മരുമക്കത്തായ വിഭാഗം
- Published on March 14, 1908
- By Staff Reporter
- 794 Views
( എസ്സ്. പി.)
(1)
മരുമക്കത്തായ കുഡുംബങ്ങളില്‍ഭാഗം അനുവദിക്കാമോ, പാടില്ലയോ എന്നാണ് ഇനി ആലോചിക്കുവാനുള്ളത്. ഈവിഷയത്തെ ആലോചിക്കുന്നതിന് മുമ്പായി, മരുമക്കത്തായ കുഡുംബങ്ങളുടെ ഉത്ഭവത്തെപ്പററി അല്പം പ്രസ്താവിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. ഒരുസ്ത്രീയും അവളുടെ പുത്രികളും പുത്രന്മാരും ആ പുത്രികളുടെ സന്താനങ്ങളും, ഇങ്ങനെ ഒരു സ്ത്രീയില്‍നിന്ന് ജനിച്ചതായിട്ടുള്ള എല്ലാ ആളുകളും ഒരു അവിഭക്ത മരുമക്കത്തായ കുഡുംബത്തില്‍ ഉള്‍പ്പെട്ടവരായിരിക്കും. ഈ കുഡുംബത്തിലുള്ള എല്ലാ ആളുകളും ഒരേ വീട്ടില്‍ താമസിക്കണമെന്നും, ഈ കുഡുംബം വകയായുള്ള വസ്തുക്കള്‍ക്കെല്ലാം ആ കുഡുംബത്തിലുള്ള എല്ലാആളുകള്‍ക്കും തുല്യ അവകാശമുണ്ടായിരിക്കുമെന്നും, എന്നാല്‍, ഒരുത്തര്‍ക്കും പ്രത്യേകം ഓഹരി ചോദിക്കുന്നതിന് അവകാശമില്ലെന്നുമാണ് നിശ്ചയം. കുഡുംബം വകയായുള്ള വസ്തുക്കളെ കൈവശംവച്ച്. ആദായം എടുത്തുവന്നതും കുഡുംബം പരിപാലിച്ചുവന്നതും, ആ കുഡുംബത്തിലുള്ള മൂത്ത സ്ത്രീയായിരുന്നു. എന്നാല്‍, കുഡുംബം ഭരിക്കുന്നതിന് സ്ത്രീകള്‍ക്കുള്ള പ്രയാസം നിമിത്തവും, അതിലേക്കു പുരുഷന്മാര്‍ക്കുള്ള സൌകര്യം നിമിത്തവും, കുഡുംബഭരണം ചെയ്യുന്നതിനുള്ള അധികാരം ക്രമേണ മൂത്ത സ്ത്രീയെവിട്ട് ആ കുഡുംബത്തിലുള്ള മൂത്തപുരുഷന് സിദ്ധിച്ചു. ഈ മൂത്തപുരുഷനെ കാരണവര്‍ എന്നു സാധാരണയായി വിളിച്ചുവരുന്നു. കാരണവന്‍ കുഡുംബത്തിലുള്ള എല്ലാ ആളുകളേയും തുല്യമായി സ്നേഹിക്കുമെന്നും, അവരുടെയും കുഡുംബത്തിന്‍റെയും ശ്രേയസ്സിലേക്കായി എപ്പൊഴും താല്പര്യമുള്ളവനായിരിക്കുമെന്നും, വിചാരിച്ചിരുന്നു. അനന്തരവരും, കാരണവനെ വണങ്ങി കാരണവരുടെ വരുതികേട്ട് എന്നും നടന്നുകൊള്ളുമെന്നും, തങ്ങളുടെ സമ്പാദ്യങ്ങള്‍ കുഡുംബത്തില്‍ ചേര്‍ക്കുന്നതിന് എപ്പോഴും ഇഷ്ടമുള്ളവരായിരിക്കുമെന്നും, ഇങ്ങനെ കാരണവരുടെയും, അനന്തരവരുടെയും യോജിച്ചിട്ടുള്ള പ്രവൃത്തികളുടെ ഫലമായി മരുമക്കത്തായ കുഡുംബങ്ങള്‍ നാള്‍ക്കു നാള്‍ അഭിവൃദ്ധിയെ പ്രാപിച്ചുവരുമെന്നും വിചാരിക്കപ്പെട്ടിരുന്നു.
