വെടി-ആയുധ ബിൽ

  • Published on June 06, 1908
  • By Staff Reporter
  • 476 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂറിൽ, ബഹുജനങ്ങളെ ഉപദ്രവിക്കുന്നതിന് തക്കതായ നിയമങ്ങൾ എഴുതിക്കൊണ്ടു വരുവാൻ പുറപ്പെടാറുള്ളത്, ഗവർമ്മേണ്ട് സർവീസിലിരുന്ന് ശരീരത്തിന് വാർധക്യവും ബുദ്ധിക്ക് ക്ഷീണതയും ഭവിച്ച ഉദ്യോഗസ്ഥന്മാരാണല്ലൊ എന്ന് ഞങ്ങൾ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. മിസ്റ്റർ വി.പി. മാധവരായർ ദിവാൻജിയായിരുന്ന കാലത്ത്, ഭൂനികുതി സംബന്ധമായ ഒരു കഠിന നിയമം എഴുതി ജനങ്ങൾക്ക് മനശ്ശല്യമുണ്ടാക്കിയ മിസ്റ്റർ ടി. രാജാരാമരായരുടെ ബുദ്ധിചാപലം, ബഹുജനങ്ങളുടെ പ്രതിവാദങ്ങളാൽ, താനേ അടങ്ങീട്ട് വളരെക്കൊല്ലം കഴിഞ്ഞിട്ടില്ല. അതേ കർത്താവു തന്നെ, ബഹുജന പ്രതിനിധികളായ വർത്തമാനപത്രങ്ങളുടെ സ്വാതന്ത്ര്യത്തെ തടയുവാൻ, മിസ്റ്റർ കൃഷ്ണസ്വാമിരായരുടെ കാലത്ത് ഒരു ബിൽ പ്രയോഗിച്ചതും, അതിന്‍റെ വിഷമയങ്ങളായ അംഗങ്ങൾ ഛേദിക്കപ്പെട്ട് അത്, വിഷപ്പല്ലു പറിച്ച സർപ്പമായി അടങ്ങിയതും നമുക്ക് അറിവുള്ളതാണല്ലൊ. മിസ്റ്റർ രാജാരാമരായരുടെ പിൻഗാമിയായി പുറപ്പെട്ടിരിക്കുന്നത്, കൊല്ലം ഡിവിഷൻ കാര്യവിചാരത്തിൽ പിൻവാഴ്ചയേറ്റിട്ടുള്ള മിസ്റ്റർ വി. ഐ. കേശവപിള്ള ആണെന്ന് അദ്ദേഹത്തിന്‍റെ ഈയിടെയുള്ള വെടി-ആയുധ-ബിൽ പ്രയോഗത്താൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മിസ്റ്റർ കേശവപിള്ളയുടെ ബില്ലുകൊണ്ടുള്ള വിശേഷമായ ഉദ്ദേശ്യം, എന്തെന്ന് വ്യക്തമാകുന്നില്ലാ. ബ്രിട്ടീഷ് ഇന്ത്യയിൽ വെടി ആയുധങ്ങൾ കൈവശം വൈക്കുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേകം നിയന്ത്രണം ചെയ്തിട്ടുള്ളതുകൊണ്ട്, തിരുവിതാംകൂറിലും ആവശ്യമെന്നാണ് യുക്തി എന്ന് തോന്നുന്നു. തിരുവിതാംകൂർ ഗവര്‍ന്മേണ്ട്, ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിനെപ്പോലെ, ആയോധന നയങ്ങളിൽ താല്പര്യം വച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലാതിരിക്കെ, പ്രജകൾ വെടിയായുധങ്ങൾ ശേഖരിച്ച് ഗവര്‍ന്മേണ്ടിന് വിരോധമായി പ്രവർത്തിക്കുമെന്ന് ശങ്കിക്കുവാൻ അവകാശമില്ലാത്തതാകുന്നു. തിരുവിതാംകൂറു തന്നെ, മൂന്നിൽ രണ്ടുഭാഗവും വനങ്ങളാൽ നിറയപ്പെട്ട രാജ്യമാണ്. ജനങ്ങളിൽ അനേകം പേർ നായാട്ടു കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്നവരാണ്. മലങ്കൃഷി ചെയ്യുന്നതിന്, ദുഷ്ട മൃഗങ്ങളുടെ ശല്യത്തെ തടുക്കുവാനും, പോലീസ് സൈന്യത്താൽ അരക്ഷിതങ്ങളായ സ്ഥലങ്ങളിൽ, കവർച്ചക്കാർ തുടങ്ങിയ അക്രമികളെ നിരോധിക്കുവാനും, ചില പ്രദേശങ്ങളിലെ ജനങ്ങൾക്ക് തോക്കിന്‍റെ ഉപയോഗം നിത്യാവശ്യമായി തീരുന്നുണ്ട്. ഇങ്ങനെയിരിക്കെ, ജനങ്ങൾക്ക് രക്ഷാമാർഗ്ഗമായ തൊക്കിന്‍റെ ഉപയോഗത്തെ തടയുന്നത്, വളരെ ദോഷകരമായിട്ടുള്ളതാകുന്നു. ഈ നാട്ടിലെ തോക്കുകൾ, എത്രയോ പ്രാചീന സമ്പ്രദായത്തിലുള്ളവയാണ്! അവയെ പരിഷ്‌കൃത സമ്പ്രദായത്തിലുള്ള വെടിയായുധങ്ങളെപ്പോലെ ഭയങ്കരങ്ങളായി കരുതുവാൻ അവകാശമില്ലാ. മറുനാടുകളിൽ നിന്നു വെടി ആയുധങ്ങൾ വരുത്തുന്നതിനെ തടുക്കുവാൻ ഗവര്‍ന്മേണ്ടിന് അധികാരം വേണ്ടതു തന്നെയാണ്. എന്നാൽ, ജനങ്ങളുടെ കാലക്ഷേപ മാർഗ്ഗങ്ങൾക്ക് അവശ്യം ഉപയോഗപ്പെടുന്ന നാട്ടുതോക്കുകളെ ഉണ്ടാക്കുകയും കൈവശം വയ്ക്കയും ഉപയോഗിക്കയും ചെയ്യുന്നതിനെ ഗവര്‍ന്മെണ്ട് വിരോധിക്കുന്നതായാൽ, ബ്രിട്ടീഷ് മലബാറിലെ ജനങ്ങൾ ഇപ്പൊൾ അനുഭവിക്കുന്ന വിധം വളരെ സങ്കടങ്ങൾ, ഈ നാട്ടുകാർക്കും ഉണ്ടാകുന്നതാണ്. രാജഭക്തന്മാരും സമാധാന ശീലരുമായ തിരുവിതാംകൂർ ജനങ്ങൾക്ക് ഇങ്ങനെയൊരു സങ്കടം നേരിടുവിക്കാതിരിക്കാൻ ഗവര്‍ന്മേണ്ട് ശ്രദ്ധ വയ്ക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.   

You May Also Like