കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on August 08, 1906
  • Svadesabhimani
  • By Staff Reporter
  • 52 Views

പുനലൂർ ഡിസ്പെൻസറിയെ നിറുത്തൽ ചെയ്തിരിക്കുന്നു. 

ജസ്റ്റിസ് മിസ്റ്റർ ഹണ്ട് ഒരാഴ്ച ഒഴിവ് വാങ്ങി മദിരാശിക്കു പോയിരിക്കുന്നു. 

തിരുവിതാംകൂർ ലാ റിപ്പോർട്ടുകളെ വീണ്ടും അച്ചടിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. 

ചങ്ങനാശേരി അസിസ്റ്റൻ്റ് സർജൻ മിസ്റ്റർ ഡീയാസ്സ് 15 ദിവസത്തെ ഒഴിവ് വാങ്ങിയിരിക്കുന്നു. 

കൊച്ചി രാജാവവർകൾ ഇന്ന് വൈകുന്നേരം (കുറ്റാലത്ത് നിന്നു) കൊല്ലത്ത് മടങ്ങി എത്തുന്നതാണ്. 

വർക്കലക്കടുത്ത് വെച്ച് കഴിഞ്ഞ ബുധനാഴ്ച വയ്യിട്ട് ഒരു വലിയ അടികലശൽ നടന്നതായി അറിയുന്നു. 

ആറ്റിങ്ങൽ റെവറണ്ട് ആസ്ബോൺ സായിപ്പിൻ്റെ ആട് മോഷ്ടിച്ച ഒരുവൻ തൂങ്ങിച്ചത്തിരിക്കുന്നുവത്രേ. 

മാവേലിക്കരെ സബ്-ഡിവിഷൻ ഓവർസീയർ മിസ്റ്റർ വെങ്കിട്ടസുബ്ബയ്യരെ തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുന്നു. 

ചേർത്തല തഹശീൽ മജിസ്ട്രേറ്റ് മിസ്റ്റർ അനന്തരാമൻപിള്ളയ്ക്ക് അടുത്തൂൺ കൊടുത്തു ഉടൻ പിരിക്കുമെന്നറിയുന്നു. \

വിഴിഞ്ഞത്തുള്ള റോമൻ കത്തോലിക്ക പള്ളിയിൽ നിന്നു രണ്ടായിരം രൂപ വില വരുന്ന സാമാനങ്ങൾ ആരോ കളവു ചെയ്തിരിക്കുന്നു. 

അമ്പലപ്പുഴ ചീഫ് തഹസീൽ മിസ്റ്റർ വേലുപ്പിള്ള ബി. എ യെ ചീഫ് ഇഞ്ചിനീയർ ആപ്പീസിൽ ഹെഡ് ക്ലാർക്കാക്കാൻ ഇടയുണ്ടത്രേ. 

പുതിയ ദിവാൻ മിസ്റ്റർ ഗോപാലാചാര്യർ നാളെ തിരുവനന്തപുരത്ത് എത്തുന്നതാണെന്ന് "വെസ്റ്റേൺ സ്റ്റാർ" പറയുന്നു. 

തിരുവനന്തപുരം താലൂക്ക് കച്ചേരിയിൽ ഒരു ഡിപ്യൂട്ടി തഹസീൽദാരെക്കൂടെ നിയമിക്കുവാൻ പേഷ്കാർ ശിപാർശി ചെയ്തിരിക്കുന്നു. 

തോവാള സബ്- ഡിവിഷൻ അസിസ്റ്റൻ്റ് ഇഞ്ചിനീയർ മിസ്റ്റർ അനന്തനാരായണയ്യരെ മാവേലിക്കരയ്ക്കു മാറ്റിയിരിക്കുന്നു. 

നാഗർകോവിലിലെ രക്ഷാസൈന്യം വക ആശുപത്രിക്കായി മഹാരാജാവു തിരുമനസ്സുകൊണ്ടു് 500 രൂപാ സംഭാവന ചെയ്തിരിക്കുന്നു. 

തിരുവനന്തപുരത്ത് ഭദ്രദീപപ്പുരയിൽ നിന്നും ഏതാനും തുണി മോഷണം ചെയ്ത രണ്ടു ബ്രാഹ്മണരെ ചാല പോലീസുകാർ ചാർജ്ജ് ചെയ്തിരിക്കുന്നു. 

