ഒരു കൊല്ലത്തെ ഭരണം

  • Published on October 24, 1908
  • By Staff Reporter
  • 272 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ദിവാൻ ബഹദൂർ മിസ്റ്റർ പി. രാജഗോപാലാചാരി, തിരുവിതാംകൂർ സംസ്ഥാനത്തെ മന്ത്രിപദം കൈയേറ്റിട്ടു ഇന്നേക്ക് സുമാർ ഒരു കൊല്ലം തികയുന്നു. ഈ സന്ദർഭത്തിൽ, കഴിഞ്ഞ ഒരു കൊല്ലകാലം കൊണ്ടു, അദ്ദേഹം ഈ നാട്ടിലെ ഭരണകാര്യത്തിൽ വരുത്തീട്ടുള്ള മാറ്റങ്ങളെയോ പുതുമകളെയോ ഗുണാഗുണ നിരൂപണം ചെയ്ത് ആകത്തുക കൂട്ടിപ്പറവാൻ വേണ്ടുവോളം സൗകര്യം ഉണ്ടാക്കീട്ടില്ലെങ്കിലും, ഭരണ വിഷയത്തിൽ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളതൊ, നടത്തിത്തുടങ്ങീട്ടുള്ളതൊ, നടത്തിയിരിക്കുന്നതോ ആയ സംഗതികളെ സ്മരണയിൽ വിളിപ്പിക്കുന്നത് യുക്തമായിരിക്കുമെന്നു ഞങ്ങൾ വിചാരിക്കുന്നു. 

സ്ഥിതി സ്ഥാപകനയത്തെ അനുവർത്തിച്ചു കൊണ്ടിരുന്ന മന്ത്രിമാർ തിരുവിതാംകൂറിനെ ഭരിച്ചുകൊണ്ടു വന്ന കാലങ്ങളിൽ, ഭരണതന്ത്ര പരിഷ്‌ക്കാരങ്ങൾക്കൊണ്ടും, ബ്രിട്ടീഷ് സർവീസിലെ വേലയിൽ വച്ചു സമ്പാദിച്ച ഉത്സാഹത്തിൻ്റെ  പ്രസരിപ്പു കൊണ്ടും മിസ്റ്റർ ആചാരി, കൊച്ചി സംസ്ഥാനത്തെ "കീഴുമേൽ മറിച്ചു" കൊണ്ടിരുന്നപ്പോൾ മുതൽക്ക്, അയൽക്കാരായ തിരുവിതാംകൂറുകാർക്ക് അദ്ദേഹത്തെപ്പറ്റി അസാമാന്യമായ കൗതുകം തോന്നിയിരുന്നു. കൈക്കൂലി, സേവ മുതലായ അഴിമതികളുടെ അന്തകനാണെന്നും, രാജ്യനിവാസികളുടെ ക്ഷേമത്തിനും ഐശ്വര്യാഭിവൃദ്ധിക്കും വേണ്ട പൊതുഗുണകാര്യങ്ങൾ നടത്തുവാൻ മടുപ്പുള്ളവനല്ലെന്നും തോന്നിച്ചിരുന്നതുകൊണ്ട്, ഇദ്ദേഹത്തെ ഈ നാട്ടിലെ മന്ത്രിയായി കിട്ടിയാൽ കൊള്ളാമെന്ന് ജനങ്ങൾ പലരും കൊതിച്ചിരുന്നതിനാൽ, ഇദ്ദേഹത്തിന്‍റെ ആഗമനത്തെ ഏറെ ആഹ്ളാദത്തോടുകൂടിത്തന്നെയാണ് ഇജ്ജനങ്ങൾ ഉപചരിച്ചത്. എന്നാൽ, ശ്രീമൂലം പ്രജാസഭയുടെ 4 ാം വാർഷിക യോഗത്തിൽ വച്ച്, മിസ്റ്റർ ആചാരി, ജനപ്രതിനിധികളുടെ പലേ പൊതുവായ അപേക്ഷകൾക്കും നൈരാശ്യ ഹേതുകമായ മറുവടി കൊടുത്തത് കണ്ട് ജനങ്ങളുടെ വലിയ ആശകൾ അല്പം ഇടിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. പക്ഷെ, മിസ്റ്റർ ആചാരിയുടെ അത്തരം മറുവടികൾ, അദ്ദേഹത്തിന് തിരുവിതാംകൂറിൻെറ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് സവിസ്തരമായ അറിവു കിട്ടായ്കയാലും, സർക്കാർ ഖജനാവിൻെറ ധന ദുർബലതയെക്കുറിച്ചുള്ള ചിന്താക്ലിഷ്ടതയാലും ഉണ്ടായതായിരിക്കാം എന്ന് സമാധാനപ്പെടേണ്ടതായും വന്നിട്ടുണ്ട്. എങ്കിലും, തീവണ്ടിപ്പാത