പ്രാഥമിക വിദ്യാഭ്യാസം - 2

  • Published on December 13, 1909
  • Svadesabhimani
  • By Staff Reporter
  • 124 Views

ഒരു നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിൻെറ ഉദ്ദേശങ്ങൾ പലവകയുണ്ട്. അവയിൽ പ്രധാനമായിട്ടുള്ളവയെ താഴെ വിവരിക്കുന്നു: ഒരു നാട്ടിലുള്ള എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ആ നാട്ടിലെ ഗവര്‍ന്മേണ്ടിന്റെ പ്രധാന കടമയാണ്. ഇങ്ങനെ പറഞ്ഞതു കൊണ്ട് ഉൽകൃഷ്ട വിദ്യാഭ്യാസത്തെ നൽകേണ്ട ചുമതല ഗവര്‍ന്മേണ്ടിന് ഇല്ലെന്നു വരികയില്ലാ. പ്രാഥമിക വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കുന്നു എന്നു കാണുമ്പൊൾ, ഗവര്‍ന്മേണ്ടിന്‍റെ ചുമതല ഉൽകൃഷ്ട വിദ്യാഭ്യാസ വിഷയത്തിലും വ്യാപിക്കും എന്നതിന് സംശയമില്ലാ. വിശേഷിച്ചും, രക്ഷകർത്താക്കന്മാർ കുട്ടികളെ പഠിപ്പിക്കുന്നതിന് മനസ്സില്ലാതെയോ, ധനമില്ലാതെയോ കാണുമ്പൊൾ, അച്ഛനമ്മമാർക്കും കുട്ടികൾക്കും ഇടയിൽ ഗവര്‍ന്മേണ്ട് കടന്നു നിന്ന് അച്ഛനമ്മമാരെ നിർബന്ധിച്ചിട്ടെങ്കിലും, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ശ്രമിക്കേണ്ടത് ഗവര്‍ന്മേണ്ടിന്‍റെ കർത്തവ്യകർമ്മമാകുന്നു. ഈ തത്വത്തെ ഇംഗ്ലണ്ട്, ജർമ്മനി, ആദിയായ രാജ്യങ്ങളും സമ്മതിക്കയും സ്വീകരിക്കയും ചെയ്തിരിക്കുന്നു. സർക്കാർ പ്രാഥമിക പാഠശാലകളിൽ പഠിക്കുന്ന കുട്ടികൾ ഫീസ് കൊടുക്കേണ്ടതായിട്ടില്ല എന്ന നിയമം കൊണ്ട് ഈ ഉദ്ദേശം ശരിയായും പൂർണ്ണമായും നിർവഹിക്കപ്പെടുന്നില്ലാ. ഫീസ് കൊടുക്കുവാൻ ഗതിയില്ലാത്ത കുട്ടികളിൽ സർക്കാർ സ്കൂളുകളിൽ ചേരുന്നവർക്കു മാത്രം ഈ ഏർപ്പാട് ഒരു അനുഗ്രഹമായിട്ടു തീരുന്നു. ഈ ഏർപ്പാടിൽ നിന്ന് സർക്കാരിന് ഉണ്ടായേക്കാവുന്ന ദ്രവ്യ നഷ്ടത്തെ തീർക്കുന്നതിനെന്ന പോലെ, നാലാം ക്ലാസ്സിനു മേലുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മുമ്പിലുള്ളതിലധികം ഫീസ് ഏർപ്പെടുത്തിയും ഇരിക്കുന്നു. തിരുവിതാംകൂർ പ്രാഥമിക വിദ്യാഭ്യാസത്തിൻെറ വലുതായ ക്ലിഷ്ടത, കുട്ടികളെ പഠിപ്പിക്കുവാൻ, അവരുടെ മിക്ക രക്ഷകർത്താക്കന്മാർക്കും മനസ്സില്ലാ എന്നുള്ളതാകുന്നു. ഇതിൻെറ പ്രധാന കാരണം, മരുമക്കത്തായം എന്ന് ഈ നാട്ടിൽ നടപ്പുള്ള അവകാശ ക്രമം ആകുന്നു. മരുമക്കത്തായത്തെ ആശ്രയിച്ചിരുന്ന മിശ്ര സംബന്ധങ്ങളും ഇതിലെക്ക് മറ്റൊരു കാരണമാകുന്നു. മക്കളെ രക്ഷിക്കുന്നതിനുള്ള കടമ പിതാക്കന്മാരിൽ ഇല്ലാ എന്നു പലരും വിചാരിക്കുന്നു. ചുരുക്കം ചില സ്ത്രീകൾ അവരുടെ പുത്രന്മാരുടെ സംരക്ഷണയ്ക്കായി ആ പുത്രന്മാരുടെ പിതാക്കന്മാരെ, കോടതി മുഖാന്തരം നിർബന്ധിക്കുന്നുണ്ട്. അങ്ങനെ കോടതികളിൽ പോകുന്നതും, വ്യവഹാരപ്പെടുന്നതും അവരുടെ കുലാഭിമാനത്തിന് ക്ഷയകരമാകുന്നു എന്ന് വിചാരിക്കുന്ന സ്ത്രീകളാണ് അധികമായിട്ടുള്ളത്. പാവപ്പെട്ടവരായ ഭിക്ഷുക്കന്മാരും, വേലക്കാരും, മറ്റു