മരുമക്കത്തായം കമ്മിറ്റി
- Published on February 19, 1908
- By Staff Reporter
- 848 Views
മരുമക്കത്തായാവകാശക്രമത്തെ അനുവർത്തിയ്ക്കുന്ന മലയാളികളുടെ ഇപ്പോഴത്തെ സമുദായസ്ഥിതിയിൽ ചില പരിഷ്‌കാരങ്ങൾ വരുത്തുന്നതിനെ സംബന്ധിച്ച്, തിരുവിതാംകൂർ ഗവര്‍ന്മേണ്ട് ചെയ്തിട്ടുള്ള ചില നിശ്ചയങ്ങൾ ഈ ലക്കം പത്രത്തിന്‍റെ മറ്റൊരു പംക്തിയിൽ പകർത്തിയിട്ടുണ്ട്. മരുമക്കത്തായ പരിഷ്‌കാരവിഷയം ഗവര്‍ന്മേണ്ടിന്‍റെ ശ്രദ്ധയിൽ നിരന്തരമായി പതിപ്പിച്ചുകൊണ്ടിരുന്നിട്ടുള്ള മലയാളികൾക്ക്, ഗവര്‍ന്മേണ്ടിന്‍റെ ഈ ഉദ്യമത്തിൽ, അനല്പമായ സന്തോഷമുണ്ടെന്നുള്ളത്, ഈയിടെ, ഇതിനെക്കുറിച്ച്, പത്രങ്ങളിൽ നടന്നുവരുന്ന വാദപ്രതിവാദങ്ങളാൽ വെളിപ്പെടുന്നുമുണ്ട്. ഗവര്‍ന്മേണ്ടിൽ നിന്ന് ഈ സംഗതി സംബന്ധിച്ച് ചെയ്യാൻ വിചാരിയ്ക്കുന്നത്, മരുമക്കത്തായികളുടെ ഇടയിലുള്ള സംബന്ധത്തെയും, അവകാശക്രമത്തെയും, സ്വത്തുവിഭാഗത്തെയും, ആവശ്യംപോലെ, പരിഷ്കരിയ്ക്കുന്നതിനാണെന്നു, ഗവര്‍ന്മേണ്ട് പ്രൊസീഡിങ്സിനാൽ നിർണ്ണയിക്കാം. ഇവയോ, ഇവയിൽ ഒന്നാമത്തേതോ തന്നെയാണ്, മരുമക്കത്തായികളുടെ ഇടയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്ന സമുദായ പരിഷ്കാര കാര്യത്തിൽ പ്രധാനമായുള്ളത്. ഇവയെപ്പറ്റി ഉണ്ടാകാനിടയുള്ള വാദപ്രതിവാദങ്ങൾ, അടുത്ത ഏതാനും മാസക്കാലത്തേയ്ക്ക് തിരുവിതാംകൂർ പത്രമണ്ഡലത്തിലും വായൂമണ്ഡലത്തിലും അപൂർവ്വമായ ക്ഷോഭം ഉണ്ടാക്കുമെന്നുള്ളത് നിസ്സംശയം തന്നെയാകുന്നു.
മരുമക്കത്തായികളുടെ ഇടയിൽ നടന്നുവരുന്ന സംബന്ധം എന്ന വിവാഹത്തിന് നിയമാനുരൂപമായ പ്രാബല്യം നൽകുന്ന വിഷയമാണ് മേൽപ്പറഞ്ഞ പ്രൊസീഡിങ്സിൽ പ്രസ്താവിച്ചിട്ടുള്ള മരുമക്കത്തായ നിയമ പരിഷ്കാരത്തിൽ ഒന്നാമതായി ചേർത്തിരിയ്ക്കുന്നത്. ഈ വിഷയത്തെ മരുമക്കത്തായം കമ്മിറ്റിയുടെ പര്യാലോചനത്തിനു സമർപ്പിക്കുവാൻ ഗവര്‍ന്മേണ്ട് ആദ്യം നിശ്ചയിച്ചിരുന്നില്ലെന്നും, പിന്നീട്, അപേക്ഷ പ്രകാരമാണ് ഉൾപ്പെടുത്തിയതെന്നും ഒരു വർത്തമാനം, കുറേനാൾമുൻപ്, ഞങ്ങൾ പ്രതിപാദിച്ചതിനെ ഉദ്ധരിച്ചും, ഈ സംബന്ധകാര്യത്തെ കമ്മിറ്റിയുടെ പര്യാലോചനത്തിൽ സ്വീകരിക്കണമെന്ന് ഗവര്‍ന്മേണ്ട് നിശ്ചയിച്ചതിനെ കഠിനമായി ആക്ഷേപിച്ചും, ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ "മലയാളി" പത്രത്തിൽ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു കാണുന്നു. ദുർഘടമായ ഈ വിഷയത്തിൽ ഉണ്ടായിക്കാണാവുന്ന വാദപ്രതിവാദങ്ങൾക്ക്, ഈ മുഖപ്രസംഗം തന്നെ ഒരു