പള്ളിക്കെട്ട് മൂന്നാം ദിവസം
- Published on May 09, 1906
- By Staff Reporter
- 573 Views
മേടം 26
ഇന്നുകാലത്ത് മഹാരാജാവു തിരുമനസ്സുകൊണ്ട് ഒരു "കെട്ടിവച്ചു നമസ്കാരം" പള്ളിക്കെട്ടു സംബന്ധമായി നടത്തിയിരിക്കുന്നു. യാത്രകളിക്കാരായ മലയാളബ്രാഹ്മണരെ മഹാരാജാവു തിരുമനസ്സുകൊണ്ട് മൂന്നു പ്രദക്ഷിണം വയ്ക്കയും, അയ്യായിരം പണം കെട്ടിവച്ച് നമസ്കരിക്കയും ചെയ്തതിനാണ് കെട്ടിവച്ചുനമസ്കാരം എന്നുപറഞ്ഞതു. ഈശ്വരഭക്തനായ തിരുമനസ്സുകൊണ്ടു ഈ നമസ്കാരം വളരെ വിനയാദരങ്ങളോടുകൂടിത്തന്നെ നടത്തി. വയ്യിട്ട് അന്തിത്തിരിയും ഔപാസനഹോമവും മുറപ്രകാരം നടന്നു. കൂടാതെ മാമ്പള്ളിപ്പണ്ടാരം ഇടയാടത്തുപോറ്റി ഇവരുടെ അപ്പക്കിടാരങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടുവരികയും, പൂര്‍വോക്തപ്രകാരം സ്ത്രീകള്‍ വാതില്‍തിറപ്പാട്ടുപാടുകയും, ബതില്‍ പാടി കപാടം തുറന്നു കിടാരം സ്വീകരിക്കയും ചെയ്തു. അനന്തരം പോറ്റിമാരും തമ്പുരാക്കന്മാരും മറ്റും ഭക്ഷണം കഴിഞ്ഞ് "വെള്ളാട്ടം" കളി ആരംഭിച്ചു. ഈ കളിക്കാര്‍ പോറ്റിമാരാണ്. രണ്ടു പോറ്റിമാര്‍ ബാലിസുഗ്രീവന്മാരുടെ വേഷം കെട്ടിനടക്കുന്ന ഒരു വിനോദത്തിനാണ് വെള്ളാട്ടം കളിയെന്നു പറയുന്നത്. ഇതെല്ലാം പഴയ മാമുലില്‍ ചേര്‍ന്നതാണെന്നു പറയേണ്ടതില്ലല്ലൊ. ഇന്നേദിവസം ദാസിആട്ടം, പല വിദ്വാന്മാരുടെയും നാഗസ്വരവായന, ഉരുട്ടുചെണ്ടപ്രയോഗം, ഞാണിന്മേല്‍ക്കളി, വാളേറ് മുതലായി ഉത്സവത്തിന്‍റെ സകല ചടങ്ങുകളും കല്യാണപ്പന്തലിലും പുറത്തുമായി നടന്നിരിക്കുന്നു. ഇതുകള്‍ ഏഴുദിവസവും മുറയ്ക്കു നടക്കണമെന്നു നിര്‍ബന്ധമുള്ളതിനാലാണ് അതുകളെ അഗണ്യകോടിയില്‍ചേര്‍ത്ത് ഇതേവരെ പ്രസംഗിക്കാതിരുന്നത്.
ഒന്നാം ദിവസത്തില്‍ നടന്നിട്ടുള്ള പല ക്രിയകളെപ്പറ്റിയുള്ള സവിസ്തരമായ വിവരണം പത്രാധിപരവര്‍കള്‍ ആവശ്യപ്പെട്ടതിന്മണ്ണം അടുത്ത ലക്കത്തിലേക്ക് അയയ്ക്കാമെന്നു കരുതുന്നു.
(ശേഷം അടുത്തതില്‍)