കേരളത്തില്‍ മരുമക്കത്തായം ആദ്യമായി നടപ്പായ കാലത്തായിരിക്കണം ഇപ്രകാരം വിശ്വസിച്ചിരുന്നത്. മരുമക്കത്തായ കുഡുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെ ആലോചിക്കുന്നതായാല്‍ മേല്‍ പ്രസ്താവിച്ച വിധത്തില്‍ നിന്ന് എത്രയോ ഭേദപ്പെട്ടിരിക്കുന്നു. ഒരുസ്ത്രീയില്‍ നിന്ന് ജനിച്ചവരാണെന്നും, ഒരുഅവിഭക്ത മരുമക്കത്തായ കുഡുംബത്തില്‍ ചേര്‍ന്നവരാണെന്നും സമ്മതിക്കപ്പെടുന്നവരായ അനേകം ആളുകള്‍ പ്രത്യേകം പ്രത്യേകം അനേകം ഭവനങ്ങളിലായി താമസിച്ചു വരുന്നതു വളരെ സാധാരണയായിരിക്കുന്നു. ഒരേ കുഡുംബത്തില്‍ ഒരുമിച്ചു താമസിക്കുന്നതിന് നിശ്ചയിക്കപ്പെട്ടിരുന്ന അനേകം ആളുകള്‍ അനേകം സ്ഥലങ്ങളിലായി ഇപ്പോള്‍ താമസിച്ചു വരുന്നതിന്‍റെ കാരണം എന്തായിരിക്കും എന്നന്വേഷിച്ചറിയേണ്ട സംഗതി അത്രവളരേ ആളുകള്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിന് വേണ്ടുവോളം സ്ഥലം ഒരുവീട്ടില്‍ സാധാരണയായി ഉണ്ടായിരിക്കയില്ലാ എന്നതായിരിക്കും വ്യക്തമായ കാരണം. കുഡുംബത്തിലുള്ള ഉപശാഖകള്‍ അകന്നുവരുംതോറും, അവ തമ്മിലുള്ള സ്നേഹവും ക്രമേണ കുറയുകയും അതുനിമിത്തം പ്രത്യേകം താമസമാക്കുന്നത് ഇരുശാഖക്കാര്‍ക്കും സന്തോഷമായിരിക്കയും ചെയ്യും എന്നുള്ളത് മറ്റൊരു കാരണമാണ്. ഇതുകൂടാതെ അനേകം സ്ഥലങ്ങളില്‍ വസ്തുക്കളുള്ള ഒരു കുഡുംബം പരിപാലിച്ചുകൊണ്ട് പോകുന്നതിന് ഒരു കാരണവര്‍ക്ക് സ്ഥിതി പോരാതെ വരുമ്പോള്‍ ഓരോ വീട്ടിലും തന്‍റെ കുടുംബത്തിലുള്ളവരെ കൊണ്ടുചെന്നു താമസിപ്പിക്കുകയും വീടുകള്‍ക്ക് സമീപമുള്ള കുഡുംബവകയായുള്ള വസ്തുക്കളെ **************കാലക്ഷേപം ചെയ്തുകൊള്ളുന്നതിന് കാരണവന്മാര്‍ തന്നെ ***************** കാരണങ്ങള്‍ എന്തു തന്നെയായാലും ഒരു കുടുംബത്തിലുള്ള എല്ലാ ആളുകളും ഒരുമിച്ചു താമസിച്ചു വരുന്നു എന്നുള്ളത് സുപ്രസിദ്ധമാണ്.
