വാറോലയിലെ അനീതി

  • Published on June 19, 1907
  • Svadesabhimani
  • By Staff Reporter
  • 163 Views

തിരുവിതാംകൂറിലെ അഴിമതിക്കാരായ രാജസേവകന്മാരെയും, അവരെ സ്തുതിക്കുന്ന ആത്മാഭിമാനമില്ലാത്ത കള്ളന്മാരെയും പറ്റി വല്ലതും ആക്ഷേപമായി പറഞ്ഞുപോകുന്ന പത്രാധിപന്മാർക്ക് ഏതെല്ലാം പ്രകാരത്തിൽ ഉപദ്രവങ്ങൾ നേരിടുവിക്കപ്പെടുന്നുണ്ടെന്ന് വായനക്കാർ അറിയുന്നുണ്ടായിരിക്കയില്ലാ. പത്രാധിപന്മാരുടെ ജോലി, വല്ലവനേയും സ്തുതിക്കയോ ആക്ഷേപിക്കയോ ചെയ്യുന്ന ലേഖനങ്ങൾ കൊണ്ട് പത്രം നിറച്ചിട്ട് സ്വസ്ഥചിത്തന്മാരായി വീട്ടിലിരിക്കയാണെന്ന് വിചാരിക്കുന്ന വായനക്കാർ പലരുണ്ട്.  " കിരീടം ധരിക്കുന്ന ശിരസ്സ് അസ്വസ്ഥമായിരിക്കുന്നു " എന്ന് മഹാകവി ഷേക്സ്പീയർ സന്ദർഭവശാൽ പറഞ്ഞിട്ടുള്ളതു "കയ്യിൽ  തൂവലേന്തുന്നവന്‍റെ  ശിരസ്സ് അസ്വസ്ഥമായിരിക്കുന്നു" എന്ന് മാറ്റിയാൽ ശരിയായിരിക്കും. എന്നാൽ കയ്യിൽ തൂവലേന്തുന്നവർക്കെല്ലാം ഇങ്ങനെയാണ് അനുഭവമെന്ന് പറഞ്ഞു കൂടുന്നതല്ലാ. പത്രാധിപന്മാരുടെ സ്ഥാനങ്ങളിൽ കയറി ഇരിക്കുന്ന പലരുടെയും ശിരസ്സിന് അസ്വസ്ഥതയ്ക്ക് വകയില്ലെന്നല്ലാ, സമ്മാനത്തിന് വകയുണ്ടുതാനും. താൻ ഏറ്റിരിക്കുന്ന തൊഴിലിന്റെ ധർമ്മത്തെ മറക്കുകയും " പട്ടും പണവും വളയും " സമ്മാനം മേടിക്കാൻ മോഹിച്ച് അഴിമതിക്കാരെ സ്തുതിക്കയും ചെയ്താൽ, ഈ നാട്ടിൽ ഏതൊരു പത്രാധിപർക്കും സ്വസ്ഥനായും ദ്രവ്യസ്ഥനായും ഇരിപ്പാൻ സാധിക്കും. ഈ അനുഭവമല്ലാ, അഴിമതിക്കാരുടെ നടവടിപ്പിശകുകളെപ്പറ്റി പറയുവാൻ തുനിയുന്നവർക്ക് ഉണ്ടാകുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന്  തിരുവിതാംകൂറിൽ, പത്രാധിപന്മാരെയും പത്രങ്ങളെയും തോൽപ്പിക്കുന്നതിന് അഴിമതിക്കാർ കണ്ടുപിടിച്ചു  പ്രയോഗിക്കാറുള്ള തന്ത്രം ഒന്നുരണ്ടല്ലാ.  പത്രത്തിന്‍റെ പ്രചാരത്തെ തടയുവാൻ ശ്രമിക്കുകയെന്ന തന്ത്രത്തെ, കുറേക്കാലം മുമ്പ് " മലയാളി " പത്രത്തിന്‍റെ അനുഭവം വായനക്കാരെ ഗ്രഹിപ്പിച്ചിരിക്കും. മറ്റൊരു തന്ത്രം, പത്രപ്രവർത്തകന്മാരെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുത്തുക ആകുന്നു. ഈ തന്ത്രം, ഒരു പ്രകാരത്തിൽ, കൈക്കൂലി കൊടുക്കാമെന്ന ദാനോപായമായും, മറ്റൊരു പ്രകാരത്തിൽ ഇഷ്ടന്മാരെക്കൊണ്ടുള്ള ശുപാർശയായും, ഇനിയൊരു പ്രകാരത്തിൽ, ആപത്തു നേരിടുവിക്കുമെന്നുള്ള, പ്രതിജ്ഞയായും മറ്റും പല രൂപങ്ങളെ പ്രാപിക്കാറുണ്ട്.  