കേരളവാർത്തകൾ

  • Published on May 09, 1906
  • By Staff Reporter
  • 731 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഡാക്ടര്‍ പുന്നന്‍ ഒഴിവുകഴിഞ്ഞു ഇടവം 5നു-യിടയ്ക്ക് ജെനറല്‍ ആശുപത്രി ചാര്‍ജ് ഏല്‍ക്കുന്നതാണ്.

 ബ്രഹ്മനിഷ്ഠാമഠം ചിത്സഭകളുടെ വാര്‍ഷികയോഗം ഈ മാസത്തില്‍ നടത്തുവാനിടയുള്ളതായി അറിയുന്നു.

 കൊല്ലം 1ാംക്ലാസ് മജിസ്ട്രേറ്റുകോര്‍ട്ടില്‍ ഫയലായിട്ടുള്ള "ബാലബോധിനി" ക്കേസ്സ് മേടം 29നു- വിചാരണയ്ക്കു വച്ചിരിക്കുന്നു.

 ഹജൂര്‍ അക്കൊണ്ടും ആഡിറ്റും ആഫീസ് മേല്‍ വിചാരത്തിനു നിയമിക്കപ്പെട്ട മിസ്റ്റര്‍ കൃഷ്ണസ്വാമിചെട്ടി മദിരാശിയില്‍നിന്ന് വന്ന് ജോലിയേറ്റിരിക്കുന്നു.

 തിരുവിതാംകൂര്‍ സര്‍ക്കാര്‍ സഹായത്തിന്മേല്‍ ഡെറാഡൂണില്‍പോയി വനശാസ്ത്രം അഭ്യസിച്ചുവന്നിരുന്ന ടി. വി സുബ്ബയ്യര്‍ അതുസംബന്ധിച്ച പരീക്ഷയില്‍ ജയം നേടിയിരിക്കുന്നു.

 പള്ളിക്കെട്ട്, അമ്പലപ്പുഴ തഹശില്‍ക്കെസ്സ് ഇവയുടെ റിപ്പോര്‍ട്ടുകള്‍ക്കായി പത്രപംക്തി അധികം ചെലവായിപ്പോകയാല്‍, താമസിച്ചു കൈപ്പറ്റിയ പല കത്തുകളും ഞങ്ങള്‍ നീക്കിയിരിക്കുന്നു.

 ജെനറല്‍ മെഡിക്കല്‍സ്റ്റോര്‍കീപ്പറായി ജോലി നോക്കിവരുന്ന മിസ്റ്റര്‍ പി. മാതേവന്‍പിള്ളയെ സ്റ്റോര്‍സൂപ്രേണ്ടായി സ്ഥിരപ്പെടുത്തണമെന്നുള്ള ഡര്‍ബാര്‍ ഫിസിഷ്യന്‍റെ ശിപാര്‍ശിയെ ഗവര്‍ന്മേണ്ട് നിരാകരിച്ചിരിക്കുന്നുവത്രേ.

.................... പോറ്റി അവർകളുടെ അധീനതയിൽ നടത്തുവാൻ  ആലോചിച്ചിരിക്കുന്ന “ആര്യ........” എന്ന പത്രഗ്രന്ഥം, തിരുവനന്തപുരത്ത് “മലബാർ മെയിൽ” അച്ചുകൂടത്തിൽ അച്ചടിപ്പിക്കുവാൻ ഏർപ്പാട് ചെയ്തിരിക്കുന്നതായി ഒരാളറിയിക്കുന്നു.

..................................എത്തിയിരിക്കുന്നുവെന്നും, ഉടൻ അടിച്ചുകൂട്ടി തയ്യാറാക്കുമെന്നും അറിയുന്നു.

 കരുനാഗപ്പള്ളിക്കാരന്‍, അരൂക്കുറ്റിച്ചവുക്കക്കണക്ക് കേശവപിള്ള എന്ന ആള്‍ ഏഴുചക്രം കൈക്കൂലിമേടിച്ചു എന്നും മറ്റും കുംഭം 5 നു-ലെ "സുജനാനന്ദിനി"യില്‍ ഒരു പത്രാധിപപ്രസംഗം ഉണ്ടായിരുന്നത് മേല്പടി കേശവപിള്ളയ്ക്കു അപകീര്‍ത്തികരമാണെന്നു കാണിച്ച് ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നുവെന്നും, കേസ്സ് കൊടുക്കാന്‍ ഭാവിച്ചിരിക്കുന്നുവെന്നും ഒരു ലേഖകന്‍ എഴുതുന്നു.

 പറവൂര്‍ ചിറക്കര മോഷണക്കേസ്സില്‍ തെളിവുണ്ടാക്കുവാന്‍ പോയിരുന്ന സ്റ്റേഷന്‍ ഹൌസ് ആഫീസര്‍ പത്മനാഭപിള്ള, കേസ്സ് തെളിയിക്കുവാന്‍ ചില പൈശാചമാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചു എന്നും മറ്റും "മലബാര്‍ മെയില്‍" പത്രം പ്രസ്താവിച്ചിരുന്നത്, തനിക്കു  അപകീര്‍ത്തികരമാണെന്നു കാണിച്ച് മേല്പടി പത്മനാഭപിള്ള പത്രം ഉടമസ്ഥരുടെയും പ്രസിദ്ധകന്‍റെയും  പേരില്‍, തിരുവനന്തപുരം 1ാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം ബോധിപ്പിച്ചിരിക്കുന്നതായി അറിയുന്നു.


 

You May Also Like