ഇന്ത്യയുടെ പേരിൽ അനുകമ്പ

  • Published on May 23, 1908
  • By Staff Reporter
  • 204 Views

ഗ്രേറ്റ് ബ്രിട്ടനിലെ ഓരോ നഗരത്തിലും ഗ്രാമത്തിലും പോകുവാൻ സംഗതിയാകുന്ന പക്ഷം ഇന്ത്യയെപ്പറ്റിയുള്ള വാസ്തവത്തെ ഞാൻ ജനങ്ങളെ അറിയിക്കുന്നതാണ് എന്നു, ഇംഗ്ലണ്ടിലെ സ്വതന്ത്ര പരിശ്രമകക്ഷി പ്രമാണിയായ മിസ്റ്റർ കെയർ ഹാർഡി, ഹഡഴ്സ് ഫീൾഡിൽ വച്ച് പ്രസംഗിച്ചപ്പോൾ, ബഹുജന സമക്ഷം നടത്തിയ പ്രതിജ്ഞ, ആഴ്ചകൾ കഴിയുന്തോറും, പ്രബലമായി ഉദാഹരിക്കപ്പെട്ടുവരുന്നതിൽ, ഇന്ത്യാ നിവാസി ജനങ്ങൾ ഒരുപോലെ സന്തോഷിക്കുമെന്ന് ഉള്ളതിന് സംശയമില്ലാ. "ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ, എല്ലാ പ്രകാരത്തിലും, ഇന്ത്യാ നാട്ടുരാജാക്കന്മാരുടെ കീഴിൽ അനുഭവിച്ചിരുന്ന ഏറ്റവും ശ്രേഷ്ഠമായ ഭരണത്തേക്കാൾ എത്രയോ വളരെ വഷളായിരിക്കുന്നു" എന്നു മിസ്റ്റർ ഹാർഡി, ഏപ്രിൽ 24 നു ആർബ്രോത്തിലെ പബ്ലിക് ഹാളിൽ വച്ച്, മിസ്റ്റർ മാർളിയുടെ ഇന്ത്യാ പരിഷ്കാര വ്യവസ്ഥയെപ്പറ്റി ആക്ഷേപിച്ചു ഉപസംഹരിച്ചതായ പ്രസംഗത്തിൻ്റെ വിശദമായ വിവരം ഇപ്പോൾ കിട്ടിയിരിക്കുന്നു. ഈ പ്രസംഗം, ശ്രോതാക്കളുമായി കൂടിയിരുന്ന ഇംഗ്ലീഷ് ജനങ്ങളെ അത്ഭുതപരവശരാക്കി എന്നു പ്രശംസിക്കുന്നത് ഏതും മതിയാവുന്നതല്ല. ഇന്ത്യയിലെ ജനസാമാന്യം മധുവർജ്ജന നിഷ്ഠക്കാരായിരുന്നിട്ടും, സസ്യഭുക്കുകളായിരുന്നിട്ടും, അവരുടെ ആദായം കൊല്ലത്തിൽ ശരാശരി 23 ഷില്ലിങ് വീതം മാത്രം ആയിരിക്കുവാനും, വിപരീതശീലക്കാരായ ഇംഗ്ലീഷുകാർക്ക് കൊല്ലത്തിൽ മദ്യച്ചെലവ് മാത്രം നാലു പവൻ വീതം ആകുവാനും സംഗതി എന്തായിരിക്കുമെന്ന് മിസ്റ്റർ ഹാർഡി ചോദിക്കയും, ഈ ഭേദത്തിന് കാരണം, ഇന്ത്യാക്കാരുടെ ഗവർന്മെണ്ട് വ്യവസ്ഥയുടെ വിശേഷമാണെന്നും മറുപടി പറയുകയും ചെയ്തതായി കാണുന്നു. ഇന്ത്യയുടെ ഏറിയൊരു ഭാഗങ്ങളിലുള്ള ജനങ്ങൾക്കു വരവിൽ നൂറ്റിന് 45 വീതം ഗവർന്മെണ്ടിനു നികുതി കൊടുക്കേണ്ടതായിരിക്കുന്ന അവസ്ഥയിൽ, ദാരിദ്ര്യം, ഇന്ത്യയെ വിട്ടുമാറുന്നതെങ്ങനെ എന്നായിരുന്നു മിസ്റ്റർ ഹാർഡി ചോദിച്ചത്. ക്ഷാമത്തിൻ്റെ ഹേതു, വൃഷ്ടിക്കുറവാണെന്നുള്ള