തിരുവിതാംകൂർ രാജ്യഭരണം - 1
- Published on November 18, 1908
- By Staff Reporter
- 682 Views
ഇൻഡ്യയുടെ അധികഭാഗവും ബ്രിട്ടീഷുകാരാൽ ഭരിക്കപ്പെട്ടു വരുന്നു. അവരുടെ അധീനത്തിൽ ഉൾപ്പെടാതെ പല നാട്ടുരാജ്യങ്ങളും ഇൻഡ്യയിൽത്തന്നെ ഉണ്ടെങ്കിലും ആ രാജ്യങ്ങളിലും ബ്രിട്ടീഷുകാർ രാജാധികാരം വഹിക്കാതെ ഇരിക്കുന്നില്ല. അതുകൊണ്ടു ഹിമവൽസേതുപര്യന്തമുള്ള ദേശങ്ങൾ മുഴുവനും ഒരു ബ്രിട്ടീഷ് സാമ്രാജ്യമായും ഗ്രെറ്റ് ബ്രിട്ടൻ, അയർലാണ്ട്, ആദിയായ രാജ്യങ്ങളുടെ രാജാവ് ആ ഇൻഡ്യൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായും പരിണമിച്ചിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യ ശക്തി, ഇൻഡ്യയിലെ നാട്ടുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ, ധാരാളം പ്രവേശിച്ചിട്ടില്ലെന്നു വരുകിൽ അത് നാട്ടുരാജ്യങ്ങളിൽ രാജ്യധർമ്മപരിപാലനത്തിനും പ്രജകളുടെ ക്ഷേമാഭ്യുദയത്തിനും ഒരു പ്രേരണശക്തിയായി ആ രാജ്യങ്ങളുടെ നിലനിൽപ്പിനും രക്ഷയ്ക്കും ഉപകാരപ്പെടുന്നു. ജാതിമതാചാരാന്തരങ്ങളാൽ ഛിദ്രപ്പെട്ടുപോയിരിക്കുന്ന ഇൻഡ്യയുടെ ജനാവലിയ്ക്ക്, ഏകോപിച്ചു പ്രവർത്തിക്കുവാൻ ഒരു മഹത്തായ സന്ദർഭത്തെ ഇൻഡ്യയുടെ ഏകാധിപത്യം നൽകുന്നു. വിചാരങ്ങളെ പരസ്പരം അറിയിക്കുവാൻ തക്ക ലോകമാന്യമായ ഒരു ഭാഷയും അതിൻ്റെ സാഹിത്യ സഞ്ചയവും, ഇൻഡ്യയുടെ ഉദ്ധരണോപകരണമായ അച്ചടിയന്ത്രസ്ഥാപനങ്ങളും, പശ്ചാത്യന്മാരുടെ പ്രകൃതിശാസ്ത്രതത്വങ്ങളേ അഭ്യസിപ്പിക്കുന്ന കലാശാലകളും, രാജ്യഭരണ കാര്യങ്ങളിൽ ജനപ്രതിനിധികളുടെ ശബ്ദങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രവേശനങ്ങളും, ബ്രിട്ടീഷ് സാമ്രാജ്യ ശക്തിയുടെ സാമ്രാജ്യസ്ഥാപനത്തിൻ്റെ മൂലസ്തംഭങ്ങളും, പ്രജാക്ഷേമത്തെ അഭ്യുദയിപ്പിക്കുന്ന അനുഗ്രഹങ്ങളും ആയി നിലനിൽക്കുന്നവയാണ്. ഈ അനുഗ്രഹങ്ങളിൽ വലുതായിട്ടുള്ളതും മഹത്തായ ഫലങ്ങൾക്ക് മൂലഹേതുകമായിരിക്കുന്നതും, ഇൻഡ്യക്കാരുടെ ഏകയോഗക്ഷേമത്തിനായി വേല ചെയ്യുന്നതിന്, അവർക്കുതന്നെ പ്രാപ്തിയും അവസരവും ലഭിച്ചിട്ടുള്ളതാകുന്നു. ഹിന്ദുക്കളുടെ പുരാതന കാലത്തെ രാജ്യഭരണ സമ്പ്രദായങ്ങളിൽ രാജ്യങ്ങളും, പ്രജകളും, രാജാക്കന്മാരുടെ സ്വന്തം സ്വത്തായിട്ടും, ആ സ്വത്തിൻ്റ വിനിയമനത്തിങ്കൽ ആ പ്രജകളുടെ അഭിപ്രായങ്ങളും ആലോചനകളും അനാദരണീയങ്ങളായിട്ടും ഗണിക്കപ്പെട്ടിരുന്നു.
പ്രജകളുടെ ക്ഷേമോൽപാദകങ്ങളായ നിയമങ്ങളെ ഏർപ്പെടുത്തുന്നത് രാജാവിൻ്റെ സ്വേച്ഛയെ അവലംബിച്ചിരുന്നു. പ്രജകളുടെ വ്യവസായങ്ങളുടെ ആറിലൊന്നു രാജാവു വാങ്ങി, ഇഷ്ടംപോലെ വ്യയം ചെയ്യുന്നതിന് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഈ മാതിരി തത്വങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യഭരണ സമ്പ്രദായങ്ങളാൽ ശകതിഹീനങ്ങളായി ഭവിക്കയും, അവയുടെ സ്ഥാനത്തിൽ, രാജാവിനും പ്രജകൾക്കും തമ്മിൽ ചില അവകാശങ്ങളും കടമകളും ഉള്ളതായും, രാജാവിൻ്റെ സ്വേച്ഛാപരമായ ഭരണനയങ്ങൾക്ക് പൊതുജന വിസമ്മതം ഒരു പ്രതിബന്ധമായി തീരുകയും ചെയ്തിരിക്കുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭരണനയങ്ങളുടെ സൂക്ഷ്മത്തെ ഇങ്ങനെ പരിശോധിക്കുമ്പോൾ, അവരുടെ ഭരണത്തിൽ നിന്നു ഇൻഡ്യയ്ക്കും ഇൻഡ്യക്കാർക്കും മഹത്തായും ശോഭനമായും ലോകാദരണീയമായും ഉള്ള ഒരു ഭാവിയുണ്ടെന്നും ആ ഭാവിയിലേയ്ക്ക് പാശ്ചാത്യ ഭരണസമ്പ്രദായങ്ങൾ ഇന്ത്യാക്കാരെ പ്രേരിപ്പിക്കുന്നുണ്ടെന്നും വെളിപ്പെടുന്നതാണ്.
എന്നാൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭരണനയങ്ങളുടെ അനുഗ്രഹങ്ങൾ അവരുടെ നേരിട്ട ഭരണത്തിൻ കീഴിൽ ഉള്ള പ്രജകൾ മാത്രമല്ലാ അനുഭവിക്കുന്നത്. ബ്രിട്ടീഷ് ഗവർന്മേണ്ട് സത്യത്തിനും ന്യായത്തിനും ധർമ്മത്തിനും ഉറ്റ ബന്ധുവായും അവയെ ലംഘിക്കുന്നവർക്കു പരമശത്രുവായും ഭവിച്ച് അധർമ്മം, അസത്യം, അന്യായം ഇത്യാദി മനുഷ്യരുടെ സാമുദായികമായ ജീവിതഗതിയെ മന്ദിപ്പിക്കുന്ന ദുശ്ശക്തികളെ അകറ്റുന്നതിൽ ബദ്ധശ്രദ്ധന്മാരായിരിക്കുന്നതും, ഇൻഡ്യാക്കാരുടെ ഉന്നതിയ്ക്ക് ഹേതുവായിട്ടുള്ളതു തന്നെയാണ്.
