പാഴ് ചെലവ്
- Published on May 02, 1908
- By Staff Reporter
- 733 Views
പൂജപ്പുര ജയിലിലെ അച്ചുകൂടം പരിഷ്കരിക്കുന്നതിന് സാമഗ്രികൾ വരുത്തുന്നതിലേക്കായി, പതിനെണ്ണായിരം രൂപ ചിലവ് ഗവൺമെന്‍റിൽ നിന്ന് അനുവദിച്ചിരിക്കുന്നതായി ഞങ്ങൾ കഴിഞ്ഞ കുറി പ്രസ്താവിച്ചിരുന്നുവല്ലോ. ഈ പണവ്യയം, ജയിൽ സൂപ്രണ്ട് മിസ്റ്റർ സ്വീനിയുടെ ശുപാർശ അനുസരിച്ച് ചെയ്യുന്നതാണെന്ന് ഇപ്പോൾ അറിയുന്നു. ജയിലിലെ അച്ചുകൂടത്തിനെ ഇത്രയേറെ പണം ചിലവ് ചെയ്ത് പരിഷ്കരിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ഗവൺമെന്‍റ് ആലോചിച്ചിരുന്നു എങ്കിൽ, ഗവൺമെന്‍റിന്‍റെ ഈ പണ വ്യയോദ്യമം അനാവശ്യമാണെന്ന് കാണാമായിരുന്നു. മിസ്റ്റർ സ്വീനിയെ, മറുനാടുകളിലെ നെയ്ത്തു വേലകളെ കണ്ടറിഞ്ഞ് ശീലിച്ച് വരുവാനായി, ഗവൺമെന്‍റിന്‍റെ പണം ഒട്ടേറെ ചിലവ് ചെയ്ത് മദിരാശി സംസ്ഥാനത്ത് പല ജയിലുകളിലും അയച്ച് വരുത്തിയിട്ട്, അദ്ദേഹത്തിന്‍റെ സഞ്ചാരം കൊണ്ട് ഗവൺമെന്‍റിന് സിദ്ധിച്ച ഫലം എന്താണെന്ന് ഗവൺമെന്‍റ് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. നെയ്ത്തിനെപ്പറ്റി യാതൊരു പരിചയവും അഭിരുചിയും ഇല്ലാത്ത മിസ്റ്റർ സ്വീനിയെ പുറമെ അയച്ചത് കൊണ്ട് ഗവൺമെന്‍റിന് രണ്ടായിരം രൂപയോളം പാഴ്‌ച്ചെലവുണ്ടായി എന്നല്ലാതെ, മിസ്റ്റർ സ്വീനി ഇതേവരെ ജയിലിലെ നെയ്ത്തു ശാലയിൽ വല്ലതും പരിഷ്‌കാരം ചെയ്തതായി ഞങ്ങളറിയുന്നില്ല. നാട്ടുകാരിൽ നിന്ന് കൂടുതൽ നെയ്ത്ത് വഴിയായി സർക്കാരിന് മുതൽ കൂട്ടുന്നതിന് പ്രത്യേകം താല്പര്യമുള്ള ദിവാൻ മിസ്റ്റർ സ്വീനിയുടെ സഞ്ചാരഫലത്തെപ്പറ്റി അന്വേഷിച്ചതായിട്ടോ ചോദ്യം ചെയ്തതായിട്ടോ ഞങ്ങൾ അറിയുന്നുമില്ല. മിസ്റ്റർ സ്വീനിക്ക് സാധാരണ മറ്റുള്ള ഉദ്യോഗസ്ഥന്മാർക്ക് നൽകുന്ന ബത്തനൽകുന്നു എന്ന് പരാതി പറഞ്ഞപ്പോൾ പുതിയ തരം ബത്ത അനുവദിക്കുവാനൊരുക്കമായിരുന്ന ഗവൺമെന്‍റ് പൊതുജനങ്ങളുടെ പണത്തെ ഈ ഉദ്യോഗസ്ഥന്‍റെ മേൽ ചെലവാക്കിയത് എന്തിനായി ഫലിച്ചു എന്ന് അന്വേഷിക്കാത്തത് വിസ്മയനീയം തന്നെ. എന്നിട്ടും, മിസ്റ്റർ സ്വീനി തൻ്റെ സഞ്ചാരത്തിനായി ഗവൺമെന്‍റ് ചെയ്ത പണച്ചിലവിന് തക്ക പ്രതിഫലം കൊടുക്കാതിരുന്നിട്ടും ജയിലിലെ അച്ചുകൂടത്തെ പരിഷ്കരിക്കുന്നതിനു ഒരു വലിയ തുക ആവശ്യപ്പെട്ടപ്പോൾ, പൊതുജനോപകാരാർത്ഥമായ റോഡ്, തോട് മുതലായവ ഉണ്ടാക്കുന്നതിനു പണം കൊടുക്കേണ്ട വിഷയത്തിൽ മുഷ്ടിവിടാ സ്വഭാവം പ്രദർശിപ്പിച്ച മിസ്റ്റർ രാജഗോപാലാചാര്യരുടെ ഗവൺമെന്‍റ്, അതിന്‍റെ ഔചിത്യത്തെ ചിന്തിക്കാതെ അനുവദിച്ചിരിക്കുന്നു. എത്രയോ വളരെ പണം ചിലവ് ചെയ്ത് സ്ഥാപിച്ചിട്ടുള്ള സർക്കാരച്ചുകൂടം , നവീന പരിഷ്കാരങ്ങളോട് കൂടി ഉണ്ടായിരിക്കുമ്പോൾ, ഒരു പതിനെണ്ണായിരം രൂപ, മറ്റൊരു അച്ചുകൂടത്തിനായി വാരിയെറിയുന്നത് ഭണ്ഡാരതന്ത്രജ്ഞതയല്ല തന്നെ. സർക്കാർ വക അച്ചടി വേലകൾ നടത്തുവാൻ തക്കതായിട്ടാണ് സർക്കാരച്ചുക്കൂടത്തിനെ സന്നദ്ധമാക്കിയിരിക്കുന്നത്. അവിടെ തന്നെയും, വിലയേറിയ ''സ്റ്റീരിയോ ടൈപ്പ്'' യന്ത്രം മുതലായ ചിലതിനെ വേല ചെയ്യിക്കാതെ മുടക്കിയിട്ടിരിക്കുന്നു. ജയിലിലെ അച്ചുകൂടത്തിൽ ചെയ്യേണ്ടി വരുന്ന വേലകൾ, സർക്കാരച്ചുകൂടത്തിൽ നിന്ന് കവിഞ്ഞ് പോകുന്ന ഏതാനും ആണ് . അവയെ നടത്തുന്നതിന് ഇത്രയേറെ പണം ചിലവ് ചെയ്ത അച്ചടി യന്ത്രസാമഗ്രികൾ വാങ്ങിച്ചേർക്കേണ്ട ആവശ്യമില്ല. സർക്കാരച്ചുകൂടത്തിൽ ഉപയോഗിക്കാതെ തള്ളിയിരിക്കുന്ന സാമഗ്രികളെ ജയിലിലേക്കയച്ചാൽ തന്നെ, അത്യാവശ്യമായ പരിഷ്‌കാരം ചെയ്യുവാൻ സാധിക്കുന്നതാണ്. കുടിയച്ചുകൂടങ്ങൾ പരിഷ്‌കാരപ്പെട്ട രീതിയിൽ നടത്തുന്നതിന് ജനങ്ങൾ ഉത്സാഹിച്ചു വരുന്ന സ്ഥിതിക്ക് അവയുടെ പ്രവർത്തിയെ മുടക്കുന്നതിന് വേണ്ടി ഗവൺമെന്‍റ് അച്ചടിത്തൊഴിൽ നടത്തണമെന്നില്ല. സർക്കാരാവശ്യത്തിനുള്ള അച്ചടി മിക്കതും സർക്കാരച്ചുകൂടത്തിൽ നടത്താമെന്നിരിക്കെ, പുറമെ നിന്ന് ആദായത്തിനായി ജയിൽ അച്ചുകൂടത്തെ പരിഷ്കരിച്ചു നടത്താമെന്നും, നിയമിച്ചു കൂടാ. മിസ്റ്റർ സ്വീനിയുടെ അഭിപ്രായവിഭ്രമങ്ങളിൽ മിസ്റ്റർ രാജഗോപാലാചാര്യരും ചാടിപ്പോകുന്നത് ഹാസ്യാസ്പദം തന്നെയാണ്. വിശേഷിച്ചും, ജയിലിൽ നെയ്ത്തുവേല മേലാവായ മിസ്റ്റർ നാരായണപിള്ളയെ നെയ്ത്തു സംബന്ധിച്ച് പരിഷ്‌കൃത സമ്പ്രദായങ്ങൾ അഭ്യസിപ്പാനും മറ്റുമായി ബിലാത്തിക്കയയ്ക്കുന്നതിനെപ്പറ്റി, ഒരു വ്യവസ്ഥ തയ്യാറാക്കുവാൻ, ഗവൺമെന്‍റ്, മിസ്റ്റർ സ്വീനിയോടാവശ്യപ്പെട്ടിരിക്കുന്നതായി അറിയുന്നത്, ഈ ഹാസ്യരസത്തെ വർദ്ധിപ്പിക്കുന്നു. മിസ്റ്റർ സ്വീനിക്ക് നെയ്ത്തിനെ പറ്റി മിസ്റ്റർ പിള്ളയുടെ അറിവിനെ കവിഞ്ഞ അറിവ് അല്പമെങ്കിലും ഉണ്ടെങ്കിൽ, നന്നായിരുന്നു. മിസ്റ്റർ സ്വീനി നെയ്ത്തിൽ വിശേഷ കുശലനല്ല. അങ്ങനെ ഇരിക്കുന്ന ഒരു അപരിചിതനോട് അത് സംബന്ധിച്ചാലോചിക്കുന്നതും, ആ അപരിചിതന്‍റെ അഭിപ്രായങ്ങളെ ഗവൺമെന്‍റ് പ്രമാണീകരിക്കുന്നതും, അതിന്മണ്ണം പണം പാഴ്ച്ചെലവാക്കുന്നതും തീരെ യുക്തമല്ല.