പരവൂർ പുതുവൽക്കാര്യം
- Published on July 31, 1907
- By Staff Reporter
- 614 Views
കഴിഞ്ഞ ലക്കം 'സ്വദേശാഭിമാനി'യില്‍ പരവൂര്‍ പുതുവല്‍ഗുമസ്തന്‍ ഏതാനും പുതുവല്‍സ്ഥലങ്ങളെ അദ്ദേഹത്തിന്‍റെ മകന്‍റെയും സ്വന്തത്തിലുള്ള മറ്റു പലരുടേയും പേരില്‍ പതിച്ചിരിക്കുന്നതായി ഒരു മാന്യനാല്‍ എഴുതപ്പെട്ട ലേഖനം ഞാന്‍ വായിച്ചു. അതില്‍ പിന്നെയാണ് പുതുവല്‍ഗുമസ്തന്‍റെ നടപ്പിനെക്കുറിച്ച് ഞാന്‍ അന്വേഷിപ്പാന്‍ തുടങ്ങിയത്. കഴിഞ്ഞ 1079 തുലാം 5-നു- ഏതാനും പുതുവല്‍സ്ഥലം പതിച്ചു കിട്ടുന്നതിന്, ഞാന്‍ 11- അപേക്ഷകള്‍ സ്ഥലം മജിസ്ട്രേട്ടു കോര്‍ട്ടില്‍ കൊടുത്തു. അന്നേ ദിവസം, എന്‍റെ സ്വന്തത്തിലുള്ള മറ്റു പലരും പുതുവല്‍ പതിക്കുന്നതിന് ഹര്‍ജികൊടുത്തു. അതിന്‍റെ ശേഷം, 81 മിഥുനം 26 നു- മീനാട്ടുപകുതിയിലുള്ള 9- സര്‍വേനമ്പര്‍കളിലായി 50- ഏക്കര്‍ സ്ഥലം പതിച്ചു കിട്ടുന്നതിന് അപേക്ഷകള്‍ കൊടുത്തു. കഴിഞ്ഞ മാസം 17-നു- പുതുവല്‍ഗുമസ്തന്‍റെ വാസസ്ഥലത്തുവച്ച് ഒരു ഹര്‍ജിക്കെട്ടു എടുത്ത് കൊണ്ടുവന്ന്, അതില്‍നിന്ന് 8 - ഹര്‍ജികള്‍ എനിക്കുതന്നു. അതില്‍, 79-മീനം 20-നു- എന്നെക്കൊണ്ട് 21-നു- ഹാജരാകണമെന്ന് മുഖദാവില്‍ ശട്ടംകെട്ടിയതുപോലെ ഞാന്‍ ഹാജരായിട്ടില്ലെന്ന് സമ്പ്രതിപ്പിള്ള അടയാളപ്പെടുത്തിയിരിക്കയും ഞാന്‍ കച്ചേരിയില്‍ ഹാജരായി ഹര്‍ജി ബോധിപ്പിക്കേണ്ടതാണെന്ന് ഇണ്ടാസ് എഴുതി 79-മീനം 23-നു- മജിസ്ട്രേട്ട് ഒപ്പുവയ്ക്കയും ചെയ്തിരിക്കുന്നു. "സ്വദേശാഭിമാനി" എനിക്ക് കിട്ടിയ ഈ മാസം 12-നു-, സ്ഥലം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി, "സ്വദേശാഭിമാനി"യില്‍ പ്രസ്താവിച്ചിരിക്കുന്ന സംഗതികളെ കാണിച്ചും, എന്‍റെ ഹര്‍ജികളെ കുറിച്ചും ഒരു ഹര്‍ജി ബോധിപ്പിച്ചു. മജിസ്ട്രേട്ടവര്‍കള്‍ ഇതില്‍ വേണ്ടത് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഹര്‍ജികൊടുക്കാന്‍ ചെന്നഅവസരത്തില്‍, പുതുവല്‍ ഗുമസ്തന്‍റെ മകനോട് 2- കൊല്ലത്തിനു മുമ്പ് ആധാരംവാങ്ങിയവരില്‍ രണ്ടുപേര്‍ കച്ചേരിയില്‍വന്നിരുന്നു. അവരുടെആധാരത്തിലുള്‍പ്പെട്ട