വ്യവസായോജ്ജീവനം

  • Published on March 28, 1908
  • By Staff Reporter
  • 638 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

സർക്കാർ ജീവനങ്ങളിലും, വക്കീൽവേലയിലും ഏർപ്പെട്ട് ഏറെക്കുറെ ചെലവിനു മതിയാകാത്ത ആദായം പറ്റിക്കൊണ്ട് ജീവിത ക്ലേശമനുഭവിക്കുന്നതിൽ ഭേദം, ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായോജ്ജീവനത്തിനായി പ്രയത്നിക്കയാണ് പഠിപ്പേറിയ യുവജനങ്ങൾ ചെയ്യേണ്ടത്, എന്ന്, മിസ്റ്റർ ശങ്കരൻ നായർ തൻ്റെ കോൺവോക്കേഷൻ പ്രസംഗത്തിൽ വളരെ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. ചെറുപ്പക്കാരുടെ ബുദ്ധിസാമർത്ഥ്യത്തെ മേശകളുടെ പിറകേ മറവു ചെയ്യുന്നതിന്, ജനങ്ങൾക്കുള്ള താല്പര്യം ഏതു പ്രകാരത്തിലാണ് ഇത്ര ശോച്യമായ നിലയിൽ വർദ്ധിച്ചത് എന്നുള്ള സംഗതിക്ക് മിസ്റ്റർ നായർ ഏറെ യുക്തിയുക്തമായ സമാധാനം തന്നിരിക്കുന്നു. കച്ചവടമോ മറ്റു തൊഴിലോ ചെയ്യുന്നത് ഗർഹണീയമെന്നോ മാനഭംഗമുണ്ടാക്കുന്നതെന്നോ തോന്നിയത്, സർവകലാശാലയുടെ ആദ്യ കാലങ്ങളിൽ ഗ്രാഡ്വേറ്റ് പദങ്ങളെ സമ്പാദിച്ചവർ ബ്രാഹ്മണരോ, അവരെ പോലെ, കച്ചവടം മുതലായ തൊഴിലുകളെ ജാത്യാവർജ്ജിച്ചിരുന്ന ഇതരവർഗ്ഗക്കാരോ ആയിരിക്കയാലായിരുന്നു എന്നാണ് മിസ്റ്റർ നായർ അഭിപ്രായപ്പെടുന്നത്. പുരാതന കാലം മുതൽക്കു തന്നെ, ഇന്ത്യാരാജ്യത്ത് പഠിത്തം, വ്യാപാരം, കൂലിവേല എന്നിവ, ജാത്യാചാരങ്ങളാലും മതനിബന്ധനകളാലും പ്രത്യേകം വർഗ്ഗക്കാർക്കായി വ്യവസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതാതു പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവർ, അന്യ പ്രവൃത്തികളിലേക്ക് തുനിയുകയോ, അന്യന്മാരെ സ്വപ്രവൃത്തികളിൽ ഉൾപ്പെടുത്തുകയോ ചെയ്തിരുന്നില്ലാ. എന്നാൽ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻെറ പ്രചാരത്താൽ, ഈ നിലമാറുകയും, ആർക്കും അക്ഷരാഭ്യാസം ചെയ്യാമെന്നും, യാതൊരു പ്രവൃത്തിയും പ്രത്യേകമൊരു വർഗ്ഗക്കാർക്കായി വ്യവസ്ഥാപിച്ചിട്ടില്ലെന്നും ബോധപ്പെടുകയും ചെയ്‌കയാൽ, ഏതു പ്രവൃത്തിക്കും അതാതിനു വേണ്ട ബുദ്ധിസാമർത്ഥ്യമുള്ള ആരേയും ഏർപ്പെടുത്താമെന്നു വന്നിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഇരുന്നിട്ടും, ഗ്രാഡ്വേറ്റുകളായ യുവജനങ്ങൾ, തൊഴിലുകളെ ഉപേക്ഷിച്ചിട്ട് സർക്കാർ ജീവനത്തെ തേടുന്നതിനു കാരണമെന്താവാം? ആദ്യ കാലങ്ങളിൽ ഗ്രാഡ്വേറ്റുകളായി വന്നവർ ഏറിയ കൂറും ബ്രാഹ്മണരായിരുന്നു. അവർക്കു കൈത്തൊഴിലോ മറ്റു വേലയോ ചെയ്യുന്നതിന് ഏർപ്പെടാൻ തീരെ മനസ്സില്ലായിരുന്നു. ഇപ്പൊഴും, ബ്രാഹ്മണർ തന്നെയാണ് അധികമായി ഗ്രാഡ്വേറ്റ് പദങ്ങളേ ലഭിക്കുന്നവരെന്നു കണ്ടിരിക്കുന്നു. ഇക്കുറി തന്നെ, ബി. എ. വിജയികളായ 445 ഹിന്തുക്കളിൽ, ബ്രാഹ്മണരല്ലാത്തവർ 82 പേർ മാത്രമേ ഉള്ളൂ; ശേഷം 363-പേരും ബ്രാഹ്മണരാണ്. ബീ. എ. മുതലായ പദങ്ങളെ ലഭിച്ച ബ്രാഹ്മണർ വ്യവസായങ്ങളെ വിട്ടു സർക്കാർ ജീവനത്തിൽ കടന്നതിനെത്തന്നെ, ഇതരന്മാരും അനുകരിച്ചതു നിമിത്തം, ഇന്ത്യയിലെ പുരാതന തൊഴിലുകൾ അധഃപതിക്കുവാൻ സംഗതിയായിരിക്കുന്നു. ഒരു തൊഴിലാളി തൻ്റെ പുത്രന്മാരെ വിദ്യാഭ്യാസം ചെയ്യിച്ച്, വിരുതു സമ്പാദിപ്പിക്കുമ്പോൾ, അവരുടെ പഠിപ്പു യോഗ്യത കൊണ്ട് തൊഴിലിനെ പരിഷ്‌കാരപ്പെടുത്തി നടത്താൻ കഴിയുമെന്നിരിക്കെ അവരെ, അതിനെ വിട്ട് സർക്കാർ ജോലിക്കു പുറപ്പെടുവിക്കുന്നതായാൽ തൊഴിലിന് താഴ്ച വരുന്നത് സംഭാവ്യം തന്നെയല്ലോ: യൂറോപ്പിലായിരുന്നു എങ്കിൽ, ഉണ്ടിയൽക്കച്ചവടം, വ്യാപാരം, കൈത്തൊഴിൽ മുതലായവയ്ക്ക് വിനിയോഗിക്കപ്പെടുമായിരുന്ന ഒട്ടു വളരെ പണം, ഈ നാട്ടിൽ സർക്കാർ ജീവനഭ്രമം നിമിത്തം, തൊഴിലിനായി മുടക്കാതെ വെറുതേ അന്യ മാർഗ്ഗങ്ങളിൽ ചെലവാക്കുന്നുണ്ട്. ഇതിൻെറ ഫലമെന്താണ്? മിസ്റ്റർ നായരുടെ അഭിപ്രായത്തിൽ "ഇതിൻെറ ഫലം, നാട്ടുകാർ ദരിദ്രരായതു മാത്രമല്ലാ; പാശ്ചാത്യന്മാരുടെ ഉദ്യമങ്ങളോടു കിടനില്പാൻ കഴിയാതെ നാട്ടുതൊഴിലുകൾ നശിക്കയും, അതാതു തൊഴിലിലേക്കായി ശീലിച്ച ശത്തിയും, ബുദ്ധിയും ഇല്ലാതാവുകയും ചെയ്തു". സർക്കാർ ജീവനങ്ങളിൽ പ്രവേശിക്കാമെന്ന് കരുതിയാൽ, അവ അത്രയേറെ ഉണ്ടോ? ഏറെ ആളുകൾ സർക്കാർ ജീവനങ്ങൾക്കായി മത്സരിക്കുന്നുണ്ട്. ജീവനങ്ങളുടെ എണ്ണം ചുരുക്കമാണെന്നും, അവയിൽ കടക്കുന്നതിന് യത്നിക്കുന്നതിനെക്കാൾ നല്ലത് വ്യവസായങ്ങളിൽ ഏർപ്പെടുകയാണെന്നും നാം അറിഞ്ഞിരിക്കുന്നു. പഠിത്തത്തിൽ ജാഗ്രതയും സാമർത്ഥ്യവും കാണിച്ചിരിക്കുന്ന ചെറുപ്പക്കാർക്ക് ഈ വക തൊഴിലുകളിലും അതേ വിധം ജാഗ്രത്തയും നൈപുണ്യവും പ്രയോഗിപ്പാന്‍ കഴിയും. ആ ഉത്സാഹവും ബുദ്ധിയും, സർക്കാർ ജോലികളിൽ നിന്ന് വ്യാവർത്തിച്ച്, ഇന്ത്യയുടെ തൊഴിലുകളെ പരിഷ്‌കരിച്ച് അഭിവൃദ്ധിപ്പെടുത്താൻ വിനിയോഗിയ്ക്കാമെങ്കിൽ, നമുക്ക് ഈ നാട്ടിലെ വ്യവസായ വൃദ്ധിയുടെ മാർഗ്ഗദർശകന്മാരായിരിക്കുവാൻ മാത്രമല്ല, ദാരിദ്ര്യ നിവാരകന്മാരായിരിപ്പാനും കഴിയുന്നതാണെന്നായിരുന്നു മിസ്റ്റർ നായർ, ശ്രോതാക്കളായ ഗ്രാഡ്വേറ്റുകളോട് ഉപദേശിച്ചത്.   

You May Also Like