നീട്ടുന്നത് ആദായകരമാകുമൊ എന്ന ശങ്ക നിമിത്തം പണമനുവദിക്കാനിടയില്ലെന്നും, അതിന്മണ്ണം പണവ്യയമുള്ള പല കാര്യങ്ങൾക്കും പണമനുവദിപ്പാൻ നിവൃത്തിയില്ലെന്നും; ഊട്ടുപുരകൾക്കായി ചെയ്യുന്ന ധനദുർവ്യയത്തെ നിറുത്തീട്ടു ആവക പണത്തെ വേറെ ചെലവാക്കണമെന്ന് പറഞ്ഞതിനെ അനുവർത്തിപ്പാൻ തയ്യാറല്ലെന്നും മറ്റും പരസ്പരം യോജ്യതയില്ലാത്ത മറുവടികൾ പറഞ്ഞതുകൊണ്ട്, മിസ്റ്റർ ആചാരിയുടെ ഭരണ ദശാരംഭം ജനങ്ങൾക്ക് ആശാജനകമായിരുന്നിട്ടില്ലാ. എന്നാൽ, കഴിഞ്ഞ ഒരുകൊല്ലത്തിനിടയിൽ, അദ്ദേഹം, പ്രജാസഭയിൽ പ്രതിനിധികൾ സമർപ്പിച്ച വിഷയങ്ങളെക്കുറിച്ചു ആലോചിക്കയും ഓരൊ തീർച്ച ചെയ്കയും ചെയ്ത് മേല്പറഞ്ഞ നൈരാശ്യത്തെ ക്രമേണ നീക്കിത്തുടങ്ങീട്ടുള്ളത് സന്തോഷജനകം തന്നെയാണ്. മിസ്റ്റർ ആചാരിയുടെ ഭരണത്തിൽ ചെയ്തിട്ടുള്ള പുതുമകളും പരിഷ്‌കാരങ്ങളും അവയുടെ ഭ്രൂണാവസ്ഥയിലിരിക്കുന്നതായിട്ടേ വിചാരിപ്പാൻ പാടുള്ളു. എന്തെന്നാൽ ഇവയുടെ ബലാബലങ്ങളെ പരീക്ഷിച്ചു ആയുസ്സറിയെണ്ടതു കാലത്തിൻെറ പ്രവൃത്തിയാണല്ലൊ. ദിവാൻജിയുടെ കൈക്കൽ തന്നെ ശേഖരിച്ചു വച്ചിരുന്ന പലേ അധികാരങ്ങളും, ഡിപ്പാർട്ടുമെന്‍റ് മേലാവുകാർക്കും ഡിവിഷൻ ഭരണ ചുമതലക്കാർക്കും വിട്ടുകൊടുത്തു അവരെക്കൊണ്ടു പ്രവർത്തിപ്പിക്കുവാൻ ഒരു സമ്പ്രദായഭേദം ഏർപ്പെടുത്തിയതു, കൃത്യനിഷ്ഠയും, സത്യം, നീതി മുതലായ ധർമ്മങ്ങളിൽ പ്രതിപത്തിയും ഉള്ള ഉദ്യോഗസ്ഥന്മാർ മേലാവുകാരായിരിക്കുന്ന പക്ഷം, പരോപദ്രവകരമായി തീരുകയില്ലെന്നു ആശിക്കാവുന്നതാണ്. റവന്യു മജിസ്‌തീരിയൽ  കാര്യങ്ങളെ വേർപിരിച്ചു നടത്തുന്നതിനായി ആലോചിച്ചിരിക്കുന്ന പരിഷ്‌കാരവും ദേവസ്വധർമ്മസ്വ പരിഷ്‌കാരങ്ങളും, ഭരണതന്ത്രത്തിൻ്റെ നവീന ഗതിയെ അനുസരിച്ചിട്ടുള്ളവ തന്നെയാണ്. അതിന്മണ്ണം തന്നെ, നിയമനിർമ്മാണസഭയിലേക്കു സർക്കാരുദ്യോഗസ്ഥന്മാരല്ലാത്ത സാമാജികന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ജനപ്രതിനികൾക്കു അനുവദിച്ച് അതിന്മണ്ണം തിരഞ്ഞെടുപ്പു നടത്തിത്തുടങ്ങിയിരിക്കുന്നതും അഭിനന്ദനീയം തന്നെയാണ്. വിദ്യാഭ്യാസ വകുപ്പിൽ നടത്തുവാനിരിക്കുന്ന പരിഷ്‌ക്കാരങ്ങളിൽ മുഖ്യമായ, ബാലികാവിദ്യാഭ്യാസ കാര്യാന്വേഷണത്തിൻെറ ഭേദഗതിയും വിചികീർഷിതം തന്നെയാകുന്നു. കൃഷി സംബന്ധമായും ഭൂഗർഭ പരിശോധന സംബന്ധമായും ഉള്ള വകുപ്പുകൾ സ്ഥാപിച്ചു നടത്തുവാൻ തുടങ്ങീട്ടുള്ളതും പൊതുവിൽ ഗുണകരം തന്നെയല്ലൊ. പോലീസു വകുപ്പിനെ പരിഷ്കരിച്ചില്ലെങ്കിലും, ജീവനക്കാർക്ക് അല്പാല്പം