മുന്നറിയിപ്പായിരിക്കുന്നു. "മലയാളി", യുടെ അഭിപ്രായത്തിൽ, "ഏകദേശം മൂന്നു സംവത്സരങ്ങൾക്കുമുൻപ് തിരുവിതാംകൂർ ഹൈക്കോടതി ഒരു ഫുൾബെഞ്ചു കൂടി, വിവാഹം ഈ നാട്ടിലെ ആചാരമനുസരിച്ച് ന്യായാനുസൃതമായിട്ടുള്ളതു തന്നെയാണെന്ന് വിധിച്ചിട്ടുണ്ട്: ഈ ചട്ടം പിന്നീടുള്ള വിധികളിൽ പിന്തുടരുകപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാൽ, സംബന്ധം ന്യായാനുസൃതമായിട്ടുള്ളതാണെന്നു: ഒന്നുകൂടി അംഗീകരിക്കേണ്ട ആവശ്യകത ഇപ്പോൾ ഇല്ലാ“ എന്ന് തോന്നിയിരിക്കുന്നു. ഈ സഹജീവിയുടെ ഉദ്ദേശ്യത്തിന്‍റെ നന്മയെപ്പറ്റി ഞങ്ങൾക്ക് എത്രതന്നെ ബഹുമാനം ഉണ്ടായിരുന്നിട്ടും, ഈ വിഷയത്തിൽ പുറപ്പെടുവിച്ചിരിക്കുന്ന അഭിപ്രായത്തിൽ യോജിക്കുവാൻ ഞങ്ങൾ വഴി കാണുന്നില്ല. മരുമക്കത്തായികളുടെ സംബന്ധം എന്ന വിവാഹം നിയമാനുസൃതമാണെന്നു സ്ഥാപിച്ചിരിക്കുന്നതായി, ഹൈക്കോടതിയിലെ ഒരു ഫുൾബെഞ്ചു് കേസിലെ വിധിയെയാണ് 'മലയാളി‘ ശരണീകരിക്കുന്നത്. ഹൈക്കോടതി വിധിയുടെ താല്പര്യം, ഞങ്ങൾ ഗ്രഹിച്ചിരിയ്ക്കുന്നത്, സംബന്ധം എന്നത്, നാട്ടിലെ നടപ്പനുസരിച്ചുള്ള യഥാർത്ഥ വിവാഹം ആയി ഗണിക്കേണ്ടതാണെന്നും, അത് കേവലം, വേശ്യാസേവയായ് ഗണിക്കപ്പെടേണ്ടതല്ലെന്നും ആണ്. നിയമാനുസൃതമാണെന്നു സ്ഥാപിക്കപ്പെടണമെങ്കിൽ,, ഗവര്‍ന്മേണ്ടിലെ നിയമശാസനകളിൽ അതിനെ, മറ്റുവർഗ്ഗക്കാരുടെ വിവാഹങ്ങളെപ്പോലെ അംഗീകരിച്ചിരിക്കണം. സമുദായാചാരപ്രകാരം സംബന്ധത്തെ യഥാർത്ഥ വിവാഹമായി ഗണിച്ചു തുടങ്ങിയിട്ടുള്ളതുതന്നെ, ഈയിടക്കാലത്ത്, വിദ്യാഭ്യാസം സിദ്ധിച്ച മലയാളികളുടെ ആചാരപരിഷ്കാര താല്പര്യത്താലാകുന്നു സമുദായം തന്നെ അതിങ്കലുള്ള ആചാരത്തെ സ്ഥിരീകരിക്കുമ്പോഴല്ലാതെ, ഒരു ഗവര്‍ന്മേണ്ട് അതിനെപ്പറ്റി ഗൗനിക്കുന്നത് സാധാരണമല്ലല്ലോ. മരുമക്കത്തായ സംബന്ധത്തെ യഥാർത്ഥമായ വിവാഹത്തിൽ ഉൾപ്പെടുത്തി ഗണിക്കുകയും, അച്ഛന്റെ പക്കൽനിന്നും കുട്ടികൾക്ക് ചെലവ് അനുവദിക്കുകയും ചെയ്യുന്നത്കൊണ്ട് മാത്രം, അത് നിയമാനുസൃതമായി എന്ന് വരികയില്ല. ഹൈക്കോടതിയിൽ ഇന്നിരിക്കുന്ന ജഡ്ജിമാർ വിധിച്ചതിന് വിപരീതമായി, നാളെ വരുന്ന ജഡ്ജിമാർ വിധിക്കുന്നു എന്നു വരാവുന്നതാണ്. സംബന്ധം നിയമാനുസൃതമാണെന്ന് ഒരു ജഡ്‌ജി വിധിച്ചാൽ അല്ലെന്നു മറ്റൊരു ജഡ്ജി വിധിച്ചുകൂടാ എന്നില്ല. ജഡ്ജിമാർ നിയമനിർമ്മാണ സഭയിൽ നിന്ന് സ്ഥാപിച്ചിട്ടുള്ള നിയമ കാര്യങ്ങളെ വിട്ട് സമുദായാചാര സംഗതികളിൽ പ്രവേശിക്കുമ്പോൾ ആചാരത്തിന്റെ തൽക്കാലത്തെ ഗതിയെ അനുസരിച്ചു എന്നും, അനുസരിച്ചില്ല എന്നും വരാവുന്നതാണ്. ഇതിനും