ഭണ്ഡാരശക്തി
- Published on April 06, 1910
- By Staff Reporter
- 794 Views
ഒരു രാജ്യത്തിൻെറ ക്ഷേമം അവിടത്തെ കോശബലത്തെ പ്രധാനമായി ആശ്രയിച്ചിരിക്കും. പ്രജകൾക്ക് കാലാനുസൃതം ക്ഷേമാവഹങ്ങളായ ഏർപ്പാടുകൾ പലതും നിർവഹിക്കപ്പെടേണ്ടവയായി ഉണ്ടാകാം. അതുകളെ ഗവൺമെന്‍റ് സ്വയം അറിഞ്ഞും പ്രജകളുടെ അഭിനിവേദനം മൂലമായും സാധിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാകുന്നു. ഇതിലേക്ക് ധനശക്തിയുടെ സഹായം അപേക്ഷിതമാണല്ലോ. ക്ഷേമാസ്പദങ്ങളായ ആവശ്യകങ്ങളെ മുന്നിട്ട് പ്രജകളിൽനിന്ന് അനുപദം പുറപ്പെട്ടുകൊണ്ടിരിക്കുന്ന അപേക്ഷകൾക്ക് ' പണമില്ല ', 'പിന്നീട് ആലോചിക്കാം', എന്നുള്ള മറുപടി ഒരു ഗവൺമെന്‍റിന് ലജ്ജാവഹമായിട്ടുള്ളതല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതിനെപ്പറ്റി ഞങ്ങൾ യാതൊന്നും പറയുന്നില്ല. എന്നാൽ ഈ ഇരുപതാം നൂറ്റാണ്ടിൽ ഒരു പരിഷ്‌കൃത ഗവൺമെന്‍റിനെ അപേക്ഷിച്ച് മേൽ പറയപ്പെട്ട മറുവടികൾ ഒരു വിധത്തിലും ആശാസ്യങ്ങളാണെന്ന് സമ്മതിക്കുന്നതിനു ഞങ്ങൾ തയ്യാറില്ല. ഈ വക മറുവടികൾ മിക്കപ്പോഴും ഗവൺമെന്‍റിന്‍റെ പര്യാലോചനാശൂന്യമായ ദുർവ്യയത്തിൻെറ പരസ്യങ്ങളായിട്ടത്രെ ജനങ്ങൾ ഗ്രഹിക്കുമാറുള്ളത്. പ്രയോജനകരമായ ഒരു പുതിയ സ്ഥാപനത്തിന് ആവശ്യപ്പെടുന്ന നിസ്സാരമായ ഒരു തുകയെ സംബന്ധിച്ച് ' കൂടുതൽ ചെലവാകയാൽ തൽക്കാലം തരമില്ലെന്ന് ' പറയുന്ന ഗവൺമെന്‍റുതന്നെ അടുത്ത സന്ദർഭത്തിൽ അതിൻ്റെ പത്തിരട്ടിയോ അതിലധികമോ വരുന്ന ഒരു തുകയെ അനാവശ്യമായ ആഡംബരത്തിനോ അനർഹമായ ആഥിത്യത്തിനോവേണ്ടി ഒരു മുഹൂർത്തം കൊണ്ട് നിർദ്ധ്യൂളിയാക്കാൻ സന്നദ്ധമാകുന്നത് അധികാരപ്രമത്തതാജന്യമായ നിരംകുശത്വം കൊണ്ടല്ലെങ്കിൽ മറ്റെന്തു കൊണ്ടായിരിക്കാം? മേൽപ്പറയപ്പെട്ടതിന് ഉദാഹരണങ്ങൾ സുപ്രസിദ്ധങ്ങളാകയാൽ തൽക്കാലം അവയെ ഉദ്ധരിക്കണമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. പഴയ മാമൂലുകളെ എല്ലാം അനാദരിക്കണമെന്ന് ഞങ്ങൾ പറയുന്നില്ലാ. എന്നാൽ അവയെ അതേ സ്വരൂപത്തിലോ, കുറേക്കൂടി മോടി പിടിപ്പിച്ചോ അരങ്ങേറ്റം കഴിച്ചു കണ്ടെങ്കിൽ മാത്രമേ ജന്മസാഫല്യം സിദ്ധിക്കയുള്ളു എന്ന് വിചാരിക്കുന്നത് കഷ്ടതരമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. ' യഥാരാജാ തഥാപ്രജാ ' എന്നുള്ള വാക്യത്തെ ഒരു ഗവൺമെന്‍റ് സർവോപരി സംസ്മരിക്കേണ്ടതാണ്. ഗവൺമെന്‍റിനു ചെലവ് വർദ്ധിക്കുന്നു എന്നുള്ള കാരണത്താൽ പ്രജകളുടെ ന്യായങ്ങളായ ആവശ്യങ്ങളെയും ധിക്കരിക്കാൻ പാടുള്ളതല്ല. ഇതിലേക്കായി പല പരിഷ്‌കൃത ഗവൺമെന്‍റുകളും പലപ്പോഴും അധമർണ്ണതയെ പ്രാപിക്കാറു കൂടിയുണ്ടെന്നുള്ളത് കേവലം രഹസ്യമായിട്ടുള്ളതല്ലല്ലോ. ഈ സ്ഥിതിക്ക് ധനശക്തിയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നോക്കമല്ലാത്തതായ ഒരു ഗവൺമെന്‍റ് പ്രജകളുടെ ക്ഷേമകൃത്യങ്ങളിൽ അലസമായി വർത്തിക്കുന്നത് ഉചിതമായിരിക്കുമോ? ഒരു ഗവൺമെന്‍റിന്‍റെ ധനശക്തി ഭണ്ഡാരത്തെ വണ്ണിപ്പിക്കുന്നത് കൊണ്ട് മാത്രം അർത്ഥവത്തായി തീരുകയില്ല. പ്രജകളുടെ ഐശ്വര്യം രാജ്യത്തിൻെറ ഐശ്വര്യമാകുന്നു എന്നുള്ള തത്വം ഒരിക്കലും വിസ്മരിക്കപ്പെടാവുന്നതല്ല. ഇതിനു വിപരീതമായി പ്രജാസമുച്ചയത്തിൽ അനർഹങ്ങളായ നികുതികളെ ഏർപ്പെടുത്തിയും മറ്റും പ്രജാമർദ്ദനം ചെയ്ത് ഭണ്ഡാരത്തെ വണ്ണിപ്പിക്കുന്ന സമ്പ്രദായം നാട്ടുരാജ്യങ്ങളുടെ ഭരണത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഗുരുതരങ്ങളായ പ്രജാക്ഷേമോദ്ദേശ്യങ്ങളെ നിർവഹിക്കുന്നതിനായിട്ടല്ലെങ്കിൽ അതിൽ പരം നീചവും നിന്ദ്യവുമായ കൃത്യം വേറെ യാതൊന്നുമില്ല. പ്രജകൾ ഈവിധം സങ്കടങ്ങളിൽ അകപ്പെട്ട് സ്വാഭാവികമായ രാജഭക്തിയെ മറന്നു പ്രവർത്തിക്കുന്നതിനുകൂടി ചില സന്ദർഭങ്ങളിൽ സംഗതിയായിട്ടുണ്ടെന്നുള്ളതും ചരിത്രപ്രസിദ്ധമാണല്ലോ. പ്രജകളിൽ ധനശക്തി വർദ്ധിക്കുന്നതായാൽ ഗവൺമെന്‍റിൻ്റെ ന്യായങ്ങളായ നിർബന്ധങ്ങളെ പൂർണ്ണമനസ്സോടെ അവർ സമ്മതിക്കുന്നതായിരിക്കും. അപ്രകാരം ചെയ്യാതെ അവരെ ഹിംസിക്കുന്നതായാൽ അത് ഒരുവിധത്തിലും ശുഭാവഹമായിരിക്കയില്ല. അതുകൊണ്ട് ഒരു ഗവൺമെന്‍റിൻ്റെ പ്രധാനമായ നോട്ടം പ്രജകളുടെ ഇടയിൽ ധനമാർഗ്ഗങ്ങളെ വെട്ടിത്തുറന്നുകൊടുക്കുന്ന വിഷയത്തിൽ ആയിരിക്കണമെന്ന് വിശേഷിച്ച് പറയണമെന്നില്ലല്ലോ. ഇതിലേക്ക് മുഖ്യമായി ചെയ്യേണ്ടത് വിദ്യാഭ്യാസരീതിയെ പരിഷ്‌ക്കരിക്കയാകുന്നു. തിരുവിതാംകൂർ രാജ്യം ഈ സംഗതിയിൽ സാമാന്യം ഉയർന്നതായ ഒരു നിലയിൽ എത്തീട്ടുണ്ടെന്ന് ഞങ്ങളും