മുഹമ്മദീയ വിദ്യാഭ്യാസ സഭ

  • Published on August 08, 1906
  • Svadesabhimani
  • By Staff Reporter
  • 23 Views

കഴിഞ്ഞ ജൂലൈ 28 ന് തുടങ്ങി മൂന്നു ദിവസത്തേക്ക് വെല്ലൂരിൽ വച്ച് നടത്തപ്പെട്ട 'മുഹമ്മദീയ വിദ്യാഭ്യാസ സഭായോഗം' മദ്രാസ് സംസ്ഥാനത്തിലെ ഉൽക്കർഷ പ്രയത്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാകുന്നു. പത്തുവർഷത്തിനു മേലായി വെല്ലൂരിൽ നടത്തി വരുന്ന അറബിക് മഹാപാഠശാലയുടെ നിലനിൽപ്പിനും, കീർത്തിപ്രചാരത്തിനും കാരണഭൂതന്മാരായ അനേകം മൗലവികളും, മുഹമ്മദീയ പ്രമാണികളും, നാനാജോലിക്കാരും ആയി അയ്യായിരത്തോളം ജനങ്ങൾ കൂടി നടത്തപ്പെട്ട ഈ മഹായോഗം മുഹമ്മദീയരുടെ ഉത്സാഹശീലത്തിൻ്റെ അഭംഗുരമായ ലക്ഷ്യമായിരിക്കുന്നതുമാണ്. മുഹമ്മദീയരുടെ അഭ്യുദയത്തിൽ അസാമാന്യമായ താല്പര്യം വച്ച് കഴിയുന്നിടത്തോളം ഉപദേശങ്ങൾകൊണ്ടും ധനം കൊണ്ടും സഹായിച്ചുപോരുന്ന ജസ്റ്റിസ് മിസ്റ്റർ. എച്ച്. ടി. ബോസാം മുതലായ സായിപ്പന്മാരുടെ പ്രോത്സാഹനത്താൽ മുഹമ്മദീയർ ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്‌കാരശ്രമങ്ങൾ നാം കണ്ടുവരുന്നതാണല്ലോ. വെല്ലൂരിലെ മഹായോഗത്തിൻെറ ആദ്യദിവസം അഗ്രാസനം വഹിച്ച പ്രാരംഭപ്രസംഗം നടത്തിയത് ബഹുമാനപ്പെട്ട.......  ജനങ്ങളുടെ വിദ്യാഭ്യാസത്തെപറ്റി മൗലവികൾ ഉത്സാഹിക്കുന്നത് യുക്തമായിട്ടുള്ള കൃത്യം തന്നെയാണ്. അവർ,മൗലവികൾ, മുസൽമാന്മാരുടെ  വിദ്യാഭ്യാസത്തിന് നായകന്മാരായി ഉദ്യോഗിച്ച് പുറപ്പെട്ടിരിക്കുന്നതായി കാണുന്നതുകൊണ്ട് ഈ സമുദായത്തിൻെറ ക്ഷേമം അഭിവൃദ്ധമാകുന്നുവെന്നും, മുഹമ്മദീയൻമാർ മേലാൽ, ഇന്ത്യയിലെ പിന്നോക്കം കിടക്കുന്ന വർഗ്ഗക്കാരുടെ കൂട്ടത്തിൽ ചേരാതെ അടുത്ത ഭാവികാലത്തു  തന്നെ, പ്രത്യേകമായി നിൽക്കുമെന്നും ഭാവി നിർണ്ണയം ചെയ്തുപറയുന്നതിൽ അപകടമൊന്നുമില്ല... വളരെ വളരെക്കാലം മുമ്പേ ഏറ്റവും പ്രഖ്യാതിയെ പ്രാപിച്ചിരുന്ന ശേഷം, കുറേക്കാലമായി പിന്നോക്കം വീണുപോയ ഈ സമുദായത്തെ ഉയർത്തുന്നതിന് ഈ സഭായോഗം ഒരു പ്രഥമോദ്യോഗമായിരിക്കുമെന്നും, ഈ സഭായോഗം മഹാവിജയപൂർവ്വകമായി ഭവിക്കുമെന്നാശിക്കയും, മനസ്സിൽ... ഇപ്രകാരം, ശബ്ദപുതുമയോടു കൂടിയ മിസ്റ്റർ ബോഡമിൻെറ എഴുത്ത് ഈ സഭായോഗത്തെ അത്യധികം പ്രോത്സാഹിപ്പിച്ചു എന്നുള്ളത് അഗ്രാസനാധിപതി തന്നെ പ്രസംഗത്താൽ സ്പഷ്ടമാക്കിയിട്ടുണ്ട്.

