മഹാസങ്കടം

  • Published on November 13, 1907
  • By Staff Reporter
  • 258 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                     (അയച്ചുതരപ്പെട്ടത്)

 ലോകത്തിന്‍റെ അഭിവൃദ്ധിക്ക് പ്രധാനമായ കാരണം കൃഷി കച്ചവടം കൈത്തൊഴില്‍ ഇതുകള്‍ആണെന്നുള്ളത് സര്‍വസമ്മതമാണല്ലോ. ഇവയ്ക്കെല്ലാംഅടിസ്ഥാനം വിദ്യാഭ്യാസമാണ്, വിദ്യാഭ്യാസമില്ലാത്ത ജനങ്ങള്‍ നിറഞ്ഞിരിക്കുന്നതായ ഒരു രാജ്യത്തിനെ കുറുക്കന്മാരാല്‍ അധിവസിക്കപ്പെട്ടിരിക്കുന്ന കാടിനോടുപമിക്കാനേ മാര്‍ഗ്ഗം കാണുന്നുള്ളു. തിരുവിതാംകൂര്‍ മറ്റെല്ലാരാജ്യങ്ങളേക്കാള്‍ വിദ്യാഭ്യാസത്തിന് പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നാടാണെന്ന് ലോകപ്രസിദ്ധമാണ്. രാജ്യഭാരം ശരിയായി വഹിച്ചുകൊണ്ടുപോകേണ്ട ദിവാന്‍ജിയേയും നീതിന്യായം നടത്താനുള്ള ജഡ്ജിയേയും മുതലെടുപ്പിനു തടസ്സമായി നില്‍ക്കേണ്ടുന്ന വലിയ ഉദ്യോഗസ്ഥന്മാരേയും, അവരുടെ ജോലികള്‍ക്കും ശേഷിയുള്ളവരാക്കി തീര്‍ക്കുന്നത് പുതിയ പരിഷ്കാര പ്രകാരം പറഞ്ഞുവരുന്ന 'സ്ക്കൂള്‍ മാസ്റ്റരന്മാര്‍'  ആണ്, ഇപ്രകാരം, മാന്യസ്ഥാനത്തിനു അര്‍ഹന്മാരായ സ്ക്കൂള്‍മാസ്റ്റരന്മാര്‍ എഡ്യുക്കേഷനല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉള്‍പ്പെട്ട ഒരു തരം ഉദ്യോഗസ്ഥന്മാരാണ്. ഉദ്യോഗസ്ഥന്മാര്‍ എന്ന നാമം മാത്രമല്ലാതെ, അവര്‍ക്കു ഗവര്‍മ്മേണ്ടില്‍ നിന്നും കിട്ടിവരുന്ന ആദായം നോക്കിയാല്‍, മറ്റുള്ള ഏതുതുറയിലെ ഉദ്യോഗസ്ഥന്മാരില്‍നിന്നും അവരെത്രമാത്രം നികൃഷ്ടന്മാരായിരിക്കുന്നു!  തിരുവിതാംകൂറിലല്ലാതെ സ്ക്കൂള്‍ മാസ്റ്റരന്മാര്‍ 5 രൂപാ ശമ്പളത്തിലിരിപ്പുള്ളവരായി വേറേ ഒരുനാട്ടിലും ഇല്ലെന്നുള്ളത് നിശ്ചയമാണ്. നാലുചക്രത്തിനു മൂന്നുനാഴി അരിപോലും കിട്ടാത്ത നമ്മുടെ തിരുവിതാംകൂര്‍ രാജ്യത്തിലെ ഗവര്‍മ്മേണ്ടിനെ സേവിച്ച്, പത്തുകൊല്ലത്തിനുമേല്‍, വാദ്ധ്യാര്‍ പണിയിലിരുന്ന്, അമ്മയച്ഛന്മാരേയും അഞ്ചാറു കുഞ്ഞുങ്ങളേയും ഭാര്യയേയും സംരക്ഷണംചെയ്ത്, കുഡുംബസ്ഥലമല്ലാത്ത ദിക്കില്‍, ഒരുത്തന്‍ താമസിക്കണം എന്നുള്ള നിശ്ചയം കേട്ടാല്‍ ഏതു കരിങ്കല്പാറയാണ് വെണ്ണപോലെ അലിയാത്തത്? ഇവനു എന്തുമാത്രം സുഖം ഉണ്ടായിരിക്കും! ഒരുനേരം ആഹാരം കഴിക്കുന്നതിനുതന്നെ അന്യസ്ഥലങ്ങളില്‍ ഗൃഹസ്ഥന്മാരായ ആരുടെയെല്ലാം പടിപ്പുരകള്‍ കാക്കേണ്ടിവരുന്നു! ദാരിദ്യബാധയില്‍ ഇപ്രകാരം ഉഴന്നുപൊരിയുന്ന