പുറമെ ‘മലയാളി‘ പ്രസ്താവിക്കുന്ന കേസ്സിൽ തന്നെ, ഫുൾബെഞ്ചിലെ ജഡ്ജിമാരെല്ലാം ഒരേ വിധത്തിൽ അഭിപ്രായപ്പെട്ടതായി കാണുന്നില്ല, ആര്യന്മാരിൽ ഭിന്നവർഗ്ഗക്കാരായ നായന്മാർക്ക്, ആര്യന്മാരുടെ മാനവ ശാസ്ത്രത്തെയും മറ്റും ബാധകമാക്കുന്നതിനും നായന്മാർ മനുസ്മൃതിയിലെ ചാതുർവർണ്ണത്തിൽ ഉൾപ്പെട്ടവരാണെന്നു പറയുന്നതിനും മടിക്കാത്ത മിസ്റ്റർ ജസ്റ്റിസ് ഗോവിന്ദപ്പിള്ള തന്നെയും, മേൽപ്പറഞ്ഞ കേസിൽ, പരിഷ്‌കൃതാചാരക്കാർക്ക് രുചിക്കാത്ത എത്രയോ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയെ, ഈ സന്ദർഭത്തിൽ വല്ലപ്രകാരത്തിലും പ്രയോജനപ്പെടുത്തണമെന്നുവരികിൽ അത് മരുമക്കത്തായ സംബന്ധത്തിനു നിയമാനുരൂപമായ പ്രാബല്യം കൊടുക്കുന്നതിലേയ്ക്ക് നിയമ നിർമ്മാണ സഭയെ പ്രേരിപ്പിക്കുന്നതിനു ആകുന്നു എന്നാണു ഞങ്ങൾ വിചാരിക്കുന്നത്. സംബന്ധം എന്ന വിവാഹത്തെ നിയമ ശാസനത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുമ്പോൾ, മേൽപ്പറഞ്ഞ വിധി, വളരെ സഹായമായിരിക്കുമെന്നു മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ. അങ്ങനെയല്ലാതെ, മേൽപ്പറഞ്ഞ വിധികൊണ്ടുമാത്രം, സംബന്ധത്തെ നിയമാനുസൃതമായിട്ടുതന്നെ വിധികർത്താക്കന്മാർ ഇനി സ്വീകരിച്ചുകൊള്ളുമെന്നു ഞങ്ങൾ നിർണ്ണയിക്കുന്നില്ലാ. വിവാഹത്തെ സംബന്ധിച്ചിട്ടുള്ള ശിക്ഷാ നിയമകാര്യങ്ങളിലെല്ലാത്തിലും ഹൈക്കോടതിവിധിയെ അവലംബിച്ചുകൊണ്ടു, സംബന്ധമെന്ന വിവാഹത്തെ നിയമാനുസൃതമായി ഗണിച്ചു ശിക്ഷ കല്പിക്കുവാൻ സാധിക്കുമോ എന്ന് ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിലെ നിയമശാസനങ്ങളിൽ, മരുമക്കത്തായ സംബന്ധത്തെ സ്മൃത്യുക്തമായും സപ്രമാണമായുള്ള വിവാഹമെന്ന് സ്ഥാപിച്ചുകിട്ടുവാൻ, മരുമക്കത്തായ കമ്മിറ്റിയുടെ പര്യാലോചനത്തിനു ഈ വിഷയത്തെ കൂടെ സ്വീകരിച്ചത് ഉചിതമെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്. വിവാഹകാര്യത്തെ നല്ല അസ്ഥിവാരത്തിൽ പ്രതിഷ്ഠാപിക്കാതെ, ഭാഗാവകാശം, ജീവനാംശകാര്യം മുതലായവയ്ക്ക് സുസ്ഥിരമായ നിലയെങ്ങനെയുണ്ടാകുമെന്നു ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
