അക്ഷരത്തിൻ്റെ മോചനഗാഥ

  • Published on March 26, 2021
  • External
  • By Senior Editor
  • 674 Views

Vakkom Moulavi started the news paper Svadesabhimani in 1905, with the support of C.P. Govindapilla, A.R.Rajarajavarma and the famous poet Ulloor.

This article appeared in the Malayala Manorama, date is unknown.


ആദർശധീരനായ പത്രപ്രവർത്തകനും ഇസ്ലാമിക പണ്ഡിതനും സാമൂഹിക നേതാവുമായിരുന്നു വക്കം അബ്ദുൽഖാദർ മൗലവി.

തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന സ്ഥലത്താണ് 1873 - ൽ അബ്ദുൽഖാദർ മൗലവി ജനിച്ചത്. മൗലവി, പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞത് 1905 - ലാണ്. ബ്രിട്ടീഷ് കോളനിയായ അഞ്ചുതെങ്ങിൽ പ്രസ് സ്ഥാപിച്ചു. സ്വദേശാഭിമാനി എന്ന പത്രം തുടങ്ങി. യശശ്ശീരനായ സി.പി.ഗോവിന്ദപിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. കേരള വർമ്മ വലിയ കോയിത്തമ്പുരാൻ, എ.ആർ രാജരാജവർമ്മ, മഹികവി ഉള്ളൂർ എന്നിവരുടെ സഹായങ്ങളും സർ.സി ശങ്കരൻ നായരെപ്പോലുള്ള രാഷ്ട്രീയ നേതാക്കളുടെ സഹകരണവും അക്കാലത്ത് മൗലവിക്ക് ലഭിച്ചിരുന്നു.

പിന്നീട് സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണം വക്കത്തേക്കു മാറ്റി. അതോടെ നിത്യസ്മരണീയനായ കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രാധിപരായി. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായത് അന്നു മുതലാണ്. പത്രാധിപരുടെ ഉപരിവിദ്യാഭ്യാസ സൗകര്യാർത്ഥം ഏറെ വൈകാതെ സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണം തിരുവനന്തപുരത്തു നിന്നായി.

   രാമകൃഷ്ണപിള്ളയുടെ വീറുറ്റ തൂലിക ദിവാൻവാഴ്ചക്കും രാജവാഴ്ചക്കുമെതിരായി ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ, ഭരണത്തിന്റെ ശക്തിയും രോഷവും മുഴുവൻ സ്വദേശാഭിമാനിയുടെ നേർക്കു തിരിഞ്ഞു. 1910 സെപ്റ്റംബർ 26-നു രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സർക്കാർ, സ്വദേശാഭിമാനി പ്രസ്സും കണ്ടുകെട്ടി.

ഈ വലിയ കൊടുങ്കാറ്റിൽ തന്റെ പത്രാധിപരുടെ പിന്നിൽ, പത്ര ഉടമയായ വക്കം മൗലവി പാറപോലെ ഉറച്ചു നിന്നു. പത്രാധിപരും പത്ര ഉടമയും തമ്മിലുള്ള അനുമസുന്ദരവും ആവേശകരവുമായ വിശ്വാസത്തിന്റെയും മൈത്രിയുടെയും ഉത്തമ മാതൃതകയായായിരുന്നു അത്.

അന്ന്, തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരണത്തിൽ വന്ന ശേഷമാണ് 1958 - ൽ (മൗലവി ലോകത്തടു വിട പറഞ്ഞു കാൽ നൂറ്റാണ്ടിനു ശേഷം) മൗലവിയുടെ മകനായ വക്കം അബ്ദുൽഖാദറിനെ തിരിച്ചേൽപ്പിച്ചത്.

  പത്രാധിപർ നാടുകടത്തപ്പെട്ടതിനു ശേഷം മുസ്ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മൗലവി ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ 1906 - ൽ ജനൂൽ മുസ്ലീം എന്ന മാസിക പ്രസിദ്ധപ്പെടുത്തുന്നതിനു നേതൃത്വം നൽകിയിരുന്ന മൗലവി, 1918 - ൽ അൽ ഇസ്ലാം എന്ന അറബി - മലയാളം മാസിക തുടങ്ങി. ദീപിക (1931) മാസികയും ഐക്യം വാരികയും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

സ്വന്തം സമുദായത്തെ പിന്നോക്കാവസ്ഥയിൽ നിന്ന് ഉദ്ധരിക്കാനുള്ള ഉൽക്കടമായ അഭിലാഷം, ദേശാഭിമാനപ്രചോദിതമായ പൊതു സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുകയില്ലെന്നു സ്വജീവിതം കൊണ്ടും കർമ്മശൈലികൊണ്ടും തെളിയിച്ച മഹാത്മാവായിരുന്നു വക്കം അബ്ദുൽഖാദർ മൗലവി. അവിശ്രമമായ ജനസേവനം കൊണ്ട് ആരോഗ്യം തകർന്ന് അദ്ദേഹം 1932 - ൽ അന്തരിച്ചു.

You May Also Like