ആചാരപദ്ധതിയുടെ ആവശ്യം

  • Published on April 29, 1910
  • Svadesabhimani
  • By Staff Reporter
  • 152 Views
സ്‌മൃതികൾ ജനസമുദായത്തെ ഭരിക്കുന്നതിനുള്ള നിയമ ഗ്രന്ഥങ്ങളാണല്ലോ. ഇവ വേദവിധികളുടെ സാരാംശങ്ങളും ജനങ്ങളാൽ ആദരണീയങ്ങളും ആകുന്നു. വേദം എന്നുള്ളതിന് നിഷ്‌കളങ്കമായ ബോധം എന്നുള്ള അർഥം മാത്രമേ ഇവിടെ വിവക്ഷിച്ചിട്ടൊള്ളൂ. ഇവയിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ സമുദായങ്ങങ്ങൾക്ക്  ഒരു പ്രകാരത്തിലും വൈകല്യത്തെ ജനിപ്പിക്കാത്തവയും, സമുദായത്തിൽ വിരുദ്ധാഭിപ്രായത്തിനു അവകാശപ്രദങ്ങളല്ലാത്തവയും ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇതിനു വിപരീതങ്ങളായിട്ടുള്ള സ്‌മൃതി ഗ്രന്ഥങ്ങൾ ലോകത്തിൽ ഗണ്യമായ നിലയെ പ്രാപിക്കയില്ല. മനു, പരാശരൻ മുതലായവരുടെ സ്‌മൃതികൾ അപ്രശസ്തങ്ങളും അനനുകാര്യങ്ങളുമായ  വിധികളുടെ കൂട്ടിക്കലർപ്പ്  നിമിത്തം  പ്രായേണ  ദുഷിച്ചു പോയിട്ടുണ്ടെങ്കിലും,  അവയിലെ  ശ്രേഷ്ഠങ്ങളായ  കല്പനകൾ  ഇന്നും  ജനങ്ങൾക്ക്  ആദരണീയങ്ങളായിട്ട് തന്നെ തീർന്നിരിക്കുന്നു. സ്‌മൃതികൾ ഇതിനു വിപരീതങ്ങളായി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം തൽക്കർത്താക്കന്മാരുടെ  ഹൃസ്വദർശിത്വമാണെന്നുള്ളതിനു  സംശയമില്ല. (എന്നാൽ പുരാതനമായിട്ടുള്ള സ്‌മൃതി ഗ്രന്ഥങ്ങൾ ............................. മട്ടിൽ കഴിയുകയാണെല്ലോ. ഒരു സമുദായത്തിന്‍റെ പൊതുവെയുള്ള ആചാരാനുവർത്തനത്തിൽ നിന്നു സിദ്ധിക്കേണ്ടതായ അഭിവൃദ്ധിയ്ക്കു പ്രസ്തുത സമുദായം അനർഹമായിത്തീർന്നിരിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ആത്മീയങ്ങളും, ലൗകികങ്ങളും ആയ രണ്ടുവിധം കൃത്യങ്ങളിൽ ഒന്നാമത്തേതിൽ ഈ സമുദായം കേവലം അലസമായിത്തന്നെയാണ് വർത്തിക്കുന്നത് എന്ന് നിരാക്ഷേപം അഭിപ്രായപ്പെടാവുന്നതാണ്. അതിന്‍റെ ശാഖകളും രണ്ടാമത്തവയും ആയ ലൗകിക കൃത്യങ്ങൾ അവശ്യം അനുഷ്ഠിക്കപ്പെടേണ്ടയാണെങ്കിലും നിയമത്തിന്‍റെ  അഭാവം വിഷയത്തിൽ സമുദായാംഗങ്ങളുടെ തോന്ന്യാസത്തിനു  നിദാനമായിത്തീർന്നിരിക്കുന്നു. സമാജങ്ങൾ കൂടുകയും പ്രസംഗങ്ങൾ  പൊടിപൊടിക്കുകയും  അഭിപ്രായങ്ങൾ  പുറപ്പെടുവിക്കുകയും ചെയ്യുന്നത്  കൊണ്ട്  മാത്രം  കൃതകൃത്യന്മാരായി  തീരുന്നതിനാണ്  സമുദായ പ്രതിനിധികൾ  