ഇനിയൊരു തന്ത്രം, ധർമ്മനിഷ്ഠയില്ലാതെ, വല്ലതും " നക്കാപിച്ചാ " വാങ്ങി കോലം കെട്ടി കാലം കഴിപ്പാൻ തെണ്ടി നടക്കുന്ന ഒരുവക ആഭാസന്മാരുടെ പത്രങ്ങളെ കൈവശപ്പെടുത്തി, എതിരാളിയെ ശകാരിക്കുകയാണ്. " ശകാരിക്ക " എന്ന പദമല്ലാതെ, അങ്ങനെയുള്ള നിർമ്മര്യാദന്മാരുടെ എതിർലേഖനമെഴുത്തിന് " പ്രതിപാദിക്ക " എന്ന പദം ചേരുന്നതല്ലാ. എന്തെന്നാൽ, യുക്തിയില്ലെങ്കിൽ എതിർഭാഗം വക്കീലിനെ അസഭ്യം പറയുകയാണ് യുക്തമെന്നു അവർ ധരിച്ചിട്ടുണ്ട്.  എതിരാളിയുടെ ബന്ധുക്കളേയോ സ്നേഹിതന്മാരെയോ, എതിരാളിയെ തന്നെയോ അസഭ്യം പറഞ്ഞാൽ, മേലിൽ ആ എതിരാളി യാതൊന്നും ആക്ഷേപം ചൂണ്ടിപ്പറയുകയില്ലെന്നാണ് ഇവരുടെ ഗണനം. ഒരാളുടെയോ ആ ആളുടെ വേണ്ടത്തക്കവരുടെയോ ന്യുനതകൾ പറഞ്ഞാൽ, ആ ആളുടെ വാദങ്ങളെ ഖണ്ഡിക്കാമെന്നു വിചാരിക്കുന്നവരുടെ ഋണ ബുദ്ധിത്വമല്ലാതെ, ആ വക ശകാരലേഖനങ്ങൾ കൊണ്ട് മറ്റൊന്നും പ്രത്യക്ഷമാകയില്ലാ. ഈ വക തന്ത്രങ്ങൾ ഫലിച്ചില്ലെങ്കിൽ പിന്നെ, വാറോലയെഴുത്താണ് മറ്റൊരു ഉപായം. മേല്പറഞ്ഞ, പത്രത്തിലെ ആഭാസ ലേഖനങ്ങൾക്കും വാറോലകൾക്കും തമ്മിൽ വലിയൊരു അന്തരമുണ്ടെന്ന് പറവാൻ പാടില്ലാ. ആഭാസലേഖനം എന്നത്, പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു വാറോല എന്നും, വാറോല എന്നത്, രഹസ്യത്തിൽ കെട്ടി അയക്കുന്ന ഒരു  ആഭാസലേഖനമെന്നും മാത്രമേ വ്യത്യാസമുള്ളൂ.  ഈ രണ്ടിന്‍റെയും കർത്താക്കന്മാരുടെ മനോഗതികൾ രണ്ടും ഒരേ നിലയിൽ തന്നെയാണ്.  രണ്ടു പേരും ഒരേ വിധത്തിൽ സദാചാരനീതിയെ രഹസ്യമായി കൊല ചെയ്യുന്നു. അവർ വാക്കിലും വിചാരത്തിലും പ്രവർത്തിയിലും സഹിഷ്ണതയിലും......................... വൈകല്യങ്ങൾ ഉണ്ടാക്കുന്നതു, സത്യം, നീതി മുതലായ ഗുണങ്ങളെ വെറുത്തു പ്രവർത്തിക്കുന്ന അഴിമതിക്കാരുടെ സഹവാസത്താലും, പ്രീതിലാഭേച്ഛയാലും ആകുന്നു. തൻ്റെ പക്ഷക്കാരായ വർഗ്ഗക്കാർ ചെയ്യുന്ന അഴിമതികളെ മറക്കുകയോ, മറയ്ക്കുകയോ ചെയ്യണമെന്നും, അന്യന്മാരുടെ, അഴിമതികൾ മാത്രമേ, അഴിമതികളാവൂ എന്നും; ഇവരെ മാത്രം ആക്ഷേപിക്കയോ, അധിക്ഷേപിക്കയോ ചെയ്യണമെന്നും, ആണ്  ഇത്തരക്കാരുടെ സ്വരാജ്യസ്നേഹ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള  കപട രാജ്യാഭിമാനികളെപ്പറ്റിയാണ്, "സ്വരാജ്യസ്നേഹം തെമ്മാടികളുടെ അഭയസ്ഥാനം" എന്ന് ഒരു വിദ്വാൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. 

മേൽ വിവരിച്ചവിധം പല തന്ത്രങ്ങൾ, അഴിമതി കക്ഷികൾക്ക് വശപ്പെട്ടിട്ടുണ്ടെന്ന് വായനക്കാർ അറിയുന്ന പക്ഷം, അഴിമതിക്കാർക്ക് വിരോധമായി നിൽക്കുന്ന പത്രപ്രവർത്തകന്മാർക്ക് എന്തൊക്കെയാണ് അനുഭവമെന്ന്  ഊഹിക്കാവുന്നതാണ്.  മുൻകൂറ്‍  പണം തരുകയില്ലെന്ന് മാത്രമല്ലാ പത്ര വിലയ്ക് ബില്ലും കൊടുത്ത് ആളയച്ചാൽ  പോലും അനേകം തവണ ഒഴികഴിവ് പറഞ്ഞു നടത്തിച്ചു ബുദ്ധിമുട്ടിക്കുക കൂടി ചെയ്യുന്ന പത്രവരിക്കാർ, വല്ലപ്പോഴും "സൊല്ലതീർക്കാൻ" വേണ്ടി, കൊടുക്കുന്ന പണം കൊണ്ട്, പത്രപ്രവർത്തകന്മാർ ധനികന്മാരായി തീരുന്നു എന്നാണ് ചില വരിക്കാരുടെ ധാരണ.  വാസ്തവം എത്രയോ അകലെ കിടക്കുന്നു.  സത്യത്തെയും നീതിയെയും കുറിയായി  പിടിച്ച് പത്രം നടത്തുന്നവർക്ക്, ധനനഷ്ടമല്ലാതെ, ധനലാഭം ഈ നാട്ടിൽ, ഇല്ലാ. ഈ വസ്തുതയെ സാക്ഷ്യപെടുത്തുവാൻ പലരും ഉണ്ടായിരിക്കയില്ലെങ്കിലും, കൊള്ളയോ കോഴയോ പ്രയോഗിക്കുന്നവർക്കല്ലാതെ, ലോകത്തിൽ ക്രമം കെട്ടുള്ള ധനലാഭം ഉണ്ടായിരിക്കുന്നില്ലെന്നുള്ള തത്വം ഓർത്താൽ, മേല്പറഞ്ഞത് ശരിയല്ലെന്ന്   ബോധ്യമാവും.  