ശമ്പളം കൂട്ടിക്കൊടുത്തു വകുപ്പു പരിഷ്‌ക്കാരത്തിൻെറ അരുണോദയം കാണിച്ചു വച്ചതും സ്മരണീയം തന്നെയാണ്. ഇതുപോലെ വാധ്യാന്മാരുടെ ശമ്പളം കൂട്ടികൊടുക്കുവാനും പണം കുറെയൊക്കെ വേണ്ടി വന്നിരിക്കണം. ഈ മാതിരി പരിഷ്‌ക്കാരങ്ങൾക്കു പണം കാണുന്നതിനു വേണ്ടിയായിരിക്കാം, പ്രജാസഭയിൽ വച്ചു പല കാര്യങ്ങൾക്കും പണം ഇല്ലെന്നു പറഞ്ഞത് എന്നു തോന്നുന്നു. ഇക്കൊല്ലത്തെ ബഡ്ജറ്റിൽ ഓരോ വകുപ്പിലേക്കും ധാരാളം പണം അനുവദിച്ചിട്ടുണ്ടെന്നാണ് അറിയപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള പൊതുഗുണ കാര്യങ്ങൾക്കു പുറമെ, ഓരോ വർഗ്ഗക്കാർക്കായി ചെയ്തിട്ടുള്ള ഗുണങ്ങളും പറയേണ്ടതായിട്ടുണ്ട്. മരുമക്കത്തായികളുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചറിവാൻ കമ്മിറ്റി ഏർപ്പെടുത്തി നടത്തിയതും; ഈഴവർക്ക് വിദ്യാഭ്യാസ വിഷയത്തിൽ നേരിട്ടിരുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കാൻ വ്യവസ്ഥകൾ ചെയ്തതും, അവർക്കും മറ്റു വർഗ്ഗക്കാർക്കും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് ധാരാളം അവകാശമുണ്ടെന്ന് സ്ഥാപിപ്പാൻ വേണ്ടവിധം ഉദ്യോഗദാനം ചെയ്തതും, മുഹമ്മദീയർക്ക് വിദ്യാഭ്യാസത്തിനായി വിശേഷാവകാശങ്ങൾ അനുവദിച്ചതും മറ്റും ഓർമ്മിക്കേണ്ട സംഗതികളാണ്. മിസ്റ്റർ ആചാരിയുടെ ഭരണദശയിൽ വിശേഷിച്ചു കാണുന്ന ഒരു സംഗതി, കീഴ്‌ജീവനക്കാരുടെ ഇടയിൽ ഉണ്ടായിട്ടുള്ള ഭയമോ ഭ്രമമോ ആണ്. ഇതിൻെറ ഔചിത്യ ചിന്തനം മുമ്പുതന്നെ കഴിച്ചിട്ടുണ്ട്. പോലീസുകാർക്ക് ശമ്പളം കൂട്ടിക്കൊടുത്തു എങ്കിലും, അവരുടെ യോഗ്യതയെപ്പറ്റി നിബന്ധനകൾ ചെയ്യാത്തത് ഒരു ന്യൂനതയാണ്. കേവലം സർവീസുകാല ദൈർഘ്യം നോക്കി മാത്രം, കയറ്റം കൊടുക്കുന്നതു കൊണ്ട്, ആ വകുപ്പിൻെറ കീർത്തിക്ക് പുഷ്ടിവരുകയില്ലല്ലൊ. ഇങ്ങനെയുള്ള ന്യൂനനതകൾ പലതിലുമുണ്ടെങ്കിലും, അവ കാലക്രമേണ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കാവുന്നതാണ്. എന്നാൽ, മിസ്റ്റർ ആചാരിയുടെ കാലത്ത് സാധിതമാകുമെന്ന് ആശിക്കപ്പെട്ടിരുന്ന രാജസേവകപ്രഭാവ ധ്വംസനം ഇനിയും നടന്നിട്ടില്ലെന്നും, മിസ്റ്റർ ആചാരി, കീഴുദ്യോഗസ്ഥന്മാരുടെ തീർച്ചകളിന്മേൽ ഓരോരുത്തർ കൊണ്ടുചെല്ലുന്ന സങ്കടങ്ങളെ വേണ്ടുംവണ്ണം കേൾക്കുന്നില്ലെന്നും മറ്റുമുള്ള ചില വലിയ ആക്ഷേപങ്ങൾ രൂക്ഷമായ വളർച്ചയെ പ്രാപിക്കാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധ വയ്‌ക്കേണ്ടതാണ്.    

You May Also Like