പാർളിമെന്‍റും ഇന്ത്യയും

  • Published on August 08, 1906
  • Svadesabhimani
  • By Staff Reporter
  • 51 Views

ഇംഗ്ലണ്ടിൽ ഉൽപതിഷ്ണു കക്ഷി വിജയിച്ചു എന്നുള്ള വർത്തമാനം എത്ര സന്തോഷത്തോടുകൂടിയാണ് ഇന്ത്യാ നിവാസികൾ കൈക്കൊണ്ടത് എന്നു നാം അറിഞ്ഞിട്ടുണ്ടല്ലോ. ഇന്ത്യയുടെ രാജ്യകാര്യ സംബന്ധമായുള്ള യാതൊരു പരിഷ്കാര ഗുണവും ഉൽപതിഷ്ണു കക്ഷികളിൽ നിന്നല്ലാതെ സിദ്ധിക്കുന്നതല്ല എന്നുള്ള ഇന്ത്യൻ നിവാസികളുടെ സ്ഥിര വിശ്വാസം, പാർളിമെണ്ടിലെ  ഇന്ത്യാരാജ്യ കാര്യദർശിയായ മിസ്റ്റർ മാർളിയുടെ ഈയിടെയുള്ള പ്രസംഗങ്ങൾ മുഖേന പുറപ്പെടുവിച്ചിരിക്കുന്ന അഭിപ്രായങ്ങളാൽ, പ്രബലപ്പെടുവാൻ അവകാശമുണ്ട്. ബംഗാൾ  വ്യവച്ഛേദ സംഗതിയിൽ, മിസ്റ്റർ മാർളി, അല്പം മുമ്പ് ചില പാർളിമെണ്ട് സാമാജികന്മാരുടെ ചോദ്യങ്ങൾക്ക് മറുവടിയായി, പറഞ്ഞ സമാധാനം, ബംഗാളികളെ അസാമാന്യമായി ഇച്ഛാഭംഗപ്പെടുത്തി എങ്കിലും, തദനന്തരം അദ്ദേഹം ഇന്ത്യൻ കാര്യങ്ങളെപ്പറ്റി വളരെ ആശാജനകമായ വിധത്തിലാണ് പ്രസംഗിച്ചിരിക്കുന്നത്. ബംഗാൾ വ്യവച്ഛേദ വിഷയം മുമ്പുതന്നെ തീർച്ചപ്പെട്ട ഒരു സംഗതിയാകയാൽ, താൻ അതിൽ മാറ്റം വരുത്തുന്നില്ലെന്നും, ന്യായമായ സങ്കടങ്ങളെ കേട്ടു തീരുമാനിക്കാമെന്നും ആണ്, ഏതാനും നാൾ മുമ്പ് അദ്ദേഹം പ്രസംഗിച്ചത്. ഇതിന്മേൽ, മനോമാന്ദ്യം ഉണ്ടായിട്ടുള്ള ഇന്ത്യക്കു, അദ്ദേഹം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയും, ഇന്ത്യക്കാരുടെ ആകാംക്ഷങ്ങളെയും പറ്റി പറഞ്ഞതായ അഭിപ്രായങ്ങൾ, ആശാ ദീപത്തെ പുന:പ്രകാശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ആകാംക്ഷകളെക്കുറിച്ച് യാതൊരുത്തനും പേടിപ്പിച്ചിരിക്കേണ്ട ആവശ്യമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല, എന്നും; ബ്രിട്ടീഷുകാരുടെ ഇന്ത്യാരാജ്യഭരണ നയത്തിൽ, ജനങ്ങൾക്കു പരിഷ്കാരാഭിവൃദ്ധി ഉണ്ടാക്കേണ്ടതിന് യത്നിക്കേണ്ടതായ ഒരു ദശയെ ഇപ്പോൾ പ്രാപിച്ചിരിക്കുന്നു എന്നും മിസ്റ്റർ മാർളി അഭിപ്രായപ്പെട്ടത്, ഇന്ത്യക്കു നല്ല കാലം ഉണ്ടാവാൻ സംഗതി വരുത്തുമെന്ന് വിശ്വസിക്കാവുന്നതാണ്. ഇതു ഉൽപതിഷ്ണുക്കളുടെ മാതൃകാപുരുഷ സ്വഭാവത്തിന് ഉത്തമ ദൃഷ്ടാ‍ന്തമാണെന്നുള്ളതിൽ രണ്ടുപക്ഷമില്ലാ. ഇന്ത്യാ വൈസ്രോയിയുടെ നിയമനിർമ്മാണസഭയിൽ, ഗവൺമെൻ്റുദ്യോഗസ്ഥന്മാരല്ലാത്ത സാമാജികന്മാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, ബഹുജനങ്ങൾക്ക് ഗവൺമെൻ്റു