ഇങ്ങനെയുള്ള അധർമ്മ പ്രവണത വർദ്ധിച്ചു വരുക നിമിത്തം ഈ നാട്ടിൽ പത്രപ്രവർത്തകന്മാരെ മേല്പറഞ്ഞ ഏതെങ്കിലും തന്ത്രം കൊണ്ട് ഉച്ചാടനം ചെയ്തു കളയാമെന്നു ചില കുബുദ്ധികൾക്ക് തോന്നിയിട്ടുണ്ട്. ഏതൊരു വിഷയത്തെപ്പറ്റിയും പത്രത്തിൽ ഒരുവന് രസിക്കാത്ത ഭാഗം കണ്ടേക്കാവുന്നതാണല്ലോ. അങ്ങനെ വരുമ്പോൾ, പത്രാധിപന്മാരെ ഭീഷണികൾ കൊണ്ട് ഭയപ്പെടുത്താമെന്നും മറ്റും അവർ കരുതാറുമുണ്ട്. ഒരു സംഗതിയെപ്പറ്റി ഒരു പത്രത്തിൽ എന്തെങ്കിലും പ്രസ്താവിച്ചു കണ്ടാൽ, അത് വാസ്തവത്തിനു വിപരീതമാണെന്നു തനിക്ക് ബോധം ഉള്ള പക്ഷം,  ആ വാസ്തവത്തെപ്പറ്റി, മര്യാദ ലംഘിക്കാതെ, അതേ പത്രത്തിൽതന്നെ എഴുതി  അറിയിപ്പാൻ ഒരുവന്  അവകാശമുണ്ട്.  പത്രാധിപന്മാർ മനുഷ്യർ തന്നെയാണ്; അവർക്ക് മനുഷ്യസഹജമായ വീഴ്ചയുണ്ടാകില്ലെന്നില്ല. അവരെ പലരും പല സംഗതികൾ  അറിയിക്കുമ്പോൾ, ചിലർക്ക് അബദ്ധധാരണയാലും, ചിലർ അറിവില്ലായ്മയാലും തെറ്ററിയിച്ചു എന്നുവരാം.  ബഹുജനങ്ങൾ എപ്പോൾ അബദ്ധധാരണയിൽ നയിക്കപ്പെട്ടു എന്ന് ഒരുവൻ കാണുന്നുവോ, അപ്പോൾ ആ അബദ്ധധാരണയെ നീക്കുന്നതിന് അവന് അവകാശം മാത്രമല്ലാ, കടമയുമുണ്ട്. അങ്ങനെ ചെയ്യുന്നതിന് പകരം, മറ്റൊരുവന്‍റെ കുറ്റത്തിന് കൂടി ചിലർ പത്രാധിപന്മാരെ ശകാരിച്ച് പല സാഹസങ്ങളും നീചകർമ്മങ്ങളും പ്രവർത്തിച്ചു കാണുന്നത്, അവരുടെ വളർത്തലിന്‍റെ  ദൂഷ്യത്വത്താലാണെന്ന് തന്നേ നിർണ്ണയിക്കണം.  അവരുടെ മര്യാദപൂർവ്വമായ ഒരു ലേഖനം കൊണ്ട് സാധിക്കാവുന്നിടത്തോളം ഉദ്ദേശ്യം, ഒരു വാറോല കൊണ്ട് സാധിക്കയില്ലെന്നു അവർ അറിഞ്ഞിരുന്നെങ്കിൽ, ഇത്തരം ആഭാസ കർമ്മങ്ങൾക്ക്, അവർ തുനിയുന്നതല്ലാ.    

