എഴുത്ത്
- Published on September 18, 1908
- By Staff Reporter
- 446 Views
ഒരു ലേഖകന്‍ താഴെ പറയുന്നപ്രകാരം എഴുതിയിരിക്കുന്നു:- ഇപ്പോള്‍ നെയ്യാറ്റിന്‍കര അസിസ്റ്റന്‍റു ഇന്‍സ്പെക്ടറായിരിക്കുന്ന മിസ്റ്റര്‍ പി. കെ. മാധവന്‍പിള്ള ചെങ്ങന്നൂരില്‍ ആയിരുന്നപ്പോള്‍ ആ താലൂക്കിലെ ഇടനാടു ലോവര്‍പ്രൈമറി പള്ളിക്കൂടത്തിലേക്കു അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ വഴിയായി കൊല്ലം റെയിഞ്ചിന്‍സ്പെക്ടര്‍ ആപ്പീസില്‍നിന്ന്. മേശ, ബെഞ്ചു മുതലായ സാധനങ്ങള്‍ അയയ്ക്കപ്പെട്ടു. എന്നാല്‍ ആ സാമാനങ്ങളുടെ കൊല്ലത്തുനിന്നു ചെങ്ങന്നൂരേയ്ക്കുള്ള, ചുമട്ടുകൂലിപ്പണം റെയിഞ്ചിന്‍സ്പെക്ടരാപ്പീസില്‍നിന്നു കൊടുത്തിട്ടുള്ള പ്രകാരവും അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ മേല്പടി പള്ളിക്കൂടം ഹെഡ് മാസ്റ്റരോടു വാങ്ങീട്ടുള്ള പ്രകാരവും കാണുന്നു. രണ്ടുതരം റിക്കാഡുകളേയും പരിശോധിച്ചാല്‍ പലതും തെളിയും. അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ ഹെഡ് മാസ്റ്റരോടു വാങ്ങിയപണം എങ്ങോട്ടുപോയി എന്നു കാണിക്കുന്ന ഒരു റിക്കാഡുമില്ല. റെയിഞ്ചിന്‍സ്പെക്ടര്‍ ആപ്പീസില്‍നിന്നു അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ വാങ്ങിയതോ പള്ളിക്കൂടത്തിലേക്കു കൊടുത്തതോ ആയ സാമാനങ്ങള്‍ക്കു അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ ഒരു കണക്കും വച്ചിട്ടില്ലെന്നു മനസ്സിലാകുന്നു. റെയിഞ്ചിന്‍സ്പെകടരാപ്പീസില്‍നിന്നു മേല്പടി പള്ളിക്കൂടത്തിലേക്കു അയച്ചവയില്‍ ഒരു മേശയുണ്ടായിരുന്നതായി റിക്കാഡുകൊണ്ടറിയുന്നു, ജനങ്ങള്‍ ടി- പള്ളിക്കൂടത്തിലേയ്ക്ക് ഒരുമേശ കൊടുത്തതായും റിക്കാഡു കാണിക്കുന്നു. പള്ളിക്കൂടത്തില്‍ ഇപ്പോള്‍ ഒരുമേശയെ ഉള്ളു. മറ്റെമേശയുടെ ഒരുവിവരവും അറിവാനില്ലാ. അസിസ്റ്റന്‍റു ഇന്‍സ്പെക്ടര്‍ ടി- പള്ളിക്കൂടത്തിലേക്കു മേശ കൊടുത്തതായി ഒരു അറിവുമില്ല. മേലധികാരികള്‍ ഈകാര്യം അന്വേഷിച്ചാല്‍ നന്നായിരിക്കും.