മിസ്റ്റർ സി. രാഘവാചാരി ബി. ഏ യെ തിരുവനന്തപുരം പട്ടണ പരിഷ്കരണ സഭയുടെ എക്സ്. അഫീഷ്യോ വൈസ് പ്രെസിഡൻ്റാക്കിയിരിക്കുന്നു. 

ഒഴിവുള്ള ജില്ലാ സർക്കാർ വക്കീൽ വേല ഹൈക്കോടതി ക്ലാർക്ക് പി. വി. കോവിലപ്പിള്ള ബി. ഏ. ബി. എൽ അവർകൾക്ക് കിട്ടുവാൻ ഇടയുണ്ടു പോൽ. 

മരിച്ചുപോയ മിസ്റ്റർ നീലകണ്ഠപ്പിള്ള ബി. ഏക്ക് പകരം, പരവൂർ മജിസ്റ്റ്രേറ്റായി മിസ്റ്റർ കെ. പത്മനാഭൻതമ്പി, ബി. ഏ യെ സ്ഥിരപ്പെടുത്തുമെന്നറിയുന്നു. 

തടവ് ചാടിപ്പോയ വെള്ളാണി പരമു എന്ന അക്രമിയെ പാളയം പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ കുമാരപ്പിള്ള, നീറമൺകരെ വച്ച് വീണ്ടും പിടിച്ചു ബന്ധിച്ചിരിക്കുന്നു. 

തിരുവനന്തപുരം നേറ്റിവ് ഹൈസ്കൂൾ വാധ്യാരായ വൈക്കം എൻ. നാരായണപ്പിള്ള അവർകൾ ബി. ഏ യെ കോട്ടാർ ഹൈസ്കൂളിൽ ഒരസിസ്റ്റൻ്റായി സ്വീകരിച്ചിരിക്കുന്നു. 

'കൊല്ലം പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ നാരായണൻ ഉണ്ണിത്താനെ കരുനാഗപ്പള്ളിക്കും, അവിടെ നിന്നു മിസ്റ്റർ പത്മനാഭപിള്ളയെ കൊല്ലത്തേക്കും  മാറ്റിയിരിക്കുന്നു. 

മിസ്റ്റർ വി. നാഗമയ്യർ ബി. ഏ. എഴുതിത്തീർത്തിരിക്കുന്ന സ്റ്റേറ്റ് മാന്വെൽ പുസ്തകത്തെ മലയാളത്തിൽ തർജ്ജമ ചെയ്യാൻ മിസ്റ്റർ കെ. ചിദംബര വാധ്യാർ ബി. എ ഏറ്റിരിക്കുന്നു. 

മരിച്ചുപോയ മിസ്റ്റർ ഐ. എച്ച് പ്രിൻസ് (സർക്കാർ വക്കീൽ) സായിപ്പിൻ്റെ മകൾക്ക്, ഗവര്‍ന്മേണ്ടില്‍നിന്ന് മാസന്തോറും 30 ക വീതം ശാശ്വതമായ പെൻഷൻ അനുവദിച്ചിരിക്കുന്നു. 

ആരുവാമൊഴി ഹേഡ് കാൺസ്റ്റബിൾ മിസ്റ്റർ മാതേവൻപിള്ളയ്ക്ക് കുഷ്ഠരോഗമുണ്ടെന്ന് സംശയിച്ചു്, മെഡിക്കൽ ബോർഡ് പരിശോധിച്ചതിൽ, ആ രോഗം ഇല്ലെന്ന് കണ്ടിരിക്കുന്നുവത്രെ. 

ഈയിടെ തിരുവനന്തപുരത്തു പേട്ട പോലീസ് സ്റ്റേഷനിൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പരിശോധനയ്ക്കുചെന്നതില്‍ ഇഞ്ചാര്‍ജ്ജിനെ കണ്ടില്ലെന്നു കോൺസ്റ്റബിൾമാരെ മടുപ്പുകൂടാതെ കണ്ടുവെന്നും അറിയുന്നു.