" സ്വദേശാഭിമാനി " പത്രത്തിൽ  ഈ നാട്ടിലെ അഴിമതിക്കാരുടെയും അവരുടെ  സഹായികളുടെയും നടവടികളെപ്പറ്റി  പലതും പറയാറുണ്ടല്ലോ. ഇതിലേക്ക് ചിലപ്പോഴൊക്കെ ചില വാറോലകൾ ഞങ്ങൾക്ക് കിട്ടീട്ടുണ്ടെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്, ചിലത്, പ്രസിദ്ധമാക്കീട്ടുമുണ്ട്. വാറോലകൾ ചിലപ്പോൾ കാര്യം മാത്രം പറയുന്നവയായുമിരുന്നിട്ടുണ്ട്.  മറ്റു പലപ്പോഴും കേവലം അസഭ്യവാക്യങ്ങൾ നിറഞ്ഞവയായിരിക്കയാണ് പതിവ്. ഇവയെ ചവറ്റു കുട്ടയിൽ തള്ളുകയാണ് ഞങ്ങൾ ചെയ്യാറുള്ളതെങ്കിലും, ചിലപ്പോൾ ചില വിശേഷപ്പെട്ടവയെ എടുത്തു കാണിക്കയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ കാണിക്കുന്നതിന്‍റെ ആവശ്യം എന്താണെന്നാൽ, ആ വക വാറോലകൾ മുഖേന തൽകർത്താക്കന്മാരുടെ മനസ്സിന്‍റെ ഗതിയെ അല്ലെങ്കിൽ ആചാര നീതിയെ ഗ്രഹിക്കാൻ സാധിക്കുന്നു. ഒരെഴുത്തു കേവലം കാര്യകാരണ ബന്ധമോ മറ്റോ കൂടാതെ, ആകാശത്തിൽ നിന്ന് പറന്നെത്തുന്നവയല്ലല്ലോ. ആ എഴുത്തിൽ അതെഴുതിയവന്‍റെ ജീവിതഗതിയുടെ ചരിത്രം പ്രത്യക്ഷമായിട്ടില്ലെങ്കിലും, ഗ്രഹണ പടുക്കൾക്ക് ദഹിക്കാവുന്ന വിധത്തിൽ മുദ്രാപിതമായിരിക്കും. ഈ ജീവചരിത്രം ചിലപ്പോൾ ജീവിതത്തിന്‍റെ ഒരു ചെറിയ ദശയെ മാത്രവും മറ്റു ചിലപ്പോൾ കുറെയേറെ കാലത്തെയും സൂചിപ്പിക്കുന്നതായിരിക്കും. ഇത്തരം എഴുത്തുകൾ, അവയുടെ കർത്താക്കന്മാരുടെ ജീവിത മാലിന്യത്തെയോ, മനോദുഷ്ടതയെയോ പ്രതിഫലിപ്പിക്കുന്ന ദർപ്പണങ്ങളായിരിക്കയാൽ മറ്റുള്ളവർക്ക് ഈ മാതിരി നീചശീലങ്ങളിൽ നിന്ന് അകന്നു പോകാൻ ഉതകുന്നതാണ്.  ഇക്കഴിഞ്ഞ ഇടവം 30ന്  "സ്വദേശാഭിമാനി" പത്രാ ധിപർക്ക് തിരുവനന്തപുരത്ത് കിട്ടിയതും, കോട്ടയത്ത് നിന്ന് ഇടവം 28 ലെ അഞ്ചൽ തീയതി മുദ്രയുള്ളതുമായ ഒരെഴുത്തിലെ ചില ഭാഗങ്ങൾ മാത്രം ഞങ്ങൾ താഴെ പകർത്താം.  ഇതിൽ വിട്ടു കളഞ്ഞിട്ടുള്ള ഭാഗങ്ങൾ ഒരു സഭയിൽ പ്രസ്താവിക്കാൻ യോഗ്യങ്ങളല്ലാത്ത വാക്കുകളും വാക്യങ്ങളും, ദൂഷണങ്ങളും  ഭീഷണികളും ആയിരിക്കയാൽ മാത്രമാണ് ഞങ്ങൾ വിട്ടു കളയുന്നത്.  ആ വാക്കുകളും വാക്യങ്ങളും മറ്റും വായിക്കുമ്പോൾ തന്നെ മനസ്സിന് ഒരു മാലിന്യം പറ്റിയതായി ബോധം വരുന്നതാകയാൽ, പത്രത്തിൽ  ചേർക്കുവാനോ, പകർത്തുവാൻ പോലുമോ ഞങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ലാ.  