വിധത്തിൽ രോഗങ്ങളാലോ അംഗഹീനത്വത്താലോ അപ്രാപ്തന്മാരായിട്ടുള്ളവരും സാധാരണ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിന് തീരെ മനസ്സില്ലാത്തവരാണ്. ആ മനസ്സുകേടിന് പല കാരണങ്ങൾ സ്വീകാര്യ യോഗ്യങ്ങളായി ഉണ്ടായിരിക്കാമെങ്കിലും, നാട്ടിലുള്ള എല്ലാ കുട്ടികളെയും ഏതു വിധത്തിലും, നിർബന്ധിച്ചിട്ടെങ്കിലും പഠിപ്പിക്കേണ്ടത് ഗവര്‍ന്മേണ്ടിന്‍റെ പ്രധാന ജോലിയാകുന്നു. ആ ജോലിയെ ഒട്ടെങ്കിലും അറിയുന്നുണ്ടെന്ന് ഈ നിയമം ബോധപ്പെടുത്തുന്നില്ലാ. പാവപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശം നൽകുന്നതിന് സർക്കാർ സമ്മതിച്ചിരിക്കുന്നു എന്നുള്ളത് കൊണ്ട്, നാട്ടിലുള്ള എല്ലാ പാവപ്പെട്ട കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം സിദ്ധിക്കുന്നതായി വരുന്നതല്ല. സർക്കാർ പ്രാഥമിക പാഠശാലകൾ തന്നെ വേണ്ടപോലെ ഇല്ല. അവ ശരിയായ വിദ്യാഭ്യാസത്തെ നിർദ്ദോഷമായ വിധത്തിൽ നൽകുന്നില്ലാ എന്നുള്ള ആക്ഷെപം എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളെയും സംബന്ധിക്കുന്നു. ഇതിലെക്കു ദൃഷ്ടാന്തമായി, തിരുവനന്തപുരത്തു തന്നെ, ദീർഘ കാലമായി ഗവര്‍ന്മേണ്ടിന്‍റെ മാനേജ്മെണ്ടിലും അന്വേഷത്തിലും  നടത്തിവരുന്ന ചാലയിൽ മലയാളം പള്ളിക്കൂടത്തെ നോക്കുക: അതിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇരിക്കുവാനും, സഞ്ചരിക്കുവാനും, മലമൂത്ര വിസർജ്ജനം ചെയ്യുവാനും വേണ്ട സ്ഥലം ഇതേവരെ ഗവര്‍ന്മേണ്ട് അനുവദിച്ചിട്ടില്ലാ. പഠിപ്പിക്കുവാൻ വേണ്ട ഉപകരണങ്ങളും ആ സ്കൂളിനു തന്നെയും അനുവദിക്കുന്നതിന് ഗവര്‍ന്മേണ്ട് സമ്മതിച്ചിട്ടില്ല. പുതിയ ഡയറക്ടരോ, ദിവാൻജിയോ അവരുടെ കണ്ണെത്തുന്ന ദൂരത്തിൽ ഇരിക്കുന്ന ഈ പാഠശാലയെ നോക്കീട്ടും അതിൻ്റെ സൂക്ഷ്മസ്ഥിതിയെ അറിഞ്ഞിട്ടും, ഇങ്ങനെ ഒരു നിയമം ഏർപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു എങ്കിൽ നന്നായിരുന്നേനെ. ആ സ്കൂളിനൊട് ഈ നൈരാശ്യം ഗവര്‍ന്മേണ്ടും ഉദ്യോഗസ്ഥന്മാരും കാണിക്കുമ്പോൾ, മലമ്പുറങ്ങളിൽ ആരുടെയും, എന്നാൽ ചിലപ്പൊൾ അദ്ധ്യാപകന്മാരുടെയും ദൃഷ്ടിയിലും, ശ്രദ്ധയിലും പെടാത്ത പല സ്കൂളുകളും ഈ നാട്ടിൽ ഉള്ളവയുടെ സ്ഥിതി എന്തായിരിക്കും. ഗവര്‍ന്മേണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളുടെ ഫീസ് നിറുത്തൽ ചെയ്യുന്നതിനു മുമ്പെ, അവയെ കുട്ടികളെ പഠിപ്പിക്കുവാനുള്ള പാഠശാലകളാക്കേണ്ടതായിരുന്നു. ഇപ്പൊൾ ഗവര്‍ന്മേണ്ടിൽ നിന്ന് നടത്തി വരുന്ന പ്രാഥമിക പാഠശാലകൾ ഒരുക്കലും പാഠശാലകളല്ല: കുട്ടികളുടെ ആരോഗ്യത്തെയും ബുദ്ധിയെയും ദുഷിപ്പിക്കുന്നതിനുള്ള യന്ത്രങ്ങളായിട്ട് വേണം ഈ പ്രാഥമിക പാഠശാലകളെ അറിയേണ്ടത്. അവയിലെ അദ്ധ്യാപകന്മാരുടെ കാലക്ഷേപത്തിന്നുള്ള കഷ്ടതകളെക്കൊണ്ടും മേലധികാരികളുടെ അനുകമ്പയില്ലാത്ത നടവടികളെക്കൊണ്ടും, ഗവര്‍ന്മേണ്ടിന്‍റെ ദ്രവ്യലുബ്ധു കൊണ്ടും പ്രാഥമിക പാഠശാലകളിൽ പഠിക്കുന്ന കുട്ടികൾ എന്തു ദുശ്ശീലങ്ങളെ അവയിൽ പഠിക്കുന്നതു കൊണ്ടു മാത്രം സമ്പാദിക്കുന്നു എന്ന് ഊഹിക്കുവാൻ തന്നെ ഞങ്ങൾക്ക് ശക്തിയില്ലാ. ഫീസിനെ നിറുത്തുന്നതിലല്ല ഗവര്‍ന്മേണ്ട്  ആദ്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്. അത് സാരമില്ല. ഉയർന്ന ജാതിക്കാരെ സംബന്ധിച്ചെടത്തോളം, അത് അതിതുച്ഛമായ ഗുണത്തെ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളു. ഗവര്‍ന്മേണ്ട്  അന്വേഷത്തിലുള്ള എല്ലാ മലയാള പാഠശാലകളെയും, പാഠശാലകളാക്കുന്നതിനു മുമ്പെ, എന്ത് ഗുണപ്രദമായ നിയമവും നിഷ്പ്രയോജനമാകുന്നു. ഗവര്‍ന്മേണ്ട് അനുവദിച്ചിട്ടുള്ള നിയമങ്ങളെക്കൊണ്ടുതന്നെ, ഗവര്‍ന്മേണ്ടിന്‍റെ രക്ഷയിൽ ഇരിക്കുന്ന പ്രാഥമിക പാഠശാലകളെ പരിശോധിക്കുന്നതായാല്‍ അവയില്‍ ഒന്നെങ്കിലും അവരുടെ നിയമപ്രകാരം ഉള്ള പാഠശാലയായി വരുന്നതല്ലാ. സർക്കാർ പാഠശാലകളുടെ സ്ഥിതി ഇങ്ങനെയിരിക്കുമ്പൊൾ, അവയെ അനുകരിക്കുന്ന ഗ്രാന്‍റ്  സ്കൂളുകളുടെയും, മറ്റു് പ്രൈവറ്റ് സ്കൂളുകളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് പറയുവാൻ തന്നെ ഞങ്ങൾക്ക് ലജ്ജയുണ്ട്. ആ രണ്ടു തരം സ്കൂളുകളെ സംബന്ധിച്ച് യാതൊരു ഗുണവും ഈ പുതിയ നിയമങ്ങൾ കൊണ്ട് ഉണ്ടാകുന്നില്ല. കുടിപ്പള്ളിക്കൂടങ്ങളെ ആക്ഷേപിക്കുവാൻ ഡയറക്ടരന്മാരും ഇൻസ്പെക്ടരന്മാരും ധാരാളം ഉണ്ട്. അവയെ ഉപദേശം കൊണ്ടെങ്കിലും, നന്നാക്കുവാൻ വിചാരിക്കുന്ന ഉദ്യോഗസ്ഥന്മാർ വിദ്യാഭ്യാസ വകുപ്പിലേ ഇല്ലെന്നു പറയുവാൻ ഞങ്ങൾക്ക് ധൈര്യമുണ്ട്. സൂക്ഷ്മത്തിൽ ആ പാഠശാലകളാണ് പ്രാഥമിക വിദ്യാഭ്യാസത്തെ നാട്ടിൽ പ്രധാനമായി പ്രചരിപ്പിക്കുന്നത്. അവയിൽ പഠിക്കുന്ന കുട്ടികളുടെ സംഖ്യയിൽ പകുതിയെങ്കിലും, മറ്റു സ്കൂളുകളിൽ പഠിക്കുന്നില്ലാ. അവയെ നിറുത്തുകയോ, മറ്റു വിധത്തിൽ നശിപ്പിക്കുകയോ ചെയ്യുന്നതായാൽ, നാട്ടിലുള്ള മിക്ക കുട്ടികൾക്കും വായിക്കുവാനും എഴുതുവാനും പഠിപ്പിക്കുന്നതിനുള്ള സന്ദർഭം ഇല്ലാതെ പോകുന്നു. ഗവര്‍ന്മേണ്ടു വേണ്ട ദ്രവ്യം ചെലവു ചെയ്ത് ശരിയായ പ്രാഥമിക പാഠശാലകളെ വേണ്ടെടത്തോളം നാട്ടിൽ ഏർപ്പെടുത്തുമെന്ന് വിചാരിക്കുവാൻ തരമില്ലാ. സർക്കാർ, ഇപ്പൊൾ ഏർപ്പെടുത്തീട്ടുള്ള പള്ളിക്കൂടങ്ങളെ തന്നെയും ശരിയായ നിലയിൽ കൊണ്ടു വരുന്നതിന് ഗവര്‍ന്മേണ്ട്  ഇതേവരെ ഗൗരവമായി ശ്രദ്ധിച്ചിട്ടില്ലെന്നു ഞങ്ങൾ സധൈര്യം പ്രസ്താവിക്കുന്നു. ആ സ്ഥിതിക്ക് ശരിയായി നടക്കാത്ത കുടിപ്പള്ളിക്കൂടങ്ങളുടെയും ഗ്രാന്‍റ് സ്കൂളുകളുടെയും സ്ഥാനത്തിൽ സർക്കാർ സ്കൂളുകളെ സ്ഥാപിക്കുവാൻ വിചാരിക്കാതെ ഗവര്‍ന്മേണ്ടിന്‍റെ ഈ പുതിയ നിയമം യാതൊരു ഗുണത്തെയും നൽകുന്നില്ലാ. ഗവര്‍ന്മേണ്ടിന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തൊടുള്ള ചുമതലയെ ഞങ്ങൾ ഇങ്ങനെ നിർദ്ദിഷ്ടമാക്കുന്നു. 

