തിരുവിതാംകൂർ രജിസ്‌ട്രേഷൻ കാര്യം
- Published on May 16, 1908
- By Staff Reporter
- 686 Views
ഇനി ഈ ഡിപ്പാർട്ടുമെന്‍റിലെ സ്ഥാപനങ്ങളെയും അവയിൽ നടത്തിവരുന്ന ജോലികളെയും പരിശോധിക്കാം. ഈ ഡിപ്പാർട്ടുമെന്‍റ് ദിവാൻജിയുടെ നേരെ കീഴ് വരുതിയിൽ ഒരു ഹജൂർ രജിസ്ട്രാരാൽ ഭരിക്കപ്പെട്ടു പോന്നിരുന്നതാണ്. ഈ നാമധേയം മാറ്റി 1072-ാമാണ്ട് ഡയറക്ടർ എന്ന പുതിയ നാമകരണം ഹജൂർ രജിസ്ട്രാർക്ക് ലഭിച്ചു. ഡയറക്ടറുടെ ആഫീസിൽ 50-ൽപരം സിൽബന്ധികളുണ്ട്. അവരുടെ ജോലി, കീഴാഫീസുകളിൽ നിന്ന് വരുന്ന ആധാരപ്പകർപ്പുകളെ പരിശോധിച്ച് മുദ്രവില, ഫീസ് മുതലായവ ശരി തന്നെയോ എന്നും, കണക്കുകൾ വ്യത്യാസമുണ്ടോ എന്നും, എഴുതിക്കൊടുക്കയും വാങ്ങുകയും ചെയ്യുന്ന കക്ഷികൾക്കും വസ്തുക്കൾക്കും സൂചക പത്രങ്ങൾ ശരിയായി ചേർത്തിട്ടുണ്ടോ എന്നും നോക്കുക ആണ്. ഇവയെ എല്ലാം പരിശോധിപ്പിച്ച്, ആണ്ടവസാനത്തിൽ പൂജ്യം ഇടുവിക്കുന്നതാണ് അതിലെ നേരെ മേലധികാരിയായ പണ്ടത്തെ സമ്പ്രതിപിള്ള (ഇപ്പോഴത്തെ മാനേജർ) യുടെ സാമർത്ഥ്യം. ഗുമസ്‍താക്കൾ രാപ്പകൽ കഷ്ട്ടപ്പെട്ടു തീർത്തിട്ടു വേണം മേല്പറഞ്ഞ സാമർത്ഥ്യം സഫലീകരിക്കുവാൻ. ആണ്ടു തോറും അനേകായിരം പകർപ്പുകൾ കൂടുന്തോറും അതിലും മറ്റു വകകളിലും ജോലി കൂടുന്നു എന്ന് നിസ്സന്ദേഹം അനുമാനിക്കാവുന്നതാണ്. എന്നാൽ, മേലാധികാരികളുടെ സാമർത്ഥ്യം കൊണ്ട്, കൂടുതൽ ജോലിക്കാർ ആവശ്യമില്ലെന്ന് കാണുന്നതും, വരുന്ന ജോലികളെല്ലാം മുമ്പുള്ള ജോലിക്കാരെ കൊണ്ടുതന്നെ പരിശോധിപ്പിച്ചു കൊള്ളുന്നതും നോക്കുമ്പോൾ, ആ മേലന്വേഷണക്കാർ ഗവൺമെന്‍റിന്‍റെ ഉത്തമപ്രീതിക്കു പാത്രമെന്നുള്ളതിന് രണ്ടു പക്ഷമില്ല. സിൽബന്ധികൾ ജോലികളുടെ അധികത്വം കൊണ്ട് ജോലി വഹിക്ക വയ്യാതെ "നോക്കിയതു നോക്കി" "കണ്ടതു കണ്ടു" എന്ന മട്ടിലാണ് പരിശോധന നടക്കുന്നത്. ഇതിനെക്കാളും ആവക ജോലികൾ പരിശോധിപ്പിക്കാതെയിരുന്നെങ്കിൽ ഗവർന്മേണ്ടിനു ഈ സിൽബന്ധികൾക്ക് കൊടുത്തു വരുന്ന പണം മുഴുവനും ലാഭമായേനെ. വിശേഷിച്ചും, സൂചകപത്രങ്ങൾ മുതലായവ പരിശോധിക്കുന്നതിന് നിയമിക്കപ്പെടുന്നവർ ചിലപ്പോൾ രജിസ്‌ട്രേഷൻ ജോലിയുടെ ഗന്ധസ്പർശം ഉണ്ടായിട്ടുള്ളവരായും ഇരിക്കയില്ല. ഇങ്ങനെ ഓരോ ദിവസവും ചെയ്യുന്ന ജോലികൾ പരിശോധിച്ചു എന്ന് മാനേജർ ഒരു അടയാളം പുസ്തകത്തിൽ വയ്ക്കുമ്പോൾ, കഴിയുന്നു. സബ് ആഫീസുകളിൽ നിന്ന് വരുന്ന അവധി ഫാറങ്ങൾ, ഗുമസ്തന്മാരുടെ ആവശ്യങ്ങൾ നടന്നതിന് മേലോ ആവശ്യപ്പെട്ട സമയം അതിക്രമിച്ചതിന് മേലോ ആയിരിക്കും അനുവദിക്കുന്നത്. ഈ ന്യൂനതയെ പരിഹരിക്കുന്നതിനുണ്ടായ സർക്കുലറിനെപ്പോലും ചിലപ്പോൾ ഗണ്യമാക്കാതെ പോരുന്നതു കൊണ്ടു തന്നെ, കീഴ് സിൽബന്ധികളുടെ പേരിലുള്ള നിർദ്ദയത്വം പ്രത്യക്ഷപ്പെടുത്തുന്നു.