മിസ്റ്റർ മാർളിയുടെ വാദത്തെ മിസ്റ്റർ ഹാർഡി ഖണ്ഡിച്ചത്   കൗതുകകരമായിരുന്നു. "ക്ഷാമത്തിൻ്റെ ഹേതു, വൃഷ്ടിക്കുറവ് തന്നെ, മഴ പെയ്യിക്കുവാൻ ഗവൺമെൻ്റിനു ശക്തിയില്ലാ എന്നതും ശരിതന്നെ, എന്നാൽ ക്ഷാമത്തെ നിവാരണം ചെയ്യാൻ ഗവൺമെൻ്റിനു വാസ്തവമായിട്ടും ശക്തിയുണ്ട്. വൃഷ്ടിക്കുറവ് ഇന്ത്യയിൽ സർവത്രവും വ്യാപിച്ചിട്ടില്ലാ; അതു ഏതാനും പ്രദേശങ്ങളിൽ മാത്രമേ ഉള്ളൂ. ക്ഷാമം ജനങ്ങളെ കൊല്ലുന്നതിനെ തടുക്കുവാൻ ഗവൺമെൻ്റിനു ശക്തിയുണ്ട്. ജനങ്ങൾക്കു ഒരു ദിവസം ഒരു പെന്നി വീതമെങ്കിലും ആദായത്തിനു അനുവദിച്ചിരുന്നുവെങ്കിൽ, അവർ പട്ടിണി കിടന്നു മരിക്കേണ്ടി വരുകയില്ലായിരുന്നു" ഇപ്രകാരം, വളരെ ശക്തിമത്തായ സ്വരത്തിൽ ഇന്ത്യയിലെ ക്ഷാമത്തെയും ഇന്ത്യാ നിവാസികളുടെ മേൽ നടത്തിവരുന്ന ഭരണക്രമങ്ങളെയും മറ്റും പ്രതിപാദിച്ചു, ഇപ്പോഴത്തെ ഉൽപതിഷ്ണു ഗവർന്മെണ്ട് സ്ഥിതി സ്ഥാപക ഗവൺമെൻ്റിനേക്കാൾ വളരെ വഷളായി ഭവിച്ചിരിക്കുന്നു എന്നു മിസ്റ്റർ ഹാർഡി പ്രസംഗിച്ചപ്പോൾ, പ്രസ്താവിച്ച ഒരു ഉദാഹരണം ഇവിടെ ഉദ്ധരിക്കേണ്ടതായിവരുന്നു. " വിദ്യാഭ്യാസത്തിനായി ഇന്ത്യാ ഗവൺമെൻ്റ് എത്രമാത്രം ചെലവാക്കുന്നുണ്ട്. കൊല്ലത്തിൽ ആളൊന്നിന് ഒരു പെന്നി മാത്രം. സൈനിക വകുപ്പ് വകയ്ക്കായി എത്ര ചെലവാക്കുന്നുണ്ട്? കൊല്ലത്തിൽ ആളൊന്നിന് ഒരു ഷില്ലിങ് വീതം. ഇന്ത്യാ സാമ്രാജ്യത്തിലെ അനേകശതം ജനങ്ങൾക്കു രണ്ടു ദിവസത്തിലൊരിക്കൽ മാത്രമേ ആഹാരം കഴിപ്പാൻ കഴിവുളളൂ. എന്നിട്ടും, അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ഫീസ് ചുമത്തിയിരിക്കുന്നു!" ഈ സംഗതികളുടെ ഭയങ്കരതയെ ഓർത്തിട്ടു മിസ്റ്റർ ഹാർഡി തൻ്റെ ശ്രോതാക്കളോട് ചോദിച്ച ചോദ്യം, അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ ഏറെ മുഖ്യമായ ഘട്ടമായിരുന്നു. ഇന്ത്യയെ ഭരിക്കുന്നത്, ഇന്ത്യാ നിവാസികളുടെ ജനങ്ങളെ പാപ്പരാക്കി വയ്ക്കുവാനും അവരെ ഉടമസ്ഥൻ കൂടാതെ ചവിട്ടിത്താഴ്ത്തുവാനും ഉള്ള മാതൃകോദ്ദേശ്യത്തോടുകൂടിയാകുന്നുവോ? അങ്ങനെയാണെന്ന് ഞാൻ വിചാരിക്കുന്നില്ലാ. ഞാൻ വിശ്വാസിക്കുന്നുമില്ലാ. സാമാന്യ ജനപ്രതിനിധി സഭാശാലയിലെ എൻ്റെ സ്ഥാനത്തു നിന്നു ഇന്ത്യയെപ്പറ്റിയുള്ള സകലവാസ്തവങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കപ്പെടുന്നുണ്ടെന്ന് ഞാൻ ശപഥം ചെയ്യുന്നു. ഇന്ത്യയിൽ അസ്വസ്ഥത ഉണ്ട്. എന്നാൽ ഇന്ത്യയിൽ രാജദ്രോഹം ഇല്ലാ എന്ന് നൂറാം തവണയും ഞാൻ പറയുന്നു. ഇന്ത്യക്കാരുടെ പേരിൽ ആരോപിക്കപ്പെടാവുന്ന കുറ്റം ഏതെങ്കിലുമൊന്നുണ്ടെങ്കിൽ അതോ, അവർ അതിരു കവിഞ്ഞ രാജഭക്തിയും, അതിരു കവിഞ്ഞ വണക്കവും ഉള്ളവരാണ് എന്നാകുന്നു. ഇന്ത്യയിൽ ഇനിയുo ഒരു മഹാകലഹം ഉണ്ടാകുമോ എന്നു ചിലർ ചോദിക്കുന്നുണ്ട്. 1857 - ാണ്ടു നടന്ന വിധം ഒരു മഹാകലഹം ഉണ്ടാകയില്ലാ: എന്നാൽ, അതിനേക്കാൾ എത്രയോ മഹത്ത്വവും ഗൗരവപ്പെട്ടതുമായ ഒരു കലഹം ഉണ്ടാകുന്നതാണ്. ബ്രിട്ടീഷ് ഭരണസ്ഥാപനത്തെ മുഴുവനും തട്ടിമറിച്ച് തറയോട് ചേർക്കുന്നതിന് ഇന്ത്യക്കാരുടെ സഹനരൂപമായ നിരോധവും, നികുതി കൊടുക്കാതിരിക്കലും മാത്രമേ ആവശ്യമുള്ളൂ. ഇത് സംഭവിക്കുന്നതായാൽ, ബ്രിട്ടീഷ് ഗവർന്മെണ്ടിനെ വീണ്ടും സ്ഥാപിക്കുവാൻ ഭൂലോകത്തിൽ യാതൊരു ശക്തിയും ഇല്ലാ". ഇപ്രകാരം ശ്രോതാക്കളെ, മന്ത്രത്താൽ ബന്ധിച്ചതുപോലെ, ആശ്ചര്യപരതന്ത്രന്മാരാക്കിയ മിസ്റ്റർ കെയർ ഹാർഡിയുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ ഇപ്പോഴത്തെ കഷ്ടാവസ്ഥയ്ക്ക് കാരണം, ഇന്ത്യയെ ഭരിക്കാൻ വരുന്നവരുടെ കഠിനഹൃദയത്വമോ മറ്റോ അല്ലാ എന്നും, ഇന്ത്യാഭരണ വ്യവസ്ഥയുടെ ദോഷമാണെന്നും, ഈ വ്യവസ്ഥയുടെ മുഖ്യമായ ഉദ്ദേശ്യം, ജനങ്ങളുടെ ക്ഷേമമല്ലെന്നും, ഇന്ത്യൻ ജനങ്ങളിൽ നിന്നു ധനവും റെവന്യൂവും പിടിച്ചു പറ്റുക എന്നതാണെന്നും പ്രസ്താവിക്കയും, ഇന്ത്യയുടെ ഇപ്പോഴത്തെ കഷ്ടസ്ഥിതിയെ ഭേദപ്പെടുത്തുന്നതിനുള്ള ഒരേ ഒരു പ്രതിവിധി, ഇന്ത്യയ്ക്കു സമാന്തര രാജ്യങ്ങളിലെപ്പോലെ സ്വയം ഭരണാവകാശം നൽകുകയാണെന്ന് ജനങ്ങളെ ഗ്രഹിപ്പിക്കയും ചെയ്ത മിസ്റ്റർ ഹാർഡിയുടെയും സ്വപക്ഷക്കാരുടെയും വാദങ്ങളെ കേട്ടുത്തരം പറവാൻ, സാമാന്യ ജനസഭയിൽ മിസ്റ്റർ മാർളി ഉണ്ടായിരിക്കയില്ലല്ലോ എന്നു, ഇന്ത്യയുടെ ക്ഷേമകാംക്ഷികൾക്ക് ഖേദം ഉണ്ടാവാൻ അവകാശമുണ്ട്.              