പുതിയ പക്ഷികളുടെ മാതൃകകള്‍ തേടി......കുളത്തുപ്പുഴ മുതലായ ദിക്കുകളിലേക്കു പോയിരുന്ന കാഴ്ചബങ്കളാ ടാക്സി ഡെർമിസ്റ്റ് മിസ്റ്റർ ശങ്കരനാരായണപിള്ള ഏതാനും മാതൃകകളോടേ മടങ്ങി എത്തിയിരിക്കുന്നു.

വർക്കലയ്ക്കടുത്തുണ്ടായ അടികലശൽ കേസ്സിൽ കുറ്റക്കാരനായി സംശയിക്കപ്പെട്ടിട്ടുള്ള ഒരു ഈഴവൻ്റെ വകയായ ജവുളിക്കടയിൽ ആരുമില്ലാത്ത സമയം, രണ്ടുനാളിനു മുമ്പ്, കള്ളന്മാർ കടന്നു കുറെയേറെ ചരക്കുകൾ മോഷ്ടിച്ചിരിക്കുന്നതായി അറിയുന്നു. 

ചാലയിൽ ഒരു തുണിക്കച്ചവടക്കാരൻ പീടികയിൽ വച്ച് ലൈസൻസ് കൂടാതെ മദ്യം, ചാരായം മുതലായവ വിറ്റുവരുന്നതായി, ഏലമലയിലെ ഒരു അബ്കാരി ശിപായി, യദൃച്ഛയാ കണ്ടുപിടിച്ചു് മേലാധികാരികളെ ഏല്പിച്ചു്, കേസ്സ് ചാർജ് ചെയ്തിരിക്കുന്നു. 

ആലപ്പുഴ സെഷൻസ് കോടതിയിൽ നിന്നു അപ്പീലിൽ വന്ന ഒരു കൊലക്കേസ്സിനെപ്പറ്റി ചീഫ് ജസ്റ്റീസും മിസ്റ്റർ പത്മനാഭയ്യരും തമ്മിൽ ഭിന്നാഭിപ്രായങ്ങൾ പുറപ്പെടുവിക്കയാൽ, മിസ്റ്റർ ജസ്റ്റീസ് ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തിന് ആവശ്യപ്പെട്ടിരിക്കുന്നു. 

തൻ്റെ അവകാശത്തെയും യോഗ്യതയെയും ഗണിക്കാതെ, പുറമേ നിന്നു് രണ്ടുപേരെ അസിസ്റ്റൻ്റ് ഇഞ്ചിനീയർമാരായി വരുത്തി, ഉദ്യോഗക്കയറ്റം കൊടുത്തതിനെ സംബന്ധിച്ച് സബ്-ഇഞ്ചിനീയർ മിസ്റ്റർ കെ. താണുപിള്ള ബോധിപ്പിച്ച പരാതി ഹർജിയെ ചീഫ് ഇഞ്ചിനീയർ നിരാകരിച്ചിരിക്കുന്നുവത്രെ. 

എക്സൈസ് കമ്മിഷണരുടെ ആഫീസിൽ ക്ലാർക്കായിരുന്ന കൊട്ടാരക്കര കൃഷ്ണപിള്ള ബി. ഏ. എന്ന യുവാവ് ഈയിടെ വിഷജ്വരത്താൽ ജെനറൽ ആശുപത്രിയിൽ കിടന്ന് മരിച്ചുപോയിരിക്കുന്നു. വിനയാദി സൽഗുണങ്ങളാൽ വിശേഷിക്കപ്പെട്ടിരുന്ന ഈ ചെറുപ്പക്കാരൻ്റെ അകാല വിയോഗത്തിൽ ഞങ്ങൾ നിർവ്യാജം സഹതപിക്കുന്നു. 

തിരുവനന്തപുരം ജില്ലാസർക്കാർ വക്കീലായ മിസ്റ്റർ വീരരാഘവാചാരിയെ ഹെഡ്- അസിസ്റ്റൻ്റ് സർക്കാർ വക്കീലാക്കിയതിനാൽ ഉള്ള ഒഴിവിന് മിസ്റ്റർ കുടിപെരിയ,  മിസ്റ്റർ വി.എസ്. സുബ്രഹ്മണ്യയ്യര്‍ മുതലായ പല ഹൈക്കോടതി വക്കീലന്മാർ അപേക്ഷിച്ചിട്ടുള്ളതായി അറിയുന്നു.  


 


 

 

You May Also Like