വസ്തുക്കള്‍ മറ്റുള്ളവരുടെ ദേഹണ്ഡത്തിലും കൈവശത്തിലും ഇരിക്കുന്നതായിട്ടാണ് പറയുന്നത്. ഇതില്‍ഏതാനുംസ്ഥലം പരവൂര്‍ നെടുങ്ങോലം ആസ്പത്രിയുടെ കിഴക്കുവശമാണ്. ഈ സ്ഥലം മിഷ്യനിലേക്ക് പരേതനായ ദിവാന്‍ മിസ്റ്റര്‍ രാമാരായര് എഴുതികൊടുത്തിട്ടുള്ളതാണത്രെ. ഈ ആധാരക്കാരുടെ ആവശ്യപ്രകാരം, പുതുവല്‍ ഗുമസ്തനെവിളിച്ച് ഈവിവരങ്ങള്‍ ഞാന്‍പറകയും ഞാന്‍ കൊടുപ്പാനായി കൊണ്ടുചെന്ന ഹര്‍ജിയെ കാണിക്കയുംചെയ്തു. ഈ അവസരത്തില്‍ 78-ാമാണ്ട് മുതല്‍ ഒരു പുതുവല്‍സ്ഥലത്തിന് അപേക്ഷയുംകൊടുത്ത് കാത്തുനടക്കുന്ന ഒരു മാന്യമുഹമ്മദീയന്‍വന്നിരുന്നു. അദ്ദേഹത്തിന്‍റെസ്ഥലത്തെ, ഈയിടയില്‍ ആരോടൊ അപേക്ഷഹര്‍ജി വാങ്ങിക്കൊണ്ട് പതിച്ചു കൊടുക്കുന്നതിന് ശ്രമിക്കുന്നുവത്രെ. അപ്പോള്‍ പുതുവലപേക്ഷക്കാരില്‍ പലരും അവര്‍കൊടുക്കുന്ന ഹര്‍ജികള്‍ രജിസ്റ്റര്‍പുസ്തകത്തില്‍ പതിക്കണമെങ്കില്‍ 7-ചക്രം പുതുവല്‍ഗുമസ്തന് ഫീസ് കൊടുക്കണമെന്നും, അല്ലെങ്കില്‍ പതിക്കയില്ലെന്നും പറയുന്നതു ഞാന്‍ കേട്ടു. ഈ വിവരം അവിടെയുള്ള ഒരു ഉദ്യോഗസ്ഥനോടും, മാന്യന്മാരായ രണ്ടു വക്കീലന്മാരോടും ഞാന്‍ ചോദിച്ചു. അവര്‍ ശരിയാണെന്ന് പറഞ്ഞതുകൂടാതെ. ഈ പുതുവല്‍ ഗുമസ്തന്‍ പുതുവല്‍ പതിപ്പാന്‍ അപേക്ഷഹര്‍ജികള്‍ കൊടുക്കുന്നവരെ, പലവിധത്തില്‍ ക്ലേശിപ്പിക്കുന്നതായും പറഞ്ഞു. ഈ വിവരവും നമ്മുടെ പുതുവല്‍ ഗുമസ്തനോട് ഞാന്‍ ചോദിച്ചു. അതിലേക്ക് തക്കതായ മറുവടി അദ്ദേഹംപറയാത്തതുകൊണ്ട് ഈവിധമുള്ള പ്രവൃത്തികളില്‍ നിന്ന് അദ്ദേഹത്തിന്‍റെ മനസ്സ് പിന്‍വലിക്കണമെന്ന് ഞാന്‍ പലവിധത്തില്‍ ഉപദേശിച്ച്, മേല്‍പറഞ്ഞ ഹര്‍ജിയുംകൊടുത്ത് മടങ്ങിപ്പോന്നു. ജനക്ഷേമത്തെ ഉദ്ദേശിച്ച് ഈ പുതുവല്‍ഗുമസ്തന്‍റെ അനീതികളെ പ്രസ്താവിച്ചിട്ടുള്ള മാന്യലേഖകന്‍റെ ലേഖനം ഏറ്റവും ഉപകാരപ്രദമായിരിക്കുന്നു. ഈ വിഷയത്തില്‍, സ്ഥലം മജിസ്ട്രേട്ടവര്‍കളും, കൊല്ലം ഡിവിഷന്‍ പേഷ്കാരവര്‍കളും വേണ്ടത്ര പ്രവര്‍ത്തിച്ച്, പുതുവല്‍ സങ്കടക്കാരുടെ അപേക്ഷകള്‍ക്ക് പരിഹാരം ഉണ്ടാക്കിക്കൊടുക്കുമെന്ന് വിശ്വസിക്കുന്നു.
പത്രാധിപന്‍