മിസ്റ്റർ കാസിൽ സ്റ്റുവർട്ട്. സ്റ്റുവർട്ടിൻെറ പ്രാരംഭപ്രസംഗം ഒരു മഹാസാഹിത്യ വിജയപതാകയായിരുന്നു. മുഹമ്മദീയരുടെ മതസംബന്ധമായും അന്യമായും ഉള്ള വിദ്യാഭ്യാസത്തെയും, അവരുടെ ഇപ്പോഴത്തെ സ്ഥിതിയെയും, മൗലവിയുടെ ഉത്സാഹത്തിൻെറ ഔചിത്യത്തെയും, ഗവന്മേറ്റുദ്യോഗ പ്രവേശത്തെയും, സ്ത്രീവിദ്യാഭ്യാസാവശ്യകതെയും മറ്റുപല സംഗതികളെയും അദ്ദേഹം സവിസ്തരമായും ശ്രോദ്ധാക്കളുടെ വിദേയങ്ങളിൽ സുസ്ഥിരമായി പുതിയത്തക്കവിധത്തിലും, വാഗ്വിഭവത്തോടെ അദ്ദേഹം പ്രസംഗിച്ചിരിക്കുന്നു. വെല്ലൂരിലെ മദ്രസാ ക്രമേണ ഉൽക്കർഷത്തെ പ്രാപിച്ച്, ദക്ഷിണ ഇന്ത്യയിലെ "അലിഗർ കോളേജ് " ആയിത്തീരുമെന്നും, അപ്രകാരം ഭവിക്കുവാൻ മുഹമ്മദീയരെല്ലാം യത്നിക്കണമെന്നും, ഈ മദ്രസ മുഹമ്മദീയരുടെ സ്വന്തപനസഹായത്താൽ നടന്നു പോരുന്നത് ഏറ്റവും അഭിനന്ദനീയമാണെന്നും, ഗവണ്മെന്റ്റിൻെറ സഹായത്തെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ, സ്വാശ്രയ ബുദ്ധിയോടുകൂടി പ്രവർത്തിക്കുന്നതും  ഉത്തമമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അറബികളുടെ പക്കൽ നിന്നാണ് പണ്ട് യൂറോപ്പിൽ വൈദ്യം, ഗണിതം മുതലായ പല വിഷയങ്ങളിലും അറിവ് പരന്നിട്ടുള്ളതെന്നും  പ്രാചീനകാലങ്ങളിൽ വളരെ ഖ്യാതിപ്പെട്ടിരുന്ന അറബിക് വിദ്യകളെ ഇപ്പോൾ അഭ്യസിപ്പിക്കുന്നത് നന്നു തന്നെ എന്നും, ഇതോടൊന്നിച്ച് നവീന വിദ്യാഭ്യാസ രീതികളെക്കൂടി സ്വീകരിച്ചിരിക്കുന്നത് ഏറെ ഉത്തമമാണെന്നും, ലോകചരിത്രവും, പ്രകൃതി ശാസ്ത്രങ്ങളും മുഹമ്മദീയർ ആവശ്യം പേടിച്ചിരിക്കേണമെന്നും, പണ്ടത്തെ കാലത്തുള്ള മുഹമ്മദീയ സർവകലാശാലകളുടെ ഇരിപ്പിടങ്ങളായ കൊർദോവ, ഗ്രനഡ, ബാഗ്‌ദാദ് എന്നീ നഗരങ്ങളുടെ കീർത്തിയെ സ്മരിച്ചാൽ, മുഹമ്മദീയർക്ക് അഭിമാനികളായിരിപ്പാൻ  അവകാശമുണ്ടെന്നും, ജനസംഖ്യ നോക്കിയാൽ മദ്രാസ് സംസ്ഥാനത്തിലെ മുഹമ്മദീയർ ഇപ്പോൾ വിദ്യാഭ്യാസ വിഷയത്തിൽ, അതിശോചനീയമായ അധോഗതിയിലല്ല  നിൽക്കുന്നതെന്നും അഗ്രാസനാധിപതി പ്രസംഗിക്ക ഉണ്ടായി. അടുത്ത ദിവസങ്ങളിൽ സഭയിൽ നിന്ന് നിശ്ചിത പല പ്രമേയങ്ങളും മുഹമ്മദീയരുടെ ഉന്നതിക്ക് യോജിച്ചവയായിരുന്നു. ഇവ, മതപ്രമാണികളായ മൗലവിമാരുടെ ഉത്സാഹത്താലാണ് മുഖ്യമായി നടത്തപ്പെട്ടുള്ളതെന്നുള്ളതും നമുക്ക് സന്തോഷജനകമാകുന്നു. അയ്യായിരം മുഹമ്മദീയരോളം ഒരേ ഉൽക്കർഷേച്ഛയോടെ കൂടിചേർന്നുനടത്തിയ ഈ സഭയുടെ ദീർഗ്ഗായുസ്സിനെ ആശംസിച്ച അഗ്രാസനാധിപതിയുടെ പ്രാസംകത്തിൽ പറഞ്ഞപ്രകാരം " ഈ ഇരുപതാംനൂറ്റാണ്ടിൽ മുഹമ്മദീയ മഹാസമുദായത്തിൻെറ  ബുദ്ധിശക്തി, പരിഷ്‌കൃത ലോകത്തിൽ,അതിൻെറ ഉചിതമായ സ്ഥാനത്തെ പ്രാപിക്കാതിരിക്കാൻ വല്ല കരണവുമുണ്ടോ?......   

You May Also Like