായം തന്നെ അപേക്ഷിതമല്ലാതിരുന്നിട്ടും, കരാറിനെ ഗവർന്മേണ്ട്  റദ്ദ് ചെയ്തിരിക്കുന്നതായി ഹജൂരിൽ നിന്ന് ഉത്തരവയപ്പാൻ, ഉറച്ച ഉദ്യോഗസ്ഥൻ, തന്നേ  വിശ്വസ്തനെന്നു ധരിച്ച് ഉദ്യോഗത്തിൽ വച്ചിരിക്കുന്ന ഗവർന്മേണ്ടിനെ അപകടത്തിൽ ചാടിക്കയാണ് തൻ്റെ പ്രവൃത്തിയുടെ ഫലം എന്ന്  അറിഞ്ഞിരുന്നിട്ടില്ലെന്ന് പറയുവാൻ സമാധാനമില്ല. കുത്തകയെ റദ്ദ് ചെയ്തതിനു ഗവർന്മേണ്ട് പറഞ്ഞ കാരണമോ, കരാറിലെ യാതൊരു വകുപ്പിൽ നിന്നും ഉന്നയിക്കാവുന്നതേ അല്ല. മാർക്കറ്റിനകത്തു നല്ല പച്ച മത്സ്യം കൊണ്ട് വന്നു വച്ച് വിൽക്കാത്ത വീഴ്ചയ്ക്ക് കുത്തകയെ റദ്ദ് ചെയ്തിരിക്കുന്നു എന്നാണ് ഗവർന്മേണ്ടിന്റെ ആജ്ഞയുടെ സാരം. മത്സ്യം കൊണ്ട് വച്ച് വിൽക്കുവാൻ താൻ കുത്തക ഏറ്റിട്ടില്ലെന്നും, മത്സ്യം വച്ചു വിൽക്കുന്ന സ്ഥലത്തിന് ഇന്ന പ്രതിഫലം കൊടുത്തു കൊള്ളാമെന്നെ കരാറുള്ളൂ എന്നും കുത്തകക്കാരൻ വീണ്ടും വീണ്ടും ഗവർന്മേണ്ടിനെ ധരിപ്പിച്ചിട്ടും, അപ്പോഴും, അധികൃതർക്ക് കുത്തകക്കാരന്‍റെ കരാറിനെ സൂക്ഷ്മമായി  വ്യാഖ്യാനിക്കണമെന്ന് വിചാരമുണ്ടാകാത്തത്  ക്ഷന്തവ്യമായ സംഗതിയല്ല.  ഇത്രയൊക്ക നടത്തുവാൻ ഗവർന്മേണ്ട് ഉദ്യോഗസ്ഥന്മാർ ഒരുങ്ങിയത്, കുത്തകക്കാരൻ തീരെ സ്ഥാനപ്രാബല്യമില്ലാത്ത ഒരുവനാണെന്ന് വിചാരിച്ചായിരിക്കാം. എന്നാൽ സ്ഥാനത്തിന്‍റെ വലുപ്പവും, ഇളപ്പവും തമ്മിലുള്ള വഴക്കല്ലാ ഇതെന്നും; അവകാശത്തിന്‍റെ  സ്ഥാപനത്തിനുള്ള വാദമാണെന്നും, ഇത് എത്രയോ ഗൗരവമേറിയ കാര്യമാണെന്നും ഹജൂരധികൃതന്മാർ ഓർക്കേണ്ടിയിരുന്നു. ഇവർ ഗവർന്മേണ്ടിനു  വേണ്ടി ചെയ്യേണ്ട സ്വന്തകടമയെ മറന്ന് സ്വാർത്ഥ ലാഭത്തിനായി ചെയ്ത അന്യായമായ ആജ്ഞയുടെ ഫലമായിട്ടാണ്, ഗവർന്മേണ്ടിന്റെ പണം നഷ്ടപ്പെടേണ്ടി വന്നത്. ഇപ്രകാരമുള്ള ദുർന്നയങ്ങളെ അനുവദിക്കുന്നത് യുക്തമാണോ എന്നാണ് ഞങ്ങൾക്ക് ചോദിപ്പാനുള്ളത്. ഉദ്യോഗസ്ഥന്മാർ അവനവൻ ചെയ്യേണ്ട കർത്തവ്യത്തെ ശരിയായി അറിയാതെയോ, അറിഞ്ഞു