ഈ മരുമക്കത്തായം കമ്മിറ്റിയെ സംബന്ധിച്ച് ഇനി അൽപ്പം പറയാനുള്ളത്, " സർക്കാർ ഗസറ്റിൽ; നിന്ന് ഞങ്ങൾ ഉദ്ധരിച്ചിരിക്കുന്നതും, "മലയാളി,, "മലയാള മനോരമ,, മുതലായ പത്രങ്ങളിൽ മേപ്പടി കമ്മിറ്റി സെക്രട്ടറിയാൽ തന്നെ അയച്ചുകൊടുക്കപ്പെട്ടതെന്നു പറഞ്ഞിരിക്കുന്നതുമായ ഒരു നോട്ടീസിനെക്കുറിച്ചാണ്. മരുമക്കാത്തായം കമിഷനെ, നായന്മാരുടെ സമുദായ പരിഷ്കാരത്തിനായി മാത്രം ഉദ്ദേശിച്ചു സ്ഥാപിച്ചിരിക്കയാണെന്നു ചിലർ ധരിച്ചു വരുന്നുണ്ടെന്നു ഞങ്ങൾ മകരം 29 ലെ പത്രത്തിൽ പ്രസ്താവിച്ചിരുന്നു. ഗവര്‍ന്മേണ്ടിൽ നിശ്ചയിച്ചിട്ടുള്ള പ്രൊസീഡിംഗ്‌സ് നോക്കിയാലും, മേൽപ്പടി കമിഷനെ. നായന്മാർക്കായി മാത്രം ഉദ്ദേശിച്ചിരിക്കയാണെന്നു തീരുമാനിപ്പാൻ കഴിയുകയില്ല. സെക്രട്ടറിയുടെ നോട്ടീസിൽ തന്നെ, ഈ കമിഷൻ, നായന്മാരല്ലാത്തവരെയും ഉദ്ദേശിച്ചിരിക്കുന്നു എന്ന് വെളിവാകുന്നു. ഇങ്ങനെയിരിക്കെ ഈ കമിഷന്, "നായർ കമിഷൻ “ എന്ന് പേരിട്ടിരിക്കുന്നത് ഗവര്‍ന്മേണ്ടിന്‍റെ അനുജ്ഞയാൽ ആയിരുന്നാൽ കൂടി പൂർവ്വാപരവിരുദ്ധമായി വരുന്നു. അതിൻ്റെ പ്രവൃത്തി, പ്രത്യേകം ഒരു വിഭാഗക്കാരുടെ കാര്യങ്ങളെ പര്യാലോചിക്കും എന്നുള്ളതല്ലെന്നും ഒരു ദായക്രമം അനുസരിക്കുന്നവരുടെ മുതൽ സംബന്ധമായ കാര്യത്തെ പര്യാലോചിക്കുകയാണെന്നും ഓർക്കുന്ന സമയം മരുമക്കത്തായ കമ്മിറ്റി എന്ന പേര് മാറ്റിയിട്ട് നായർ കമിഷൻ എന്ന് പേരിടുന്നത് അനുചിതമെന്നു ബോദ്ധ്യപ്പെടുന്നതാണ്. ഈ നാമഭേദത്തെക്കുറിച്ച് ഇപ്പോൾ തന്നെ ഗവര്‍ന്മേണ്ടിന്റെ മുമ്പാകെ വാദപ്രതിവാദ ലേഖങ്ങൾ കിട്ടിയിട്ടുള്ളതായി കാണുന്നതും മേൽപ്പടി മാറ്റത്തെപ്പറ്റി അന്യഥാ ശങ്കയ്ക്കു ഹേതുവുണ്ടെന്ന് നമ്മെ ധരിപ്പിച്ചിരിക്കുന്നു. ഈ ഫെബ്രവരി 4 ലെ ഗസറ്റിന്റെ സപ്ലിമെന്റിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള നായർ കമിഷനെ സംബന്ധി ച്ചുള്ള പരസ്യം എന്നും"നായർ കമിഷൻ ആഫീസ്,, എന്നും സെക്രട്ടറിയുടെ പരസ്യത്തിൽ കാണുന്നുണ്ട്. എന്നാൽ, ഗസറ്റിലെ പ്രൊസീഡിങ്സ് മരുമക്കത്തായികളെ സംബന്ധിച്ചിച്ചുള്ളതായിരുന്നു. മരുമക്കത്തായികളൊക്കെ നായന്മാരാണെന്നു വന്നാൽ അല്ലാതെ, സെക്രട്ടറിയുടെ മേൽപ്പടി പദപ്രയോഗം, യുക്തിഭ്രമത്തെ കാണിക്കുന്നില്ലെന്നു സ്ഥാപിക്കുവാൻ വഴിയില്ലാ. ഈ മാറ്റം സെക്രട്ടറിയുടെ സാഹസമല്ലെന്നിരിക്കിൽ, ഗവര്‍ന്മേണ്ടിന്‍റെ അപനയമായിട്ടേ ഞങ്ങൾ ഗണിക്കുന്നുള്ളൂ. നായന്മാരെ മാത്രം സംബന്ധിച്ച കമിഷനാണെന്നിരുന്നാൽ, അതിലേക്ക് സ്വാഭിപ്രായം പറയുന്നതിന് നായന്മാർക്ക് പുറമെ, സമ്മന്തന്മാരെ ആവശ്യപ്പെടാതിരിപ്പാനും ഉള്ള യുക്തിയെന്തായിരിക്കാം?