കാര്യത്തിൽ പൂർവ്വാധികം മമത വയ്ക്കുന്നതിനും, ഗവൺമെൻ്റിൻ്റെ ധനവ്യയ കാര്യങ്ങളിൽ ഉചിതമായ ഭേദഗതി പറവാൻ ബഹുജനപ്രതിനിധികൾക്കു അവകാശം സിദ്ധിക്കുന്നതിനും തക്കതായ വ്യവസ്ഥകൾ ആലോചിക്കുവാൻ ഒരു കമ്മീഷനെ നിശ്ചയിക്കുമെന്നും മിസ്റ്റർ മാർളിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യാഭരണം ജനങ്ങൾക്കു അധികമധികം വിശ്വാസജനകമായി ഭവിക്കുന്നതിന്, പൊതുജനയോഗങ്ങൾ കൂടുന്ന വിഷയത്തിലും, അഭിപ്രായപ്രകടന വിഷയത്തിലും സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണ് അത്യാവശ്യമെന്നും, ആ സ്വാതന്ത്ര്യത്തെ തടുക്കുവാൻ പാടില്ലെന്നും മിസ്റ്റർ മാർളി പറഞ്ഞത്, കിഴക്കേ ബെങ്കാള ഗവൺമെൻ്റിൻ്റെ ഈയിടെയുള്ള അധികാരപ്രമത്തതയെയും ചാപലങ്ങളെയും നിശ്ശേഷം നിന്ദിച്ചിരിക്കുന്നു എന്നുള്ള അർത്ഥത്തിലാണെന്ന് സമ്മതിച്ചേ കഴിയൂ. ബ്രിട്ടീഷ് സ്ഥാപനങ്ങളെ ഇന്ത്യയിലും പകർത്തണമെന്നു ഇച്ഛിക്കുന്നതു യുക്തം തന്നെയെങ്കിലും, ആ സ്ഥാപനങ്ങളുടെ ഉദ്ദേശ്യങ്ങളെയും സ്വഭാവങ്ങളെയുമല്ലാതെ അവയെത്തന്നെ മുഴുവൻ പകർത്തണമെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യഭരണ വിഷയത്തിൽ ജനപ്രാതിനിധ്യത്തെ ഇപ്പോഴത്തേതിലധികം പ്രബലപ്പെടുത്തുമെന്നും ഇതുകൊണ്ട് നിശ്ചയിക്കാവുന്നതാണ്. മിസ്റ്റർ മാർളി, ഇന്ത്യക്കാരുടെ ഗുണത്തെ ഉദ്ദേശിച്ച് അവരുടെ മുമ്പാകെ സമർപ്പിച്ചിരിക്കുന്ന മറ്റൊരു ആശാവിഷയം, ഉപ്പുനികുതിയെ ചുരുക്കുക എന്നുള്ളതാണ്. ജനങ്ങളുടെ ഉപജീവനത്തിന് ആവശ്യമുള്ള ആഹാര സാധനങ്ങൾക്ക് നികുതി ചുമത്തുന്നത് ഉത്തമ രാജ്യധർമ്മമല്ലല്ലോ. ഇന്ത്യയിൽ ക്ഷാമത്താലും നികുതി ഭാരത്താലും ജനങ്ങൾ ക്ലേശങ്ങൾ അനുഭവിക്കുന്ന സ്ഥിതിക്ക് ഉപ്പിന് നികുതി ഇല്ലെന്നാക്കിയാൽ കൊള്ളാമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹമെന്നിരുന്നാലും, നികുതി ചുരുക്കുന്നതിൽ തനിക്ക് വളരെ തൃപ്തിയാണെന്നും, അടുത്തുതന്നെ ഇക്കാര്യത്തിൽ ഗതി വിലയിരുത്താൻ സധിക്കുമെന്നു ആയവ്യയ കാര്യദർശി, ആശയ്ക്കിടം കൊടുത്തിട്ടുണ്ടെന്നും മിസ്റ്റർ മാർളി പറഞ്ഞിരിക്കുന്നു. ഇന്ത്യക്കു മോക്ഷദാനം ചെയ്യുവാൻ ദൈവത്താൽ അയയ്ക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഫലിച്ചു കാണ്മാൻ ഇന്ത്യക്കാരെല്ലാം ഈശ്വരനെ    ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.            

You May Also Like