സമ്മതിക്കുന്നുണ്ട്. എന്നാൽ ഈ വിവരണത്തിൽ വിദ്യാഭ്യാസത്തെപ്പറ്റി ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അർത്ഥം ഇതിൽ നിന്ന് അല്പമായി വ്യത്യാസപ്പെടുത്തിയിട്ടാണ്. തിരുവിതാംകൂർ പ്രജകളുടെ നിർദ്ധനത്വത്തെ പരിഹരിക്കുന്നതിന് അവരെ ശക്തന്മാരാക്കിത്തീർക്കുന്ന വിഷയത്തിൽ ഏതുതരം വിദ്യാഭ്യാസം പര്യാപ്തമായി തീരുമോ അതിനെ ഉടനടി നടപ്പിൽ വരുത്തണമെന്നാണ് ഞങ്ങൾ ഗവൺമെന്‍റിനെ ഉണർത്തുന്നത്. ഇതിലേക്ക് ' പണമില്ലാ, സൗകര്യമില്ലാ, പിന്നെയാകട്ടെ ' ഇത്യാദികളായ മറുവടികളെക്കൊണ്ട് തൽക്കാലം പ്രജകളെ സമാധാനപ്പെടുത്തുന്നതിന് തന്ത്രകൗശലം ഫലപ്പെടുമെന്നിരിക്കലും ഈവിധം കുറേക്കൂടി കഴിയുന്നതായാൽ രാജ്യത്ത് ദാരിദ്ര്യം വർദ്ധിക്കുന്നതിനും അതിൻ്റെ പരിണാമഫലം ഭണ്ഡാരത്തിൻെറ കാർശ്യമായി കലാശിക്കുവാനും എളുപ്പമുണ്ട്. ഈ രാജ്യത്ത് അസാമാന്യമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സ്വഭാവത്തെപ്പറ്റി പര്യാലോചിക്കുന്നതായാൽ ജനങ്ങളുടെ ഇടയിൽ ആദായകരങ്ങളായ വ്യവസായങ്ങളെ വർദ്ധിപ്പിക്കുന്നതിനുള്ള കാലം എത്രയും അത്യാസന്നമായിരിക്കുന്നു. ഇതിനെപ്പറ്റി ഞങ്ങളും മറ്റുപല മാന്യസഹജീവികളും പലേ സന്ദർഭങ്ങളിലും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഗവൺമെന്‍റ് ഇതിനെ വേണ്ടവിധം ആദരിച്ചിട്ടുള്ളതായി ഇനിയും ലക്ഷ്യങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല. സാമാന്യ വിദ്യാഭ്യാസം പൂർത്തിയാവുന്നതോടുകൂടി കച്ചവടം, കൈത്തൊഴിൽ മുതലായ സാങ്കേതിക കലകളിൽ കൂടി വിദ്യാർത്ഥികൾക്ക് ജ്ഞാനം ഉണ്ടാകത്തക്കവിധത്തിൽ വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്‍റിനെ പരിഷ്‌ക്കരിക്കുന്നതിനും ഉയർന്നതരം സാങ്കേതികവിദ്യാശാലകൾ ക്രമംകൊണ്ട് സ്ഥാപിക്കുന്നതിനും ഗവൺമെന്‍റിന്‍റെ ശ്രദ്ധയെ ഞങ്ങൾ വീണ്ടും ക്ഷണിച്ചുകൊള്ളുന്നു. ഈ വക ഏർപ്പാടുകളാൽ ഗവൺമെന്‍റിന്‍റെ ഭണ്ഡാരത്തിന് തൽക്കാലം പക്ഷെ പരിശോഷണം തട്ടുന്നതായിരുന്നാലും ഇതു നിമിത്തം മേൽ തിരുവിതാംകൂർ രാജ്യം അനവധി ഭണ്ഡാരങ്ങളുടെ ആസ്ഥാനമായിത്തീരുമെന്ന് ഞങ്ങൾ സധൈര്യം അഭിപ്രായപ്പെടുന്നു. അപ്പോൾ മാത്രമേ ഭണ്ഡാരത്തിൻ്റെ വാസ്തവമായ ശക്തി പ്രകാശിക്കയുള്ളു.