സന്നദ്ധന്മാരാകുന്നതെങ്കിൽ, ആയത് അർത്ഥശൂന്യമായ  ഒരു വെറും വിനോദമെന്നല്ലാത അതിലധികമൊന്നും അതിനെക്കുറിച്ച്‌ വിചാരിക്കുവാൻ തരമില്ല. നിയമങ്ങൾ പാസ്സാക്കപ്പെടുന്നതു ഫലിക്കണമെന്നുണ്ടെങ്കിൽ ജനസമുദായം അതിനെ അനുസരിക്കുന്നതിനു സന്നദ്ധമായിരിക്കണം. ഈ വിഷയത്തിൽ സമുദായപ്രതിനിധികൾക്കു, നിയമങ്ങളെ അനുസരിക്കാത്തവരിൽ ഗവർന്മേണ്ടിനെപ്പോലെ ചതുർത്ഥോപായം പ്രയോഗിക്കുന്നതിന് അർഹതയില്ലാത്ത സ്ഥിതിക്ക്, ജനസമുദായം സ്വയം അംഗീകരിക്കത്തക്ക വിധത്തിൽ നിയമങ്ങൾക്കു യോഗ്യതയുണ്ടായിരിക്കണമെന്നുള്ളത് നിരാക്ഷേപമാകുന്നു. ഉത്താനബുദ്ധികളായ പരിഷ്കാരഭ്രാന്തന്മാർ സമുദായത്തിന്‍റെ ബാഹ്യവൃത്തികളെ മാത്രം ആസ്പദപ്പെടുത്തിയോ അതിന്‍റെ വല്ല മൂലയോ, മുക്കോ നോക്കി കാര്യങ്ങളെ വേണ്ടവിധം ധരിക്കാതേയോ, ഉദ്ഘാടനം ചെയ്യുന്ന അന്തസ്സാരശൂന്യവും, അടുത്ത ഭാവിയിൽ അനർത്ഥാവഹമായി തീരാവുന്നവയും ആയ ആചാരപദ്ധതിയിൽ കൂടി ചരിക്കുന്നതിനേക്കാൾ, അർത്ഥമില്ലാത്തവയെങ്കിലും കാലപ്പഴക്കം കൊണ്ട് സമുദായ ഗതിയോട് ഒരു വിധം ഇണങ്ങിപ്പോരുന്ന വല്ല അന്ധ പരമ്പരയേയും ആശ്രയിച്ചു ജീവിച്ചു കൊള്ളാമെന്നു ജനങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ അതിനെപ്പറ്റി അത്ഭുതപ്പെടേണ്ടതില്ലല്ലൊ. സമുദായാഭൃുദയത്തെ സംബന്ധിച്ചിടത്തോളം മേൽവിവരിക്കപ്പെട്ട രണ്ടു മാർഗ്ഗങ്ങളും യാതൊരു പ്രയോജനവും ചെയ്യുകയില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഉത്തമമായ ഒരു ആചാര പരിപാടിയെ ദൃഢമായി ആശ്രയിക്കാതെ ഒരു സമുദായവും മുന്നോട്ടു വന്നിട്ടില്ലെന്നുള്ളതിനു സമുദായ ചരിത്രങ്ങൾ വേണ്ടവിധം തെളിവു തരുന്നുണ്ട്. ഇങ്ങനെയിരിക്കെ കേരളീയ നായർ സമുദായം പല സമുദായങ്ങൾക്കും ഈ വിഷയത്തിൽ ഋണപ്പെട്ട് കഷ്ടപ്പെടാതിരിക്കത്തക്ക വിധത്തിൽ പ്രശസ്തമായ ഒരു ആചാരപദ്ധതിയെ പ്രതിപാദിക്കുന്ന ഒരു സ്‌മൃതിഗ്രന്ഥം നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. സമുദായ പ്രതിനിധികൾ ആചാരങ്ങളെ സംഹരിക്കുന്നതിനോ, മാറ്റുന്നതിനോ, മറിയ്ക്കുന്നതിനോ ഒക്കെ ആയിട്ട് പ്രസംഗശാലകളെ മുഴക്കുന്നതിൽ നിന്ന് സിദ്ധിക്കുന്നതിനേക്കാൾ  മഹത്തായ ഫലം ഇതുകൊണ്ട് ഉണ്ടാകാതെയിരിക്കയില്ല. ഈ  സ്‌മൃതിഗ്രന്ഥത്തിന്‍റെ  പ്രസാധകത്വം സർവ്വസമ്മതനായ ഒരു മഹാശയനിൽ സമർപ്പിക്കേണ്ടതാണ് . (*)missing 
You May Also Like