മഹാജന ഭീതി
- Published on August 08, 1906
- By Staff Reporter
- 591 Views
ഇക്കഴിഞ്ഞ ബുധനാഴ്ച്ച പകൽ വൈകിയ ശേഷം, വർക്കലയ്ക്കിപ്പുറം വച്ച്, മിസ്റ്റർ ടീ. ശങ്കരൻതമ്പിയുടെ അനുജൻ മേൽക്കങ്ങണം തഹശീൽ മിസ്റ്റർ ഗോവിന്ദപിള്ളയും ഏതാനും പേരുംകൂടി, ചവറയ്ക്ക് പോയ്ക്കൊണ്ടിരുന്നപ്പോൾ, മിസ്റ്റർ ഗോവിന്ദപിള്ളയുടെ കൂട്ടുകാരിൽ ചിലരും, അവിടെ അടുത്ത് പാർക്കുന്ന ഈഴവന്മാരിൽ ചിലരും തമ്മിൽ എന്തോ വാക്കേറ്റം ഉണ്ടാകയും, അടി കലശൽ നടക്കുകയും, അവരിൽ ചിലർക്ക് മുറിവുകളും ചതവുകളും പറ്റുകയും ചെയ്തതായി ഞങ്ങൾ അറിയുന്നു. മിസ്റ്റർ ഗോവിന്ദപിള്ളയുടെ കൂട്ടരിൽ അടിയേറ്റവർ, അന്നു തന്നെ വർക്കലെ പോലീസുകാരെ വിവരം തെര്യപ്പെടുത്തി, മഹസ്സർ തയ്യാറാക്കിച്ചു എന്നും, ഇതു സംബന്ധിച്ച് സംശയിക്കപ്പെട്ട കുറ്റക്കാരെ പോലീസുകാർ തിരക്കി നടക്കുന്നുവെന്നും ഞങ്ങളറിയുന്നു. കേസ്സിൻ്റെ വാസ്തവഗതി എങ്ങനെയെന്നും, വിവരങ്ങൾ എന്തൊക്കെ എന്നും ഞങ്ങൾ അറിയുന്നില്ല. അവയെപ്പറ്റി പറയേണ്ട ആവശ്യവും ഞങ്ങൾക്കിപ്പോൾ ഇല്ലാ. എന്നാൽ, ഇതു നിമിത്തം, വർക്കലക്കടുത്തുള്ള ഈഴവജനങ്ങളുടെയിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതും, ദിനേദിനേ വളർന്നു വരുന്നതുമായി അറിവിക്കപ്പെട്ടിരിക്കുന്ന ഒരു മഹാഭീതിയെപ്പറ്റി അല്പം പറയേണ്ടി വന്നിരിക്കുന്നു.
പോലീസുകാരുടെ അടുക്കൽ ചെന്ന് മഹസ്സർ തയ്യാറാക്കിച്ചിട്ടുള്ളവർ മിസ്റ്റർ ശങ്കരൻതമ്പിയുടെ അനുജൻ്റെ കൂട്ടുകാരാണെന്നും, ഇവിടത്തെ (ചിറയിങ്കീഴ്) തഹശീൽ മജിസ്ട്രേറ്റ് മിസ്റ്റർ പത്മനാഭപ്പിള്ള മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ജ്യേഷ്ഠനാണെന്നും, ആകയാൽ, ഇക്കേസിൽ പ്രതികളായി സംശയിക്കപ്പെട്ടിരിക്കുന്നവരെ കൈയ്യിൽ കിട്ടിയാൽ തോന്നിയ വിധമെല്ലാം ഉപദ്രവിക്കുന്നതിന് പൊലീസുകാർക്ക് ആരോ ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും, കണ്ണിൽ കാണുന്ന ഈഴവരെയൊക്കെ അവർ പിടിച്ചു മർദ്ദിച്ചേക്കുമെന്നും ഈഴവരുടെയിടയിൽ ഭീതിയും, മറ്റു ജനങ്ങൾക്കു ദുശ്ശങ്കയും ഏത് പ്രകാരത്തിലോ ഉണ്ടായിരിക്കയാണ്. ഇവ സകാരണമായോ നിഷ്കാരണമായോ ഉണ്ടായിട്ടുള്ളതായിരിക്കാം. എന്നാലും, ഇങ്ങനെ ഒരു ബഹുജനഭീതി ജനിച്ചിട്ടുള്ളതിന് പലേ ലക്ഷ്യങ്ങളും ഉണ്ട്. കൃത്യം നടന്നതായി പറയപ്പെട്ടിരിക്കുന്ന ദിവസത്തിൻ്റെ അടുത്ത നാൾ മുതൽ ഇപ്പോഴും പോലീസുകാർ മേല്പടി സ്ഥലത്ത് വളരെ ഊർജ്ജിതമായ അധികാര പ്രകടനത്തോടെ നടക്കുന്നുണ്ട്. അവരെ പേടിച്ച് അന്നുമുതൽ ഇന്നേവരെ, അവിടെയുള്ള അനേകം ഈഴവഗൃഹങ്ങളും ഈഴവരുടെ പീടികകളും ഒരാളു പോലുമില്ലാതെ പൂട്ടിയിട്ടിരിക്കയാണ്. ഇങ്ങനെയുള്ള അക്രമങ്ങളെക്കുറിച്ചു യാതൊരറിവും ഇല്ലാത്ത സ്ത്രീകൾ, കുട്ടികൾ എന്നിവർ കൂടെയും പോലീസുകാർ ഉപദ്രവിച്ചേക്കുമെന്നുള്ള ഭയത്താൽ, വീട് വിട്ട് എവിടെയോ അഭയം പ്രാപിച്ചിരിക്കുന്നു. ഈഴവഗൃഹങ്ങൾ എല്ലാം നിർജ്ജനങ്ങളായി കിടക്കുന്നു എന്നുള്ളത് സന്താപജനകമായ ഒരു വാസ്തവ സംഗതിയാണ്. അക്രമങ്ങളെ അന്വേഷിച്ചു പിടിക്കേണ്ടത് പോലീസുകാരുടെ കടമയാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു. എന്നാൽ, ഈ പോലീസന്വേഷണം റഷ്യയിലെ യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരിക്കുന്നതിന്മണ്ണം ഒരു മഹാഭീതി ഉണ്ടാക്കത്തക്ക വിധത്തിൽ, ആകേണ്ടതിന്, ഇവിടെ ഉണ്ടായിട്ടുള്ള അക്രമം അത്ര ഘോരമാണോ എന്നു ഞങ്ങളറിയുന്നില്ല. മിസ്റ്റർ ഗോവിന്ദപ്പിള്ള, മിസ്റ്റർ ശങ്കരൻതമ്പിയുടെയും മജിസ്ട്രേറ്റ് മിസ്റ്റർ പത്മനാഭപിള്ളയുടെയും അനുജൻ ആണെന്ന് ഉള്ളത് ശരി തന്നെ. ആ ഒരു സംഗതി, ഈ കാര്യത്തെ ഇത്രമാത്രം പർവതീകരിക്കാനും ബഹുജനഭീതിദമാക്കാനും പ്രാപ്തിയുള്ളതാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. അവർ ഈ മാതിരി ബഹുജനഭീതിയെ ജനിപ്പിക്കുവാൻ തക്ക നടവടികൾ നടത്തുന്നതിന് ആഗ്രഹിക്കുന്നവരോ, നടത്തുന്നതായറിഞ്ഞാൽ അനുവദിക്കുന്നവരോ ആയിരിക്കുന്നതുമല്ല. ബഹുജനങ്ങൾ ഇതിൽ ഭയപ്പെടേണ്ട ആവശ്യമോ കാരണമോ ഇല്ലാതിരിക്കെ, അവരുടെ ഇടയിൽ ഇപ്രകാരമൊരു ഭീതിയെ ഉദിപ്പിച്ച പോലീസുകാരുടെ അധികാര പ്രദർശനം മന്ദിച്ചു കാൺമാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പോലീസ് സൂപ്രണ്ട് മിസ്റ്റർ ബെൻസ്ലി. ഈ സംഗതിയിൽ പ്രത്യേകം ദൃഷ്ടി വയ്ക്കുമെന്ന് ഞങ്ങൾ ആശിക്കുന്നു.