The Strength of the Treasury
- Published on April 06, 1910
- 794 Views
The welfare of a country depends on how full its treasury is. People will have issues to be addressed on a timely basis so that the overall wellbeing of their lives can be increased. It is quite necessary that the government on its own and on the basis of the representations made to it must find solutions to these issues. The role of the power of money in addressing such issues is indisputable. We would rather remain tight-lipped about a government that does not feel ashamed of responding to people’s requests for implementing welfare schemes by saying that ‘we don’t have money,’ ‘let us think about it later,’ etc. But we are not ready to accept such replies given by a civilised government in the twentieth century as something respectable. As a matter of fact, people take such responses of the government as advertisements of its thoughtlessly wasteful spending. A government that denies a negligible sum of money to a new useful institution on the ground that ‘more money was spent on something else,’ can be seen as being intoxicated with wasteful squandering of money on needless extravaganza and for hosting guests just out of vanity! If such a spending spree is not driven by mindless recklessness, what else would be the driving force behind it?
Since the examples for the aforementioned extravaganzas are out in the open, we do not intend to enumerate them here. We do not say that all the age old customs must be thrown to the wind. But insisting on reintroducing them as they are or by adding embellishments to them would be deplorable, to say the least. A government must always bear in mind the axiom ‘as is the king, so is the subject.’ The just demands of the subjects should not be rejected simply on the ground that ‘the government’s expenses are increasing.’ It is not a secret at all that in order to meet the just demands of the people, many governments have fallen into debt. So, will it be appropriate for a government whose financial position is far ahead of other governments to remain lethargic with regard to the welfare of the subjects? The government of a country cannot function meaningfully by just adopting only the measures to fatten its coffers.
The principle that the prosperity of the subjects of a country will be the prosperity of the country itself should never be forgotten. In contrast to this, most princely state governments tend to overtax their subjects with an eye on fattening their coffers. If the intent of this action is not the welfare of the subjects, no other action of the government will be more despicable than this. It is also well-known that the subjects, after having been pushed to the brink in this fashion, had to behave arrogantly on certain occasions in utter disregard of the fealty expected of them to the king. If the subjects are financially empowered, they will readily heed any just demand made on them by the government. Any move on the part of the government to press ahead without making any such provisions for the welfare of the people is bound to fail. Therefore, it goes without saying that a government aiming to achieve greatness must open up ways for the economic welfare of the subjects.
Reforming education is the most important thing that the government must do towards achieving this goal. We also agree that the kingdom of Travancore has scaled considerable heights in this. But the concept of education as explained in this piece is slightly different from what it has generally come to mean. We urge the government to make adequate changes in its educational policy so as to address the financial backwardness of the subjects of Travancore. The government’s ploy of putting off meaningful action by saying that ‘there is paucity of funds,’ ‘it is not convenient to do this,’ ‘let us do it at a later date’ etc. may bring some relief temporarily; but such dithering and tightening of spending will in the long run lead to increased poverty, which will in turn weaken the coffers further. Given the scenario of the unprecedentedly increasing population in this land, the initiatives for starting lucrative industries among the people is long overdue. Although we have written about this on many occasions along with other like-minded people, there are no signs of the government making any positive move towards reaching the goal. We draw the attention of the government again to the need for reforming the education department so as to give the students who have acquired a considerable level of education training, the knowledge of engaging in trades and handicrafts, apart from taking steps to establish centres for imparting technical education as well in due course. Even if it may lead to a crunch on the government treasury for the time being, we make bold to say that the state of Travancore through such bold steps will become an abode of treasures in the future. It is only then that the true strength of its coffers will shine through.
Translator
K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.