ഇങ്ങനെ താമസിച്ചുവരുന്ന ഒരേ കുടുംബത്തിലുള്ള അനേകം ആളുകള്‍ തങ്ങളുടെ അവിഭക്തകുടുംബത്തിലെ കാരണവനെ ദിവസവും കാണുന്നതിനുപോലും ചിലപ്പോള്‍ സാധിക്കായ്ക നിമിത്തം അവരവര്‍ താമസിക്കുന്ന വീടുകളിലുള്ള പുരുഷന്‍റെ വരുതികേട്ട് അയാളെ കാരണവനെപ്പോലെ വിചാരിച്ച് നടന്നുവരുന്നു. കാരണവരുടെ ജോലിക്കും ഇത് ഒരു വലിയ സഹായമായി തീര്‍ന്നതിനാല്‍ കാരണവരും ഈ കാര്യത്തില്‍ അത്ര ശ്രദ്ധ വയ്ക്കാറില്ലാ. ഇതു നിമിത്തം കുടുംബത്തിലുള്ള എല്ലാ ഇളമുറക്കാരെയും ഒരുപോലെ സ്നേഹിക്കുമെന്നും മററും ഊഹിക്കപ്പെട്ടിരുന്നതായ കാരണവന്‍ തന്നോടുകൂടെ താമസിക്കുന്നവരും തന്‍റെ വരുതികേട്ട് നടക്കുന്നവരും ആയ അനന്തരവരെ, മററു ശാഖക്കാരേക്കാള്‍ കൂടുതലായി സ്നേഹിക്കുന്നതിനും, അവരുടെ വസ്തു വര്‍ദ്ധിപ്പിക്കുന്നതിനും, വേണ്ടിവന്നാല്‍ മററ് ശാഖക്കാരരെ ഉപദ്രവിക്കുന്നതിനും മനസ്സുള്ളവനായി തീരുന്നതിന് ഇടയാകുന്നു. അനന്തരവരും അതുപോലെതന്നെ തങ്ങളെ സ്നേഹിക്കുന്ന ആളുകള്‍ക്കുവേണ്ടി പ്രയത്നപ്പെടുന്നതിനുമാത്രം മനസ്സുള്ളവരായും, കാരണവനെ സ്നേഹിക്കകയും ബഹുമാനിക്കുകയും ചെയ്യാത്തവരായും തീരുന്നു. കാരണവരും അനന്തരവരും തമ്മില്‍ ഈവിധം വിരോധപ്പെട്ടിരിക്കുന്നതായ മരുമക്കത്തായ കുടുംബങ്ങള്‍ അനേകം ഉണ്ട്. ഇങ്ങനെ പ്രത്യേകം താമസിക്കുന്നവരായ അനേകം ശാഖകളില്‍ ചിലതില്‍ ആളുകള്‍ വര്‍ദ്ധിക്കുക നിമിത്തം അവര്‍ക്ക് ലഭിച്ചതായ കുടുംബസ്വത്തുകൊണ്ട് കാലക്ഷേപത്തിനു പോലും മതിയാകാതെയും മററ് ശാഖകളില്‍ ആളില്ലാതെ വരുകനിമിത്തം ആവശ്യമുള്ളതിലധികം സ്വത്ത് അവരുടെ കൈവശം ഇരിക്കുന്നതായും വരുമ്പോള്‍, ഓരോ ശാഖക്കാര്‍ക്കും തമ്മില്‍ വിരോധപ്പെടുന്നതിന് പ്രത്യേക കാരണം അന്വേഷിക്കേണ്ടാ. ഓരോ ശാഖക്കാര്‍ക്കും ചെലവിനുകൊടുത്തതായ വസ്തുക്കളെ ആവശ്യംപോലെ കൂടുതല്‍ കുറവുചെയ്യുന്നതിന് കാരണവര്‍ക്കു അധികാരം ഉണ്ടെന്ന് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുവരുകിലും, ഈ അധികാരത്തെ നടത്തുന്നതിന് കാരണവര്‍ പുറപ്പെടുമ്പോളാണ് കാരണവരും ഇളമുറക്കാരരും തമ്മില്‍ രാമരാവണയുദ്ധത്തിനേക്കാള്‍ വലുതായ യുദ്ധം ഉണ്ടാകുന്നത്. ഇങ്ങനെ പ്രത്യേകം വീടുകളില്‍ താമസിച്ചുവരുന്ന ശാഖക്കാര്‍ 30 കൊല്ലത്തോളം പ്രത്യേകം താമസിച്ചും, അവരവരുടെ കാര്യാദികള്‍ അന്വേഷിച്ചും വസ്തുസമ്പാദിച്ചും, വേണ്ടിവന്നാല്‍ വസ്തുക്കള്‍ അന്ന്യാധീനംചെയ്തും ഇരിക്കുമ്പോള്‍, ആ ശാഖക്കാര്‍ തമ്മില്‍ ഭാഗതുല്യമായ വേര്‍പാട് സംഭവിച്ചിരിക്കുന്നതായി കോടതികള്‍ തീരുമാനിക്കയും ചെയ്യാം.