കമ്മിറ്റിയുടെ പ്രാരംഭയോഗം ഞായറാഴ്ച നടന്നതിൽ അത്യാവശ്യം തീർച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളെ വിടുകയും, ചോദ്യങ്ങളുണ്ടാക്കുവാനും സാക്ഷ്യമെടുക്കുന്നതിനുള്ള സ്ഥലങ്ങളെ നിശ്ചയിപ്പാനും ഒരുങ്ങുകയും ചെയ്തിരുന്നു എന്നാണറിയുന്നത്. നെയ്യാറ്റിൻകര, തിരുവനന്തപുരം, കൊല്ലം, കായംകുളം,ആലപ്പുഴ, കോട്ടയം, മൂവാറ്റുപുഴ, പറവൂർ, ഇങ്ങനെ ചില സ്ഥലങ്ങളിൽ കമ്മിറ്റിയോഗം കൂടുവാനിടയുണ്ടെന്നറിയുന്നുണ്ട്. ഇതിലേക്കൊക്കെ, ഗവര്‍ന്മേണ്ട് നിശ്ചയിച്ചിട്ടുള്ള രണ്ടു മാസകാലാവധി നീട്ടിക്കൂട്ടണമെന്നു കമിഷൻ അപേക്ഷിക്കുന്നുണ്ടെന്നും അറിയുന്നു.
Committee on the System of Matrilineal Inheritance
- Published on February 19, 1908
- 848 Views
Some decisions made by the Travancore Government regarding making a few reforms in the current social situation of the Malayalees following the Marumakkathayam system of rights have been given in another column of this issue of the newspaper. Malayalees who have been constantly drawing the government's attention to the issue of reform, are very happy about this initiative of the government as can be seen from the debates going on in the newspapers lately. It may be determined from the proceedings of the Government that what it intends to do in this matter is to modify the custom of sambandham*, the order of succession, and the division of property among the Marumakkathayees as necessary. Among these, the most important demand in terms of community reform among the Marumakkathayees is the one concerning sambandham. Arguments about these will no doubt create a rare frenzy in the Travancore press and in the general atmosphere for the next few months. The issue of giving legal effect to the marriage between Marumakkathayees, namely the sambandham, is the first to be included in the reform set out in the above proceedings. A news report published in the periodical “Malayali,” the last Saturday stated that the government had not decided to submit this matter for deliberations of the Marumakkathayam Committee at first, but included it later based on our reports, and strongly criticized the government's determination to accept this matter in the deliberations of the committee. This editorial itself is a warning about the arguments that may arise on this controversial subject.