(1) തിരുവിതാംകൂറിൽ പാർക്കുന്ന എല്ലാ കുട്ടികളെയും നിർബന്ധിച്ചിട്ടെങ്കിലും പഠിപ്പിക്കുന്നതിനു വേണ്ട ഏർപ്പാടുകളെ ചെയ്യുക. 

(2) ആ കുട്ടികളിൽ ഫീസ് കൊടുക്കുവാൻ ഗതിയില്ലാത്തവരെ സഹായിക്കുക.

(3) ഉൽകൃഷ്ട വിദ്യാഭ്യാസത്തിനു വേണ്ട ആരോഗ്യവും ബുദ്ധിശക്തിയും ഉള്ള കുട്ടികളെ തെരഞ്ഞെടുക്കയും അവരിൽ പാവപ്പെട്ടവർക്ക് ദ്രവ്യം കൊണ്ട് സഹായിക്കുകയും ചെയ്യുക.

(4) എല്ലാ സ്കൂളുകളിലും നിർദ്ദോഷമായ വിദ്യാഭ്യാസത്തെ നൽകുവാൻ വേണ്ട ഏർപ്പാടുകളെ ചെയ്യുക. 

(5) ഉൽകൃഷ്ട വിദ്യാഭ്യാസത്തിനു ബുദ്ധിശക്തിയില്ലാത്ത കുട്ടികളെ എന്തെങ്കിലും കൈത്തൊഴിലുകളിൽ പ്രവേശിക്കുവാൻ ഒരുക്കുക. 

(6) അങ്ങനെയുള്ള കൈത്തൊഴിലുകളെ പഠിപ്പിക്കുവാൻ വേണ്ട ഏർപ്പാടുകളെ ചെയ്യുക.  

You May Also Like