ഇപ്പൊഴും പല നാട്ടുരാജ്യങ്ങളിൽ നിന്നു പഴെയ ഭരണസമ്പ്രദായങ്ങൾ വിട്ടുപോയിട്ടില്ല. ഭരണനയങ്ങളിൽ നിന്നും അവയെ നീക്കുന്നതിന് രാജാക്കന്മാരുടെയും, അവരുടെ പ്രജകളിൽ അനർഹങ്ങളായ സൗകര്യങ്ങളെ അനുഭവിക്കുന്ന വർഗ്ഗക്കാരുടെയും പുരാതന പ്രതിപത്തി അനുവദിക്കാതെ, വലയുന്ന ദേശങ്ങളിൽ, ബ്രിട്ടീഷ് സാമ്രാജ്യശക്തിയും തൽഫലങ്ങളായ സമഭാവവും, സഹോദരഭാവവും പ്രവേശിക്കുന്നതു ആവശ്യവും വലുതായ ഉപകാരവുമാണ്. നാട്ടുരാജാക്കന്മാരുടെ ഭരണനയങ്ങളൊക്കെ ഗർഹണീയങ്ങളാണെന്ന് ഞങ്ങൾ പറയുന്നില്ല. അവ, ബ്രിട്ടീഷ് ഗവർന്മേണ്ടിൻ്റെ ഭരണനയങ്ങളെ അനുസരിച്ചും അവയോടു യോജിച്ചും ഇരിക്കുമ്പോൾ സർവപ്രകാരത്തിലും, ഉപയുക്തമുള്ളതാകുന്നു. ബ്രിട്ടീഷുകാരുമായി സഖ്യതയിലും അവരുടെ മേൽനോട്ടത്തിലും ഭരിക്കപ്പെട്ടു വരുന്ന രാജ്യങ്ങളിലും, ബ്രിട്ടീഷുകാരുടെ നയങ്ങൾ പ്രാബല്യത്തെ പ്രാപിക്കുന്നത് നമുക്കും അനുഗ്രഹമായ സംഗതിയാണ്. ഇങ്ങനെ ഭരിക്കപ്പെട്ടു വരുന്ന രാജ്യങ്ങളിലൊന്നാണ് ഈ നമ്മുടെ തിരുവിതാംകൂർ രാജ്യം. ഈ രാജ്യം, പശ്ചാത്യന്മാരുടെ നവീന സമ്പ്രദായങ്ങളെ അനാദരിക്കാതെ അവയെ ആസ്വദിച്ചുംകൊണ്ട് പുരാതന പ്രതിപത്തിയോടുകൂടി ഭരിക്കപ്പെട്ടു വരുന്നതാകുന്നു. ഈ പ്രതിപത്തിയിൽ, നമ്മുടെ ഗവർന്മേണ്ട് പ്രജകൾക്ക് സർവകാര്യങ്ങളിലും സമഭാവത്തെ നൽകുന്നതിന് നന്നെ മടിക്കുന്നു. ആ ദോഷങ്ങളെ സമ്മതിക്കുവാൻ നമ്മുടെ ഗവർന്മേണ്ട് ഒരുക്കമുണ്ടേങ്കിലും, അവയെ ഉടനടി പരിഹരിക്കാൻ തയ്യാറില്ലെന്നു പലപ്പൊഴും കണ്ടിട്ടുള്ളതാണ്. ഈ സംഗതി ദിവാൻ മിസ്റ്റർ രാജഗോപാലാചാരി കഴിഞ്ഞ ശ്രീമൂലം പ്രജാസഭായോഗത്തിൽ വായിച്ച ആരംഭപ്രസംഗത്തിലും വ്യക്തമായി പ്രകാശിക്കുന്നുണ്ട്. കഴിഞ്ഞയാണ്ടത്തെ രാജ്യഭരണചരിതസംഗ്രഹം അദ്ദേഹം പ്രജാസഭയുടെ സമ്മേളന പ്രാരംഭത്തിൽ വെളിവാക്കിയതുപോലെ നാം ഗ്രഹിക്കുമ്പോൾ പല ഗൂഢനയങ്ങളും ആ പ്രസംഗത്തിൽ മറഞ്ഞുകിടപ്പുള്ളതായി അറിയപ്പെടാവുന്നതാണു. അദ്ദേഹം തിരുവിതാംകൂറിൽ ആവിർഭവിച്ചത് രാജസേവക പ്രഭാവം അതിൻ്റെ മൂർദ്ധന്യത്തെ പ്രാപിച്ചിരിക്കുന്ന ഘട്ടത്തിലും രാജ്യഭരണത്തിൻ്റെ ക്ഷേമപരിണാമ സൂചകമായ ധനസ്ഥിതി ഏറ്റവും പരിതാപകരമായിരിക്കുന്ന അവസരത്തിലുമായിരുന്നു. ഏകദേശം പത്തു പതിനൊന്നു വർഷത്തിനു മുമ്പെ തുടങ്ങിയ കോശക്ഷയത്തെ അദ്ദേഹത്തിൻ്റെ ഒരു വർഷത്തെ ഭരണത്തിൻ്റെ ഫലം തടുത്തിരിക്കുന്നതായി അദ്ദേഹം കൃതാർത്ഥതയോടുകൂടി പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നും തിരുവിതാംകോട്ടുകാർക്ക് ഒരുവിധമായ ചരിതാർത്ഥ്യത്തിന് അവകാശം സിദ്ധിക്കുന്നുണ്ട്. രാജ്യത്തെ ഇപ്പോൾ ഭരിച്ചുവരുന്ന മൂലംതിരുനാൾ മഹാരാജാവിൻ്റെ ഭരണദശയുടെ പ്രാരംഭം തുടങ്ങി, പ്രാബല്യത്തെ പ്രാപിക്കുവാൻ ആരംഭിച്ച രാജസേവക പ്രതാപം, മാറിപ്പോയ ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ ഒരു വർഷത്തെ ഭരണകാലത്തിൽ അങ്ങേ അറ്റത്തെ നിലയിലെത്തിയിരുന്നത് നിമിത്തം പ്രജകളനുഭവിച്ച സങ്കടങ്ങൾ - രാജഭരണത്തിൻ്റെ ശോചനീയമായ ഗതി - ഹിമവൽസേതുപര്യന്തവും അവയെ അതിക്രമിച്ചും കിടക്കുന്ന ദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ ശ്രദ്ധയെപ്പോലും ആകർഷിക്കത്തക്കതായിരുന്നു. രാജസേവന്മാർ, മഹാരാജാവു എഴുന്നള്ളി താമസിക്കുന്ന വലിയ കൊട്ടാരത്തിലെ കാര്യങ്ങളിൽ എന്നുമാത്രമല്ലാ, തിരുവിതാംകൂർ ഭരണകാര്യങ്ങളിലും പ്രവേശിച്ചു അവരുടെ കുനയങ്ങളെകൊണ്ടു ഭരണകർത്താക്കന്മാരായ ഉദ്യോഗസ്ഥന്മാരെ വശപ്പെടുത്തി സേവകേച്ഛാ പ്രമാണമായി രാജ്യം ഭരിക്കപ്പെട്ടുവന്നു. അവർ അവർക്കും അവരുടെ ബന്ധുക്കൾക്കും മിത്രങ്ങൾക്കും അവരുടെ എന്തു ദുഷ്കൃത്യങ്ങൾക്കും ഹാനി വരാത്ത വിധത്തിൽ രാജ്യഭരണനയങ്ങളെ പ്രേരിപ്പിക്കുന്നതു കൊണ്ടുണ്ടാവുന്ന ദുഷ്ഫലങ്ങൾ ഇതേവരെ ശമിച്ചിട്ടില്ലെന്ന് വ്യസനത്തോടുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സേവകന്മാരുടെ വകതിരിവില്ലാത്ത ഈ പ്രതാപപ്രകടനം മഹാരാജാവിനാലാകട്ടെ മന്ത്രിയായ മിസ്റ്റർ രാജഗോപാലാചാരിയാൽ ആകട്ടെ ബ്രിട്ടീഷ് ഗവർന്മേണ്ടിനാലാകട്ടെ തടുക്കുവാൻ പാടില്ലാത്ത പാകത്തിൽ എത്തിയിരിക്കുന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്. ഇങ്ങനെ പ്രജകളിൽ ഏറിയോരു ഭാഗത്തിന്ന് മിസ്റ്റർ രാജഗോപാലാചാരിയുടെ ഭരണകാലത്തുകൂടി നിരാശപ്പെടേണ്ടി വന്നിരിക്കുന്നത് കഷ്ടാൽ കഷ്ടതരമെന്നേ പറയാനുള്ളു.
Travancore State Administration – 1
- Published on November 18, 1908
- 682 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.