മലയാളകുടുംബങ്ങളില്‍ കാരണവരും ഇളമുറക്കാരും തമ്മില്‍ ഇഷ്ടമില്ലാതെ ഇരിക്കുന്നതിനുള്ള മുഖ്യകാരണം അവരുടെ ഇടയില്‍ ഭാഗംചോദിക്കുന്നതിന് കുടുംബത്തിലുള്ള ആര്‍ക്കുംതന്നെ അവകാശമില്ലെന്നുള്ളതാണെന്ന് ഞാന്‍ വിചാരിക്കുന്നു. കുടുംബത്തിലുള്ള സകല വസ്തുക്കളും കാരണവരുടെ കൈവശം ഇരിക്കേണമെന്ന് നിര്‍ബന്ധിക്കുന്നതിന് ഇപ്പോള്‍ കാരണവര്‍ക്ക് അവകാശം ഉണ്ട്. കാരണവരുടെ കൈവശംവിട്ട് അനന്തരവരുടെ കൈവശം പോകുന്നതായ വസ്തുക്കളെ വീണ്ടെടുക്കുന്നതിന് സിവില്‍ വ്യവഹാരംകൂടാതെ സാധാരണയായി സാധിക്കുന്നില്ലാ. അതിനാല്‍, കുടുംബവസ്തുക്കളെ ഇളമുറക്കാരരെ ഏല്‍പ്പിക്കുന്നതിന് കാരണവര്‍ മനസ്സില്ലാത്തവനായും തീരുന്നു. പണം സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള അനന്തരവര്‍ക്ക് കച്ചവടമോ കൈത്തൊഴിലോ കൃഷിയോ ചെയ്ത് പണം സമ്പാദിക്കുന്നതിന് അനന്തരവര്‍ക്കും അവകാശമുള്ളതായ അവരുടെ കുടുംബസ്വത്ത് ഉപയോഗപ്പെടുന്നതല്ലാ. ഈവിധമുള്ള ഏതെങ്കിലുംകാര്യങ്ങള്‍ക്ക് ഒരു ഇളമുറക്കാരന് സഹായം ചെയ്യുന്നതിനായി, ഒരു കാരണവന്‍ പുറപ്പെടുന്നതായാല്‍, ശേഷമുള്ള എല്ലാ അനന്തരവരും ആ കാരണവരെ കുടുംബദോഷിയായി ഗണിച്ച് സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നതിനായി പുറപ്പെടും. കാരണവര്‍ കുടുംബത്തിലുള്ള എല്ലാ ആളുകളേയും ഒരുപോലെ വിചാരിക്കേണ്ടതിനാലും, എല്ലാ അനന്തരവര്‍ക്കും മേല്‍ പറഞ്ഞവിധം സഹായിക്കുന്നതിന് എല്ലാ മരുമക്കത്തായ കുടുംബങ്ങളിലും വേണ്ട ധനം ഉണ്ടായിരിക്കാത്തതിനാലും, കാരണവന്മാര്‍ മേല്‍പറഞ്ഞവിധമൊന്നും പ്രവര്‍ത്തിച്ചുകാണാറില്ലാ. ഇതുകൂടാതെയും, കച്ചവടം മുതലായവയില്‍ പ്രവേശിച്ച്, പണം സമ്പാദിക്കുന്നതിന് മൂലധനവും പ്രത്യേകം വിദ്യാഭ്യാസവും ആവശ്യമാണ്. ഇതിലേക്കും കുടുംബങ്ങളില്‍നിന്ന് സാധാരണയായി സഹായംചെയ്തു കാണാറില്ലാ. സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ വേണ്ട വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ചില കാരണവന്മാര്‍ സഹായം ചെയ്തു കണ്ടിട്ടുമുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മരുമക്കത്തായ കുടുംബങ്ങളിലുള്ള അനന്തരവര്‍ക്ക് പണം സമ്പാദിക്കുന്നതിന് കൂലിവേലയല്ലാതെ വേറെ മാര്‍ഗ്ഗം മരുമക്കത്തായ നിയമപ്രകാരം അനുവദിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. (തുടരും)
Marumakkathaya Family Division
- Published on March 14, 1908
- 794 Views
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.