കൊണ്ട്, നഷ്ടം വരുന്നത് തനിക്കല്ലല്ലോ എന്നുള്ള ആശ്വാസത്തോടു കൂടി,  ആ കർത്തവ്യത്തിനെ ധിക്കരിച്ചോ ചെയ്യുന്ന ദുർന്നയങ്ങൾക്ക്, ഗവർന്മേണ്ടിനെ നഷ്ടപ്പെടുത്തുന്നത് ശോഭനമായ ഭരണ തത്വമല്ല. ഇങ്ങനെയുള്ള ദുർന്നയങ്ങളിൽ വീഴ്ചക്കാർക്ക് ശിക്ഷ കൊടുക്കാതെ വിടുന്നതിനാൽ, പൊതുജനങ്ങളുടെ വക മുതല്, അനാവശ്യമായി ചിലവാക്കി കളയുന്നുണ്ട്.  ഈ സംഗതിയിൽ,  നൂറ്റിൽ  ചില്വാനം  രൂപയേ ഗവർന്മേണ്ടിനു നഷ്ടപ്പെടുന്നുള്ളുവല്ലോ, എന്ന് സമാധാനപ്പെടുമായിരിക്കാം. നഷ്ടം കെട്ടുന്ന തുകയല്ല മുഖ്യമായിട്ടുള്ളത്; ഒരു കാശായിരുന്നാലും, ഗവർന്മേണ്ട് പ്രജാസമുദായത്തിന്‍റെ പക്കൽ നിന്ന് വാങ്ങുന്ന മുതലിനെ, ധിക്കാരികളും സ്വാർത്ഥലാഭേച്ശുക്കളുമായ ഉദ്യോഗസ്ഥന്മാരുടെ ദുർന്നയങ്ങൾക്ക് വശപ്പെടുത്തിക്കൂടാ എന്നാണ് ഞങ്ങൾ പറയുന്നത്. ഇങ്ങനെയുള്ള നഷ്ടവ്യവഹാരങ്ങൾ ഗവർന്മേണ്ടിന്റെ മേൽ ഫയലായി വരുമ്പോൾ, ഉദ്യോഗസ്ഥൻമാരുടെ ഈ നടവടിയെപ്പറ്റി ഗൗനിക്കേണ്ടത് ദിവാൻജിയുടെ  ചുമതലയാണ്. മാർക്കറ്റു കുത്തകക്കാരന്‍റെ കേസ്സിൽ, കുത്തകക്കാരൻ ഗവർന്മേണ്ടിനു വ്യവഹാര നോട്ടീസ് കൊടുത്തപ്പോൾ തന്നെ, കോടതിയിൽ കേസ്സ് ഫയലാകാനിടയാക്കാതെ, രാജി പറഞ്ഞ്, നഷ്ടം കൊടുത്തിരിക്കുന്നു. ഗവർന്മേണ്ടിന്റെ  കുറ്റം എത്രയോ വ്യക്തമാകയാലായിരിക്കണം കോടതിയിൽ ചെന്നുള്ള വ്യവഹാരത്തിന് തന്നെ ഇടയാകാതെ വഴക്കുകൾ ഒതുക്കിയത്. ഈ സംഗതിയിൽ, കുത്തക റദ്ദ് ചെയ്യാൻ ആജ്ഞാപിച്ച ഹജൂർ ചീഫ് സെക്രട്ടറിയുടെയും, മറ്റു അധികൃതന്മാരുടെയും സകല എഴുത്തുകുത്തുകളും കുത്തകക്കാരന്‍റെ ഏറിയൊരു ഹർജികളും ദിവാൻജി വരുത്തി നോക്കുകയും, ഈ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ ആചരണത്താലും ഉപേക്ഷയാലുമല്ലയോ ഗവർന്മേണ്ടിനു  നഷ്ടം ഉണ്ടാക്കിയതെന്ന് നിർണ്ണയിക്കുകയും, ഇവർക്ക് യുക്തമെങ്കിൽ തക്കതായ ശിക്ഷ നൽകുകയും ചെയ്യേണ്ടത് എത്രയും ആവശ്യമാകുന്നു.  

You May Also Like