ശ്രീ                        22  10 28 

മ,   യാ,   ട്ടൊക്ക്

 ഭോ അവഭ്രേഷണാദ്യബന്ധ പ്രയോജകഃ വന്ദനം

അക്കഥയെങ്ങനെയുമാകട്ടെ 

പുസ്തകങ്ങളുടെ ഗുണദോഷരൂപണത്തിന് സമർത്ഥനെന്ന്  നടിക്കുന്ന നിങ്ങളോ .... യോ എഴുതുന്ന ചേരന്‍റെ വാരവൃത്തത്തിൽ 

സർക്കാരിന്‍റെ പണിക്ക് ചേർന്നു  സകലം നേരായ് നടത്താതെയ 

ക്കയ്ക്കൂലിക്ക് കരം മലർത്തിന മഹാപാപിഷ്ഠരാം കൂട്ടരേ 

ഒക്കപ്പാടെ പിടിച്ചിഴച്ചു നിജദ്രുച  ..........നിഷ്കാസിച്ചു ......

ഇത്യാദി, ശ്ലോകത്തിന്‍റെ അർത്ഥം മനസ്സിലാകാതെ കേരള പത്രിക പറഞ്ഞതിനെ അനുസരിച്ച് ചിലതെല്ലാം പ്രസ്താവിച്ചു കണ്ടതിൽ അശേഷം അതിശയിക്കുന്നില്ലാ. കൈക്കൂലിക്കാരെ ഈ നാട്ടിൽ നിന്ന് നിഷ്കാസിച്ചതായി ആ ശ്ലോകത്തിനർത്ഥമുണ്ടോ? ഉണ്ടെങ്കിൽ ലേഖന സസ്യങ്ങളാൽ ആവൃതമായിരിക്കുന്ന ത്വൽ  പംക്തി ആരണ്യങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിമർശനങ്ങളെ കാണുന്നതിന് അതികുതുകികളായി കാത്തിരിക്കുന്നു. മഹാരാജാവിന്‍റെ കൂട്ടക്കാർ കൈക്കൂലിക്കാരാണെന്നും അവരെ ആട്ടിപ്പുറത്തു കളഞ്ഞ് മഹാരാജാവ് ജയിക്കണമെന്നും ആണ്  ആ ശ്ലോകം വായിക്കുമ്പോൾ ആണുങ്ങളെല്ലാം മനസ്സിലാക്കുന്നത്. ഈ പുസ്തകം അഭിപ്രായത്തിന് കിട്ടിയില്ലെങ്കിൽ ചക്രം കൊടുത്തെങ്കിലും ഒന്നു വാങ്ങി വായിച്ചാൽ ശ്ലേഷാപ്രയോഗം കൊണ്ട് മനസ്സാക്ഷിക്കു വിപരീതമായിട്ടല്ലാതെ ആണുങ്ങൾ എഴുതുന്ന രീതി മനസ്സിലാക്കാവുന്നതാണ്.................... ഗോത്രാരി, കളത്രനീതി ഇത്യാദി ശ്ലോകങ്ങൾ കാൺക.  ഇങ്ങനെയാണ് തങ്ങളുൾപ്പെട്ട സമുദായത്തിനു ദോഷം നേരിടുവിക്കാതെ കാര്യം പറയുന്നത്. സേവന്മാരെപ്പറ്റി മാർത്താണ്ഡവർമ്മയിലില്ലയോ? അതിന്‍റെ കർത്താവിനെ ആര്  എന്തു  ചെയ്തു ?  ആണ്ടു തോറും രൂപാ  ലാഭം.  പാറപ്പുറം എഴുതിയ നീയും ലജ്‌പത്‌ റായിയെ പോലെ    .... ഇതാ  വിചാരണ കഴിക്കാതെ നിന്നെ പിടിച്ച് .... സ്ഥലത്തേക്കോ മറ്റോ നാടുകടത്തുവാൻ പോകുന്നു പോലും.  സാർ പരമാർത്ഥത്തെ..... വെളിയിൽ ചാടിച്ചിരിക്കുന്നു.  സമ്മാനം വാങ്ങിക്കുന്നു.  (ബാക്കി പുറം മുഴുവൻ അസഭ്യങ്ങൾ)

