കേരളവാർത്തകൾ - മലബാർ വാർത്തകൾ
- Published on March 14, 1906
- By Staff Reporter
- 808 Views
കോഴിക്കോട് സാമൂറിന്‍സ് കോളേജില്‍ വരുന്ന കൊല്ലം മുതല്‍ തീയരെ കൂടെ ചേർത്തു പഠിപ്പിപ്പാന്‍ തീര്‍ച്ചയാക്കിയിരുന്നു എന്നും എഫേ ക്ലാസ്സ് മാത്രം ഇട്ടു നടത്താന്‍ പുതുതായൊരു കെട്ടിടം പണിചെയ്വാന്‍ നിശ്ചയിച്ചിരിക്കുന്നൂ എന്നും അറിയുന്നതില്‍ സന്തോഷിക്കുന്നു.
സാമൂതിരിപ്പാട് തമ്പുരാന്‍ തിരുമനസ്സ്കൊണ്ട് ദേഹസുഖാര്‍ത്ഥം ഭവാനിയില്‍ എഴുന്നെള്ളി പാര്‍ത്തു വരുന്നൂ എന്നും, കാര്യാദികള്‍ നടത്താന്‍ മുക്ത്യാര്‍ പ്രകാരം ഒരു അനന്തിരവനെ അധികാരപ്പെടുത്തിയിരിക്കുന്നു എന്നും അറിയുന്നു.
കോഴിക്കോട് പുതിയ മാര്‍ക്കറ്റ് എടുപ്പ് ഉണ്ടാക്കാന്‍ 4271 കയ്ക്ക് കരാറു കൊടുപ്പാന്‍ കൗണ്‍സില്‍ തീർച്ചപ്പെടുത്തിയതായറിയുന്നു.
ഇക്കുറിയത്തെ തെക്കേമലയാം സെഷന്‍ കെയിസുകളില്‍ ആറില്‍ നാലും കൊലക്കേസ്സായിരുന്നു എന്നും, വടക്കേമലയാം സെഷന്ന് ഒരു കെയിസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ആയത് ഭവനം ഭേദിച്ചുള്ള കളവിന്ന് കമ്മിറ്റ് ചെയ്യപ്പെട്ടതായിരുന്നൂ എന്നും കാണുന്നു.
പാലക്കാട് അസിസ്ടന്‍ട് സൂപ്രെണ്ടിനെപ്പറ്റി ആക്ഷേപങ്ങള്‍ ചെയ്തതിനാല്‍ നീക്കപ്പെട്ട കണ്‍സ്റ്റബള്‍മാരില്‍ രണ്ടുപേര്‍ ഒഴികെ ശേഷം എല്ലാവര്‍ക്കും പ്രവൃത്തി വീണ്ടും നല്കുവാന്‍ അവരുടെ അപ്പീലില്‍ കല്‍പ്പനയായ പ്രകാരം അറിയുന്നു.
തലശ്ശേരി ഡിസ്ട്രിക്റ്റ് കോര്‍ട്ടിലെ ഒരു പഴയ വക്കീലായ ചെറുവാരി കണാരന്‍ അവര്‍കള്‍ ഈയിടെ മരിച്ചു പോയിരിക്കുന്നു. ഇദ്ദേഹം മദ്രാസ്സ് സ്മാള്‍ കാസ് കോര്‍ട്ട് ജഡ്ജി സി.കൃഷ്ണന്‍ അവര്‍കളുടെ കാരണവനാണ്.
കല്ല്യാട്ട് താഴത്തവീട്ടുകാരും പട്ടാനൂരിടക്കാരും തമ്മില്‍ ഒരു കാടിനെപ്പറ്റി കണ്ണൂര്‍ മുന്‍സിഫ് കൊര്‍ട്ടില്‍ വലുതായ ഒരു കെയിസ്സ് നടക്കുന്നുണ്ട്. അന്യായഭാഗം 75-ം പ്രതിഭാഗം 150 ല്‍ അധികരിച്ചും സാക്ഷികള്‍ ഉള്ളതായറിയുന്നു. അന്യായ ഭാഗം വക്കീൽമാര് മെസ്സെഴസ്സ് കൊറ്റ്യത്തു രാമുണ്ണി, മാധവന്‍ നായര്‍, ടി.സി ചന്തു കുറുപ്പ്, എം.കെ സൊറാബ് ജി, എം.കെ കുഞ്ഞമ്മു - ഇവരും - പ്രതിഭാഗം മെസ്സേഴ്സ്, നാരായണക്കുറുപ്പ്, കൃഷ്ണന്‍ നമ്പ്യാര്‍, കണ്ണമാരാര്‍ എന്നിവരും ആകുന്നു. അധികരിച്ച അന്യായക്കാരും പ്രതികളും സാക്ഷികളും ഒക്കെക്കൂടി ഒരു ദക്ഷയാഗമൊ അല്ല വല്ല മഹോത്സവമൊ എന്ന പോലെ ഒരു കൊലാഹലമായിരിക്കുന്നു.
മുണ്ടയാട്ട് പാര്‍പ്പുുകാരനായ ഒരു വക്കീല്‍ ഗുമസ്തന്റെ കുട്ടിയും ബന്ധുക്കളും ഉള്‍പ്പെടെ നാലഞ്ചു പേരെ ഒരു ഭ്രാന്തന്‍ നായ് കടിക്കുകയും അവരെല്ലാം വിഷ പരിഹാരത്തിനായി വടകര “ഇരിങ്ങല്‍” എന്ന സ്ഥലത്തു പോയി ഔഷധം സേവിച്ചു മടങ്ങി വരുകയും ചെയ്തതായി അറിയുന്നു. ഈ ഇരിങ്ങല്‍ എന്ന സ്ഥലത്തു് ഒരു അമ്പലമുണ്ടെന്നും ആ അമ്പലത്തിന്റെ അകത്തു നിന്ന് പൊടിക്കുന്ന എന്തോ ഒരു പച്ചമരുന്ന് അരച്ച് പാലില്‍ കലക്കി മൂന്നു ദിവസം കുടിപ്പിക്കുകയാണ് ആ അമ്പലം ഉടമസ്ഥന്മാര്‍ ചെയ്തുവരുന്നതെന്നും, ഇപ്രകാരം അവിടെ നിന്നു മരുന്നു സേവിച്ചിരിക്കുന്ന യാതൊരാള്‍ക്കും യാതൊരു അബദ്ധവും ഇതുവരെ വന്നിട്ടില്ലെന്നുമാണ് സൂക്ഷ്മമായി അറിയുന്നത്. ഒരാള്‍ക്ക് മരുന്നിന് 6 -ണ മാത്രമെ കൊടുക്കേണ്ടതുള്ളു എന്നും അറിയുന്നു.
കണ്ണൂര്‍ അറയ്ക്കല്‍ രാജവംശക്കാര്‍ക്ക് ഒരു കരാറിന്മേല്‍ നൂറു കൊല്ലത്തേക്ക് കരമൊഴിവായിക്കൊടുത്ത കരാറിനകം എന്ന അംശത്തിലെ ഭൂമികള്‍ക്കു പുതിയ സെറ്റില്‍മെണ്ട് പ്രകാരം നികുതി ചുമത്തുകയും, ആ അംശത്തിലേക്ക് പുതുതായി ഒരു അധികാരിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. കരാറിലെ അവധി എത്തുവാന്‍ എനി നാലു കൊല്ലം കൂടി കഴിയണമെന്നും ആ അവധി എത്തിയ ശേഷമേ നികുതി പിരിച്ചു തുടങ്ങുകയുള്ളു എന്നും അറിയുന്നു.