ഓച്ചിറ പ്രദർശനം
- Published on June 06, 1908
- By Staff Reporter
- 390 Views
ഈ വരുന്ന മിഥുനമാസം 1നു- മുതല്‍ ഒരാഴ്ചവട്ടകാലം ഓച്ചിറെവച്ചു നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന കൃഷിവ്യവസായ പ്രദര്‍ശനം, മുന്‍ കൊല്ലത്തെക്കാള്‍ വിശേഷപ്പെട്ടതായിരിക്കുമെന്ന് ഊഹിപ്പാന്‍ വഴിയുണ്ട്. പ്രദര്‍ശനത്തിന്‍റെ ഒരുമുഖ്യമായ ഭാഗമാക്കിയിരിക്കുന്നത് വ്യവസായ സംബന്ധമായ പ്രസംഗങ്ങള്‍ ആകുന്നുവല്ലൊ. കൃഷി, നെയ്ത്തു, കച്ചവടം മുതലായ തൊഴിലുകളെപ്പറ്റി അവയില്‍ പഠിപ്പുള്ളവര്‍ ഇക്കുറി പ്രസംഗിക്കുമെന്നറിയുന്നുണ്ട്. തിരുവിതാംകൂര്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആയ ഡാക്ടര്‍ എന്‍. കുഞ്ഞന്‍പിള്ള "കൃഷിപരിഷ്കരണ മാര്‍ഗ്ഗങ്ങ,,ളെക്കുറിച്ചും; ആറ്റിങ്ങല്‍ ലക്ഷ്മീഭായി നെയ്ത്തുശാലാ ഹെഡ് മിസ്ട്രസ് പങ്കി അമ്മാള്‍ നെയ്ത്തിനെക്കുറിച്ചും; നിരണം വീവിംഗ് എസ്റ്റാബ്ലിഷ്മെന്‍റ് (നെയ്ത്തുസ്ഥാപനം) വാധ്യാര്‍ "പരിഷ്കരിക്കപ്പെട്ട നെയ്ത്തു യന്ത്രങ്ങളെയും നെയ്ത്തിനെയും,, കുറിച്ചും; പരവൂര്‍ സാങ്കേതിക വിദ്യാശാല മാനേജര്‍ മിസ്റ്റര്‍ കേ. സി. ഗോവിന്ദന്‍ "കച്ചവട,,ത്തെക്കുറിച്ചും; മിസ്റ്റര്‍ കേ. പി. നാരായണന്‍ "തിരുവിതാംകൂറിലെ കൈത്തൊഴിലിനെ,, പ്പറ്റിയും; കൊല്ലം കൃഷിത്തോട്ടം സൂപ്രെണ്ട് മിസ്റ്റര്‍ പരമേശ്വര ഭട്ടതിരി കൃഷിവിഷയത്തെക്കുറിച്ചും പ്രസംഗങ്ങള്‍ ചെയ്യുന്നതാണ്. കൊല്ലത്തു വ്യവഹരിക്കുന്ന ഹൈക്കോടതി വക്കീല്‍ മിസ്റ്റര്‍ പി. കേശവപിള്ള ബി. ഏ. ബി. എല്‍, മിസ്റ്റര്‍ കേ. ആര്‍. പത്മനാഭപിള്ള എന്നിവരും ഓരോ പ്രസംഗം ചെയ്യുമെന്നറിയുന്നു. ഇവയൊക്കെക്കൊണ്ട്, ഓച്ചിറ പ്രദര്‍ശനകാലം വലിയ 'തമാശ,യായിക്കഴിയുമെന്ന് ആശിക്കാവുന്നതാണ്. കൊല്ലംതോറും നടത്തുന്ന പ്രസംഗങ്ങളെ പ്രദര്‍ശന റിപ്പോര്‍ട്ടോടുകൂടിച്ചേര്‍ത്ത് അച്ചടിച്ചു പ്രസിദ്ധമാക്കുന്നതിന്, പ്രദര്‍ശനസഭ ഉദ്യമിക്കുമെങ്കില്‍, നന്നായിരിക്കുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. പലേ ഉപദേശങ്ങളടങ്ങിയ പ്രസംഗങ്ങളെ, കാറ്റത്ത് പറത്തിക്കളയുന്നതിനെക്കാള്‍, അധികം ശാശ്വതമായ ഒരു രൂപത്തില്‍ സൂക്ഷിക്കേണ്ടത് ആവശ്യം തന്നെയാണ്.