എന്നു വജ്രസൂചി.

ഇങ്ങനെയാണ് ആ എഴുത്ത്. ഇതിൽ തീരെ അസഭ്യങ്ങളായ ഭാഗങ്ങളെ ഞങ്ങൾ വിട്ടിരിക്കുന്നു. ഇങ്ങനെ ഒരു വാറോലയ്ക്ക് ഹേതു എന്താണെന്നു ചോദ്യമെങ്കിൽ, പറയാം.  ഇടവം 23 നു " സ്വദേശാഭിമാനിയിൽ " 2 ാം, പുറത്തിന്‍റെ അവസാനത്തിൽ " വാരവൃത്തം " എന്ന ലേഖനത്തിന്‍റെ കർത്താവ്, കോട്ടയത്തിനടുത്തുള്ള മാന്നാനത്ത് നിന്ന് പുറപ്പെടുന്ന " നസ്രാണി ദീപിക " പത്രത്തിന്‍റെ അധിപരായ ..... ഗോവിന്ദപിള്ള അവർകൾ എഴുതിയ "ശ്രീമൂല മഹാരാജാവിജയം മണിപ്രവാളം എന്ന കൃതിയെപ്പറ്റി " കേരള പത്രിക " പറഞ്ഞിരുന്ന അഭിപ്രായത്തെ ഉദ്ധരിച്ചു കൊണ്ട്, ചില വിമർശനങ്ങൾ ചെയ്തിരുന്നു. ആ ലേഖനത്തിൽ, മേൽപ്പട കൃതിയിലെ അവാസ്തവ വർണ്ണനങ്ങളെന്ന്  "കേരള പത്രിക" ചൂണ്ടികാണിച്ചിരുന്ന ഭാഗങ്ങളെപ്പറ്റി ആക്ഷേപം പറകയും " ഈ അവാസ്തവമെഴുതി പിടിപ്പിച്ചതിനാണ് മിസ്റ്റർ ഗോവിന്ദപിള്ളയ്ക്ക് മഹാരാജാവ് തിരുമനസ്സിലെ പക്കൽ നിന്ന് രാജ്യസേവകനായ ശങ്കരൻ തമ്പിയുടെ ശിപാർശ കൊണ്ടായിരിക്കാം - കല്ലുവച്ച മോതിരം സമ്മാനം കിട്ടിയത്. ഉചിതം തന്നെ.  അധർമ്മങ്ങൾ നാട്ടുനടപ്പാകുമ്പോൾ അസത്യത്തിന് പ്രതിഫലം കൊടുക്കുക ഉചിതം തന്നെയല്ലോ ".  - എന്ന് ഉപസംഹരിക്കയും ചെയ്തിരുന്നു.  ഇതിന്മേലുള്ള ദ്വേഷം കൊണ്ടാണ് മേല്പടി വാറോല എഴുതപ്പെട്ടിട്ടുള്ളതെന്ന് വായനക്കാർക്ക് അറിയുമല്ലോ. ഇതെഴുതിയത് ആരുടെ പ്രേരണയാലാണെന്നോ,  ആരെന്നോ ഞങ്ങൾ പറയുന്നില്ലാ. എന്നാൽ, കള്ള എഴുത്തെഴുതിയ ആൾ  "നസ്രാണി ദീപികാ" പത്രാധിപരല്ലെന്ന്, കത്തിലെ മറ്റു ഭാഗങ്ങൾ കൊണ്ട് ഞങ്ങൾ  നിർണ്ണയിക്കുന്നുണ്ട്.  പ്രേരിപ്പിച്ച ആൾ ആരായിരിക്കുമെന്ന് വായനക്കാർ നിർണ്ണയിച്ചു കൊള്ളട്ടെ.  