Compassion on behalf of India

  • Published on May 23, 1908
  • 204 Views

There is no doubt that the people of India will be equally pleased to hear the pledge made before the masses by Mr. Keir Hardie, the leader of the Independence Party in England, when he spoke at Huddersfield: 'If it were possible to visit every town and village in Great Britain, I would tell the people the truth about India.' Mr. Hardie, speaking at the public hall in Arbroath on April 24th, concluded his speech on Mr. Marley's system of Indian reform by stating, "The present state of India is, in every respect, far worse than the noblest rule India ever experienced under its monarchs." The speech, which astonished the English people in attendance, deserves more than just praise. Mr. Hardie asked why the people of India, generally abstinent and vegetarian, had an average income of only 23 shillings per year, while the cost of liquor alone to the intransigent English amounted to four pounds per year. Mr. Hardie questioned how poverty could be eradicated from India when people in most parts of the country have to pay 45 percent of their income toward government taxes.

It was interesting that Mr. Hardie refuted Mr. Marley's contention that the famine was solely due to lack of rainfall. Mr. Hardie acknowledged that while the cause of famine is indeed the lack of rainfall—an aspect beyond the government's control—the government possesses the ability to alleviate the effects of the famine. Lack of rainfall is not widespread across India; it affects only a few areas. The government has the power to prevent famine and save lives. Mr. Hardie emphasised, "If the people had been provided with just a penny a day as income, they would not have had to starve to death." "How much does the Government of India spend on education? One penny per person in a year. How much does it spend on the military department? One shilling per person in a year. In a forceful tone, Mr. Hardie highlighted that the famine in India and the treatment of its inhabitants under the present Liberal Government were worse compared to the Conservative Government. He provided an example: "How much does the Government of India spend on education? One penny per person per year. How much does it spend on the military department? One shilling per person per year." A large percentage of the people of the Indian Empire could only afford to eat only once in every two days.. Despite this hardship, fees were charged to educate their children.

Reflecting on these disturbing circumstances, Mr. Hardie posed a crucial question to his listeners during his speech. “Is India governed with the ultimate intention of bankrupting the Indian people and treating them as if they have no worth or guardian to take care of? I do not think so; I do not believe so. I solemnly declare that from my position in the House of Commons, all facts about India are communicated to the public. There is unrest in India, but I assert for the hundredth time that there is no treason in India. If there is any criticism of the Indians, it is that they are too loyal and too subservient. Some are wondering if there will be another major conflict in India. There will not be a conflict as significant as the one in 1857, but there will be a much greater and more serious conflict than that. All that was required was for the Indians to engage in tolerable resistance and refuse to pay taxes to overthrow the entire British establishment.” If this were to happen, there would be no power on earth capable of reinstating the British government.

In the opinion of Mr. Keir Hardie, who thus left his listeners spellbound and astonished, the cause of India's present distress is not the personal disposition of those who govern India, but rather the inherent flaws within the Indian system of government. Mr. Hardie asserted that the primary purpose of the existing system was not the welfare of the people, but rather to extract money and revenue from the Indian populace. He emphasised that the only solution to India's current distress was to grant India the right of self-government, similar to other nations. Those advocating for welfare have valid reasons to regret that Mr. Marley was not present in the House of Commons to hear Mr. Hardie's arguments along with those of the Independents.

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like