According to "Malayali”, about three years ago, a full bench of the Travancore High Court ruled that sambandham was valid according to the customs of the land. This rule has been followed in later judgments also. Therefore, it seems that sambandham is justified and there is no need to ratify it again. Despite the respect we have for this fellow publication’s intentions, we cannot agree with their opinion expressed on this subject. “Malayali” relies on the judgment of a case in the full bench of the High Court, which established that the alliance under sambandham among the Marumakkathayees is legal. The thrust of the judgment of the High Court, we understand, is that the relationship should be treated as a true marriage according to the practice of the land and not merely as if it was a form of prostitution. In order to be established as legal, like marriages of other castes, it must be recognized in the laws enacted by the government. According to the customs of the community, the relationship has started to be considered a true marriage due to the intentions of the educated Malayalees to reform the custom in recent times. Except when the community confirms its customs, it is not normal for the government to examine them.
Merely treating the ‘Marumakkathaya Sambandham’ as actual marriage by including it in the customs of the community and allotting expenses to the children from the father does not make it legal. In contrast to what the judges of the High Court ruled earlier, it is possible that the judges tomorrow may express a different view.
If one judge rules that the alliance is legal, another judge may rule that it is not. Judges may or may not follow the current course of custom when they move from matters of law established by the legislature and enter into the realm of customs of the community. Apart from this, even in the case that “Malayali” has stated, it does not appear that all the judges of the full bench were of the same opinion.
Justice Govinda Pillai himself, who did not hesitate to apply the Aryan doctrines and to say that the Nairs belong to the Chaturvarna of Manusmriti* in the above case, has issued many opinions that are not palatable to the civilized community. We are of the opinion that the judgment of the High Court should be utilised, in whichever manner possible, to encourage the Legislature to give legal effect to the impugned matter.
We only say that the aforesaid judgment will be of great help when we intend to include sambandham as marriage in the legal code. Apart from that, we do not think that the judges will continue to accept the matter to be legal in every future case because of the above judgment alone. In all the penal law matters related to marriage, it is necessary to think whether it is possible to consider sambandham as a legal relationship and give the ruling on the lines of the judgment of the High Court. We are of the opinion that this issue should be taken up for discussion by the Committee on Marumakkathayam to establish the relationship on the basis of prevailing customs and to treat sambandham as a consensual marriage in the laws of the state. We do not understand how causes like inheritance, alimony, etc., can have a solid standing in a society without establishing the matter of marriage first.
A reference is to be made about the notice that is said to have been sent by the Secretary of the aforementioned committee, which we have quoted from the "Government Gazette" and also reported in "Malayali,", "Malayala Manorama," etc. We had stated in this newspaper dated Makaram 29 [11/02/1908]* that some people are assuming that the Marumakathayam Commission was set up only for the purpose of reforming the Nair community. Even if we refer to the proceedings laid down before the Government, it cannot be decided that the Commission is intended only for Nairs. From the Secretary's notice itself, it is clear that this commission is meant for communities other than Nairs as well.
In such a situation, naming this commission as the "Nair Commission" goes against reality even though it was approved by the government. It is considered inappropriate to change the name of the Marumakkathayam Committee to Nair Commission as its work is not to consider the affairs of a particular group of people but to consider the matter related to those following a set of customs as a whole. Seeing that there are already argumentative letters before the government about this name change, we are convinced that there is some ulterior motive for the above change. In the supplement of the gazette published on February 4th, the Secretary's advertisement reads “The advertisement regarding the Nair Commission and the Nair Commission Office.”
However, the proceedings in the gazette were related to the Marumakkathayees in general. There is no way to establish that the Secretary's expression is logical unless it is confirmed that all Marumakkathayees are Nairs. If this change is not a misadventure of the Secretary, we consider it as a lapse on the part of the Government. If the commission is only about Nairs, then what could be the logic of not asking others apart from Nairs to give their opinion on it? It is known that the initial meeting of the committee held on Sunday has decided on the questions to be raised and fixed the venues for taking testimony. But, it omitted some important matters that need to be decided. It is known that committee meetings may be held in places like Neyyattinkara, Thiruvananthapuram, Kollam, Kayamkulam, Alappuzha, Kottayam, Muvattupuzha, and Paravur. It is also known that the commission is requesting an extension of the two-month deadline set by the government.
-------------------------------------
Notes from the translator:
*Chaturvarna of Manusmriti: the four caste groups which include Brahmins, Kshathriyas, Vaishyas, and Shudras.
*Sambandham literally means an alliance or relationship. Sambandham was not necessarily a permanent arrangement.
*English date has been added by the translator.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.