ഇത്തരം വാറോലകൾ കൊണ്ട് തൽകർത്താക്കന്മാർക്ക്  ഉദ്ദേശ്യം സാധിക്കാമെന്നു ഞങ്ങൾ വിചാരിക്കുന്നില്ലെങ്കിലും, അവ, മനുഷ്യമനസ്സിന്‍റെ വിപ്ലവങ്ങളെ പഠിക്കുന്നതിന് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നു എന്ന്  സമ്മതിച്ചേ തീരൂ. മേല്പടി കത്തിൽ, പറയുന്ന ശ്രീമൂല മഹാരാജ വിജയം, പുസ്തകം ഞങ്ങൾ കണ്ടിട്ടില്ലാത്തതിനാൽ, അതിനകത്തടങ്ങീട്ടുള്ളതായി പറയുന്ന ശ്ലേഷാപ്രയോഗങ്ങളെയോ സ്തുതിനിന്ദയെയോ ഞങ്ങൾ അറിഞ്ഞിട്ടില്ല. വാറോലക്കാരന്‍റെ കത്തിൽ പറയുന്ന ഭാഗങ്ങളെ ചിന്തിച്ചാൽ, മേല്പടി കൃതിയുടെ കർത്താവ് മഹാരാജാവ് തിരുമനസ്സിനെക്കുറിച്ച് എല്ലാ ശ്ലോകങ്ങളിലും സ്തുതിക്കയല്ലാ ചെയ്തിട്ടുള്ളതെന്നും, ചില ശ്ലോകങ്ങളിൽ ശ്ലേഷാപ്രയോഗം കൊണ്ട് ചില വ്യംഗ്യാർത്ഥങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും ഊഹിക്കാം. ഈ വാറോലക്ക് ഹേതുവായ ലേഖനം പത്രാധിപ പ്രസംഗമല്ലെന്നും തല്‍കർത്താവിന്‍റെ  അഭിപ്രായങ്ങളും വീഴ്ചകളും പത്രാധിപരുടെ ചുമതലയിൽപ്പെട്ടതല്ലെന്നും മാത്രമേ  ഞങ്ങൾക്ക് പറയേണ്ടതുള്ളൂ. എങ്ങനെയായാലും പത്രത്തിൽ കാണുന്ന ഒരു ലേഖനത്തിന് പത്രാധിപരെ ശകാരിച്ച്  ഒരു വാറോല എഴുതിയതിൽ സമാധാനമായി എന്ന് കരുതി സദാചാരനീതിയെ രഹസ്യമായി ഹനിക്കാൻ  തുനിയുന്നവരുടെ പ്രവൃത്തി അവരുടെ ജീവിതത്തിന്‍റെ അധമത്വത്തെ സൂചിപ്പിക്കുന്നതാണെന്ന് ധരിക്കുമെങ്കിൽ, നന്നായിരുന്നു. ഇങ്ങനെയുള്ള സന്മാർഗ്ഗ ഭ്രഷ്ഠന്മാരുടെ മനോമാലിന്യത്തെ സദ്വിചാരങ്ങളും സദ്വചനങ്ങളും സൽപ്രവർത്തികളും കൊണ്ടല്ലാതെ അന്യഥാ പ്രമാർജ്ജനം  ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ .  


You May Also Like