ഒരു വാദ്ധ്യാര്‍ എത്രമാത്രം തന്‍റെ ജോലിയെ ശരിയായി നിവര്‍ത്തിക്കും! തിരുവിതാംകൂറിലെ പോലീസുവകുപ്പിനും പട്ടാളവകുപ്പിനും ശമ്പളക്കൂടുതല്‍ കൊടുക്കുന്നതിനു സാമാന്യത്തിലധികം പണം വെണ്ടതുപോലെ, വാദ്ധ്യാര്‍ കൂട്ടങ്ങള്‍ക്കും കൊടുക്കുന്നതിനു  ബഡ്ജറ്റില്‍ കുറച്ചുപണം അനുവദിച്ചാല്‍ അത് ഒട്ടും തികയുകയില്ല. ആണ്ടുതോറും എഡ്യുക്കേഷന്‍ വകുപ്പിലേക്കും വല്ലതും രണ്ടൊ മൂന്നൊരൂപാ അനുവദിച്ചെന്നു വന്നേയ്ക്കാം.  അതിനു അവകാശികള്‍ ഇക്കൂട്ടത്തില്‍തന്നെ ഉയര്‍ന്നതരം പരീക്ഷയില്‍ ജയിച്ച അല്പശമ്പളക്കാരായ വാദ്ധ്യാന്മാരും ധാരളമുണ്ട്. അതുകൊണ്ടും പ്രാഥമീകവിദ്യാഭ്യാസത്തിനു ഹേതുഭൂതന്മാരായ ചെറിയ വാദ്ധ്യാന്മാര്‍ക്കു യാതൊരു ഫലവുമില്ല. ഭാഗ്യച്ചിട്ടിപോലെ ചിലപ്പോള്‍ ആയിരത്തില്‍ ഒരുവനുമാത്രം മാകാണിയൊ അരമാകാണിയൊ കിട്ടിയെന്നു വന്നേയ്ക്കാം. എണ്ണയെങ്കിലും വാങ്ങാന്‍ തികയുമല്ലോ എന്നുള്ള ആശയാല്‍ ആ "തദപിദുര്‍ല്ലഭം" ആയ "സ്വല്പം" തല്‍ക്കാലത്തേയ്ക്കു തൃപ്തിയെ നള്‍കുന്നു. "കിമാശ്ചര്യമത:പരം"? ഈസങ്കടങ്ങളെ ഗവണ്മേന്‍റ് അറിയുമെന്നു വിചാരിച്ച്, പല ദിവാന്‍ജിമാര്‍ വന്നിട്ടും യാതൊരു പരാതിയും പറയാതെ ഇക്കൂട്ടക്കാര്‍ ഇക്കാലമൊക്കെ സഹിച്ചുകൂട്ടി. അതില്‍ യാതൊരു ഗുണവും സിദ്ധിയ്ക്കായ്കനിമിത്തം തിരുവിതാംകൂറിലെ വാദ്ധ്യാന്മാര്‍ അത്രയും ഒന്നുന്നേ പുതിയദിവാന്‍ജി അവര്‍കളോട് ഇന്‍സ്പെക്ടര്‍ മുഖാന്തിരം സങ്കടം ബോധിപ്പിക്കാമെന്നു പല താലൂക്കുകളിലും ആലോചന നടന്നു വരുന്നതായി അറിയുന്നു. അപ്രകാരം ഒരു പരാതിയുണ്ടാകുന്നതിനുമുമ്പ് ന്യായേഷ്ടിയും കാര്യശേഷിയും ഉള്ളതായ ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരി ഇതിലേക്കു ഒരു നിവര്‍ത്തിവരുത്തികൊടുക്കുമെന്നുള്ള വിശ്വാസത്തോടുകൂടി തല്‍ക്കാലം മതിയാക്കിക്കൊള്ളുന്നു. ഇനിക്കു വിദ്യാര്‍ത്ഥികളായ മൂന്നാലു കുട്ടികളുള്ളതുകൊണ്ട് വാദ്ധ്യാന്മാരായി അടുത്ത സംസര്‍ഗ്മുണ്ടായ് വന്നവഴി അവരുടെ അതിശോചനീയമായ അവസ്ഥ അറിവാന്‍ ഇടവന്നു പോയി. അവര്‍ക്കു ഇത്രയെങ്കിലും ചെയ്യാമെന്നു വിചാരിച്ചാണ് ഈ ലേഖനം എഴുതുന്നത്.

                                        കുട്ടികളുടെ രക്ഷകര്‍ത്താവ്

                    ( ഈ വിഷയത്തില്‍ ഭാരവാഹികളായ....

                                                                                         സ്വ. പ.

You May Also Like